ആർത്തവവിരാമം
സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്ന ഘട്ടം / From Wikipedia, the free encyclopedia
സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ടതും ബുദ്ധിമുട്ടേറിയതുമായ ഒരു ഘട്ടമാണ് ആർത്തവ വിരാമം. ആർത്തവവിരാമം അഥവാ ഋതു വിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. [7] ഇംഗ്ലീഷിൽ: മെനോപോസ് (Menopause). ഓവറി ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്റ്റോസ്റ്റിറോൺ എന്നി ഹോർമോണുകളുടെ ഉത്പാദനം കാര്യമായി കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഒരു വർഷക്കാലം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരിക്കുന്നത് ആർത്തവ വിരാമത്തെ സൂചിപ്പിക്കുന്നു. സാധാരണ ഗതിയിൽ 'മെൻസസ് നിൽക്കുക, ആർത്തവം മുറിയുക, പീരീഡ്സ് നിലയ്ക്കുക' തുടങ്ങിയ വാക്കുകൾ കൊണ്ടു ഉദ്ദേശിക്കുന്നത് ഇതാണ്. ഗർഭപാത്രം, ഓവറി എന്നിവ നീക്കം ചെയ്യുന്നത് കൊണ്ടും മേനോപോസ് ഉണ്ടാകാം.
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആർത്തവവിരാമം അഥവാ മേനോപോസ് | |
---|---|
മറ്റ് പേരുകൾ | ക്ലൈമാക്റ്റെറിക് |
സ്പെഷ്യാലിറ്റി | സ്ത്രീരോഗശാസ്ത്രം |
ലക്ഷണങ്ങൾ | ഒരു വർഷത്തേക്ക് ആർത്തവമില്ലായ്മ, വിഷാദരോഗം, പെട്ടന്നുള്ള ചൂടും വിയർപ്പും, യോനീ വരൾച്ച, വരണ്ട ത്വക്ക്, മുടി കൊഴിച്ചിൽ, ഓർമ്മക്കുറവ്[1] |
സങ്കീർണത | മേനോപോസൽ സിൻഡ്രോം, ഹൃദ്രോഗം, എല്ലുകളുടെ ബലക്കുറവ്, മൂത്രാശയ അണുബാധ, മാനസിക പ്രശ്നങ്ങൾ, വേദനാജനകമായ ലൈംഗികബന്ധം, ലൈംഗിക വിരക്തി, അജിതേന്ദ്രിയത്വം, അമിതവണ്ണം |
സാധാരണ തുടക്കം | 45 - 55 വയസ്സ്[2] |
കാരണങ്ങൾ | സ്വാഭാവിക മാറ്റം, ഈസ്ട്രജൻ കുറയുന്നു, രണ്ട് അണ്ഡാശയങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി[3][4] |
അപകടസാധ്യത ഘടകങ്ങൾ | വ്യായാമക്കുറവ്, പുകവലി, പോഷകാഹാരക്കുറവ്, അമിതമായ ഉപ്പ് കൊഴുപ്പ് മധുരം, അമിത രക്തസമ്മർദം, കൊളെസ്ട്രോൾ, പ്രമേഹം |
പ്രതിരോധം | പോഷകാഹാരം, ശാരീരിക വ്യായാമം, ഉറക്കം, കെഗൽ വ്യായാമം |
Treatment | ജീവിതശൈലി മാറ്റം, ഹോർമോൺ തെറാപ്പി, ലൂബ്രിക്കന്റ്സ് [5] |
മരുന്ന് | ഹോർമോൺ തെറാപ്പി, ക്ലോണിഡിൻ, ഗബാപെന്റിൻ, സെലക്ടീവ് സെറോടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾ, വാജിനൽ ഈസ്ട്രജൻ തെറാപ്പി, ലൂബ്രിക്കന്റ്സ് [5][6] |
ശരീരത്തിലെ ഹോർമോൺ കുറയുന്നതോടു കൂടി ധാരാളം ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്. നമ്മുടെ നാട്ടിൽ പല ആളുകൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും ഇതേപറ്റി ശരിയായ അറിവ് ഇല്ല. 'മേനോപോസൽ സിൻഡ്രോം' എന്നറിയപ്പെടുന്ന അവയിൽ പലതും വെല്ലുവിളി നിറഞ്ഞതാകാം. ഇതിന് പരിഹാരമായി പല വിദേശ രാജ്യങ്ങളിലും, മികച്ച ആശുപത്രികളിലും 'മെനോപോസൽ ക്ലിനിക്കുകൾ' കാണാം. ആർത്തവവിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും, ഇത് ശരീര പ്രക്രിയകളെ ബാധിക്കുകയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം, ദഹനം, ഹൃദയപ്രവർത്തനങ്ങൾ, നാഡീവ്യൂഹം, ലൈംഗികത എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാണ്. ശരിയായ ചികിത്സ വഴി ഇവയിൽ പലതും പരിഹരിക്കാനോ നീട്ടിവയ്ക്കാനോ കഴിയും. സ്ത്രീകൾക്ക് അവരുടെ കുടുംബാഗങ്ങളുടെ, അവരുടെ പങ്കാളിയുടെ അഥവാ ഭർത്താവിന്റെ പിന്തുണ ഏറ്റവും ആവശ്യമുള്ള ഒരു സമയമാണിത്. എന്നാൽ കുടുംബാഗങ്ങൾക്ക് ഇക്കാര്യങ്ങളിൽ ശരിയായ ധാരണ ഇല്ലാത്തത് പല പ്രശ്നങ്ങളും വഷളാക്കുന്നു. ആർത്തവ വിരാമം എന്ന ഘട്ടത്തിലെ ജൈവശാസ്ത്രപരവും സാമൂഹികവും ശാരീരികവുമായ മാറ്റങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് ഒക്ടോബർ 18 ലോക ആർത്തവവിരാമ ദിനമായി ആചരിച്ചു വരുന്നു (World Menopause day).
സമാനമായി പുരുഷന്മാരിലും പ്രായം കൂടുമ്പോൾ ആൻഡ്രൊജൻ ഹോർമോണിന്റെ അളവ് കുറയാറുണ്ട്. ആൻഡ്രോപോസ് (Andropause) എന്ന വാക്ക്കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. എന്നാൽ പെട്ടന്നുള്ള ഹോർമോൺ മാറ്റങ്ങൾ പുരുഷന്മാരിൽ ഉണ്ടാകാറില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സ്ത്രീകളെയും പുരുഷന്മാരെയും പല രീതിയിലും ബാധിക്കാറുണ്ട്. തിമിംഗല വർഗ്ഗത്തിൽപ്പെട്ട ചില ജീവികൾക്കും റീസസ് കുരങ്ങുകളിലും ക്രമമായ ആർത്തവം നടക്കുന്ന പല ജീവികളിലും ആർത്തവവിരാമം ഉണ്ടാകാറുണ്ട്[8][9].