ബെൽമോണ്ട്
ബെൽമോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ മാറ്റിയോ കൗണ്ടിയിലുളള ഒരു നഗരമാണ്. സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ സാൻഫ്രാൻസിസ്കോ ഉപദ്വീപിൽ സാൻ ഫ്രാൻസിസ്കോയ്ക്കും സാൻ ജോസിനും ഇടയിലായി ഈ നഗരം സ്ഥിതിചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ റാഞ്ചോ ഡി ലാസ് പൽഗാസിൻറെ ഭാഗമായിരുന്നു. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ അലമേഡാ ഡി ലാസ് പൽഗാസിൻറെ പേര് ഇക്കാരണത്താലാണ് നൽകപ്പെട്ടത്. 1926 ൽ ഇതൊരു സംയോജിത നഗരമായിത്തീർന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 25,835 ആയിരുന്നു. നോത്ര ദാം ഡി നമൂർ സർവ്വകലാശാലാ കാമ്പസിൽ ബാങ്ക് ഓഫ് കാലിഫോർണിയയുടെ സ്ഥാപകനായിരുന്ന വില്ല്യം ചാപ്മാൻ റാൾസ്റ്റൺ പണികഴിപ്പിച്ച റാൾസ്റ്റൺ ഹാൾ ഈ നഗരത്തിലെ ഒരു ചരിത്രപരമായ അതിരടയാളമായിരുന്നു. മുൻകാല ഇറ്റാലിയൻ മാടമ്പിയായിരുന്ന കൌണ്ട് സിപ്രിയാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു വില്ലയ്ക്ക് ചുറ്റുമായാണ് ഇതു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രാദേശികമായി അറിയപ്പെടുന്ന "വാട്ടർഡോഗ് തടാകം" ബെൽമോണ്ടിലെ മലയടിവാരത്തിലായി സ്ഥിതിചെയ്യുന്നു.