അത്രിത്വം

From Wikipedia, the free encyclopedia

അത്രിത്വം
Remove ads

ത്രിയേകദൈവം അഥവാ ത്രിത്വം എന്ന ദൈവസങ്കല്പം പൂർണ്ണമായോ ഭാഗീകമായോ തിരസ്ക്കരിക്കുന്ന എല്ലാ ക്രിസ്തീയ വിശ്വാസങ്ങളെയും അത്രിത്വം (ഇംഗ്ലീഷ്:Nontrinitarianism) എന്ന പദം കൊണ്ടർത്ഥമാക്കുന്നു.

വസ്തുതകൾ യേശു ക്രിസ്തു, അടിസ്ഥാനങ്ങൾ ...

സാധാരണയായി അത്രിത്വവിശ്വാസികൾ അത്രിത്വം എന്ന വാക്ക് തങ്ങളെ തിരിച്ചറിയിക്കാൻ ഉപയോഗിക്കാറില്ല.[1] പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള ആധുനിക അത്രിത്വവാദികളുടെ വീക്ഷണങ്ങളിൽ തന്നെ പരസ്പരവ്യത്യാസങ്ങളുണ്ട്. ക്രിസ്തുവർഷം 325-ൽ ക്രൈസ്തവ സഭകൾ ത്രിത്വവിശ്വാസം ഔദ്യോഗികമായി നിർ‌വചിക്കപ്പെടുന്നതിന് മുമ്പുതന്നെ അഡോപ്‌ഷനിസം,മോണാർക്കിയനിസം, ആറിയനിസം തുടങ്ങി പലവിധ അത്രിത്വ ആശയങ്ങൾ നിലനിന്നിരുന്നു.[2] പിന്നീട് പതിനൊന്ന്, പതിമൂന്ന്, പതിനെട്ട് നൂറ്റാണ്ടുകളിൽ അത്രിത്വതത്ത്വങ്ങൾ പുതുക്കപ്പെടുകയുണ്ടായി.

മുഖ്യധാരാക്രൈസ്തവ സഭകളുടെ എല്ലാം കേന്ദ്രവിശ്വാസം ത്രിത്വം ആണെങ്കിലും യഹോവയുടെ സാക്ഷികൾ, ലാറ്റർ ഡേ സെയിന്റ് മൂവ്മെന്റ്, ക്രിസ്റ്റാഡെൽഫിയൻസ്, യുണിറ്റേറിയൻസ് , വൺനസ്സ് പെന്തക്കൊസ്തൽ, ഇഗ്ളീസിയ നി ക്രിസ്റ്റോ തുടങ്ങിയ ന്യൂനപക്ഷ ക്രിസ്തീയ മതപ്രസ്ഥാനങ്ങളും, വിഭാഗങ്ങളും അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നു.

Remove ads

കാഴ്ച്ചപ്പാടുകൾ

എല്ലാ അത്രിത്വവാദികളും ആദിമക്രിസ്തീയ സഭ ത്രിത്വാടിസ്ഥാനത്തിലുള്ളതല്ലായിരുന്നു എന്ന് വിശ്വസിക്കുന്നു. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ തന്റെ വിളംബരങ്ങളിലൂടെ ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളിൽ പല മാറ്റങ്ങൾ വരുത്തുകയും, അങ്ങനെ ത്രിത്വ കേന്ദ്രീകൃതമായ ക്രിസ്ത്യാനിത്വം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി മാറപ്പെടുകയും ചെയ്തുവെന്നും അവർ വിശ്വസിക്കുന്നു. മാത്രമല്ല, ത്രിത്വം എന്ന ആശയം അടിസ്ഥാന വിശ്വാസസംഹിത എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടത് ഈ കാലഘട്ടത്തിലായതിനാൽ, അത്രിത്വവാദികൾ ത്രിത്വമെന്ന വിശ്വാസം ചോദ്യംചെയ്യതക്കതായി കാണുന്നു. അത്രിത്വവാദികൾ നിഖ്യാ വിശ്വാസപ്രമാണത്തെ, സത്യവിശ്വാസത്തെ റോമാസാമ്രാജ്യത്തിന്റെ രാഷ്ട്രീയ താല്പര്യത്തിന് അനുസൃതമാക്കുവാനായി റോമൻകത്തോലിക്ക മതമേലധ്യക്ഷർ മെനഞ്ഞെടുത്ത തികഞ്ഞ ഒരു രാഷ്ട്രീയരേഖ മാത്രമായി കരുതുന്നു.

അത്രിത്വവിശ്വാസങ്ങൾ അതിനുശേഷവും പ്രചരിക്കുകയും ചില ജനവിഭാഗങ്ങൾക്കിടയിൽ നൂറിലേറെ വർഷങ്ങൾ പ്രാമുഖ്യത്തോടെ നിലനിന്നിരുന്നുവെങ്കിലും കാലക്രമത്തിൽ ത്രിത്വക്രിസ്ത്യാനികൾ റോമൻ സാമ്രാജ്യത്തിൽ ആധിപത്യം നേടി. അങ്ങനെ ക്രിസ്തീയസഭയുടെ ആദ്യകാല വിശ്വാസങ്ങൾ ഘട്ടംഘട്ടമായി അടിച്ചമർത്തപ്പെടുകയും(മരണത്തോളം പോലും) അതിന്റെ ഫലമായി ബൈബിളിന്റെ പുതിയനിയമത്തിൽ ത്രിത്വവിശ്വാസത്തിനനുസൃതമായ പല വ്യതിയാനങ്ങൾ വരുത്തുകയും ചെയ്തതായി അത്രിത്വവാദികൾ കരുതുന്നു.

ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കുന്ന ചില പണ്ഡിതന്മാർ യേശു ഒരിക്കലും താൻ ദൈവത്തോട് സമനാണെന്നോ കരുതുകയോ ത്രിത്വത്തെക്കുറിച്ച് പഠിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നു അഭിപ്രായപ്പെടുന്നു. കൂടാതെ ക്രിസ്തു മരിച്ചതിന് 300 വർഷങ്ങൾ കഴിഞ്ഞു രൂപം കൊണ്ട നിഖ്യാ വിശ്വാസപ്രമാണത്തിന്റെ വിശ്വാസ്യതയെ അത്രിത്വവാദികൾ ചോദ്യം ചെയ്യുന്നു. മാനുഷിക പ്രബോധനങ്ങളെക്കുറിച്ച് മത്തായി 15:9-ലും എഫെസിയർ 4:14-ലും നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ അത്രിത്വവാദികൾ ഇതുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിക്കുന്നു. അത്താനിയാസിന്റെ വിശ്വാസപ്രമാണം പിതാവും, പുത്രനും, പരിശുദ്ധാത്മാവും തുല്യശക്തികളാണെന്ന് പറയുന്നു. എന്നാൽ, യോഹന്നാൻ 14:28-ൽ "പിതാവ് എന്നെക്കാൾ വലിയവനാകുന്നു" എന്ന് യേശു തന്നെ പറഞ്ഞതിനെ എടുത്തുകാട്ടിക്കൊണ്ട് അത്രിത്വവാദികൾ അതിനെ തിരസ്കരിക്കുന്നു.

Remove ads

ത്രിത്വത്തിനെതിരെയുള്ള വീക്ഷണങ്ങൾ

യുക്തിരഹിതമെന്ന്

ത്രിത്വം എന്ന ദൈവസങ്കല്പ്പം [...] മാനുഷീകചിന്തകൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു അജ്ഞാതരഹസ്യമാണെന്ന് ത്രിത്വവാദികൾ പറയുന്നു.[3] ത്രിത്വത്തിലെ അംഗങ്ങൾ ഒരേദൈവത്തിന്റെ ഭാഗമാണെന്നതും അതേസമയം അവർ തമ്മിൽ വ്യക്തിത്വത്തിൽ ഒത്തുചേരില്ലെന്നുപറഞ്ഞുകൊണ്ട് അജ്ഞാതരഹസ്യമെന്ന് പറയുന്നതിൽ തന്നെ യുക്തിരഹിതമാണെന്ന് അത്രിത്വാദികൾ പറയുന്നു.

അരിസ്റ്റോട്ടിലിന്റെ മൂന്ന് അംഗീകരിക്കപ്പെട്ട ചിന്താനിയമങ്ങൾ ത്രിത്വത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് അത്രിത്വവാദികൾ പറയുന്നു.

  • അനന്യനിയമം, ഉദാഹരണം [A=A] എപ്പോഴും സത്യമായിരിക്കും.
  • അനിഷേധ്യനിയമം, ഉദാഹരണം [A=B]യും [A <> B]യും ഒരേസമയത്ത് സത്യമാകില്ല.
  • സത്യനിയമം, ഉദാഹരണം [A = B] എന്നത് ഒന്നുകിൽ സത്യം അല്ലെങ്കിൽ വ്യാജം; ഭാഗികസത്യം ഭാഗീകവ്യാജം എന്നതിന് സ്ഥാനമില്ല.

ഏകസത്യദൈവത്തെ അറിയുന്നതാണ് നിത്യജീവനാനെന്നും (യോഹന്നാൻ 17:3) അതേസമയം ഏകസത്യദൈവം അജ്ഞാതരഹസ്യമാണെന്ന് പറയുന്നതും പരസ്പരവിരുദ്ധമാണെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നു.[4] ബൈബിളിൽ ദൈവത്തെക്കുറിച്ച് പറയുന്നത് വ്യക്തവും സുഗ്രാഹ്യവുമായ രീതിയിലാണെന്നും എന്നാൽ ത്രിത്വത്തിന്റെ അജ്ഞാതത്ത്വങ്ങൾ ബൈബിൾ വിരുദ്ധമാണെന്നും അവർ പറയുന്നു.[5].

തിരുവെഴുത്തധിഷ്ഠിതമല്ലെന്ന്

ത്രിത്വമെന്ന വിശ്വാസത്തെ ഉറപ്പിക്കുന്ന തിരുവെഴുത്തുകളൊന്നും, എന്തിന് ത്രിത്വം എന്ന വാക്ക് പോലും ബൈബിളിൽ ഒരിടത്തും ഇല്ലെന്നത് അത്രിത്വവാദികൾ ചൂണ്ടികാണിക്കുന്നു. ന്യൂ കാത്തലിക്ക് സർവ്വവിജ്ഞാനകോശം ഇപ്രകാരം പറയുന്നു: "വിശുദ്ധ ത്രിത്വം എന്ന വിശ്വാസതത്വം പഴയനിയമത്തിൽ [അതേ പടി] പഠിപ്പിക്കുന്നില്ല", "നാലാം നൂറ്റാണ്ടിന്റെ അവസാനത്തോളം ...മൂന്ന് ആളത്വങ്ങളുള്ള ഏക ദൈവം എന്ന സിദ്ധാന്തം [ഒരു സുന്നഹദോസ് വഴിയായി] ശക്തമായി പ്രാബല്യത്തിൽ വന്നിരുന്നില്ല". അതുപോലെ ദി എൻസൈക്ലോപിഡിയ എൻകാർട്ട ത്രിത്വവിശ്വാസത്തെപ്പറ്റി ഇപ്രകാരം പറയുന്നു: "ഈ വിശ്വാസം പുതിയനിയമത്തിൽ [അതേ പടി] പഠിപ്പിച്ച് കാണുന്നില്ല, പുതിയനിയമത്തിൽ ദൈവം എന്ന വാക്ക് മിക്കവാറും എല്ലാ സ്ഥലങ്ങളിലും പിതാവിനെ കുറിക്കാനുപയോഗിക്കപ്പെട്ടിരിക്കുന്നു. ട്രിനിറ്റാസ് എന്ന പദം രണ്ടാം നൂറ്റാണ്ടിലെ ലത്തീൻ ദൈവശാസ്ത്രഞനായ തെർത്തുല്യനാണ് ആദ്യം ഉപയോഗിച്ചത്." [6]ദി എസൈക്ലൊപ്പിഡിയ ബ്രിട്ടാണിക്ക ഇപ്രകാരം പറയുന്നു: "ത്രിത്വമെന്ന വാക്കോ, അത് സമർത്ഥിക്കുന്ന തിരുവെഴുത്തുകളോ പുതിയനിയമത്തിൽ ഒരിടത്തും കാണപ്പെടുന്നില്ല. യേശുവിന്റെ ശിഷ്യന്മാർ ഷെമാ യിസ്രായേൽ എന്നറിയപ്പെടുന്ന പഴനിയമത്തിലെ യിസ്രായേലെ കേൾക്കുക, നമ്മുടെ ദൈവമായ യഹോവ ഏക യഹോവ എന്ന യഹുദരുടെ പ്രധാന പ്രാർത്ഥനയെ എതിർത്തതുമില്ല.[..] ത്രിത്വമെന്ന ആശയം പല നൂറ്റാണ്ടാകളായി പല വിവാദങ്ങളിലൂടെയും ഉരുത്തിരിഞ്ഞതാണ്. [..] നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടടുപ്പിച്ച് കേസറിയായിലെ ബാസിൽ, നിസ്സായിലെ ഗ്രിഗറി,നസിയാൻസസിലെ ഗ്രിഗറി എന്നീ കപ്പദോക്യൻ പിതാക്കന്മാരുടെ നേതൃത്വത്തിൽ ത്രിത്വം ഇന്ന് വിശ്വസിക്കുന്ന രൂപത്തിൽ എത്തിച്ചേർന്നു."[7] 16-അം നൂറ്റാണ്ടിൽ ത്രിത്വം എന്ന ആശയം ബൈബിളിൽ കാണപ്പെടാത്തതിനാൽ അത് തെറ്റാണ് എന്ന് വാദിച്ച മൈക്കിൽ സർവ്വറ്റസിനെ ത്രിത്വാനുകൂലികൾ സതംഭത്തിൽ നിറുത്തി തീകൊളുത്തി കൊലപ്പെടുത്തി.

യേശു സർവ്വശക്തനല്ലെന്ന്

അത്രിത്വവാദികളുടെ പ്രധാന വിശ്വാസമാണ് യേശു സർവ്വശക്തനായ ദൈവമല്ലെന്നത്. ഇതിനടിസ്ഥാനമായി ധനികനായ യുവഭരണാധികാരിയുടെ ഉപമയിൽ ദൈവത്തോടുള്ള ബന്ധത്തിൽ യേശു "നല്ലവൻ" എന്ന നാമം തിരസ്ക്കരിച്ചതും, (മർക്കൊസ് 10:17-18; മത്തായി 19:16-17; ലൂക്കൊസ് 18:18-19) ദൈവത്തോടുള്ള സമത്യം മുറുകെപിടിക്കാതെ "അനുസരണം പഠിച്ചു" എന്ന തിരുവെഴുത്തും, (എബ്രായർ 5:8) "എന്റെ പിതാവും നിങ്ങളുടെ പിതാവും, എന്റെ ദൈവവും നിങ്ങളുടെ ദൈവവും അയവന്റെയടുക്കൽ ഞാൻ കയറിപ്പോകുന്നു" (യോഹന്നാൻ 20:17) എന്ന് പുനരുത്ഥാന സമയത്ത് യേശു പറഞ്ഞതും എടുത്തുകാട്ടുന്നു. ഈ വാക്യങ്ങളിൽ യേശു "ദൈവം" എന്നതിനുപയോഗിച്ച് "എലോഹിം" എന്ന മൂല ഹീബ്രു വാക്ക് ഏകനെയാണ് അർത്ഥമാക്കുന്നതെന്ന് പണ്ഡിതന്മാർ പറയുന്നു. വലിയ കൽപ്പന എതെന്ന ചോദ്യത്തിനുത്തരമായി ആവർത്തനം പുസ്തകം 6:4-ൽ കാണുന്ന "യിസ്രയേലെ കേൾക്കുക, നമ്മുടെ ദൈവമായ കർത്താവ് (യഹോവ) ഏകൻ തന്നെ" എന്ന് മർക്കൊസ് 12:29-ൽ പറഞ്ഞതും പിതാവിനെ ഏക സത്യദൈവമെന്ന് (യോഹന്നാൻ 17:3) യേശു വിശേഷിപ്പിച്ചതും ചൂണ്ടികാണിക്കപ്പെടുന്നു.

സംജ്ഞാശാസ്ത്രം

ത്രിത്വമെന്ന വാക്ക് ബൈബിളിൽ ഒരിടത്തും കാണുന്നില്ല എന്നതിനാൽ അത് ബൈബിളധിഷ്ഠിതമല്ലെന്ന് അത്രിത്വവാദികൾ പറയുന്നു. അയതിനാൽ നിഖ്യ പ്രമാണം ഉണ്ടാക്കിയവർ കെട്ടിച്ചമച്ച ഒരു വാക്കാണ് ത്രിത്വമെന്ന് അത്രിത്വവാദികൾ കരുതുന്നു.

പരിശുദ്ധാത്മാവ്

പിതാവിനെയും പുത്രനെയുംകുറിച്ച് പലസ്ഥലങ്ങളിൽ പറയുന്നുവെങ്കിലും ത്രിത്വത്തിലെ മുന്നാമത്തെ വ്യക്തിയായി ത്രിത്വവാദികൾ പറയുന്ന പരിശുദ്ധാത്ഥമാവിനെ വിവരിക്കുന്ന അധികതിരുവെഴുത്തുകളില്ല എന്നത് ശ്രദ്ധേയമാണ്. യഹോവയുടെ സാക്ഷികൾ പോലെയുള്ള അത്രിത്വവിശ്വാസികൾ പരിശുദ്ധാത്ഥമാവിനെ പിതാവിന്റെ പ്രവർത്തനനിരതമായ ശക്തിയായി പഠിപ്പിക്കുന്നു.

ഏകദൈവവിശ്വാസം

ക്രിസ്ത്യാനിത്വത്തിനു ബന്ധമുള്ള മറ്റ് രണ്ട് പ്രമുഖ അബ്രഹാമിക മതങ്ങളായ യഹൂദമതവും, ഇസ്ലാമും ത്രിത്വത്തെ എതിർക്കുന്നുവെന്നതും ചുണ്ടിക്കാണിക്കപ്പെടുന്നു. യഹൂദമതം പിതാവായ യഹോവയെ മാത്രം ആരാധിക്കുന്നു, എന്നാൽ യേശുവാണ് പ്രവചിക്കപ്പെട്ട വാഗ്ദത്ത മിശിഹാ എന്ന ക്രൈസ്തവ വിശ്വാസത്തെ അവർ തിരസ്ക്കരിക്കുന്നു. സെമറ്റിക്ക് വിശ്വാസധാര പിന്തുടരുന്ന ഇസ്ലാം മതവും ഏകദൈവത്തെ മാത്രം ആരാധിക്കുന്നു, എന്നാൽ ഇസ്ലാം മതം യേശു ദൈവപുത്രനാണെന്ന ക്രിസ്ത്യാനികളുടെ വിശ്വാസത്തെ അംഗീകരിക്കുന്നില്ല, മറിച്ച് ഒരു പ്രവാചകനായി മാത്രം കാണുന്നു. എന്തു തന്നെയായാലും യേശു ഒരു യഹൂദനായ സ്ഥിതിക്ക്, യഹൂദന്മാരുടെ ദൈവത്തെയാണ് യേശു "പിതാവേ" എന്ന് അഭിസംബോധന ചെയ്തത്. ആ മതത്തിൽ പിതാവിനെ മാത്രമേ സർവ്വശക്തനായി കരുതുന്നുള്ളുവെന്നതും ത്രിത്വത്തിനെതിരെയുള്ള ഒരു വാദമായി ഉപയോഗിക്കപ്പെടുന്നു.

Remove ads

സമർത്ഥിക്കുന്ന തിരുവെഴുത്തുകൾ

ത്രിത്വം തെറ്റാണെന്ന് തെളിയിക്കാൻ അത്രിത്വവാദികളുപയോഗിക്കുന്ന തിരുവെഴുത്തുകളിൽ സർ‌വ്വശക്തനായ ഏകദൈവം പിതാവാണെന്ന് സൂചിപ്പിക്കുന്നവ ഉൾപ്പെടെയുള്ളവ കാണപ്പെടുന്നു. ഈ തിരുവെഴുത്തുകളെല്ലാം തന്നെ ത്രിത്വപാഠങ്ങൾ തെറ്റാണെന്ന് വ്യക്തമായി എടുത്തുകാട്ടുന്നുവെന്ന് മിക്ക അത്രിത്വവിശ്വാസികളും പഠിപ്പിക്കുന്നെങ്കിലും, ചില അത്രിത്വവാദികൾ ത്രിത്വം സമർത്ഥിക്കുന്ന തിരുവെഴുത്തുകളുണ്ടെങ്കിൽ തന്നെ അത് വളരെ വിരളമാണെന്നും അവയും ശരിയെന്ന് കരുതാനാകില്ലെന്നും കരുതുന്നു. അത്രിത്വവാദികൾ താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ അത്രിത്വം സമർത്ഥിക്കാനുപയോഗിക്കുന്നു.

ഒരു ദൈവം

പിതാവ് ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നും സമർത്ഥിക്കാൻ അത്രിത്വവാദികൾ ഉപയോഗിക്കുന്ന ചില തിരുവെഴുത്തുകൾ.

  • എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1. കൊരിന്ത്യർ 8:5-6)
  • ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ : എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.(1. തിമൊഥെയൊസ് 2:5)
  • പിതാവേ..ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.(യോഹന്നാൻ 17:1-3)
  • എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു (യഹോവ) ഏക കർത്താവു (യഹോവ).(മർക്കോസ് 12:29)
  • യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ ( യഹോവയെ ) നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.(മത്തായി 4:10)
  • ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.(യാക്കോബ് 2:19)

പുത്രനും പിതാവും

പുത്രൻ പിതാവിന്റെ ആദ്യസൃഷ്ടിയാണെന്നും, പിതാവിനുതുല്യനല്ലെന്നും സമർത്ഥിക്കാൻ അത്രിത്വവാദികൾ ഉപയോഗിക്കുന്ന ചില തിരുവെഴുത്തുകൾ.

  • യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.(യോഹന്നാൻ 20:17.b)
  • അവൻ(യേശു) അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.(കൊലൊസ്സ്യർ 1:15)
  • പിന്നെ അവസാനം; അന്നു അവൻ (യേശു) എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.(1.കൊരിന്ത്യർ 15:24)
  • ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.(മർക്കൊസ് 13:32)
  • ഞാൻ (യേശു) പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരിയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.(യോഹന്നാൻ 14:28)
  • അവനോ (സ്റ്റേഫാനോസ്) പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു:(പ്രവൃത്തികൾ 7:55)
  • ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ (യേശു) എന്നുള്ളവൻ അരുളിച്ചെയ്യുന്നതു:(വെളിപ്പാടു 3:14)
  • എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ , ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.(1. കൊരിന്ത്യർ 11:3)

പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് പിതാവിന്റെ നിയന്ത്രണത്തിലുള്ള ഒരു ശക്തിയാണെന്ന് സമർത്ഥിക്കാൻ അത്രിത്വവാദികളുപയോഗിക്കുന്ന ചില തിരുവെഴുത്തുകൾ.

  • എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.(യോഹന്നാൻ 14:16)
  • ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും(യോഹന്നാൻ 15:26)
  • “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.(പ്രവൃത്തികൾ 2:17)
  • നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു(1.കൊരിന്ത്യർ 2:12)
  • മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി(ലൂക്കൊസ് 1:41)
  • ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.(പ്രവൃത്തികൾ 4:31)
  • അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.(യോഹന്നാൻ 14:39)

പഴയനിയമത്തിൽ

പഴയനിയമത്തിൽനിന്ന് പിതാവായ യഹോവ ഏകസത്യദൈവമാണെന്നുവാദിക്കാൻ അത്രിത്വവാദികളുപയോഗിക്കുന്ന ചില തിരുവെഴുത്തുകൾ താഴെ കാണാം.

  • അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.(സങ്കീർത്തനങ്ങൾ 83:18)
  • നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടേടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം(യെശയ്യാവു 63:16.b)
  • യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ. അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.(യിരെമ്യാവു 10:10-12)
  • അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.(പുറപ്പാടു 20:2)
  • അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.(പുറപ്പാടു 3:15.b)
  • ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കും പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:.. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.(യെശയ്യാവു 42:5,8)
  • യഹോവ എന്റെ കർത്താവിനോടു (യേശു) അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.(സങ്കീർത്തനങ്ങൾ 110:1)

സാഹചര്യപരമായ വ്യത്യാസം

  1. യേശു ദൈവത്തിന്റെ ആദ്യജാതൻ (കൊലൊസ്സ്യർ 1:15)
  2. യേശു പിതാവിനോട് പ്രാർത്ഥിക്കുന്നു. (യോഹന്നാൻ 17:1-3)
  3. യേശു ദൈവത്തിൽ വിശ്വാസം വച്ചു (എബ്രായർ 2:17,18, എബ്രായർ 3:2)
  4. യേശു ദൈവത്തിന്റെ ദാസൻ. (പ്രവൃത്തികൾ 3:13)
  5. യേശു പിതാവിനെ ആരാധിക്കുന്നു (യോഹന്നാൻ 4:22)
  6. യേശു ദൈവത്തിന്റെ വലത്തുഭാഗത്ത്. (മർക്കൊസ് 16:19, ലൂക്കോസ് 22:69, പ്രവൃത്തികൾ 2:33, റോമർ 8:34)
  7. യേശു സ്വർഗ്ഗാരോഹണത്തിനു ശേഷവും പിതാവിനു കീഴടങ്ങിയിരിക്കുന്നു. (1. കൊരിന്ത്യർ 15:28)
  8. യേശുവിനു ദൈവത്തോട് ഭയവും ആദരവും ഉണ്ട് (എബ്രായർ 5:7)
  9. യേശുവിനു ദൈവം അധികാരം നൽകി. (ഫിലിപ്പിയർ 2:9)
  10. യേശുവിനു ദൈവം രാജ്യത്വം നൽകി. (ലൂക്കോസ് 1:32,33)
  11. യേശുവിനു ദൈവം മനുഷ്യരെ ന്യായവിധിക്കാനുള്ള അധികാരം നൽകി. (പ്രവൃത്തികൾ 10:42)
  12. യേശുവിന്റെ തല ദൈവം. (1. കൊരിന്ത്യർ 11:1)
  13. യേശുവിനെ ദൈവം ഉയർത്തി.(പ്രവൃത്തികൾ 5:31)
  14. യേശുവിനെ ദൈവം മഹാപുരോഹിതനാക്കി. (എബ്രായർ 5:10)
  15. ദൈവം യേശുവിനെ ഉയർതെഴുനേൽപ്പിച്ചു. (പ്രവൃത്തികൾ 2:24, റോമർ 10.9, 1. കൊരിന്ത്യർ 15:15)
  16. ദൈവം തന്റെമേലുള്ള അധികാരം ഒഴികെ മറ്റെല്ലം യേശുവിനു നൽകി (1. കൊരിന്ത്യർ15:24-28)
  17. ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഒരേയൊരു മദ്ധ്യസ്തനാണ് യേശു. (1. തിമൊഥെയൊസ് 2:5)
  18. ദൈവത്തോടുള്ള സമത്വം പിടിക്കുക എന്നത് യേശുവിനു ഉൾകൊള്ളാനാവില്ല (ഫിലിപ്പിയർ 2:6)
  19. പിതാവിനറിയാവുന്ന കാര്യങ്ങൾ പുത്രനറിയില്ല (മർക്കൊസ് 13:32, വെളിപ്പാടു 1:1)
  20. ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. (മർക്കൊസ് 15:34)

ത്രിത്വത്തെ ന്യായികരിക്കാനുപയോഗിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചുള്ള വീക്ഷണം

ദൈവത്തെക്കുറിച്ചുള്ള സത്യം ആരായാൻ ആഗ്രഹിക്കുന്ന വ്യക്തി താൻ മുൻകൂട്ടി പഠിച്ചു വച്ചിരിക്കുന്ന പരമ്പരാഗത തത്ത്വത്തെ അനുകൂലിക്കുന്ന തിരുവെഴുത്തുകളുണ്ടോ എന്ന് ബൈബിളിൽ തപ്പി നോക്കില്ലെന്ന് അത്രിത്വവാദികൾ പറയുന്നു. ഒരു ആകമാന വീക്ഷണത്തിൽ തന്നെ ത്രിത്വത്തെ ന്യായികരിക്കുന്ന തിരുവെഴുത്തുകൾ ഒന്നുമില്ലെന്ന് അത്രിത്വ വാദികൾ പറയുന്നു. ഇനി, ന്യായികരിക്കാൻ സാധാരണ ഉപയോഗിക്കാറുള്ള തിരുവെഴുത്തുകൾ തന്നെ മുന്നു പേരെയും ഒരുമിച്ച് പറയുന്നുമില്ലെന്ന് അവർ പറയുന്നു.[8]

യോഹന്നാൻ 1:1:-- ഈ വാക്യത്തിലെ പ്രധാന തർക്കം ദൈവവും "ലോഗോസ്" എന്ന വചനവും തമ്മിലുള്ള വ്യത്യാസമാണ്. ഗ്രീക്കിലെ മൂലകൃതിയിലെ ഈ വാക്യം ഒട്ടു മിക്ക ബൈബിൾ തർജമകളും പരിഭാഷപ്പെടുത്തിയിരിക്കുന്നത് "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു" എന്ന രീതിയിലാണ് . എന്നാൽ ചില ബൈബിളുകളിൽ ഈ വാക്യത്തിന്റെ അവസാനഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത് "വചനം ഒരു ദിവ്യൻ ആയിരുന്നു" അല്ലെങ്കിൽ "വചനം ഒരു ദൈവമായിരുന്നു" എന്നാണ്. അത്രിത്വവാദികൾ രണ്ടാമത്തെ പരിഭാഷയാണ് സ്വീകരിച്ചിരിക്കുന്നത്. ദൈവത്തെകുറിക്കാനുപയോഗിച്ചിരിക്കുന്ന തേയൊസ് എന്ന ആദ്യപ്രയോഗത്തിനു മുൻപ് 'ദി' എന്ന നിഷ്ചയോപപദം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ രണ്ടാമത്തെ തേയൊസ്-ന് അങ്ങനെ ഇല്ല. ഈ ഉപപദത്തോടുകൂടിയ ഈ ഉപയോഗം ഒരാളിനെ അല്ലെങ്കിൽ വ്യക്സ്തിത്വത്തിനെ കുറിക്കുന്നു. എന്നാൽ ഉപപദം കൂടാതെയുള്ള ഒരു ഏക വചനനാമം ആഖ്യാതത്തിൽ ഉപയോഗിക്കുമ്പോൾ അത് ആളിന്റെ ഗുണത്തെയാണ് ചുണ്ടിക്കാണിക്കുന്നതെന്നും അതിനാൽ വചനം (യേശു) താൻ ആരോടുകൂടെ ആയിരുന്നോ ആ ദൈവം തന്നെയായിരുന്നു എന്നല്ല, മറിച്ച് യേശു ദൈവത്തെപ്പോലെ ദിവ്യൻ ആയിരുന്നു എന്നാണ് അർത്ഥമാക്കുന്നതെന്ന് അത്രിത്വവാദികൾ വിശദീകരിക്കുന്നു. അങ്ങനെ വചനം ജഡമായിതീർന്നു എന്ന് യേശുവിനെകുറിച്ച് പറയുമ്പോൾ പുത്രനായ ദൈവം ജഡമായി തീർന്നു എന്നല്ല, മറിച്ച് ദിവ്യത്വമുള്ള യേശു മനുഷ്യനായി തീർന്നു എന്നാണ് അർത്ഥമാക്കുന്നതെന്ന് അത്രിത്വവാദികൾ കരുതുന്നു. ഇതിനു പുറമേ ബൈബിൾ എഴുത്തുശൈലിയിൽ ശക്തരായ വ്യക്തികളെ ദൈവം എന്ന് വിളിക്കുന്ന രീതിയുണ്ട്, എന്നാൽ ആ ദൈവികത എന്നത് പിതാവിന്റെ സർവ്വശക്തനായ ദൈവം എന്ന പദവിക്ക് സമമായിട്ടല്ല എന്ന് അത്രിത്വവാദികൾ സമർത്ഥിക്കുന്നു.

യോഹന്നാൻ 10:30:-- "ഞാനും പിതാവും ഒന്നാകുന്നു" എന്ന് യേശു ഇവിടെ പറഞ്ഞത് അക്ഷരീയ അർത്ഥത്തിലല്ല എന്ന് അത്രിത്വവാദികൾ പറയുന്നു. അത് തെളിയിക്കാനായി അവർ യോഹന്നാൻ 17: 21, 22-ൽ യേശുപിതാവിനോട് പ്രാർത്ഥിക്കുമ്പോൾ "പിതാവേ നമ്മൾ ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിനു" എന്ന് ശിഷ്യന്മാരെകുറിച്ച് പറഞ്ഞ വാക്യം എടുത്തുകാട്ടുന്നു. അവിടെ ത്രിത്വത്തിലൂടെ പിതാവും പുത്രനും ഒന്നായിരിക്കുന്നതു പോലെ ശിഷ്യന്മാരും ഒന്നാകണമെന്ന അർത്ഥിലല്ല യേശു പറഞ്ഞതെന്ന് അത്രിത്വവാദികൾ പറയുന്നു. ഇവിടെയെല്ലാം "ഒന്ന്" എന്ന വാക്കിനെകുറിക്കാൻ യേശു ഉപയോഗിച്ചത് ഹെൻ എന്ന ഒരേ ഗ്രീക്ക് വാക്കായതിനാൽ, യേശുവും പിതാവും ഐക്യത്തിൽ ഒന്നായിരിക്കുന്നതു പോലെ ശിഷ്യന്മാരും ഐക്യപ്പെടണമെന്നതാണ് യേശു അർത്ഥമാക്കിയതെന്ന് അത്രിത്വവാദികൾ കരുതുന്നു.

Remove ads

മറ്റ് വീക്ഷണങ്ങൾ

രണ്ടാം നുറ്റാണ്ടിലെയും, മുന്നാം നുറ്റാണ്ടിലെയും പല സഭാപിതാക്കന്മാരും ത്രിത്വത്തെ എതിർത്തവരായിരുന്നു. പ്രശസ്ത ക്രിസ്തീയനായ സർ ഐസക് ന്യുട്ടൻ തന്റെ പുസ്തകത്തിൽ ക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് ഒരു തരം വിഗ്രഹാരാധനയാണെന്നെഴുതി.

പുറജാതീയ ഉത്ഭവമാണെന്നുള്ള വാദം

പല അത്രിത്വവാദികളും ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങൾ പുറജാതിയ ആചാരങ്ങളാൽ കൂട്ടികലർത്തി നശിപ്പിക്കപ്പെട്ടു എന്നതിനു ഒരു മകുടോതാഹരണമാണ് ത്രിത്വം എന്ന് കരുതുന്നു. ഉദാഹരണത്തിന് പുരാധന ബാബിലോണ്യർ, ഇജിപ്റ്റുകാർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവർ ത്രിത്വവാദികളായിരുന്നു. ഹൈദവരും ത്രിത്വവാദികളാണ്.

പദവിയെകുറിച്ചുള്ള തർക്കം

മിക്ക അത്രിത്വാദികളും തങ്ങൾ ക്രിസ്ത്യാനികളാണ് എന്ന് തന്നെ വിശ്വസിക്കുന്നു, പക്ഷേ ചില ത്രിത്വവാദികൾ ഇവർ ക്രിസ്ത്യാനികൾ അല്ലെന്ന് വാദിക്കുന്നു. ദി എൻസൈക്ലൊപ്പിഡിയ ബ്രിട്ടാണിക്ക ഇപ്രകാരം പറയുകയുണ്ടായി, "ചില ക്രിസ്ത്യാനികൾക്ക് ത്രിത്വമെന്ന ആശയം ദൈവവുമായുള്ള ബന്ധത്തിൽ ഉൾകൊള്ളാനായില്ല,..അതുകൊണ്ട് അവർ അതിനെ തിരസ്കരിച്ചു. പക്ഷേ അവർ യേശുക്രിസ്തുവിനെ ഏറ്റവും വലിയ സൃഷ്ടിയായും, അവൻ മുഖാന്തരം സർവ്വതും സൃഷ്ടിക്കപ്പെട്ടു എന്നും വിശ്വസിക്കുന്നു.. ഈ വിശ്വാസം ആദിമ ക്രിസ്തീയ സഭയിൽ വച്ചുപുലർത്തപ്പെട്ടിരുന്നു."[9] എന്നാൽ ചില ത്രിത്വവാദികൾക്കതുൾകൊള്ളാനായില്ല. എങ്കിലും പൊതുവെ അത്രിത്വവിശ്വാസികൾ കുറവാണെങ്കിലും അവരെയും ക്രിസ്ത്യാനികൾ എന്ന് അംഗീകരിച്ചിരിക്കുന്നു.

Remove ads

കുടുതലായ വായന

അനുകൂലമായവ

പ്രതികൂലമായവ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads