രാഷ്ട്രീയ സ്വയംസേവക സംഘം
ദേശീയ സന്നദ്ധ സംഘടന From Wikipedia, the free encyclopedia
Remove ads
ഒരു വലതുപക്ഷ ഹിന്ദു ദേശീയവാദ, സംഘടനയാണ് ആർ.എസ്സ്.എസ്സ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ഇംഗ്ലീഷ്: National Volunteers' Union),[2][3].1925ലെ വിജയദശമി ദിവസത്തിൽ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്താണ് ആർ.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്. കേശവ ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് ആർ.എസ്സ്.എസ്സിന്റെ സ്ഥാപകൻ. ഭാരതമൊട്ടുക്ക് പ്രവർത്തിക്കുന്ന ഈ സംഘടന നിലവിലെ ഇന്ത്യൻ ഭരണകക്ഷിയായ, ഭാരതീയ ജനതാ പാർട്ടിയുടെ മാതൃ സംഘടനയായി കണക്കാക്കപ്പെടുന്നു.[4] ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഒരു തവണയും സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് തവണയും (ഗാന്ധി കൊല്ലപ്പെട്ട അവസരത്തിലും അടിയന്തിരാവസ്ഥയിലും, ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്തും) ആർ.എസ് .എസ് നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട് [5]ആർ.എസ്.എസ്. ഒരു അർദ്ധ സൈനിക സംഘടനായണെന്ന ആരോപണവുമുണ്ട്.[6]
ഹിന്ദു സ്വയംസേവക സംഘം എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന സംഘടന ആർ.എസ്.എസ്സിന്റെ ആദർശങ്ങളിൽ പ്രഭാവിതരായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്.[7] സംഘത്തിൻറെ രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപം നൽകിയ സംഘടനയാണിത്.[അവലംബം ആവശ്യമാണ്]
Remove ads
ചരിത്രം

1925ൽ നാഗ്പൂരിലാണ് ആർ.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്. കേശവ് ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് ആർ.എസ്സ്.എസ്സിന്റെ സ്ഥാപകൻ. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. 1921 ൽ ഒരു വർഷക്കാലം ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ ജയിലിൽ അടച്ചു. നാഗ്പൂരിൽ തിരിച്ചെത്തിയതിനു ശേഷം 1925 ൽ ആർ.എസ്.എസ്സിന്റെ രൂപവത്കരണം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. എന്നാൽ സംഘടനാരൂപവത്കരണത്തിനു ശേഷം ഹെഡ്ഗേവാറും കൂട്ടരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുപോന്നെങ്കിലും ആർ.എസ്സ്.എസ്സിനെ അതിൽനിന്നും അകറ്റി നിർത്തി. 1931 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഒരു പ്രക്ഷോഭത്തിൽ ഉൾപ്പെട്ടതിനു രണ്ടാം തവണയും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു.
ഭാരതത്തിന്റെ സ്വാതന്ത്ര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണമെന്ന് കെ.ബി. ഹെഗ്ഡേഗേവാർ ആഹ്വാനം ചെയ്തു. 1927 ലെ നാഗ്പൂർ കലാപം കഴിഞ്ഞതിനു ശേഷമാണ് ആർ.എസ്.എസ്സിന് ജനങ്ങൾക്കിടയിൽ വൻ പ്രചാരം ലഭിച്ചത്.

1947-ൽ നടന്ന ഭാരത വിഭജനം ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും കലാപത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി കഷ്ട്ടപ്പെട്ടിരുന്ന കലാപങ്ങളും അക്രമങ്ങളും നിറഞ്ഞതായിരുന്നു.[8][പ്രവർത്തിക്കാത്ത കണ്ണി] പുതുതായി രൂപംകൊണ്ട ഭാരതത്തിലെ, ജവഹർലാൽ നെഹ്രു ഭരണത്തെ മറിച്ചിടാനുള്ള ശ്രമം തടഞ്ഞ[അവലംബം ആവശ്യമാണ്] ആർ.എസ്.എസിനെ, അറിയപ്പെടുന്ന ഗാന്ധിയനും ഇന്ത്യയിലെ ഉയർന്ന സിവിലിയൻ അവാർഡ് ജേതാവുമായിരുന്ന ഡോക്ടർ ഭഗവാൻദാസ് "വളരെ ഉത്സാഹത്തോടെ സ്വയം ത്യജിക്കുന്ന കുട്ടികൾ" എന്ന് വിശേഷിപ്പിക്കുകയുണ്ടായി.[9][10]
ലക്ഷ്യങ്ങൾ
ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തിൽ (ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയുമാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.[11] 'വസുധൈവ കുടുംബകം 'ലോകമേ തറവാട്' എന്ന ഹൈന്ദവ സംസ്കാരിക മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന രീതിയിൽ, ഒരു ശക്തമായ രാജ്യമാക്കി പുന:പ്രതിഷ്ടിക്കുകയെന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്‌ഷ്യം.[11] സാമൂഹിക പരിവർത്തനം, ഹിന്ദുക്കളുടെ ഉന്നമനം എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism) എകാത്മാ മാനവ ദർശനവുമാണ്(Integral Humanism). ആർ.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു കുലത്തിൽ പിറന്ന വ്യക്തിയുമാവാം[11] എന്നാണ് ആർ.എസ്സ്.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്[അവലംബം ആവശ്യമാണ്]. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആർ.എസ്സ്.എസ്സ് വിശ്വസിക്കുന്നു.[11]
ഗാന്ധിവധവും നിരോധനവും
1948-ൽ ഗാന്ധിജിയെ, മുൻ ആർ.എസ്.എസ് അംഗവും ഹിന്ദു മഹാസഭ പ്രവർത്തകനുമായ നാഥുറാം ഗോഡ്സെ (1932 വരെ RSS ൽ അംഗത്വം ഉണ്ടായിരുന്നു എന്ന് സംഘടന തന്നെ സമ്മതിക്കുന്നുണ്ട്) കൊലപ്പെടുത്തി. കൊലയാളി RSS അംഗത്വം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഗോഡ്സെയുടെ ബന്ധുക്കൾ പറയുന്നുണ്ട്[12][13][14] വധിച്ചതിനുശേഷം നിരവധി പ്രമുഖ ആർ.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും 1948 ഫെബ്രുവരി 4-ൽ ആർ.എസ്.എസിനെ നിരോധിക്കുകയും ചെയ്തു[15]. ഗാന്ധിവധത്തിൽ ഉണ്ടായിട്ടുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കപൂർ കമ്മീഷൻ[16] ഇങ്ങനെ നിരീക്ഷിച്ചു:
“ | "ആർ.എസ്.എസ് ഒരു സംഘടന എന്ന നിലക്ക് ബോംബേറിന്റെയോ ഗാന്ധിജിയുടെ വധത്തിന്റെയോ ഉത്തരവാദികൾ അല്ല. വധത്തിന്റെ ഉത്തരവാദികൾ ആർ.എസ്.എസ് നിയന്ത്രണത്തിലുമായിരുന്നില്ല. ഉത്തരവാദികൾ ആയിട്ടുള്ളവർ സവർക്കറിന്റെ ഹിന്ദുമഹാസഭയിൽ അംഗങ്ങളാണ്, ആർ.എസ്.എസിന്റെ അംഗങ്ങൾ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, പരേഡ്, റാലി, കായികപരിശീലനം, ഷൂട്ടിങ് പരിശീലനം എന്നിവയിലുപരി അവർ വളരെ അക്രമപ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു."
– കാപ്പുർ കമ്മീഷൻ റിപ്പോർട്ട്, പതിപ്പ്. 1, Page 165 [16]. |
” |
ഗാന്ധിവധത്തിൽ സന്തോഷപ്രകടനം
ഗാന്ധിജിയുടെ വധത്തെ ആർ.എസ്സ്.എസ്സ് ന്യായീകരിക്കുകയും, വധത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മധുരവിതരണം നടത്തുകയുമുണ്ടായി എന്ന് സെപ്റ്റംബർ 11, 1948 ന് ഗോൾവൽക്കറിന് എഴുതിയ മറുപടി കത്തിൽ , സർദ്ദാർ വല്ലഭായി പട്ടേൽ ആരോപിക്കുന്നുണ്ട്.[17][18].
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭായിപട്ടേൽ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇങ്ങനെ എഴുതി
“ ആർ.എസ്.എസിന്റെ എല്ലാ നേതാക്കളുടേയും പ്രസംഗങ്ങൾ മുഴുവൻ വർഗീയ വിഷം നിറഞ്ഞതായിരുന്നു. ഇത്തരത്തിൽ വിഷമയമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച ഭീകരമായ അവസ്ഥയുടെ അന്തിമ ഫലമാണ് ഗാന്ധിവധം. ഗാന്ധിയുടെ മരണശേഷം ആർ.എസ്.എസുകാർ സന്തോഷം പ്രകടിപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു ” — ഗോൾവാൾക്കറിനും ശ്യാമപ്രസാദ് മുഖർജിക്കും സർദാർ പട്ടേൽ അയച്ച കത്തുകളിൽ നിന്ന്-ഔട്ട്ലുക് വാരിക 27 ഏപ്രിൽ 1998 [19][17]
ഗാന്ധിവധത്തിന്റെ ഗൂഢാലോചനാ ആരോപണത്തിൽ നിന്നും സുപ്രീം കോടതി ആർ.എസ്.എസ് നേതാക്കളെ കുറ്റവിമുക്തരാക്കുകയും കോടതി നിർദ്ദേശത്തെ തുടർന്ന്, ആർ.എസ്.എസിന് ലിഖിത ഭരണഘടന ഉണ്ടായിരിക്കണം എന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ സംഘടനക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. രണ്ടാം സർസംഘചാലകായിരുന്ന ഗോൾവർക്കർ ഭരണഘടന രൂപീകരിക്കുകയും സർക്കാരിന് സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന്, സർക്കാർ ആർ.എസ്.എസിനുണ്ടായിരുന്ന നിരോധനം പിൻവലിച്ചു[20][15]
ഇന്ത്യൻ ഭരണഘടനയോടുള്ള സമീപനം
ഇന്ത്യൻ ഭരണഘടനയിൽ മനുസ്മൃതിയിലെ നിർദ്ദേശങ്ങൾ പരിഗണിച്ചിട്ടില്ല എന്ന കാരണത്താൽ സംഘടന ഇതിനെ എതിർത്തുവന്നിരുന്നു.
ദാദ്ര, നാഗർ ഹവേലി, ഗോവ എന്നിവയുടെ വിമോചനം
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ദാദ്രയും നാഗർഹവേലിയും പോർച്ചുഗീസ് അധിനിവേശത്തിൽ നിന്നും അടർത്തിയെടുക്കാൻ ആർ.എസ്.എസ് ഉൾപ്പെടെ നിരവധി സംഘടനകൾ പ്രേരണ ചെലുത്തിയിരുന്നു. 1954-ന്റെ തുടക്കത്തിൽ, ദാദ്രയുടെയും നാഗർ ഹവേലിയുടെയും പ്രത്യേകത പഠിക്കാനും വിമോചനത്തിനായി സമരം ചെയ്യുന്ന തൊഴിലാളികളെ അടുത്തറിയാനുമായി ആർ.എസ്.എസ് പ്രവർത്തകരായ രാജ വകന്കരും നാനാ കജ്രെക്കരും നിരവധി തവണ അവിടങ്ങൾ സന്ദർശിച്ചു. 1954 ഏപ്രിലിൽ ദാദ്രയുടെയും നാഗർഹവേലിയുടെയും വിമോചനത്തിനായി നാഷണൽ മൂവ്മെന്റ് ലിബറേഷൻ ഓർഗനൈസേഷൻ(NMLO), ആസാദ് ഗോമന്ടക് ദൾ(AGD) എന്നീ സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ടു.[21] 1954 ജൂലൈ 21 രാത്രിയിൽ ഈ സഖ്യത്തിന് വെളിയിലുള്ള ഒരു വിമോചനസംഘം ദാദ്രയിലെ പോർച്ചുഗീസ് പോലീസ് സ്റ്റേഷൻ പിടിച്ചെടുത്തു ദാദ്ര സ്വതന്ത്രമായി എന്ന് പ്രഖ്യാപിച്ചു. തുടർന്ന്, ജൂലൈ 28 ആർ.എസ്.എസിന്റെയും ആസാദ് ഗോമന്ടക് ദളിന്റെയും സഖ്യം നരോലിയും ഫിപാരിയയും അവസാനം സിൽവാസയുടെ തലസ്ഥാനവും പിടിച്ചെടുത്തു. പോർച്ചുഗീസ് ശക്തികൾ നാഗർഹവേലി വഴി രക്ഷപെടുകയും പിന്നീട് 1954 ഓഗസ്റ്റ് 11-ന് ഇന്ത്യൻ പോലീസിനോട് കീഴടങ്ങുകയും ചെയ്തു. ഒരു സ്വദേശഭരണ സംവിധാനം ശേഷം നിലവിൽ വന്നു.
ദാദ്രയും നാഗർഹവേലിയും വിമോചനം നേടിയത് ഗോവയിലെ പോർച്ചുഗീസ് ഭരണത്തിനെതിരായുള്ള പോരാട്ടങ്ങൾക്ക് ശക്തി പകർന്നു. 1955-ൽ ആർ.എസ്.എസ് നേതാക്കൾ ഗോവയിലെ പോർച്ചുഗീസ് ഭരണം അവസാനിപ്പിക്കാനും ഇന്ത്യയിൽ ഗോവയെ ചേർക്കാനും ആവശ്യം ഉന്നയിച്ചു. ഒരു സൈനിക നടപടിക്ക് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു വിസമ്മതിച്ചപ്പോൾ ആർ.എസ്.എസ് നേതാവായിരുന്ന റാവു ജോഷി, ഗോവയിലേക്ക് സത്യാഗ്രഹ പ്രക്ഷോഭം നയിക്കുകയും അദ്ദേഹത്തെയും അനുയായികളെയും പോർച്ചുഗീസ് പോലീസ് ജയിലിലാക്കുകയും ചെയ്തു. സമാധാനപരമായ പ്രക്ഷോഭങ്ങൾ തുടർന്നെങ്കിലും കടുത്ത അടിച്ചമർത്തലാണ് നേരിടേണ്ടി വന്നത്. 1955 ഓഗസ്റ്റ് 15-ന് സത്യാഗ്രഹം നടത്തിയിരുന്നവർക്ക് നേരെ പോർച്ചുഗീസ് പോലീസ് വെടിവക്കുകയും 30-നടുത്ത് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.[22]
അടിയന്തരാവസ്ഥക്കെതിരെ
1975-ൽ ഇന്ദിരാഗാന്ധി ഭാരതത്തിൽ അടിയന്തരാവസ്ഥ കൊണ്ടുവരികയും പൗരാവകാശങ്ങൾക്കും മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.[23] സുപ്രീം കോടതി, ഇന്ദിരാഗാന്ധിയുടെ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയതായി കണ്ട് കോടതി അസാധുവാക്കിയതാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനത്തിലേക്ക് വഴിവെച്ചത്. തുടർന്ന്, ഗാന്ധിയനായ ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മറ്റു ആയിരക്കണക്കിന് ആളുകളെയും രാജ്യവ്യാപകമായി ജയിലിൽ അടക്കുകയും ചെയ്തു.[24]. ആർ.എസ്.എസ് അടക്കമുള്ള നിരവധി സംഘടനകളെ നിരോധിച്ചു.[25] പോലീസ് ആയിരക്കണക്കിന് ആർ.എസ്.എസ് പ്രവർത്തകരെ ജയിലിൽ അടച്ചു.[26]
ഈ നിരോധനത്തിനെ മറികടന്ന് ആയിരക്കണക്കിന് സ്വയം സേവകർ അടിയന്തരാവസ്ഥക്കെതിരെയും മൌലിക അവകാശങ്ങൾ അടിച്ചമർത്തുന്നതിനെതിരെയും സത്യാഗ്രഹം നടത്തുകയും ജനാധിപത്യം തിരിച്ചു കൊണ്ടുവരാനായി രഹസ്യമായി പ്രവർത്തിച്ചു. മാധ്യമപ്രവർത്തനം നിയന്ത്രണവിധേയമായിരുന്നതിനാൽ ലേഖനങ്ങൾ രഹസ്യമായി പ്രചരിപ്പിക്കുകയും പ്രക്ഷോഭങ്ങൾക്കായി പണം സ്വരൂപിക്കുകയും ചെയ്തു. മറ്റു ജനാധിപത്യ പാർട്ടികളുടെ നേതാക്കളുമായി ജയിലിലും വെളിയിലുമായി ജനാധിപത്യത്തിനായി ബന്ധങ്ങൾ സൃഷ്ടിച്ചു.[27] ഈ പ്രക്ഷോഭം പതിനായിരക്കണക്കിന് ആർ.എസ്.എസ് പ്രവർത്തകർ കൊണ്ട് നിറഞ്ഞിരുന്നതായും ദിവസവും കൂടുതൽ കൂടുതൽ യുവാക്കളെ പ്രക്ഷോഭത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നതായി വെളിപ്പെടുത്തുമ്പോൾ പ്രക്ഷോഭത്തിന്റെ ലക്‌ഷ്യം "ജനാധിപത്യം തിരിച്ചു കൊണ്ടുവരിക എന്നത് മാത്രമാണ്" എന്ന് പറയപ്പെടുന്നു.[28] ലണ്ടനിലെ 'ദി എക്കണോമിസ്റ്റ്' ആർ.എസ്.എസിനെ വിശേഷിപ്പിച്ചത് 'ലോകത്തിലെ ഏക ഇടതുപക്ഷമല്ലാത്ത വിപ്ലവശക്തി' എന്നാണ്[അവലംബം ആവശ്യമാണ്]. 1977-ൽ നിരോധനാജ്ഞ പിൻവലിച്ചപ്പോൾ ആർ.എസ്.എസിന്റെയും നിരോധനം പിൻവലിച്ചു.
ഭൂപരിഷ്ക്കരണത്തിലെ പങ്ക്
ഗാന്ധിയൻ നേതാവായിരുന്ന വിനോബാ ഭാവേ സംഘടിപ്പിച്ച ഭൂമിദാന പ്രക്ഷോഭത്തിൽ ആർ.എസ്.എസ് പങ്കെടുത്തു. 1951 നവംബറിൽ വിനോബാ ഭാവേ ആർ.എസ്.എസ് നേതാവ് എം.എസ്. ഗോൾവർക്കറുമായി കൂടിക്കാഴ്ച നടത്തി. ഈ പ്രക്ഷോഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗോൾവർക്കർ, ഭൂപരിഷ്ക്കരണത്തിന് ആർ.എസ്.എസിന്റെ സഹായം വാഗ്ദാനം ചെയ്തു.[29] തുടർന്ന്, നാനാജി ദേശ്‌മുഖിന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് പ്രവർത്തകർ പ്രക്ഷോഭത്തിൽ പങ്കെടുത്തു.[30] എന്നാൽ ഗോൾവർക്കർ ഈ പ്രക്ഷോഭത്തിന്റെ കമ്യൂണിസ്റ്റ് ശൈലിയിൽ വിമർശകൻ കൂടിയായിരുന്നു. ഈ പ്രക്ഷോഭം ജനങ്ങളിൽ കമ്യൂണിസ്റ്റ് ശൈലിയിയെക്കാൾ ഉയർന്നുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കണം എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്.[11]
Remove ads
സംഘടന
ആർ.എസ്.എസിന് പ്രവർത്തകരുടെ റിക്കോർഡ് സൂക്ഷിക്കുന്ന പതിവില്ലെങ്കിലും ഏകദേശം 7 കോടി മുതൽ 10 കോടി പ്രവർത്തകർ ഉള്ളതായി കണക്കാക്കപ്പെടുന്നു.
സർസംഘചാലക് പദവി[1]
സർസംഘചാലക് പദവി ആണ് ആർ.എസ്.എസിലെ ഏറ്റവും ഉയർന്ന പദവി. ഈ സ്ഥാനം നിശ്ചയിക്കുന്നത് മുൻഗാമി ആയിരിക്കും. സർസംഘചാലക് പദവിയിൽ വന്നിട്ടുള്ളവർ:
- ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ (സ്ഥാപകൻ), ഡോക്ടർജി എന്നറിയപ്പെടുന്നു (1925-1930 & 1931-1940)
- ഡോ. ലക്ഷ്മൺ വാമൻ പരഞ്ജ്പേ (1930-1931) (ഡോ. ഹെഡ്ഗേവാർ സത്യാഗ്രഹം നടത്തി ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്)
- ശ്രീ. മാധവ് സദാശിവ് ഗോൾവർക്കർ, ഗുരുജി എന്നറിയപ്പെടുന്നു (1940-1973)
- ശ്രീ. മധുകർ ദത്താത്രേയ ദേവറസ്, ബാലാസാഹെബ് എന്നറിയപ്പെടുന്നു (1973-1993)
- പ്രൊഫ. രാജേന്ദ്ര സിംഗ്, രാജുഭയ്യ എന്നറിയപ്പെടുന്നു (1993-2000)
- കുപ്പഹള്ളി സിതാരാമയ്യ സുദർശൻ (2000-2009)
- ഡോ. മോഹൻ മധുകർ ഭാഗവത് (21 മാർച്ച് 2009 മുതൽ ഇന്നുവരെ)
ശാഖ
ശാഖ എന്നത് ശിഖരം (branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘശാഖ. സംഘശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. 2004-ൽ 60,000 ശാഖകൾ ഇന്ത്യയിൽ ഒട്ടുക്ക് നടന്നിരുന്നു.[31] അതേസമയം 2004-ലെ ബി.ജെ.പി കേന്ദ്ര സർക്കാർ വീണതിന് ശേഷം ശാഖകൾ 10,000 ആയി ചുരുങ്ങി. 2010 ജനുവരിയിലെ ഡൽഹിയിലെ ആർ.എസ്.എസ് മാധ്യമവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശാഖകളുടെ എണ്ണം 39,823 എന്നാണ്.[32] ബഹുജൻ സമാജ് പാർട്ടിയുടെയും സമാജ് വാദി പാർട്ടിയുടെയും ജാതിരാഷ്ട്രീയമാണ് ഇതിനു കാരണമായി ആർ.എസ്.എസ് കാണുന്നത്.[അവലംബം ആവശ്യമാണ്] ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് .
യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, സുഭാഷിതം, ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്.[33] പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്യുന്നു.[34]
ഗണവേഷം
കറുത്ത പദവേഷം (ഷൂസ്), സോക്സ് ( ബ്രൗൺ), പാൻറ് (വുഡ് ബ്രൗൺ), ബെൽറ്റ് (തവിട്ടുനിറം), ഷർട്ട് (വെള്ള), തൊപ്പി (കറുപ്പ്) ഇവയാണ് സംഘത്തിന്റെ ഔദ്യോഗിക വേഷം. കാക്കി നിക്കറായിരുന്നു മുൻപത്തെ വേഷം. അത് മാറ്റി പാന്റാക്കുന്നത് 2016 മാർച്ച് 12 ന് ചേർന്ന് അഖിലേന്ത്യാ പ്രതിനിധി സഭയുടെ തീരുമാനപ്രകാരമാണ്.[35]
ഐറ്റി മിലൻ
വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ശാഖയെ ആണ് ഐ.റ്റി(Information Technology) മിലൻ എന്ന് വിളിക്കുന്നത്. ശാഖയിൽ നിന്നും വത്യസ്തമായി ആഴ്ച തോറുമാണ് ഐ.റ്റി. മിലൻ കൂടിച്ചേരൽ നടത്തുന്നത്. മുംബൈ, പൂനെ, ബെംഗലൂരു, ചെന്നൈ, എറണാകുളം , ഡൽഹി തുടങ്ങിയ പട്ടണങ്ങളിൽ ഐ.റ്റി മിലൻ പ്രവർത്തിക്കുന്നുണ്ട്.
60 മിനിട്ട് നീണ്ടുനിൽക്കുന്ന ഇത്തരത്തിലുള്ള കൂടിച്ചേരലിൽ പ്രാർഥന, സൂര്യനമസ്ക്കാരം, യോഗ, കളികൾ മുതലായവ ഉണ്ടായിരിക്കും. പൊതുവേ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യപ്പെടുന്ന ഐ.റ്റി മിലനിൽ വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി തയ്യാറാക്കപ്പെട്ട വ്യായാമങ്ങൾ ചെയ്യുന്നു. അവരുടെ മാനസിക ഉല്ലാസത്തിനായിയുള്ള കളികളിൽ ഏർപ്പെടുന്നു. ദേശീയ-സാർവദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.[36]
പ്രചാരകൻ
പ്രതിഫലം കൂടാതെ മുഴുവൻ സമയം പ്രവർത്തിക്കുന്ന പ്രവർത്തകന്മാരാണ് പ്രചാരകർ. ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ ഉള്ളവരെ വിസ്താരകർ എന്നും പറയുന്നു. മറ്റു സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് പ്രചാരകന്മാരെ അയക്കുന്ന പതിവുണ്ട് ഉദാ :- ബി എം എസ്, ബി.ജെ.പി,സേവാ ഭാരതി, മുതലായവ.
പരിവാർ സംഘടനകൾ
- രാഷ്ട്രീയ സേവികാ സമിതി (വനിതാ വിഭാഗം)
- അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (വിദ്യാർത്ഥി വിഭാഗം)
- ഭാരതീയ ജനതാ പാർട്ടി (രാഷ്ട്രീയ രംഗത്ത് )
- ഭാരതീയ മസ്ദൂർ സംഘം (തൊഴിലാളി രംഗത്ത്)
- ഭാരതീയ കിസാൻ സംഘം (കർഷകരുടെ സംഘടന)
- ഭാരതീയ അഭിഭാഷക പരിഷത്ത് (അഭിഭാഷകരുടെ സംഘടന)
- ഭാരതീയ അദ്ധ്യാപക പരിഷത്ത് (അദ്ധ്യാപകരുടെ സംഘടന)
- മുസ്ലീം രാഷ്ട്രീയ മഞ്ച് (മുസ്‌ളിം വിഭാഗം)
- ഭാരതീയ ഇതിഹാസ് സങ്ങലൻ യോജന .
- വിശ്വ ഹിന്ദുപരിഷത്ത്
- സക്ഷമ (ഭിന്നശേഷിക്കാർക്കായ് പ്രവർത്തിക്കുന്ന ദേശീയ സംഘടന )
- സഹകാർ ഭാരതി
- ഭാരതീയ വിചാര കേന്ദ്രം
- വിദ്യാ ഭാരതി ( ഭാരതീയ വിദ്യാനികേതൻ )
- സംസ്കൃത ഭാരതി
- വിശ്വ സംവാദ കേന്ദ്രം
- ബാലഗോകുലം
- സ്വദേശി ശാസ്ത്ര പ്രസ്ഥാനം
- തപസ്യ
- സേവാഭാരതി
- വിവേകാനന്ദകേന്ദ്രം
- ഹിന്ദു ഐക്യ വേദി
- ക്രീഡ ഭാരതി (കേരള കായിക വേദി )
- വനവാസി കല്യാൺ ആശ്രമം
- പൂർവ സൈനിക പരിഷദ്
- ആരോഗ്യ ഭാരതി
- വിവേകാനന്ദ മെഡിക്കൽ മിഷൻ
- കേരള ക്ഷേത്ര സംരക്ഷണ സമിതി
- കേസരി
- തന്ത്ര വിദ്യ പീഠം
- ഹിന്ദു ഐക്യേവേദി
- ഐ ടി മിലൻ
- അയ്യപ്പേ സേവാസമിതി
Remove ads
ലക്ഷ്യം
ആർ.എസ്.എസിന്റെ ലക്ഷ്യമായി വിവരിക്കുന്നത് ഹിന്ദുത്വ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യ 2025 ഓട് കൂടി ഇന്ത്യയെ പൂർണമായും ഹൈന്ദവ രാഷ്ട്രമാകുക എന്നതാണ്.
രൂപീകരണ സമയത്ത് തന്നെ ആർ.എസ്സ്.എസ്സ് അതിന്റെ തീവ്ര ഹിന്ദുത്വ ആശയം പ്രകടമാക്കിയതാണ്. .[11].[37]
വിചാരധാരയിൽ (ഇംഗ്ലീഷ്: Bunch of Thoughts), എം.എസ്. ഗോൾവർക്കർ ആർ.എസ്.എസിന്റെ ലക്ഷ്യം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്:[11]
“ | രാജ്യത്തെക്കുറിച്ചുള്ള ഹിന്ദുക്കളുടെ സമീപനം മനസ്സിലാക്കി, ആർ.എസ്.എസ് അവരിൽ രാജ്യത്തിനോട് ആത്മാർപ്പണത്തിന്റെ ശീലം വളർത്തിയെടുക്കുകയും അവരിൽ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും സ്വഭാവരൂപീകരണം ഉണ്ടാക്കുകയും ചെയ്ത്, രാജ്യത്തോടുള്ള കടമക്ക് വേണ്ടി വിശ്വാസത്തിനും ജാതിക്കും ഭാഷക്കും രണ്ടാം പരിഗണന മാത്രം കൊടുത്ത്, അതിലൂടെ യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും സ്വഭാവരൂപീകരണം നടത്തി, ശക്തരാകാനും സമൂഹത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിൽ ഏറ്റെടുത്ത് എല്ലാ രീതിയിലുമുള്ള അനുശാസന ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാവരും ഉണ്ടാക്കിയെടുത്ത് ഹിമാലയം മുതൽ കന്യാകുമാരി വരെ പരസ്പര സാഹോദര്യത്തോടെയുള്ള ഒരു രാജ്യത്തിനെ ഉണ്ടാക്കുക | ” |
സംഘപരിവാർ
ആർ.എസ്.എസ് ആദർശങ്ങൾ സ്വീകരിച്ച സംഘടനകളെ പൊതുവിൽ സംഘപരിവാർ (സംഘകുടുംബം എന്നർഥം വരുന്നു) എന്നറിയപ്പെടുന്നു. മിക്ക ഇത്തരം സംഘടനകളും മുഴുവൻ സമയ സംഘ പ്രചാരകന്മാർ തുടങ്ങുന്നതോ സഹകരിക്കുന്നതോ ആണ്. വിശ്വ ഹിന്ദു പരിഷദ് , വനബന്ധു പരിഷത്ത്, രാഷ്ട്രീയ സേവികാ സമിതി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്(ABVP), വനവാസി കല്യാൺ ആശ്രമം, ഭാരതീയ മസ്ദൂർ സംഘം , വിദ്യാഭാരതി, സേവാഭാരതി തുടങ്ങി നിരവധി സംഘടനകൾ സമൂഹത്തിൽ നിലകൊള്ളുന്നു.
ആർ.എസ്.എസ് ഒരിക്കലും തെരഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും, സമാന ചിന്തകൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ കക്ഷികളെ പിന്താങ്ങുന്നുണ്ട്. ബിജെപ്പിയെ പിന്താങ്ങുന്നത് ആർ.എസ്.എസ് ആണെങ്കിലും ആ പാർട്ടിയുമായി അഭിപ്രായവത്യാസം വരുമ്പോൾ പിന്തുണക്കാൻ വിമുഖതയും കാട്ടിയിട്ടുണ്ട്. കൂടാതെ ആർ.എസ്.എസിനോട് ആഭിമുഖ്യം കാണിക്കുന്ന മറ്റു പാർട്ടികളെ പരസ്യമായി പിന്താങ്ങുകയും ചെയ്യുന്നുണ്ട്.[38][39]
ആർ.എസ്.എസിന്റെ പ്രമുഖ വ്യക്തിത്വങ്ങൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ആഭ്യന്തരമന്ത്രിയും മറ്റു മന്ത്രിമാരും ആയും വിവിധ സംസ്ഥാനങ്ങളിൽ, മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരുമായും കൂടാതെ അമേരിക്കയിലെ അംബാസിഡർ ആയും വിവിധ രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.[40][41][42]
Remove ads
സാമൂഹികപ്രവർത്തനങ്ങൾ
![]() | ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
പൂജാരികളായി ബ്രാഹ്മണന്മാരെ മാത്രം നിയമിച്ചിരുന്ന മുൻപുണ്ടായിരുന്ന രീതിക്ക് വിപരീതമായി ദളിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ക്ഷേത്രങ്ങളിലെ പൂജാരിമാരായി സംഘം നിയമിച്ചു.[43] ഹൈന്ദവ ദർശനങ്ങളെ ശരിയായ വിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാണ് ജാതീയത സമൂഹത്തിൽ വന്നതെന്നും അതിനാൽ എല്ലാത്തരം ജനങ്ങളിലേയ്ക്കും ജാതി മാറ്റിവച്ച് ഇറങ്ങി ചെല്ലുന്നതിലൂടെ ഈ വ്യവസ്ഥിതിയെ മറികടക്കാം എന്നും ആർ.എസ്.എസ് വാദിക്കുന്നു. കൂടാതെ ദളിതർക്ക് കടന്നു ചെന്ന് പ്രാർഥിക്കാൻ ഉയർന്ന ജാതിക്കാർ വിലക്കുന്ന ക്ഷേത്രങ്ങൾ, ദൈവം പോലും ഉപേക്ഷിക്കുന്നവയായിരിക്കും എന്നും സമർഥിക്കുന്നു.ദളിതരെ ക്ഷേത്രങ്ങളില് പൂജരിയാക്കണം എന്ന് ആവശ്യപെട്ട പ്രസ്ഥാനം ആണ് സംഘം. ദളിതരുടെ ഉന്നമനത്തിനായി ആർ എസ് എസ്സിനു അനുസുചിത് ജാതി ജാമാതി അരക്ഷൺ ബചാവോ പരിഷദ് എന്നൊരു പരിവാര് സംഘടന തന്നെ ഉണ്ട് [44]
ആർ.എസ്.എസ് നേതാക്കളുടെ പശ്ചാത്തലം വ്യക്തമല്ലെങ്കിലും അവരിലെ ബ്രാഹ്മണ ജാതിയിൽ പെട്ടവർ കാരണം മറ്റു പിന്നാക്ക ജാതിയിൽ പെട്ടവരെ ആകർഷിക്കാൻ ആർ.എസ്.എസിന് കഴിഞ്ഞിട്ടില്ലെന്ന് ക്രിസ്റൊഫെർ ജെഫ്രോട്ട് നിരീക്ഷിക്കുമ്പോൾ, എല്ലാതരത്തിലും പെട്ട ജനങ്ങളെ ആർ.എസ്.എസ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രവർത്തകരിൽ ഒരു രീതിയിലുമുള്ള സമത്വക്കുറവും സംഘടനയിൽ ഇല്ലെന്നും നിരീക്ഷകരായ ആണ്ടേഴ്സണും ദംലെയും വാദിക്കുന്നു.[30]
1934-ൽ മഹാത്മാഗാന്ധി, മഹാദേവ് ദേശായിയുടെയും മീരാബെഹന്റെയും കൂടെ വർധയിലെ ആർ.എസ്.എസ് കേന്ദ്രം സന്ദർശിച്ചപ്പോൾ പ്രവർത്തകരുടെ അച്ചടക്കവും തൊട്ടുകൂടായിമയുടെ പ്രതിഫലനം ഇല്ലാതെയുമുള്ള പ്രവർത്തനങ്ങൾ കണ്ടപ്പോൾ ആശ്ചര്യപ്പെടുകയും ഇങ്ങനെ പറയുകയും ചെയ്തു.
“ | ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു. | ” |
മഹാത്മാ ഗാന്ധി കേന്ദ്രത്തിൽ വസിക്കുന്ന സ്വയം സേവകരോട് നേരിട്ട് കൂടെ പ്രവർത്തിക്കുന്നവരുടെ ജാതിയെക്കുറിച്ച് ആരായുകയും അവർ ജാതി എന്തെന്ന് അന്യോഷിക്കാതെ ഒരുമിച്ച് ഭക്ഷിക്കുകയും താമസിക്കുകയും ചെയ്യുന്നതും മനസ്സിലാക്കി.[45]
കേശവ് സൃഷ്ടി – സംഘ സ്ഥാപകനായ ഡോ.കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണാര്ത്ഥം തുടങ്ങിയ പ്രൊജക്ട്. മഹാരാഷ്ട്രയിലെ ഉപ്പുപാടം നിറഞ്ഞ ഒരു ഗ്രാമം പൂര്ണ്ണമായും ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ മഹാ പ്രസ്ഥാനം. കൃഷി, വിദ്യാഭ്യാസം, ഗോ സംരക്ഷണം, ആയുര്വേദം തുടങ്ങി വിവിധ മേഖലകളില് മികച്ച നിലയില് പ്രവര്ത്തിക്കുന്നു.[46]
ദീന് ദയാല് റിസര്ച്ച് ഇന്സ്റ്റിറ്റൂട്ട് – ചിത്രകൂട് പ്രൊജക്ട് സംഘപ്രചാരകനായിരുന്ന നാനാജി ദേശ് മുഖ് തുടങ്ങിയ പദ്ധതി . ജനസംഘ സ്ഥാപകന് പണ്ഡിറ്റ് ദീന് ദയാല് ഉപാദ്ധ്യായയുടെ സ്മരണാര്ത്ഥമുള്ള പ്രൊജക്ട്. ഒട്ടേറെ ഗ്രാമങ്ങളെ ദത്തെടുത്ത് ഗ്രാമവികാസം, കൃഷി, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില് മാതൃകാപരമായ പ്രവര്ത്തനം. കേന്ദ്ര സര്ക്കാര് മുതല് യു.എന് വരെ ദേശീയ അന്തര്ദേശീയ പ്രശംസ നേടിയ പദ്ധതി. നാനാജി ദേശ് മുഖിന്റെ മരണാനന്തരം ആ പ്രദേശത്തെ ഇരുപത്തയ്യായിരത്തോളം ഗ്രാമീണര് തല മുണ്ഡനം ചെയ്ത് പരമ്പരാഗത രീതിയില് അടിയന്തര ക്രിയകള് അനുഷ്ഠിച്ചത് അദ്ദേഹത്തിന്റെ ജനപ്രിയതക്ക് ആധാരം.[47]
വിവേകാനന്ദ കേന്ദ്രം കന്യാകുമാരി – കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ സ്മാരക മന്ദിരവും പുറത്ത് നൂറേക്കറിലധികം വരുന്ന ക്യാമ്പസുള്ള വിവേകാനന്ദ കേന്ദ്രവും ആര്.എസ്.എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡെ സ്ഥാപിച്ചു. നിരവധിയായ സേവന പ്രവര്ത്തനങ്ങള്, യോഗ ശിബിരങ്ങള്, മെഡിക്കല് മിഷനുകള്, സ്വാശ്രയ സംഘങ്ങള് തുടങ്ങി ആയിരക്കണക്കിന് സേവാ പ്രവര്ത്തനങ്ങള്ക്ക് വിവേകാനന്ദ കേന്ദ്രം നേതൃത്വം നല്കുന്നു[48].
ഏകാധ്യാപക വിദ്യാലയങ്ങള് നടത്തുന്ന, സാക്ഷരതാ യജ്ഞപ്രവർത്തനമാണ് ഏകല് പ്രൊജക്ട്.[49][50]
വിദ്യാഭാരതി നാല്പതിനായിരത്തിലധികം വിദ്യാലയങ്ങള് നടത്തുന്നു. ഇവയിൽ അഞ്ഞൂറോളം വിദ്യാലയങ്ങൾ കേരളത്തിലാണ്. പാലക്കാട് നഗരത്തില് ഇരുപത്തിയഞ്ച് ഏക്കര് ക്യാമ്പസിൽ കല്ലേക്കാട് വ്യാസവിദ്യാ പീഠം ബി.എഡ്. സെന്റർ പ്രവർത്തിക്കുന്നു. വിദ്യാഭാരതിയുടെ കേരളാ ചാപ്റ്റര് ഭാരതീയ വിദ്യാനികേതന്റെ വെബ് സൈറ്റ് [51]
കേരളത്തിൽ നഗരങ്ങളിൽ ആംബുലന്സ് സര്വ്വീസുകൾ പ്രവർത്തിക്കുന്നുണ്ട്. വയനാട്ടിലും അട്ടപ്പാടിയിലും ആശുപത്രി. ആദിവാസി വിഭാഗത്തിന് സൌജന്യ ചികിത്സയും മരുന്നും.
വയനാട്ടിലെ മുട്ടിലില് ആര്.എസ്.എസ് നടത്തുന്ന ആതുരാലയം പ്രവർത്തിക്കുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല് മിഷന് ആശുപത്രിയുണ്ട് [അവലംബം ആവശ്യമാണ്]. ചികിത്സിപ്പിക്കാന് താല്പ്പര്യം കാണിക്കാത്ത വനവാസി വിഭാഗങ്ങളെ വനാനന്തരത്തില് പോയി ചികിത്സിക്കുന്ന രീതിയും ഇവിടെയുണ്ട്. വനാന്തര്ഭാഗത്തുള്ള വനവാസി കോളനികളിലെ പകര്ച്ചവ്യാധികളും പട്ടിണിയും തടഞ്ഞ് എത്രയോ പേരെ മരണത്തില് നിന്നും ഇവര് രക്ഷപ്പെടുത്തിയിരിക്കുന്നു [അവലംബം ആവശ്യമാണ്]. സംഘസ്വയം സേവകരായ ഡോക്റ്റര്മാര് ഇവിടെ സേവനം ചെയ്യുന്നു.[52]
ഡോക്ടർ ബി.ആർ.അംബേദ്ക്കർ 1939-ൽ പൂനയിലെ ആർ.എസ്.എസ് കേന്ദ്രം സന്ദർശിച്ചു എന്ന് സംഘം അവകാശപ്പെടുന്നുണ്ട്[53][54].
ആർ.എസ്.എസ് രാജ്യത്തിലെ വികസനം കടന്നു ചെല്ലാത്ത മേഖലകളിലും പിന്നാക്കം നിൽക്കുന്ന-പട്ടിണി നിലനിൽക്കുന്ന മേഖലകളിലും വിദ്യാഭ്യാസവും മറ്റു ശ്രദ്ധേയമായ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്.[55]
Remove ads
ദുരന്താനന്തര/പുനരധിവാസ പ്രവർത്തനങ്ങൾ
പ്രകൃതിദുരന്തങ്ങൾ
ആർ.എസ്.എസ് നിരവധി ദുരന്തങ്ങളിൽ ആശ്വാസ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
2001-ലെ ഗുജറാത്ത് ഭൂമികുലുക്കത്തിൽ വ്യാപകമായി ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി. അവർ ഗ്രാമങ്ങൾ പുനർനിർമിച്ചു.[56][57]
1971-ലെ ഒറിസ്സാ ചുഴലിക്കാറ്റ് ദുരന്തത്തിലും 1997-ലെ ആന്ധ്രാപ്രദേശ് ചുഴലിക്കാറ്റ് ദുരന്തത്തിലും ആർ.എസ്.എസ് ആശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ആർ.എസ്.എസ് ബന്ധമുള്ള സേവാ ഭാരതി എന്ന എൻ.ജി.ഒ സംഘടന ഭീകരപ്രവർത്തനം ശക്തമായ ജമ്മു-കാശ്മീരിൽ നിന്നും 57 കുട്ടികളെ(38 മുസ്ലീങ്ങളും 19 ഹിന്ദുക്കളും) പഠന സഹായത്തിനായി ദത്തെടുത്തിട്ടുണ്ട്.[58][59] 1999 കാർഗിൽ യുദ്ധബാധിതരിൽ നിരവധി പേരെ ആർ.എസ്.എസ് സഹായിക്കുകയും ചെയ്തു.[60]
സേവാഭാരതി 2004-ലെ ഇന്ത്യാ മഹാ സമുദ്രത്തിലെ ഭൂമികുലുക്കത്തിലെയും 2004-ലെ തന്നെയുണ്ടായ സുമാത്ര-ആന്തമാൻ സുനാമിയിലും പെട്ടവരെ രക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും താമസം, ആഹാരം, വസ്ത്രം, വൈദ്യ സഹായം തുടങ്ങിയവ നൽകി സഹായിക്കുകയും ചെയ്തു.[61][62]
2006-ൽ ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലെ ദുരിതബാധിതർക്ക് ആഹാരം, വെള്ളം, പാൽ തുടങ്ങിയ അവശ്യ സഹായങ്ങൾ നൽകി ആശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്തു.[63] വടക്കൻ കർണാടകത്തിലും ആന്ധ്രാപ്രദേശിലെ ചില ജില്ലകളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആർ.എസ്.എസ് പ്രവർത്തകർ വലിയ രീതിയിൽ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി.[64]
1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കാളിത്തം സംബന്ധിച്ച വിവാദങ്ങൾ
1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ആർ.എസ്.എസ് പങ്കുവഹിച്ചു എന്നും, അവർക്ക് സംരക്ഷണം നൽകി എന്നും വ്യത്യസ്ഥ റിപ്പോർട്ടുകൾ ഉണ്ട്.
അക്രമങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ
1984 -ലെ സിഖ് കൂട്ടക്കൊലയ്ക്ക് ശേഷം ഡൽഹി സിറ്റി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 14 എഫ്ഐആറുകളിലായി ആർ.എസ്.എസിലെ 49 അംഗങ്ങൾക്കെതിരെ കൊല, കൊള്ളിവെപ്പ്, കലാപം തുടങ്ങിയ കേസുകൾ ഉണ്ടായിരുന്നു[65].
ഹരി നഗർ, ആശ്രമം, ഭഗവാൻ നഗർ, സൺലൈറ്റ് കോളനി എന്നിവിടങ്ങളിൽ കൊലപാതകം, തീവെപ്പ്, കലാപം എന്നീ കുറ്റങ്ങൾ ചുമത്തി നിരവധി ബിജെപി, സംഘ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 1980 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടൽ ബിഹാരി വാജ്‌പേയിയുടെ വോട്ടെടുപ്പ് ഏജന്റ് ആയിരുന്ന രാം കുമാർ ജെയിൻ എഫ്‌ഐആറുകളിൽ പേരുള്ളവരിൽ ഒരാളാണ്[66].
കലാപത്തിൽ നിന്ന് സംരക്ഷണം നൽകിയെന്ന വാദങ്ങൾ
സിഖ് വംശജരെ സംരക്ഷിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ച് സിഖുകാരനും 'A History of the Sikhs' എന്ന പുസ്തകത്തിന്റെ ലേഖകനും സ്വതേ ആർ.എസ്.എസ് വിമർശകനുമായ ഖുശ്വന്ത് സിംഗ് രേഖപ്പെടുത്തുന്നുണ്ട്[67][68][69] എന്ന് സംഘപരിവാർ പ്രചരിപ്പിച്ചു വരാറുണ്ട്.
Remove ads
സ്വയം സേവകർക്കെതിരെയുള്ള വിവേചനങ്ങൾ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ആർ.എസ്.എസ് ആദർശങ്ങളോട് ആഭിമുഖ്യമുള്ളവരോട് സർക്കാരുകൾ വിവേചനം കാണിക്കുന്നുണ്ട് എന്ന് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.[70] ആർ.എസ്.എസുമായി ബന്ധമുണ്ടായിരുന്നു എന്നാരോപിച്ച് സർവീസിൽ നിന്നും പിരിച്ചു വിടപ്പെട്ട ഒരു അധ്യാപകന്റെ കേസിൽ സുപ്രീം കോടതി സർക്കാരിനെ "അവകാശങ്ങളോടുള്ള എതിർപ്പായി" കണ്ട് നിശിതമായി വിമർശിച്ചിട്ടുണ്ട്.[71][72][73]
1974-ലെ മധ്യപ്രദേശ് കോൺഗ്രസ്സ് സർക്കാർ രാംശങ്കേർ രഘുവന്ഷി എന്ന അധ്യാപകനെയാണ് ആർ.എസ്.എസിൽ പങ്കെടുത്തു എന്നതിനാൽ സർവീസിൽ തുടരാൻ യോഗ്യതയില്ല എന്നാരോപിച്ച് പിരിച്ചു വിട്ടത്. എന്നാൽ ഈ വാദത്തെ തള്ളിക്കളഞ്ഞ സുപ്രീം കോടതി, സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ പാലിച്ചില്ല എന്ന് കണ്ടെത്തി. "ഇന്ത്യ ഒരു പോലീസ് രാജ്യം" അല്ല എന്ന് വിമർശിച്ച ജസ്റ്റിസ് സയെദ് മുർതുസാ ഫസലാലിയും ജസ്റ്റിസ് ചിന്നപ്പ റെഡിയും അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് "അവകാശങ്ങൾ, രാജ്യത്തിലെ ഭരണഘടന എല്ലാവർക്കും ഉറപ്പു നൽകുന്നു എന്നത് മറക്കപ്പെടാൻ പാടില്ലാത്ത ചരിത്രമാണ്" വിലയിരുത്തി. വളരെ പ്രാധാന്യം കൽപ്പിക്കുന്ന വിധിയിലൂടെ "ഒരാളുടെ രാഷ്ട്രീയ നിലപാടുകളിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെടുന്നത് തന്നെ അയാളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്" എന്ന് നിരീക്ഷിച്ച സുപ്രീം കോടതി ബഞ്ച്, അധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു.[74][75][76]
സമാനമായ നിരവധി നിരീക്ഷണങ്ങൾ രാജ്യത്തിന്റെ വിവിധ ഹൈക്കോടതികളിൽ ഇത്തരത്തിൽ വന്ന കേസുകളിൽ ഉണ്ടായിട്ടുണ്ട്.[70] അത്തരത്തിൽ ഒന്നാണ് രംഗനാഥചാര്യ അഗ്നിഹോത്രി എന്ന മുൻസിഫിന്റെ കേസിലും ആർ.എസ്.എസ് ബന്ധം ആരോപിച്ച് സർവീസിൽ എടുക്കാൻ സർക്കാർ വിസമ്മതിച്ചപ്പോൾ ഉണ്ടായത്. മൈസൂരിലെ ഹൈക്കോടതിയെ സമീപിച്ച അഗ്നിഹോത്രിക്ക് നീതി ലഭിച്ചുകൊണ്ട് നടത്തിയ വിധിയിൽ കോടതി ഇങ്ങനെ നിരീക്ഷിച്ചു:
“ | പ്രാഥമിക നിരീക്ഷണത്തിൽ ആർ.എസ്.എസ്, അഹിന്ദുക്കളോട് വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത ഒരു രാഷ്ട്രീയേതര സാംസ്കാരിക സംഘടനയാണ്. രാജ്യത്തിലെ നിരവധി പ്രമുഖരായ, ആദരണീയരായ വ്യക്തികൾ ആർ.എസ്.എസിനെ പ്രകീർത്തിക്കാൻ വിമുഖത കാട്ടാതിരിക്കുകയും പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടേത് പോലൊരു ജനാധിപത്യം സ്വീകരിച്ച രാജ്യത്ത് ഒരു സംഘടനയുടെ സാദാ അംഗത്വമോ അക്ക്രമരഹിത പ്രവർത്തനമോ ഒരു വ്യക്തിക്ക് മുൻസിഫ് പോലൊരു ജോലിക്ക് എടുക്കാതിരിക്കാൻ കാരണമല്ല. | ” |
— – മൈസൂർ ഹൈക്കോടതി, കർണാടക സർക്കാർ - രംഗനാഥചാര്യ അഗ്നിഹോത്രി, റിട്ട്. 588/1966 |
രാജ്യത്തിൽ മൂന്നു പ്രാവശ്യം നിരോധിച്ചപ്പോൾ എല്ലാം അന്നത്തെ സർക്കാരുകൾ ആർ.എസ്.എസ് രാജ്യത്തിന് ആപത്താണ് എന്ന് ആരോപിച്ചിരുന്നു. 1948-ൽ മഹാത്മാഗാന്ധി വധത്തിനു ശേഷവും അടിയന്തരാവസ്ഥ കാലഘട്ടത്തിലും (1975-77) ബാബറിപള്ളി (1992) തകർക്കലിനുശേഷവും ആർ.എസ്.എസിനെ നിരോധിച്ചതെങ്കിലും ഗാന്ധിജി വധത്തിൽ കുറ്റവിമുക്തമാക്കിയതിനാൽ 1949-ലും അടിയന്തരാവസ്ഥ പിൻവലിച്ചതിനാൽ 1977-ലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തെളിവില്ലാത്തതിനാൽ 1993-ലും നിരോധനം പിൻവലിക്കുകയുണ്ടായി.[77]
Remove ads
സ്വീകരണങ്ങൾ
ഫീൽഡ് മാർഷൽ കരിയപ്പ, ആർ.എസ്.എസ് പ്രവർത്തകരോടായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു:
“ | "ആർ.എസ്.എസ് എന്നത് ഹൃദയത്തിൽ നിന്നുള്ള പ്രവൃത്തിയാണ്. പ്രിയ യുവാക്കളെ, താൽപ്പരകക്ഷികളിൽ നിന്നുള്ള അപ്രിയമായ അഭിപ്രായപ്രകടനങ്ങളിൽ അസ്വസ്തമാകരുത്. മുന്നോട്ടു നോക്കൂ! മുന്നോട്ടു പോകൂ! രാജ്യം നിങ്ങളുടെ സേവനം ആവശ്യപ്പെടുന്നു."[78] | ” |
മുൻ രാഷ്ട്രപതിയായിരുന്ന ഡോ.സക്കീർ ഹുസൈൻ 1949, നവംബർ 20-ന് മിലാദ് മെഹ്ഫില്ലിനോട് ഇങ്ങനെ പറയുകയുണ്ടായി:
“ | " ആർ.എസ്.എസിനെതിരെയുള്ള ആക്രമണത്തിന്റെയും മുസ്ലീം വിരോധത്തിന്റെയും ആരോപണങ്ങൾ മുഴുവൻ തെറ്റാണ്. മുസ്ലീങ്ങൾ ആർ.എസ്.എസിനെ സ്നേഹിക്കാനും സഹകരിക്കാനും പഠിക്കേണ്ടതുണ്ട്."[79][80] | ” |
ശ്രദ്ധിക്കപ്പെട്ട ഗാന്ധിയനും ആർ.എസ്.എസിനെതിരെ ശബ്ദമുയര്ത്തിയിട്ടുള്ളയാളും സർവോദയ പ്രക്ഷോഭത്തിന്റെ നേതാവുമായിരുന്ന ജയപ്രകാശ് നാരായണൻ 1977-ൽ ഇങ്ങനെ പറഞ്ഞു:
“ | " ആർ.എസ്.എസ് ഒരു വിപ്ലവ പ്രസ്ഥാനമാണ്. രാജ്യത്തിലെ മറ്റ് ഏതെങ്കിലും സംഘടനകൾ അതിനടുത്തുപോലും വരില്ല. ഈ സംഘടനയ്ക്ക് ഒറ്റയ്ക്ക് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ കഴിയും, ജാതീയത അവസാനിപ്പിക്കാൻ കഴിയും, ദരിദ്രരുടെ കണ്ണുനീർ തുടച്ചു മാറ്റാൻ കഴിയും. ഒരു പുതിയ രാജ്യം കെട്ടിപ്പെടുക്കുന്നതിൽ ഈ സംഘടനയിൽ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്.[81] | ” |
Remove ads
വിമർശനങ്ങൾ
രാഷ്ട്രീയ നിരീക്ഷകർ, മതേതര ബുദ്ധിജീവികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ബഹുമതസഹവർതിത്വം പുലർത്തുന്നവരുൾപ്പടെവലിയ ഒരു ഭാരതീയ സമൂഹം ആർ.എസ്സ്.എസ്സിന്റെ "ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രത്തിനെയും" മറ്റു മതങ്ങൾക്കെതിരേയുള്ള പ്രചരണങ്ങളേയും നിശിതമായി വിമർശിക്കുന്നുണ്ട്. കൂടാതെ ചില നിരീക്ഷകർ[അവലംബം ആവശ്യമാണ്] ആർ.എസ്സ്.എസ്സിനെ "ഫാസിസ്റ്റ് പ്രവണതകളുള്ള ഹിന്ദു മതഭ്രാന്തന്മാരുടെ പ്രതികരണ സംഘം" എന്നാണ് വിശേഷിപ്പിക്കുന്നത്. വിമർശകർക്കെതിരേ മുസ്ലീം അടിസ്ഥാനവാദികളുമായും, ക്രിസ്ത്യൻ മിഷനറിമാരുമായും(അവരേയും ആർ.എസ്സ്.എസ്സ് എതിർക്കുന്നു), മാർക്സിസ്റ്റ് ഹിന്ദു വിരുദ്ധവാദികളുമായും ഉള്ള ബാന്ധവം ആർ.എസ്സ്.എസ്സ് പ്രത്യാരോപണമായി ഉന്നയിക്കാറുണ്ട്.
- ഡേവ് റെന്റൺ തന്റെ ഫാസിസം തിയറി ആൻഡ് പ്രാക്ടീസ് എന്ന പുസ്തകത്തിൽ 1990കളിൽ ആർ.എസ്സ്.എസ്സ് വർഗ്ഗീയ കലാപങ്ങൾ സർക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പരാമർശിക്കുന്നു. ഫാസിസ്റ്റ് ആശയങ്ങളുടെ ഏതാനും ചില ഭാഗങ്ങൾ മാത്രമേ ആർ.എസ്സ്.എസ്സ് സ്വീകരിച്ചിട്ടുള്ളൂവെന്നും അവരെ പൂർണ്ണമായും രാഷ്ട്രവിരുദ്ധരായ ഫാസിസ്റ്റുകൾ എന്ന് മുദ്രകുത്താനാവില്ല എന്നും റെന്റൺ കൂട്ടിച്ചേർക്കുന്നു
- മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേ ഒരു പഴയ ആർ.എസ്സ്.എസ്സ് പ്രവർത്തകനായിരുന്നതിനാൽ [82] ആർ.എസ്സ്.എസ്സ് എന്ന സംഘടനയ്ക്ക് ഗാന്ധി വധവുമായി ബന്ധമുണ്ടെന്ന് പലരും ആരോപിയ്ക്കുന്നു. പക്ഷേ ഗാന്ധി വധത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്ക് ഇതിനെ സാധൂകരിയ്ക്കാനായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
- മറ്റു മതവിശ്വാസികൾക്കെതിരെ ആർ.എസ്.എസിന്റെ സമീപനം സഹിഷ്ണുതാപരമല്ല എന്നതിനു സംഘ് മുഖപത്രമായ കേസരി വാരിക പ്രസിദ്ധീകരിച്ച ഈ വരികൾ ഉദ്ധരിക്കാറുണ്ട്:
“ | വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികൻമാരും മൂടുതാങ്ങികളുമാണു ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീർന്നിട്ടുള്ളത്. ആ കരടുകൾ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകൾ കലങ്ങിത്തന്നെയിരിക്കും.[83] | ” |
- ജർമ്മനിയിലെ നാസി പ്രസ്ഥാനത്തോടും അതിന്റെ നേതാവയിരുന്ന ഹിറ്റ്‌ലറോടും രാഷ്ട്റീയ സ്വയംസേവക് സംഘത്തിന് കൂറുണ്ടായിരുന്നു എന്നതിനു ആർ.എസ്.എസ് നേതാവായിരുന്ന മാധവ് സദാശിവ് ഗോൾവാൾകറുടെ "നമ്മൾ അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു' എന്ന ഗ്രന്ഥത്തിലെ താഴെകൊടുത്ത വരികൾ വിമർശകർ എടുത്തുദ്ധരിക്കുന്നു.:
“ | വംശത്തിന്റെയും സംസ്കാരത്തിന്റെയും വിശുദ്ധി കാത്തുരക്ഷിക്കാൻ ജർമ്മനി അവിടുത്തെ സെമിറ്റിക് വംശജരെ(ജൂതൻമാരെ) ഉൻമൂലനം ചെയ്തുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉന്നതമായ മാതൃക അവിടെ പ്രകടമാക്കപ്പെട്ടിരിക്കൂന്നു. ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ല ഒരു പാഠമാണിത്.[84] | ” |
- നേരെ വിപരീതമായി ഇന്ത്യയിലും മറ്റു മധ്യപൌരസ്ത്യ നാടുകളിലും ഏറ്റവുമധികം വിമർശിക്കപ്പെട്ട സിയോണിസത്ത്തെയും ഇസ്രയേൽ രൂപവത്കരണത്തെയും സ്വാഗതം ചെയ്തു[അവലംബം ആവശ്യമാണ്].
- മാട്ടിറച്ചി സൂക്ഷിച്ചു എന്ന് അരോപിക്കപ്പെട്ട് ഉത്തർപ്രദേശിലെ ദാദ്രിയിൽ അഖ്ലാഖ് എന്നയാൾ കൊലചെയ്യപ്പെട്ട സാഹചര്യത്തിൽ ആർ.എസ്.എസ് വാരികയായ പഞ്ചജന്യ 2015 ഒക്ടോബർ 25 ന്റെ പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം വലിയ വിവാദങ്ങൾക്ക് കാരണമായി. ഗോവധം നടത്തുന്നവരെ കൊലചെയ്യണമെന്ന് വേദങ്ങൾ പറയുന്നുണ്ട് എന്ന് ഈ ലേഖനത്തിൽ പറഞ്ഞിരുന്നു[85][86]
- ആർ.എസ്.എസ് നേതാക്കൾ പലപ്പോഴും മതവിദ്വേഷവും സമുദായങ്ങൾ തമ്മിൽ വെറുപ്പും സൃഷിടിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദുക്കൾ അവരുടെ കയ്യിൽ വാൾ കരുതണമെന്ന് കർണാടകയിലെ മുതിർന്ന ആർ.എസ്.എസ് നേതാവായ പ്രഭാകർ ഭട്ട് കല്ലട്ക്ക, കാസർഗോഡ് നടത്തിയ ഒരു പ്രഭാഷണത്തൽ ആഹ്വാനം ചെയ്യുകയുണ്ടായി.[87][88]
- ആർ.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എൻ.ആർ.മധു 2025 മെയ് 13 ന് കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്രത്തിലെ വേദിയിൽ നടത്തിയ പ്രസംഗത്തിലെ ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തിയുള്ള പരാമർശവും റാപ്പർ വേടനെതിരെ നടത്തിയ ആരോപണവും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ "അഞ്ചുനേരം മൈക്ക് കെട്ടി നമസ്കരിക്കുന്നത് പരമത വിദ്വേഷമാണെന്നുമുള്ള" പ്രസ്താവനകളും വലിയ വിവാദങ്ങൾ ഉണ്ടാക്കി.[89][90][91] വേടനെതിരെ നടത്തിയ പ്രസംഗം കലാപഹ്വാനമാണെന്ന് കാണിച്ചുള്ള പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുകയുണ്ടായി[92]
"അഞ്ചുനേരം മൈക്ക് കെട്ടി നമസ്കരിക്കുന്നത് പരമത വിദ്വേഷമാണെന്നും അല്ലാഹുവിൽ വിശ്വസിക്കാത്തവനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നു കളഞ്ഞാൽ സ്വർഗം ലഭിക്കുമെന്ന് ഖുർആനിൽ താൻ വായിച്ചിട്ടുണ്ടെന്നുമാണ് 2025 മെയ് 20 ന് റിപ്പോർട്ടർ ടിവി പ്രക്ഷേപണം ചെയ്ത് വിഎസ് രഞ്ജിത്തുമായുള്ള അഭിമുഖത്തിൽ എൻ ആർ മധു പറഞ്ഞത്.
'കഴിക്കുന്നത് 'വർമയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവർമ' കഴിച്ച് കേരളത്തിൽ അനേകം പേർ മരിച്ചു. അതിൽ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിശ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതിൽ വർമയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവർമയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാൻ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്' ഇതായിരുന്നു ഭക്ഷണവുമായി ബന്ധപ്പെട്ട എൻ ആർ മധുവിന്റെ പ്രസ്താവന.
വർഗീയ കലാപങ്ങളിലെ പങ്ക്
- ഇന്ത്യയിൽ നടന്ന നിരവധി വർഗീയ കലാപങ്ങളിൽ ആർ.എസ്.എസിന് പങ്കുള്ളതായി ഈ കലാപങ്ങളുടെ അന്വേഷണത്തിന് നിയമിക്കപ്പെട്ട കമ്മീഷണുകൾ തങ്ങളുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് റിപ്പോർട്ടുകളിലെങ്കിലും ആർ.എസ്.എസ്സിനേയും സംഘ്പരിവാറിനേയും പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്[93]. 1979 ൽ ബീഹാറിലെ ജംഷഡ്പൂരിൽ നടന്ന വർഗീയകലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റീസ് ജിതേന്ദ്ര നാരായൺ കമ്മീഷൺ റിപ്പോർട്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“ | രേഖപ്പെടുത്തിയ എല്ലാവിവരങ്ങളും ഗൗരവപൂർവ്വമായും സൂക്ഷ്മമായും പഠിച്ചശേഷം കമ്മീഷൺ എത്തിച്ചേർന്ന നിഗമനം ഇതാണ്:ജാംഷഡ്പൂരിൽ വിപുലമായ സംഘടനാ സംവിധാനവും ഭാരതീയ ജനതാപാർട്ടി,ഭാരതീയ മസ്ദൂർ സംഘ് എന്നിവയുമായി അടുത്ത ബന്ധവുമുള്ള ആർ.എസ്.എസിന് സാമുദായിക കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ പാകത്തിലുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുണ്ടായിരുന്നു.
ഒന്നാമതായി രാംനവമി ആഘോഷത്തിന്റെ അഞ്ച് ദിവസം മുമ്പ് ദേവറസ് ചെയ്ത പ്രസംഗം, റോഡ് നമ്പർ 14 നോട് ബന്ധപ്പെട്ട ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ ഹിന്ദു തീവ്രവാദികൾക്ക് പ്രചോദനമേകി. രണ്ടാമതായി, അദ്ദേഹത്തിന്റെ പ്രസംഗം ഒരു വർഗീയ പ്രചരണമായി പരിണമിച്ചു. മൂന്നാമതായി, ഡിവിഷണൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശാഖകളും ക്ലാസുകളും ഹിന്ദുക്കൾക്ക് സമരോത്സുകതയുടെ അന്തരീക്ഷം പ്രദാനം ചെയ്തു. ഈ സാഹചര്യത്തിൽ 1979 ഏപ്രിൽ 11-ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾക്ക് അന്തരീക്ഷമൊരുക്കിയതിന്റെ ഉത്തരവാദിത്തം ആർ.എസ്.എസ്സിനുണ്ടെന്ന് ചൂണ്ടിക്കാട്ടാതിരിക്കാൻ കമ്മീഷന് നിവൃത്തിയില്ല.[94] |
” |
- 1971 ലെ തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച് ജസിറ്റീസ് വിതയത്തിൽ കമ്മീഷൺ തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
“ തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ് വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസ്ംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ് ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും.[95] ”
ബാബരിമസ്ജിദ് തകർത്തതിലെ പങ്ക്
രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കമന്ദിര ധ്വംസനവും അയോധ്യാകലാപവും അന്വേഷണം നടത്തിയ ജസ്റ്റീസ് ലിബറാൻ കമ്മീഷൻ റിപ്പോർട്ട് , ആർ.എസ്.എസിന് മസ്ജിദ്-മന്ദിർ തർക്കമന്ദിരം തകർത്തതിലുള്ള പങ്കിനെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു[96]. തർക്ക കെട്ടിടം തകർക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചത് ആർ.എസ്.എസ് ആണെന്നും റിപ്പോർട്ട് പറയുന്നു [97]. വ്യക്തമായി മുൻകൂട്ടി ആസൂത്രണം ചെയ്തത പദ്ധതിയനുസരിച്ചാണ് സംഘ്പരിവാർ സംഘടനകൾ കെട്ടിടം തകർത്തത് എന്ന് റിപ്പോർട്ടിലുണ്ട്.[98][99] തർക്കകെട്ടിടം തകർത്ത 68 നേതാക്കളുടെ പേര് പരാമർശിക്കുന്ന റിപ്പോർട്ടിലെ പട്ടികയിൽ, നിലവിലെ നേതാക്കളും മുൻനേതാക്കളും ഉൾപ്പെടെ നിരവധി ആർ.എസ്.എസ്. വ്യക്തികൾ ഉൾകൊള്ളുന്നു. ബാബരി മസ്ജിദ് ധ്വംസനം നടക്കുന്ന കാലത്ത് ഉത്തർപ്രദേശിൽ ആർ.എസ്.എസ്. സമാന്തര ഭരണകൂടം പോലെ പ്രവർത്തിച്ചു എന്നും റിപ്പോർട്ട് പറയുന്നു[98]. . രാമ ജന്മഭൂമി പ്രക്ഷോഭം മുന്നോട്ടു നയിക്കുന്നതിന് ബി.ജെ.പി.യും ആർ.എസ്.എസ്സും വി.എച്ച്.പി.യും സമയാസമയങ്ങളിൽ പണം സമാഹരിച്ചു. വിവിധ സ്രോതസ്സുകളിൽ നിന്ന് ധാരാളം പണം ഒഴുകി. അവയിൽ തിരിച്ചറിയാത്ത സ്രോതസ്സുകളിൽ നിന്നുള്ളവയും ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു[98].
അജ്മീർ സ്ഫോടാനം
2007 ൽ അജ്മീർ ദർഗയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട വിധിയിൽ, ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നീ രണ്ട് മുൻ ആർ.എസ്. എസ് പ്രചാരകർക്ക് കോടതി ശിക്ഷവിധിക്കുകയുണ്ടായി.[100]
Remove ads
പ്രസിദ്ധീകരണങ്ങൾ
സ്വന്തമായി പ്രസിദ്ധീകരണം എന്ന തീരുമാനത്തിൽ ആർ.എസ്.എസ് എത്തുന്നത് 1947-ലാണ്. രാഷ്ട്രധർമ പ്രകാശൻ എന്ന ഒരു പ്രസിദ്ധീകരണശാല 1947 ആഗസ്ത് 15-ന് ലഖ്നൗ കേന്ദ്രീകരിച്ച് ആർ.എസ്.എസ് തുടങ്ങി. ഇതിൽ നിന്നും ആദ്യം പ്രസിദ്ധീകരിച്ചത് രാഷ്ട്രധർമയെന്ന മാസികയാണ്. ഹിന്ദി വാരികയായ പാഞ്ചജന്യ 1948 ജനുവരി മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങി. വാജ്പേയിയായിരുന്നു ഇതിന്റെ സ്ഥാപക എഡിറ്റർ. ആംഗലേയത്തിൽ ഓർഗനൈസറും പ്രസിദ്ധീകരിച്ചു തുടങ്ങി. ജലന്ധറിൽനിന്ന് ആകാശവാണി, വാരാണസിയിൽനിന്ന് ചേതന തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ആർഎസ്എസിന്റേതായി ഈ കാലയളവിൽ പുറത്തുവന്നിരുന്നു. 1977-ൽ രാഷ്ട്രധർമ പ്രകാശൻ എന്ന പ്രസിദ്ധീകരണശാല ഭാരത് പ്രകാശനായി പുനർനാമകരണം ചെയ്യപ്പെട്ടു. അന്നു മുതൽ മുതൽ പാഞ്ചജന്യയും ഓർഗനൈസറും പ്രസിദ്ധീകരിക്കുന്നത് ഡൽഹിയിൽനിന്ന്, ഭാരത് പ്രകാശൻ, ഡൽഹി ലിമിറ്റഡ് എന്ന സ്ഥാപനമാണ്.[101]
- ഇന്റർനെറ്റിൽ
ആശയസംഹിത
- Bunch of Thoughts(വിചാരധാര). ബാംഗ്ലൂർ, ഇന്ത്യ.: സാഹിത്യ സിന്ധു പ്രകാശനം. 1966. ISBN 81-86595-19-8.
{{cite book}}
: External link in
(help) - ഗോൾവൽക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.|title=
Remove ads
പുസ്തകങ്ങൾ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads