ഓപ്പറേഷൻ വിജയ് (1961)
From Wikipedia, the free encyclopedia
Remove ads
ഗോവ വിമോചനം (Liberation of Goa).[4] [5], പോർച്ചുഗീസ് ഇന്ത്യയുടെ പതനം (Fall of Portuguese India).[6], പോർച്ചുഗീസ് ഗോവയിലേക്കുള്ള ഇന്ത്യൻ കടന്നുകയറ്റം (The Invasion of Portuguese India).[7] [8], ഓപ്പറേഷൻ വിജയ് (1961) (Operation Vijay (1961)) എന്നെല്ലാം അറിയപ്പെടുന്നത് ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ്.[9] കര, നാവിക, വായുസേനകളെല്ലാം പങ്കെടുത്ത ഈ സൈനികനടപടി ഏതാണ്ട് 36 മണിക്കൂർ നീണ്ടുനിന്നു, അതോടെ ഇന്ത്യൻ മണ്ണിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് വിരാമമായി. ഈ ആക്രമണത്തിൽ ആകെ 22 ഇന്ത്യക്കാരും 30 പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു.[1] ലോകത്തിന്റെ പലഭാഗത്തുനിന്നും എതിർപ്പുകളും പ്രോൽസാഹനവും ലഭിച്ച ഈ നടപടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായ ഒരുമയ്ക്ക് കാരണമായപ്പോൾ തങ്ങളുടെ മണ്ണിനും ജനതയ്ക്കും എതിരെയുള്ള കടന്നുകയറ്റമായാണ് പോർച്ചുഗീസുകാർ ഇതിനെ കണ്ടത്.
Remove ads
പശ്ചാത്തലം
1947 -ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയശേഷവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതാനും ചെറിയ പ്രദേശങ്ങൾ തുടർന്നും പോർച്ചുഗീസുകാരുടെ കൈവശം ആയിരുന്നു. പോർച്ചുഗീസ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്ന ഗോവ, ഡാമനും ഡിയുവും പിന്നെ ദാദ്രയും നഗർഹവേലിയും ആണ് പോർച്ചുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ. 4000 ചതുരശ്രകിലോമീറ്റർ വിസ്ത്രീർണ്ണമുള്ള ഗോവയിലെയും, ഡാമനും ഡിയുവിലെയും ജനസംഖ്യ 1955 -ലെ സെൻസസ് പ്രകാരം 637591 ആയിരുന്നു.[10] 175000 ഗോവക്കാർ ഗോവയുടെ പുറത്ത് ഉണ്ടായിരുന്നു, ഒരു ലക്ഷം പേർ ഇന്ത്യയിൽ തന്നെയുള്ളതിൽ കൂടുതൽ പേർ മുംബൈയിൽ ആയിരുന്നു ഉണ്ടായിരുന്നത്.[11] അതിൽ 61% പേർ ഹിന്ദുക്കളും, 36.7% ക്രിസ്ത്യാനികൾ ഉള്ളതിൽ കൂടുതർ പേർ കത്തോലിക്കരും 2.2% പേർ മുസ്ലീമുകളും ആയിരുന്നു.[11] പ്രധാനമായും കൃഷിയായിരുന്നു സാമ്പത്തികമേഖലയിൽ ഉണ്ടായിരുന്നതെങ്കിലും 1940-50 കളിൽ ഇരുമ്പയിരും മാംഗനീസും ഖനനമേഖലയിൽ മുന്നേറ്റമുണ്ടാക്കി.[11]
Remove ads
പോർച്ചുഗീസ് ഭരണത്തോടുള്ള നാട്ടുകാരുടെ എതിർപ്പുകൾ
പ്രധാന ലേഖനം ഗോവയെ സ്വതന്ത്രമാക്കാനുള്ള നീക്കങ്ങൾ
ഗോവയിലെ പോർച്ചുഗീസ് ഭരണത്തിനെതിരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ നീക്കങ്ങൾക്ക് തുടക്കമിട്ടത് ഫ്രാൻസിൽനിന്നും വിദ്യാഭ്യാസം നേടിയ ഗോവക്കാരനായ എഞ്ചിനീയറായ ട്രിസ്താഓ ഡി ബ്രാഗൻസ കുഞ്ഞ ആയിരുന്നു. 1928 -ൽ ഇദ്ദേഹം ഗോവ കോൺഗ്രസ്സ് കമ്മിറ്റി ഉണ്ടാക്കി. നാനൂറുവർഷത്തെ വിദേശഭരണം (Four hundred years of Foreign Rule) എന്ന പേരിൽ ഒരു ചെറുപുസ്തകവും ഗോവയിലെ രാഷ്ട്രീയമാറ്റം (Denationalisation of Goa) എന്നപേരിൽ ഒരു കൈപ്പുസ്തകവും ഗോവക്കാരെ പോർച്ചുഗീസ് ഭരണത്തിനെതിരെ തിരിക്കാൻ അദ്ദേഹം പുറത്തിറക്കി. രാജേന്ദ്രപ്രസാദ്, നെഹ്രു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖരായ ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാക്കളുടെ പിന്തുണ അദ്ദേഹത്തിനും ഗോവ കോൺഗ്രസ്സ് കമ്മിറ്റിക്കും ലഭിച്ചു.
1938 ഒക്ടോബർ 12 -ന്മറ്റു ഗോവൻ കോൺഗ്രസ്സ് നേതക്കളോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ട് സുഭാഷ് ചന്ദ്ര ബോസിനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ബോംബെയിൽ ഗോവ കോൺഗ്രസ്സിന്റെ ഓഫീസ് തുടങ്ങുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അനുബന്ധമയ ഗോവ കോൺഗ്രസ്സിന്റെ പ്രസിഡണ്ടായി കുഞ്ഞയെ തെരഞ്ഞെടുത്തു.[12]
1946 ജൂണിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് രാഷ്ട്രീയനേതാവായ ഡോ രാം മനോഹർ ലോഹ്യ തന്റെ സുഹൃത്തും മറ്റൊരു ദേശീയനേതാവും ഗോമന്തക് പ്രജാ മണ്ഡൽ എന്ന പാർട്ടി രൂപീകരിക്കുകയും ഗോമന്തക് എന്ന ആഴ്ച്ചപ്പത്രം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഡോ. ജൂലിയാവോ മെനെസെസിനെ കാണാൻ ഗോവയിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം കുഞ്ഞയും മറ്റു നേതാക്കളും ഉണ്ടായിരുന്നു.[12] ഗവർമെന്റിനെതിരെ പ്രവർത്തിക്കാൻ ഗാന്ധിയൻ രീതിയിലുള്ള അഹിംസാമാർഗ്ഗങ്ങൾ അവലംബിക്കാൻ ലോഹ്യ അവരെ ഉപദേശിച്ചു.[13]
1946 ജൂൺ 18 -ന് പനാജിയിൽ (അന്ന് പഞ്ചിം) പൊതുസ്ഥലത്ത് യോഗം ചേരുന്നതിനെതിരെ നടത്തിയ സമരത്തിൽ കുഞ്ഞയെ തടവിലാക്കി.[14][15] ജൂൺ മുതൽ നവംബർ വരെ ഇടവിട്ട് ബഹുജനപ്രക്ഷോഭങ്ങൾ നടന്നു.
സമാധാനപരമായ പ്രതിഷേധങ്ങൾക്കുപരിയായി, ആസാദ് ഗോമന്തക് ദൾ (The Free Goa Party), സംയുക്ത ഗോവൻ മുന്നണി (United Front of Goans) മുതലായ സായുധ സംഘടനകൾ ഗോവയിലെ പോർച്ചുഗീസ് ഭരണത്തെ തളർത്താൻ അക്രമമാർഗ്ഗങ്ങളും ഉപയോഗിച്ചു.[16] ആസാദ് ഗോമന്തക് ദൾ മുതലായ പാർട്ടികൾക്ക് ഇന്ത്യൻ ഗവണ്മെന്റ് സമൃദ്ധമായി സാമ്പത്തികമായും ആയുധമായും പിന്തുണ നൽകി. ഇത്തരം സായുധ സംഘടനകൾ ഇന്ത്യയിൽ നിന്നും പോലീസിന്റെയും മറ്റും സഹായത്തോടെ പ്രവർത്തിച്ചു. ഇന്ത്യൻ ഗവണ്മെന്റാവട്ടേ ഇത്തരം സംഘടനകളിലൂടേ ഗോവയുടെ സാമ്പത്തികരംഗം - റോഡ്, റെയിൽ, ടെലിഫോൺ, ടെലിഗ്രാഫ്, ജല-റെയിൽ ഗതാഗതങ്ങൾ എന്നിവ- തകർക്കാൻ സഹായിച്ച് അവിടെ പോർച്ചുഗീസ് ഭരണത്തിനെതിരെ വികാരം ഉണ്ടാക്കാനും ശ്രമിച്ചു.[17] ഇത്തരം സായുധ എതിർപ്പുകളെപ്പറ്റി പോർച്ചുഗീസ് ആർമി ഓഫീസർ ആയ കാപ്റ്റൻ കാർലോസ് അസാറെഡോ പോർച്ചുഗീസ് പത്രമായ എക്സ്പ്രസ്സോ-യിൽ ഇങ്ങനെ പറഞ്ഞു: "നമ്മുടെ സേന ഗോവയിൽ നേരിടേണ്ടിവരുന്നത് ഏറ്റവും ആധുനികമായ ഗറില്ലായുദ്ധമുറകളാണ്. അങ്കോളയിലും ഗിനിയയിലും പോരാടിയ എനിക്കിത് പറയാൻ കഴിയും. 1961 -ൽ മാത്രം ഡിസംബർ വരെ 80 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ആസാദ് ഗോമന്തക് ദളിലെ മുഖ്യഭാഗം ആൾക്കാരും ഗോവക്കാരല്ല. പലരും ജനറൽ മോണ്ട്ഗോമറിയുടെ കീഴിൽ ജർമൻകാർക്കെതിരെ പോരാടിയ ബ്രിട്ടീഷ് സേനയിൽ ഉണ്ടായിരുന്നവരാണ്".[2]
ഗോവയിലെ പ്രശ്നങ്ങൾ തീർക്കുവാനുള്ള നയതന്ത്രശ്രമങ്ങൾ
പ്രധാന ലേഖനം ഇന്ത്യ-പോർച്ചുഗൽ ബന്ധങ്ങൾ

ഇന്ത്യയിലെ പോർച്ചുഗീസ് കോളനികളുടെ ഭാവിയെപ്പറ്റി ധാരണയുണ്ടാക്കാൻ ചർച്ചകൾക്കായി 1950 ഫെബ്രുവരി 27 -ന് ഇന്ത്യ പോർച്ചുഗീസിനെ ക്ഷണിച്ചു.[18] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള തങ്ങളുടെ സ്ഥലങ്ങൾ കോളനികളല്ലെന്നും അത് പോർച്ചുഗലിന്റെ ഭാഗമാണെന്നും അതിന്റെ കൈമാറ്റത്തെപ്പറ്റി യാതൊരു ചർച്ചകളും ഇല്ലെന്നും, മാത്രമല്ല ഗോവ പോർചുഗീസ് ഭരണത്തിൽ വരുന്ന കാലത്ത് ഇന്ത്യ എന്നൊരു രാജ്യമേ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പോർച്ചുഗീസ് വാദങ്ങൾ.[19] ഇന്ത്യയുടെ തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾക്കൊന്നും പ്രതികരിക്കാൻ പോലും പോർച്ചുഗൽ വിസമ്മതിച്ചു, അതേത്തുടർന്ന് 1953 ജൂൺ 11 -ന് ഇന്ത്യ ലിസ്‌ബണിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.[20]
1954 ആയപ്പോഴേക്കും ഗോവയിൽ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യാനുള്ള വീസാനിയന്ത്രണങ്ങൾ ഇന്ത്യ കർശനമാക്കി. അതോടെ ഗോവയിൽ നിന്നു മറ്റു ഭാഗങ്ങളായ ദാമനിലേക്കും ദിയുവിലേക്കും ദാദ്ര നഗർ ഹവേലിയിലേക്കുമുള്ള യാത്രകൾ നിശ്ചലമായി.[18] പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള ചർക്കുഗതാഗതം തുറമുഖ-സംഘടന 1954 -ൽ നിർത്തിവച്ചു.[21] ദാദ്രയിലും നഗർ ഹവേലിയിലുമുള്ള പോർച്ചുഗീസ് സേനയെ സായുധരായ ആളുകൾ ജൂലൈ 22 -നും ആഗസ്ത് 2 -നും ഇടയിൽ ആക്രമിച്ചു കീഴടക്കി.[22]
1955 ആഗസ്റ്റ് 15 -ന് 3000 -ത്തിനും 5000 -ത്തിനും ഇടയിൽ നിരായുധരായ ഇന്ത്യക്കാർ[23] ഏഴിടങ്ങളിലൂടെ ഗോവയിൽ പ്രവേശിക്കാൻ ശ്രമം നടത്തുകയും പോർചുഗീസ് പോലീസുകാർ അവരെ നിർദ്ദയം തിരിച്ചോടിക്കുകയും, ആ പോരാട്ടത്തിൽ 21 -നും[24] 30 -നും [25] ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു.[26]
ഈ കൂട്ടക്കൊലയുടെ വാർത്ത ഗോവയിൽ പോർച്ചുഗീസുകാരുടെ സാന്നിധ്യത്തിനെതിരെ ഇന്ത്യയിൽ വലിയ പൊതുജനാഭിപ്രായമുണ്ടാക്കി.[27] 1955 സെപ്തമ്പർ 1 -ന് ഇന്ത്യ ഗോവയിലെ നയതന്ത്രകാര്യാലയം അടച്ചുപൂട്ടി.[28] 1956 -ൽ ഫ്രാൻസിലെ പോർച്ചുഗീസ് അംബാസഡറായ മാർസെലോ മാതിയാസും പോർച്ചുഗീസ് പ്രധാനമന്ത്രിയായ സൽസാറും ഗോവയുടെ ഭാവി തീരുമാനിക്കാൻ അവിടെ ഒരു ജനഹിതപരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ചു. ഇന്ത്യയുടെ പ്രതിരോധ-വിദേശകാര്യമന്ത്രി ആ ആവശ്യം അങ്ങനെത്തന്നെ നിരസിച്ചു. 1957 -ൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ഹുംബേർട്ടൊ ദെൽഗാഡോയും ജനഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ടു.[18]
ഇന്ത്യ സൈനികമായി ഇടപെടും എന്നു ഭയപ്പെട്ട പോർച്ചുഗീസ് പ്രധാനമന്ത്രി ആദ്യം മധ്യസ്ഥതയ്ക്ക് ബ്രിട്ടനോടും, പിന്നെ ബ്രസീൽ വഴി പ്രതിഷേധവും ഒടുവിൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയോട് ഇടപെടാനും ആവശ്യപ്പെട്ടു.[29] ലാറ്റിൻ അമേരിക്കയിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് പോർച്ചുഗീസിനു മുകളിൽ സമ്മർദ്ദം ചെലുത്തി പ്രശ്നത്തിന് അയവുണ്ടാക്കാമെന്ന് മെക്സിക്കോ ഇന്ത്യയോട് പറഞ്ഞു.[30] സായുധബലം ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രിയും ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാപ്രതിനിധിതലവനും ആയ കൃഷ്ണമേനോൻ സംശയത്തിന് ഇടനൽകാതെ പ്രഖ്യാപിച്ചു.[29] ആയുധം കൊണ്ടല്ലാതെ സമാധാനപരമായും ചർച്ചയിലൂടെയും വേണം പ്രശ്നപരിഹാരമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ജോൺ കെന്നെത്ത് ഗൽബ്രാത് പല അവസരങ്ങളിലും ഇന്ത്യൻ ഗവർമെന്റിനോട് അഭ്യർത്ഥിച്ചു.[31][32]
ഗോവയിലേക്ക് സൈന്യം പ്രവേശിക്കുന്നതിനു 9 ദിവസം മുമ്പ്, ഡിസംബർ 10-ന് പോർച്ചുഗീസ് ഭരണത്തിൻകീഴിൽ ഗോവ തുടരുന്നത് അസാധ്യമായ ഒരു കാര്യമാണെന്ന് പ്രധാനമന്ത്രി നെഹ്രു പ്രസ്താവിച്ചു.[29] സൈനികനടപടി എടുക്കുന്നപക്ഷം രക്ഷാസമിതിയിൽ ഈ പ്രശ്നം വരുമ്പോൾ യാതൊരു തരത്തിലും ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.[33]
1961 നവമ്പർ 24 -ന് പോർച്ചുഗീസുകാരുടെ കയ്യിലുള്ള അഞ്ചദ്വീപിൽ നിന്നും കൊച്ചിക്കു പോകുകയായിരുന്ന യാത്രാബോട്ടായ സബർമതിയെ, പോർച്ചുഗീസ് കരസേന വെടിവയ്ക്കുകയും, അതിൽ ബോട്ടിലെ ചീഫ് എഞ്ചിനീയർക്ക് പരിക്കുപറ്റുകയും ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ദ്വീപ് കയ്യടക്കാൻ വരുന്ന് ഇന്ത്യൻ സൈന്യം ആവാാം എന്ന ഭീതിയിലാണ് പോർച്ചുഗീസുകാർ വെടിവയ്പ്പ് നടത്തിയത്.[34] ഈ സംഭവം പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യയിൽ വലിയ ജനപിന്തുണ ഉണ്ടാക്കാൻ കാരണമായി.
ദാദ്രയും നാഗർഹവേലിയും പിടിച്ചെടുത്തത്
പ്രധാനലേഖനം ദാദ്രയും നാഗർഹാവേലിയും പിടിച്ചടക്കൽ
ഗോവയിലേക്കുള്ള ഇന്ത്യയുടെ അധിനിവേശത്തിനും ഏഴു വർഷം മുൻപ് 1954 -ൽ ദാദ്ര, നഗർ ഹവേലി ഇന്ത്യ-അനുകൂലശക്തികൾ ഇന്ത്യയുടെ പിന്തുണയോടെ പിടിച്ചെടുത്തപ്പോൾ തുടങ്ങിയതാണ് ഇന്ത്യയും പോർച്ചുഗീസും തമ്മിലുള്ള ശത്രുത. ദാദ്രയും നാഗർ ഹാവേലിയും ഇന്ത്യയുടെ ദാമൻ ജില്ലയുടെ ഉള്ളിൽ എല്ലാവശവും കരയാൽ ചുറ്റപ്പെട്ട പോർച്ചുഗീസ് ഭരണത്തിലുള്ള പ്രദേശമായിരുന്നു. ഇന്ത്യൻ ഭൂവിഭാഗത്തിലൂടെ ഏതാണ്ട് 20 കിലോമീറ്റർ കുറുകെക്കടന്നാലേ സമുദ്രതീരത്തുള്ള ദാമനിൽ നിന്നും ഇവിടെയെത്താൻ കഴിയുമായിരുന്നുള്ളൂ. ദാദ്രയിലും നാഗർഹാവേലിയിലും പോർച്ചുഗീസ് പോലീസുകാരല്ലാതെ പട്ടാളകേന്ദ്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദാമനിൽ നിന്നും ഇങ്ങോട്ടേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും തടസ്സങ്ങൾ ഉണ്ടാക്കി ഒറ്റപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ഇന്ത്യൻ ഗവണ്മെന്റ് 1952 -ലേ തുടങ്ങിയിരുന്നു.
1954 ജൂലൈയോടെ ദാദ്ര നാഗഹാവേലിയിലേക്ക് ഇന്ത്യൻ പോലീസിന്റെ സഹായത്തോടെ യുനൈറ്റഡ് ഫ്രണ്ട് ഓഫ് ഗോവൻസ്(UFG), നാഷണൽ മൂവ്മെന്റ് ലിബറേഷൻ ഓർഗനൈസേഷൻ, ആർ എസ്സ് എസ്സ് തുടങ്ങിയ പല ഇന്ത്യ അനുകൂലസംഘടനകളും ആക്രമണങ്ങൾ തുടങ്ങിയിരുന്നു. ജൂലൈ 22 -ന് രാത്രിയിൽ UFG ആൾക്കാർ ദാദ്ര പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ആക്രമണം തടുത്ത ഒരു പോലീസ് സാർജന്റിനെയും, ഒരു കോൺസ്റ്റബിളിനെയും കൊലപ്പെടുത്തുകയും ചെയ്തു. ജൂലൈ 28 -ന് ആർ എസ്സ് എസ്സുകാർ നാരോലി പോലീസ് സ്റ്റേഷനും പിടിച്ചെടുത്തു. ഈ സമയം തങ്ങളുടെ സേനയ്ക്ക് ദാദ്രയ്ക്കും നാഗർഹാവേലിക്കും പോകാനുള്ള അനുമതി ചോദിച്ച പോർച്ചുഗീസുകാർക്ക് ഇന്ത്യ ഗവണ്മെന്റ് അതു നിരസിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണാധികാരികളാൽ ചുറ്റപ്പെടുകയും കൂടുതൽ സഹായമെത്തിക്കാനുള്ള വഴികൾ അടയുകയും ചെയ്തതോടെ നാഗർ ഹാവേലിയിലെ പോർച്ചുഗീസ് ഭരണാധികാരികളും പോലീസുകാരും ഇന്ത്യൻ പോലീസിനു മുന്നിൽ 1954 ആഗസ്ത് 11 -ന് കീഴടങ്ങി.
പോർച്ചുഗൽ അന്തർദേശീയ നീതിന്യായ കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുകയും കോടതിയുടെ 1960 ഏപ്രിൽ 12 -ന്റെ വിധിയിൽ "Case Concerning Right of Passage Over Indian Territory Archived 2011-12-20 at the Wayback Machine", ദാദ്രയിലെയും നാഗർഹാവേലിയിലെയും ഭൂപ്രദേശത്ത് പോർച്ചുഗീസുകാർക്ക് സമ്പൂർണ്ണ അവകാശമുണ്ടെന്നും അതുപോലെ തങ്ങളുടെ ഭൂപ്രദേശത്തുകൂടി പോർച്ചുഗീസുകാർ ആയുധവുമായി പോകുന്നതു തടയാൻ ഇന്ത്യയ്ക്കും അവകാശമുണ്ടെന്നുമായിരുന്നു. അതോടെ ദാദ്ര നാഗർഹാവേലി പിടിച്ചടക്കാമെന്ന പോർച്ചുഗീസിന്റെ മോഹങ്ങൾ അസ്തമിച്ചു.
1974 ഡിസംബർ 31 -ന് ഇന്ത്യയും പോർച്ചുഗലും ഒപ്പുവച്ച ഒരു കരാർ പ്രകാരം പോർച്ചുഗൽ, ഇന്ത്യയ്ക്ക് ഗോവയുടെയും ദാമന്റെയും ദിയുവിന്റെയും ദാദ്രയുടേയും നാഗർഹാവേലിയുടെയും മുകളിലുള്ള സ്വതന്ത്രപരമാധികാരം അംഗീകരിച്ചു.[35]
Remove ads
യുദ്ധത്തിനു മുൻപുണ്ടായ സംഭവങ്ങൾ
ഇന്ത്യയുടെ സേനാസന്നാഹം
ഇന്ത്യയിലുള്ള എല്ലാ വിദേശഭൂപ്രദേശങ്ങളും പിടിച്ചടക്കാനുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ അനുമതി കിട്ടിയതോടെ ഇന്ത്യൻ കരസേനയുടെ ദക്ഷിണസേനാ ലഫ്റ്റനന്റ് ജനറൽ ചൗധരി, മേജർ ജനറൽ കെ. പി. കണ്ടേത്ത് നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ കാലാൾപ്പടയുടെ 17 -ആം വിഭാഗത്തെയും അമ്പതാം പാരച്യൂട്ട് വിഭാഗത്തെയും അണിനിരത്തി. ഡാമനിലെ ആക്രമണത്തിന്റെ ചുമതല മറാത്ത ലൈറ്റ് ഇൻഫൻട്രിക്കും, ദിയുവിന്റെ ചുമതല രജ്‌പുത്ത് റജിമെന്റിനും മദ്രാസ് റജിമെന്റിനും ആണ് നൽകിയത്.[36]
ഇതേ സമയം പശ്ചിമവ്യോമകമാന്റിന്റെ ചുമതലയുള്ള എയർ വൈസ് മാർഷൽ എർലിക് പിന്റോയ്ക്ക് ഗോവയിലെ ആക്രമണത്തിന് വായുസേനയ്ക്ക് നൽകാവുന്ന എല്ലാ സന്നാഹത്തിന്റെയും ചുമതല നൽകി. വായുസേനാ ആക്രമണങ്ങൾ നടത്താൻ വേണ്ടി പൂന വിമാനത്താവളവും ബെൽഗോം വിമാനത്താവളവുമാണ് ഉപയോഗിച്ചത്.[36] ഭാരതീയ വായു സേന എയർ വൈസ് മാർഷൽ എർലിക് പിന്റോയ്ക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ ഇവയായിരുന്നു.
- കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും നശിപ്പിക്കാതെ ഗോവയിലെ ഏക വിമാനത്താവളമായ ദാബോലിം തകർക്കുക.
- ഗോവയിലെ ബാംബോലിമിൽ ഉള്ള വയർലെസ്സ് സ്റ്റേഷൻ തകർക്കുക.
- ദാമനിലെയും ദിയുവിലെയും വ്യോമമേഖല നിഷേധിക്കുക, എന്നാൽ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ആക്രമിക്കരുത്.
- മുന്നേറുന്ന കരസേനയ്ക്കു വേണ്ട പിന്തുണ നൽകുക.
ഇന്ത്യ നാവികസേനയാവട്ടെ 'R' ക്ലാസ് നശീകരണക്കപ്പൽ ആയ ഐ എൻ എസ് രജ്‌പുത്ത്, മുങ്ങിക്കപ്പലിനെ നേരിടാൻ ഉതകുന്ന ബ്ലാക്‌വുഡ് ക്ലാസ് യുദ്ധക്കപ്പലായ ഐ എൻ എസ് കിർപൻ' എന്നിവയെ ഗോവയുടെ തീരത്ത് വിന്യസിച്ചു. യഥാർത്ഥമായ ആക്രമണങ്ങൾക്കുള്ള ഉത്തരവാദിത്ത ഏൽപ്പിച്ചത് നാലു വിഭാഗങ്ങളെയാണ്. അവ:
- ഐ എൻ എസ് മൈസൂർ, ഐ എൻ എസ് തൃശൂൽ, ഐ എൻ എസ് ബെറ്റ്‌വാൽ, ഐ എൻ എസ് ബിയാസ്, ഐ എൻ എസ് കാവേരി എന്നീ അഞ്ചുകപ്പലുകൾ അടങ്ങിയ ഒരു ഉപരിതല കർമ്മസേന.
- ഐ എൻ എസ് ഡൽഹി, ഐ എൻ എസ് കുതാർ, ഐ എൻ എസ് കിർപൻ, ഐ എൻ എസ് കുക്രി, ഐ എൻ എസ് രജ്‌പുത്ത് എന്നീ അഞ്ച് ആയുധം വഹിക്കാനുതകുന്ന യുദ്ധക്കപ്പലുകൾ ഐ എൻ എശ് വിക്രാന്തിനു ചുറ്റുമായി വിന്യസിച്ചരീതിയിൽ.
- മൈനുകൾ നിർവീര്യമാക്കാൻ ശേഷിയുള്ള കപ്പലുകളായ ഐ എൻ എസ് കർവാർ, ഐ എൻ എസ് കക്കിനട, ഐ എൻ എസ് കണ്ണനൂർ, ഐ എൻ എസ് ബിമിലിപാറ്റൻ എന്നിവയടങ്ങുന്ന ഒരു മൈൻ നിർവീര്യകരണസംഘം.
- ഐ എൻ എസ് ധരിണിയുടെ നേതൃത്വത്തിൽ ഒരു പിന്തുണസംഘം.[37]
പോർച്ചുഗലിലെ തീരുമാനം
1960 മാർച്ചിൽ കോളനി നിലനിർത്താൻ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിനു പുറപ്പെട്ടാൽ ഗോവയിലെ പോർച്ചുഗീസ് സൈന്യത്തെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യാപരം ആയിരിക്കുമെന്നും തങ്ങൾക്ക് വിജയിക്കാനാവില്ലെന്നും പോർച്ചുഗലിലെ പ്രതിരോധമന്ത്രി, പ്രധാനമന്ത്രിയായ സലസാറിനോട് പറയുകയുണ്ടായി. സൈനികമന്ത്രിക്കും സൈനിക അണ്ടർസെക്രട്ടറിക്കും മറ്റു മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു.[38]
ഈ ഉപദേശങ്ങളെയെല്ലാം നിരസിച്ച് സലസാർ ഗോവയിലെ ഗവർണ്ണൽ ജനറലായ എസ്സില്വയ്ക്ക് ഡിസംബർ 14 -ന് നൽകിയ സന്ദേശത്തിൽ അവസാനത്തെ ആളും കൊല്ലപ്പെടുന്നതുവരെ യുദ്ധം തുടരണമെന്ന് ആവശ്യപ്പെട്ടു.[39]
റേഡിയോ 816/ലിസ്‌ബൺ 1961 ഡിസംബർ 14: എത്രമാത്രം ഖേദത്തോടെയാണ് ഞാൻ ഈ സന്ദേശം അയയ്ക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. ചിലപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടിവന്നേക്കാം, എന്നാലും നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിക്കുവേണ്ടിയും അതിന്റെ മഹത്തായ പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയും ഇതല്ലാതെ വേറേ വഴിയില്ല. ഒരു വെടിനിർത്തലിനെപ്പറ്റിയോ കീഴടങ്ങലിനെപ്പറ്റിയോ ഒരിക്കലും ചിന്തിക്കരുത്. നമ്മുടെ മുന്നിൽ രണ്ടു വഴിയേ ഉള്ളൂ, ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം. അത്യന്തം ഗൗരവമായ ഈ സന്ദേശം ഇതു നടപ്പാക്കാൻ തയ്യാറായ മുതിർന്ന ഒരു ഉദ്യോഗസ്ഥനുമാത്രമേ നൽകാവൂ. ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജനറൽ ആവാൻ ദൈവം നിങ്ങളെ അനുവദിക്കില്ല.
ഇതിനുശേഷം എട്ടുദിവസമെങ്കിലും പിടിച്ചുനിൽക്കാൻ സലസാർ എസ്സില്വയ്ക്ക് നിർദ്ദേശം നൽകി. ആ സമയത്തിനുള്ളിൽ ഇന്ത്യൻ കടന്നുകയറ്റത്തിനെതിരെ ഒരു അന്താരാഷ്ട്ര പിന്തുണ ഉണ്ടാക്കിയെടുക്കാമെന്ന് അദ്ദേഹം വിചാരിച്ചു.[39]
പോർച്ചുഗീസ് സൈനികതയ്യാറെടുപ്പുകൾ
ദാദ്രയും നാഗർഹാവേലിയും നഷ്ടമായതിനുശേഷം ഗോവയിലെ സൈനികശക്തി പോർച്ചുഗീസുകാർ വളരെയധികം വർദ്ധിപ്പിക്കുകയുണ്ടായി. സേനകളെയും ആൾക്കാരെയും യൂറോപ്പിലെ പോർച്ചുഗലിൽ നിന്നും എത്തിച്ചതുകൂടാതെ പോർച്ചുഗീസുകാരുടെ ആഫ്രിക്കയിലെ കോളനികളായ അങ്കോളയിൽ നിന്നും മൊസാംബിക്കിൽ നിന്നും സൈന്യവും വെടിക്കോപ്പുകളും എത്തുകയുണ്ടായി. ഇന്ത്യയുടെ സാമ്പത്തിക ഉപരോധവും പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ അക്രമങ്ങൾ നടന്നതിനാലും ദാദ്രയും നഗർഹാവേലിയും കൈയ്യിൽ നിന്നു പോയതിനാലുമെല്ലാം പോർച്ചുഗീസുകാർ 1954 മുതൽ തന്നെ ഗോവയിലെ സൈനികബലം വർദ്ധിപ്പിച്ചുതുടങ്ങിയിരുന്നു. നാട്ടിൽത്തന്നെ വളർത്തിയെടുത്ത സേനയെക്കൂടാതെ പോർച്ചുഗലിൽ നിന്നും അങ്കോളയിൽ നിന്നും മൊസാംബിക്കിൽ നിന്നും ഓരോ ബറ്റാലിയൺ എത്തിയതോടെ ഗോവയിൽ പോർച്ചുഗീസിന് 12000 സൈനികരായി.[2] മറ്റു ചില സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങൾ അനുസരിച്ച് 1955 അവസാനത്തോടെ ഇന്ത്യയിൽ പോർച്ചുഗീസുകാർക്ക്, യൂരോപ്യന്മാരും ഇന്ത്യക്കാരും ആഫ്രിക്കക്കാരും അടക്കം 8000 സൈനികരാണത്രേ ഉണ്ടായിരുന്നത്. അതിൽ 7000 പേർ കരസേനയിലും, 250 പേർ നാവികസേനയിലും 600 പോലീസുകാരും 250 പേർ മറ്റുഭരണകാര്യങ്ങളിലുമായി ഗോവയിലും ദാമനിലും ദിയുവിലും കൂടി ഉണ്ടായിരുന്നു.[40]
പോർച്ചുഗീസ് സേനാവിഭാഗങ്ങളെല്ലാം ഒരു പൊതു സേനാനായകന്റെ കീഴിൽ ആയിരുന്നു. അദ്ദേഹം തന്നെയായിരിക്കും ഗവർണർ ജനറലിന്റെയും സേനാനായകന്റെയും ചുമതല നിർവഹിക്കുക. മുൻ ഗവർണർ 1958 -ൽ പടി ഇറങ്ങിയതോടെ എസ്വിലോ രണ്ടുസ്ഥാനങ്ങളും ഏറ്റെടുത്തു. [40] എത്രയൊക്കെ ശക്തിപ്പെടുത്തിയാലും ഒരു സൈനികനീക്കം ഉണ്ടായാൽ തങ്ങളെക്കാൾ എത്രയോ ശക്തരായ ഇന്ത്യയ്ക്കെതിരെ പിടിച്ചുനിൽക്കാനാവില്ലെന്ന് പോർച്ചുഗലിന് നന്നായി അറിയാമായിരുന്നു. ഗോവയെ രക്ഷിക്കാൻ നന്നായി യുദ്ധം ചെയ്തു ത്യാഗം ചെയ്യുകവഴി ഇന്ത്യയെ രാഷ്ട്രീയമായി യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാനായേക്കാം എന്നു പോർച്ചുഗീസുകാർ കരുതി.[40] ഗോവയിലെ പോർച്ചുഗീസ് കലാപങ്ങളെ അമർച്ച ചെയ്യാൻ മാത്രം വേണ്ടി 7500 സൈനികരെ നിലനിർത്തുന്നത് ആവശ്യമില്ലെന്നും, ഇന്ത്യയുമായി ഒരു യുദ്ധമെങ്ങാൻ ഉണ്ടായാൽ ഈ 7500 പേർ തീരെ കുറവാണെന്നും അങ്ങനെ ഉണ്ടാകുന്നപക്ഷം മറ്റു മാർഗങ്ങൾ നോക്കുന്നതാണ് നല്ലതെന്നും മനസ്സിലാക്കിയ, 1960 -ൽ ഗോവയിൽ സന്ദർശനത്തിനു വന്ന മുതിർന്ന പോർച്ചുഗീസ് സൈനിക ഉദ്യോഗസ്ഥനായ കൊസ്റ്റ ഗോമെസ്, അങ്കോളയിലെ ഗറിലായുദ്ധമുറകളെ നേരിടാൻ വലിയ സൈനികസന്നാഹം ആവശ്യമായതിനാൽ ഗോവയിലെ സൈനികരുടെ എണ്ണത്തിൽ വലിയ കുറവുവരുത്തിക്കൊണ്ട് അവിടെ നിന്നും ഏതാണ്ട് 3300 സൈനികരെ അങ്കോളയിലേക്ക് അയച്ചു.[40]
ഇങ്ങനെ പട്ടാളത്തിന്റെ എണ്ണത്തിൽ വലിയ കുറവുവന്ന പോർച്ചുഗീസുകാർ ഇന്ത്യൻസൈന്യം കടന്നുവരുമ്പോൾ നേരിടാൻ രണ്ടു പദ്ധതികളാണ് ഉണ്ടാക്കിയത്. സെന്റിനൽ പ്ലാൻ (Plano Sentinela, Sentinel Plan) പ്രകാരം ഗോവയെ നാലായി തിരിച്ചു. വടക്ക്, മധ്യം, തെക്ക്, മൊർമുഗാവോ. ബാരേജ് പ്ലാൻ (Plano de Barragens, Barrage Plan) പ്രകാരം എല്ലാ പാലങ്ങളും പാതകളും തകർക്കുകയും റോഡുകളിലും ബീച്ചുകളിലും മൈൻ വിതയ്ക്കുക എന്നതുമായിരുന്നു. സൈനികരെ നാലായി തിരിച്ച് ഓരോ കൂട്ടത്തിനും ഓരോ വിഭാഗം നൽകുകയും കടന്നുവരുന്ന സൈന്യത്തിന്റെ വേഗത എങ്ങനെയും കുറയ്ക്കുവാനും ആയിരുന്നു നിർദ്ദേശം. യുദ്ധം നടക്കുന്ന സമയത്ത് ഗോവയിലുണ്ടായിരുന്ന ക്യാപ്റ്റൻ കാർലോസ് അസാറെഡോ സെന്റിനൽ പ്ലാനിനെപ്പറ്റി 2001 ഡിസംബർ 8 -ന് പോർച്ചുഗലിലെ ഒരു പത്രത്തിൽ ഇങ്ങനെയെഴുതി. " ഒരു തരത്തിലും നടപ്പിലാക്കാനോ വിജയിപ്പിക്കാനോ ആവാത്ത പദ്ധതിയായിരുന്നു അത്. സമയം നീട്ടിക്കിട്ടാൻ മാത്രമുള്ള ഒരു പരിപാടി. പക്ഷേ ഇതു നടപ്പിലാക്കണമെങ്കിൽ കൊണ്ടുനടക്കാവുന്ന വാർത്താവിനിമയ ഉപാധികൾ അത്യാവശ്യമായിരുന്നു."[2] മൈനുകളുടെ എണ്ണം തീരെക്കുറവായതിനാൽ റോഡുകളും ബീച്ചുകളും മൈൻ വിതയ്ക്കുന്നതും പ്രായോഗികമല്ലായിരുന്നു.[41]
നാവികസേന
ഈ സമയത്ത് ഗോവയിലെ പോർച്ചുഗീസ് നാവികസേനയ്ക്ക് കാര്യമായി ആകെ ഒരു കപ്പലേ ഉണ്ടായിരുന്നുള്ളൂ. അഫോൻസൊ ഡി അൽബുകർക്ക്.[42] അതിൽ മിനുട്ടിൽ 2 വെടികൾ ഉതിർക്കാവുന്ന നാല് 120 മിമി തോക്കുകളും നാല് ഓട്ടോമാറ്റിക് റാപിഡ് ഫൈറിങ്ങ് തോക്കുകളുമാണ് ഉണ്ടായിരുന്നത്. ഇതുകൂടാതെ മൂന്ന് ചെറിയ പട്രോൾ ബോട്ടുകളും അഞ്ച് വ്യാപാരക്കപ്പലുകളും[3] ആണ് പോർച്ചുഗീസുകാർക്ക് ഉണ്ടായിരുന്നത്. നാവികശക്തി വർദ്ധിപ്പിക്കാനായി പോർച്ചുഗലിൽ നിന്നും അയച്ച കപ്പലുകൾക്ക് സൂയസ് കനാലുവഴി അനുമതി ഈജിപ്റ്റ് പ്രസിഡണ്ട് ഗമാൽ അബ്ദുന്നാസർ നിരസിക്കുകയും ചെയ്തു.[43][44][45]
കരസേന
ആകെക്കൂടി 810 നാട്ടുകാരടക്കമുള്ള 3995 പേർ അടങ്ങുന്ന വലിയ പരിശീലനമൊന്നും കിട്ടാത്ത ചെറിയകലാപം മാത്രം നിയന്ത്രിക്കാൻ ഉതകുന്ന്ഒരു ചെറിയ കരസൈന്യമേ ഈ സമയത്ത് പോർച്ചുഗീസുകാർക്ക് ഗോവയിൽ ഉണ്ടായിരുന്നുള്ളൂ. അതു തന്നെ ഗോവയിലും ദാമനിലും ദിയുവിലുമായി പങ്കുവയ്ക്കപ്പെട്ട നിലയിലുമായിരുന്നു.[40]
വായുസേന
സേനാനായകന് ഉപദേശം നൽകാനുള്ള ഒരു ഉദ്യാഗസ്ഥൻ ഒഴികെ ഈ സമയം പോർച്ചുഗീസുകാർക്ക് ഗോവയിൽ വായുസേന ഒന്നും ഉണ്ടായിരുന്നില്ല.[40]
ഡിസംബർ 16 -ന് പോർച്ചുഗലിലെ വായുസേന പത്ത് ടൺ ടാങ്ക് വേധ ഗ്രനേഡുകളുമായി ഗോവയിലെ സേനയെ സഹായിക്കാൻ പുറപ്പെടാൻ ഒരുങ്ങിയിരുന്നു. എന്നാൽ പോകേണ്ട വഴിയിലുള്ള പാകിസ്താൻ അടക്കമുള്ള ഒരു രാജ്യവും വഴിയിൽ സൈനികവിമാനത്തിന് ഇടത്താവളം ഒരുക്കാൻ അനുമതി നൽകാൻ തയ്യാറായില്ല. പിന്നീട് ഒരു യാത്രാവിമാനം ഈ അവശ്യത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും ആയുധങ്ങൾ വഹിക്കുന്നതിനാൽ അതിനും എവിടെയും അനുമതി കിട്ടിയില്ല. അങ്ങനെ യുദ്ധമുണ്ടായാൽ സൈനികരല്ലാത്ത പോർച്ചുഗീസുകാരെ ഒഴിപ്പിക്കാൻ വേണ്ടി, എത്തിച്ചേർന്ന വിമാനങ്ങളിൽ വെറും ഭക്ഷണപദാർത്ഥങ്ങളും ഏതാനും സ്ത്രീ പാരട്രൂപ്പുകാരുമേ ഉണ്ടായിരുന്നുള്ളൂ.[46]
യുദ്ധമുണ്ടാവുന്ന സമയം ഗോവയിൽ ഈ രണ്ട് യാത്രാവിമാനങ്ങൾ മാത്രമാണ് പോർച്ചുഗീസുകാർക്ക് ഗോവയിൽ ഉണ്ടായിരുന്നത്. ഡാബോലിം വിമാനത്താവളത്തിൽ മറ്റൊരു വിമാനവും ഉണ്ടായിരുന്നതായി ഇന്ത്യക്കാർ അവകാശപ്പെട്ടെങ്കിലും അത് തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. വ്യോമവേധത്തിന് ആകെ ഉണ്ടായിരുന്നത് പഴഞ്ചനായ ഏതാനും വിമാനവേധത്തോക്കുളും അവയെ ഉപയോഗിക്കാൻ ഫുട്ബോൾ കളിക്കാർ എന്ന നാട്യേന ഒളിച്ചുകടത്തിക്കൊണ്ടുവന്ന രണ്ട് ആർട്ടിലറി യൂനിറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.[34]
സൈനികരല്ലാത്ത പോർച്ചുഗീസുകാരെ ഒഴിപ്പിക്കുന്നു
സൈനികഒരുക്കങ്ങൾ ഗോവയിലുള്ള യൂറോപ്യന്മാരെ ഭീതിയിലാക്കി. യുദ്ധം തുടങ്ങുന്നതിനുമുൻപേ തങ്ങളുടെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ അവർ തിരക്കുകൂട്ടി. തിമോറിൽ നിന്നും ലിസ്‌ബണിലേക്ക് പോവുന്ന ഇന്ത്യ എന്ന കപ്പൽ ഡിസംബർ 9 -ന് ഗോവയിലെ മർമഗോവ തുറമുഖത്തെത്തി. ഒരാളെയും കപ്പലിൽ കയറ്റരുതെന്ന കർശനനിർദ്ദേശം പോർച്ചുഗലിൽ നിന്നും ഉണ്ടായിരുന്നിട്ടും ഗോവയിലെ ഗവർണ്ണർ ജനറൽ എസ്വില 380 പേരെ മാത്രം കയറ്റാവുന്ന ആ കപ്പലിൽ 700 യൂറോപ്യൻ വംശജരായ പോർച്ചുഗീസുകാരെ കയറ്റി നാടുവിടാൻ അനുമതി നൽകി. കുത്തിനിറച്ച ആ കപ്പലിൽ ആൾക്കാർ ടോയിലറ്റുകളിൽ പോലും താമസിച്ചു.[34] സ്ത്രീകളെയും കുട്ടികളെയും ഇങ്ങനെ ഒഴിപ്പിക്കുമ്പോൾ വേണ്ടിവന്നാൽ തങ്ങൾ ഇവിടെക്കിടന്നു മരിക്കാനും തയ്യാറാണെന്നു എസ്വില പത്രക്കാരോടു പറഞ്ഞിരുന്നു. ഇന്ത്യയുടെ വായുസേന ആക്രമണം തുടങ്ങിയപ്പോൾ പോലും വായുമാർഗ്ഗം യൂറോപ്പുകാരെ ഒഴിപ്പിക്കുന്നത് തുടർന്നിരുന്നു.[47]
ഗോവയിലെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ
ഗോവയിലെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഡിസംബർ ഒന്നിനേ തുടങ്ങിയിരുന്നു. ഗോവയുടെ തീരത്തുനുന്നും 13 കിലോമീറ്റർ അകലെ [INS Betwa|ഐ എൻ എസ് ബെറ്റ്വാ]], ഐ എൻ എസ് ബിയാസ് എന്നീ രണ്ടുചെറിയ കപ്പലുകൾ പട്രോളിങ്ങ് നടത്തിത്തുടങ്ങി. കാര്യങ്ങൾ മനസ്സിലാക്കാൻ വ്യോമസേനയും പറക്കൽ തുടങ്ങി. ഡിസംബർ 17 -ന് ഡാബോലിം വിമാനത്താവളത്തിനു മീതെ പറന്ന ഇന്ത്യൻ വ്യോമസേനാ വിമാനത്തിനു നേരെ വെടിവയ്പ്പുണ്ടായെങ്കിലും സമുദ്രഭാഗത്തേക്ക് പറന്ന് രക്ഷപ്പെട്ടു. ഈ വെടി ഉതിർത്ത തോക്ക് പിന്നീട് വെടിയുണ്ട കുടുങ്ങിയ നിലയിൽ കണ്ടെടുത്തു.[48] ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് 121 കിലോമീറ്റർ അകലെ ആവശ്യമെങ്കിൽ ഇടപെടാനും മറ്റു വിദേശ കപ്പലുകൾ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ആയി നില ഉറപ്പിച്ചിരുന്നു.
Remove ads
യുദ്ധത്തിന്റെ ആരംഭം
ഗോവയിലെ സൈനിക ഇടപെടൽ
കരയാക്രമണം: വടക്കും വടക്കുകിഴക്കൻ മേഖലകളിലും
1961 ഡിസംബർ 11 -ന് 17 -ആം ഇൻഫൻട്രി ഡിവിഷനോടും കരസേനയുടെ മറ്റു അനുബന്ധവിഭാഗങ്ങളോടും പനാജിയും മർമ്മഗോവയും ഗോവ പിടിക്കാനായി ഗോവയിലേക്ക് കടക്കാൻ നിർദ്ദേശം ലഭിച്ചു. വടക്കുനിന്ന് ബ്രിഗേഡിയർ സഗത് സിംഗ് നയിക്കുന്ന 50 -ആം പാരാബ്രിഗേഡ് ഗ്രൂപ്പ് എന്ന ഇന്ത്യൻ സേനയുടെ ഏറ്റവും മികച്ച പാരച്ച്യ്യൂട്ട് സംഘമാണ് പനാജി പിടിക്കാനായി നീങ്ങിയ പ്രധാന സംഘം. കിഴക്കുനിന്നും 63 -ആം ഇന്ത്യൻ ഇൻഫൻട്രി ബ്രിഗേഡും മുന്നോട്ടുനീങ്ങി. 17 -ആം ഇൻഫൻട്രിയെ സഹായിക്കാൻ മാത്രമായിരുന്ന് 50 -ആം പാരാബ്രിഗേഡിന്റെ ധർമ്മമെങ്കിലും അവർ വളരെപ്പെട്ടെന്ന് തടസ്സങ്ങളെയെല്ലാം മറികടന്ന് ആദ്യം പനാജിയിലെത്തി.[49]
1961 ഡിസംബർ 17 -ന് 9.45 -നാണ് ഗോവയിൽ ആക്രമണം തുടങ്ങിയത്. വടക്കുകിഴക്കൻ ഗോവയിലെ മൗലിങ്യം എന്ന സ്ഥലം പിടിച്ചെടുത്ത ഇന്ത്യൻ സേന അവിടെയുണ്ടായിരുന്ന രണ്ട് പോർച്ചുഗീസ് സൈനികാംഗങ്ങളെ വധിച്ചു. ഇന്ത്യൻ സേനയെ നേരിടാൻ അവിടെയുണ്ടായിരുന്ന പോർച്ചുഗീസ് സേന അനുവാദം ചോദിച്ചെങ്കിലും 13.45 -ഓടെ അതു നിരസിക്കപ്പെടുകയാണ് ഉണ്ടായത്.[50]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads