ന്യൂ ഡെൽഹി
ഡൽഹിയിലെ ഒരു ജില്ല From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ തലസ്ഥാനനഗരമാണ് ന്യൂ ഡെൽഹി (ഇംഗ്ലീഷ്: New Delhi). ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ അഥവാ എൻ.ഡി.എം.സി.- യാണ് ഇവിടത്തെ ഭരണനിർവഹണം നടത്തുന്നത്. ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി (എം.സി.ഡി.), ഡെൽഹി കന്റോണ്മെന്റ് എന്നിവയാണ് മറ്റുള്ളവ. ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഓൾഡ് ഡെൽഹി (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.
Remove ads
ചരിത്രം
1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ രാഷ്ട്രീയമായും തന്ത്രപരമായും [2]. പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി. 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ് കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർവഹണത്തിന് കൂടുതൽ അനുയോജ്യമായതിനാലാണ് ഇത് ചെയ്തത്.[അവലംബം ആവശ്യമാണ്] ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ സ്ഥാപിച്ച ഇന്ന് ഓൾഡ് ഡെൽഹി എന്നറിയപ്പെടുന്ന നഗരത്തിനു തെക്കുവശത്താണ് ന്യൂഡെൽഹി. എങ്കിലും ദില്ലിയിലെ ഏഴു പുരാതനനഗരങ്ങളിലെ പ്രദേശങ്ങളും ന്യൂഡെൽഹിയിൽ ഉൾപ്പെടുന്നു. അതുകൊണ്ടു തന്നെ ജന്തർ മന്തർ, ഹുമയൂണിന്റെ ശവകുടീരം എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂ ഡെൽഹി പ്രദേശത്താണ്.
എഡ്വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പ്പിയാണ് ന്യൂ ഡെൽഹി നഗരം വിഭാവനം ചെയ്തത്. അതു കൊണ്ടുതന്നെ ല്യൂട്ടന്റെ ഡെൽഹി (Lutyens' Delhi) എന്നും ന്യൂ ഡെൽഹി അറിയപ്പെടുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രപതി ഭവൻ നിലകൊള്ളുന്നു. വൈസ്രോയിയുടെ ഭവനം (Viceroy's House) എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. റായ്സിന കുന്നിനു മുകളിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള പാതയാണ് രാജ്‌പഥ്.
ഇന്ത്യാഗവണ്മെന്റിന്റെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളാണ് രാഷ്ട്രപതി ഭവന്റെ തൊട്ടു മുന്നിൽ രാജ്‌പഥിനിരുവശവുമായി നിലകൊള്ളുന്ന നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. ഹെർബെർട്ട് ബേക്കർ രൂപകല്പ്പന ചെയ്ത പാർലമെന്റ് മന്ദിരം നോർത്ത് ബ്ലോക്കിന് വടക്കു-കിഴക്ക് വശത്തായാണ് സ്ഥിതി ചെയ്യുന്നത്.
1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ദില്ലിക്ക് ക്ലിപ്തമായ സ്വയംഭരണാവകാശം ലഭിച്ചു. ഇന്ത്യാഗവണ്മെന്റ് നിയമിക്കുന്ന ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1956-ൽ ദില്ലി ഒരു കേന്ദ്രഭരണപ്രദേശമായി. ചീഫ് കമ്മീഷണർക്കു പകരം ലെഫ്റ്റനന്റ് ഗവർണർ ഭരണനിർവഹണം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ 69-ആമത് ഭേദഗതിപ്രകാരം, 1991-ൽ കേന്ദ്രഭരണപ്രദേശം എന്ന നിലയിൽ നിന്ന് ദില്ലി ദേശീയ തലസ്ഥാനപ്രദേശം (National Capital Territory of Delhi) എന്ന പദവി ലഭിച്ചു. ഇതോടൊപ്പം നിലവിൽ വന്ന പുതിയ ഭരണരീതിയിൽ, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമന്ത്രിസഭക്ക് ക്രമസമാധാനച്ചുമതല ഒഴികെയുള്ള അധികാരങ്ങൾ ലഭിച്ചു. ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. 1993-ഓടെ ഈ ഭരണരീതി നിലവിൽ വന്നു.
Remove ads
ഭൂമിശാസ്ത്രം

വടക്കേ ഇന്ത്യയിൽ സിന്ധു-ഗംഗാതടത്തിലാണ് ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ആരവല്ലി മലനിരകളുടെ ഭാഗമായിരുന്നു ന്യൂ ഡെൽഹി. ഡെൽഹി റിഡ്ജ് മാത്രമാണ് ഇപ്പോൾ ഇതിന്റെ ഭാഗമായുള്ളത്. മറ്റൊരു ഭൂമിശാസ്ത്രപ്രത്യേകതയാണ് യമുനാനദിയും അതിന്റെ തടങ്ങളും. യമുനാനദിയുടെ പടിഞ്ഞാറുഭാഗത്താണ് ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. വൻ ഭൂകമ്പസാധ്യതയുള്ള സീസ്മിക് മേഖല-IV ലാണ് ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്.
ഡെൽഹിയുടെ മൊത്തം വിസ്തീർണ്ണം 1,483 കി.m2 (573 ച മൈ) ആണ് . ഇതിൽ 783 കി.m2 (302 ച മൈ) ഗ്രാമപ്രദേശങ്ങളും,700 കി.m2 (270 ച മൈ) നഗര പ്രദേശവുമാണ്. ഡെൽഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം 51.9 കി.മീ (32 മൈ) ഉം വീതി 48.48 കി.മീ (30 മൈ) ഉം ആണ്. മൂന്ന് പ്രധാന ഭരണ സ്ഥാപനങ്ങളാണ് ഡെൽഹിയിൽ പ്രധാനമായിട്ടുള്ളത്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി, (area is 1,397.3 കി.m2 (540 ച മൈ)) ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ (42.7 കി.m2 (16 ച മൈ)), ഡെൽഹി കന്റോൺമെന്റ് ബോർഡ് (43 കി.m2 (17 ച മൈ)) എന്നിവയാണ് ഇവ. [3]
ഡെൽഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം 28.61°N 77.23°E ലും, ഇന്ത്യയുടെ വടക്കു ഭാഗത്തുമായിട്ടാണ്. ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങൾ ഉത്തർ പ്രദേശ്, ഹരിയാന എന്നിവയാണ്. പ്രമുഖ നദിയായ യമുന ഡെൽഹിയിൽ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ടമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഡെൽഹിയിലെ കൃഷിസ്ഥലങ്ങൾ യമുനയുടെ തീരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശമാണ്. [4] ഹിന്ദു ആചാരപ്രകാരം ഒരു പുണ്യ നദിയായ യമുനയാണ് ഡെൽഹിയിലൂടെ ഒഴുകുന്ന പ്രധാന നദി. ഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യമുനയുടെ കിഴക്ക് ഭാഗത്തായി നഗര പ്രദേശമായ ശാഹ്ദര സ്ഥിതി ചെയ്യുന്നു. ഭുകമ്പ സാധ്യത പ്രദേശത്തിന്റെ കണക്കനുസരിച്ച് ഡെൽഹി സീസ്മിക്-4 വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണ്. [5]
Remove ads
കാലാവസ്ഥ
കഠിനമായ കാലാവസ്ഥയാണ് ദില്ലിയുടേ മറ്റൊരു പ്രത്യേകത. വേനൽക്കാലത്ത് 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന താപനില ശൈത്യകാലമാകുമ്പോൾ 0 ഡിഗ്രിയിലെത്തുന്നു. ഡെൽഹി ഒരു മിത വരണ്ട പ്രദേശമാണ്. ഇവിടുത്തെ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ വേനൽക്കാലമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലം വേനൽക്കാലമായി കണക്കാക്കപ്പെടുന്നു. ഇതിനിടക്ക് വളരെ കുറച്ച് സമയം മാത്രം മൺസൂൺ കാലം വരുന്നു. തണുപ്പുകാലം ഒക്ടൊബർ മുതൽ മാർച്ച് വരെയാണ്. ഇതിൽ ജനുവരി സമയത്ത് മഞ്ഞുകാലം അതിന്റെ ഉന്നതിയിലെത്തുന്ന സമയമാണ്. ചിലപ്പോൾ മഞ്ഞു വീഴ്ചയും മൂടൽ മഞ്ഞും കനത്തു നിൽക്കുന്ന സമയമാണ് ജനുവരി. [6] താപനില -0.6 °C നും 47 °C ഇടക്ക് നിൽക്കുന്നു. .[7] ശരാശരി താപനില 25 °C ആണ്. [8] വർഷം തോറും ലഭിക്കുന്ന ശരാശരി മഴ 714 mm (28.1 inches) ആണ്. ഇതിൽ പ്രധാനം ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നു. [9] [10].
Remove ads
ഭരണക്രമം
ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ അഥവാ എൻ.ഡി.എം.സി. ആണ് തദ്ദേശഭരണം നടത്തുന്നത്. ദില്ലി സംസ്ഥാനത്തെ മറ്റു ജനവാസപ്രദേശങ്ങളെല്ലാം മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി,ഡെൽഹി കന്റോൺമെന്റ് ബോർഡ് എന്നിവയുടെ കീഴിലാണ്. എം.സി.ഡി. പ്രദേശങ്ങൾ ന്യൂ ഡെൽഹിയുടെ പരിധിയിൽ വരില്ലെങ്കിലും ഓൾഡ് ഡെൽഹി ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും പൊതുവേ ന്യൂ ഡെൽഹി എന്ന പേരിൽ പറയാറുണ്ട്.
ഒരു ചെയർപേർസൺ, ദില്ലി നിയമസഭയിലെ മൂന്ന് അംഗങ്ങൾ, ദില്ലി മുഖ്യമന്ത്രി നാമനിർദ്ദേശം നടത്തുന്ന രണ്ട് അംഗങ്ങൾ, കേന്ദ്രഗവണ്മെന്റ് നാമനിർദ്ദേശം ചെയ്ത അഞ്ച് അംഗങ്ങൾ എന്നിവർ അടങ്ങിയതാണ് എൻ.ഡി.എം.സി.
Remove ads
നഗരഘടന

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റു വരെ നീളുന്ന രാജ്‌പഥും കൊനാട്ട് സർക്കസിൽ നിന്നും തുടങ്ങി രാജ്പഥിനെ ലംബമായി മുറിച്ചു കടന്ന്നു പോകുന്ന ജൻപഥ് എന്നീ രണ്ടു വീഥികളെ ചുറ്റിയാണ് ന്യൂ ഡെൽഹി നഗരം. ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്‌പഥിനെ കിംഗ്സ് സ്ട്രീറ്റ് എന്ന പേരിലും, ജൻപഥിനെ ക്വീൻസ് സ്ട്രീറ്റ് എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വീതിയേറിയ റോഡുകളും, റൗണ്ട് എബൗട്ടുകളും, മേല്പ്പാലങ്ങളും, വഴിയരികിലെ വൃക്ഷങ്ങളും ന്യൂ ഡെൽഹിയെ അവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ന്യൂ ഡെൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. സർക്കാർ കാര്യാലയങ്ങൾ, ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയപ്രമുഖരുടേയും മന്ദിരങ്ങൾ, ക്വാർട്ടേഴ്സുകൾ, മറ്റു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾ എന്നിവയാണ് ഇവിടെ അധികവും. കൊനാട്ട് പ്ലേസ് പോലെയുള്ള വാണിജ്യകേന്ദ്രങ്ങളും നിരവധി വൻകിട ഹോട്ടലുകളും ഇവിടെയുണ്ട്.
ന്യൂ ഡെൽഹി നഗരത്തിനു ചുറ്റുമായുള്ള പാതയാണ് മഹാത്മാഗാന്ധി മാർഗ് അഥവാ റിങ് റോഡ്. എൻ.ഡി.എം.സി. പ്രദേശം പൂർണ്ണമായും ഈ റോഡിന് ഉള്ളിലാണെങ്കിലും റോഡിനുള്ളിലുള്ള ചില പ്രദേശങ്ങൾ എം.സി.ഡി.യിൽ ഉൾപ്പെട്ടതാണ്.
Remove ads
ഗതാഗതം
ബസ്, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽവേ, സബർബൻ റെയിൽവേ എന്നിവയാണ് പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മർദ്ദിത പ്രകൃതി വാതകമാണ് (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്നത്. പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധനമാണ് ഇത് കൂടാതെ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിലക്കുറവുമാണ്. ഇക്കാരണം കൊണ്ട് ദില്ലിയിലെ ടാക്സി ഓട്ടോറിക്ഷാ കൂലി ഇന്ത്യയിലെ മറ്റു നഗരങ്ങളേ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇന്ദ്രപ്രസ്ഥ ഗാസ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയാണ് ദില്ലിയിൽ സി.എൻ.ജി.-യും പാചകാവശ്യത്തിന് കുഴൽ വഴിയുള്ള പ്രകൃതിവാതകവും വിതരണം ചെയ്യുന്നത്. ദില്ലിയിലെ മറ്റു പ്രദേശങ്ങളിൽ സാധാരണയായി കണ്ടു വരുന്ന സൈക്കിൾ റിക്ഷകൾ ന്യൂ ഡെൽഹി പ്രദേശത്ത് നിരോധിച്ചിരിക്കുകയാണ്.
ബസ്

ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ഡി.ടി.സി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സർവീസ് ആണ്. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തർ സംസ്ഥാന സർവീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സർവീസ് ആണ് ഡി.ടി.സി. ഇതു കൂടാതെ ബ്ലൂലൈൻ ബസ് എന്നറിയപ്പെടുന്ന സ്വകാര്യ ബസ് സർവീസുകളും ഇവിടെയുണ്ട്. സ്വകാര്യബസ്സുകൾ 2010-ഓടെ നിർത്തലാക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്ന മുദ്രിക സർവീസും (റിങ് റോഡ് സർവീസ്), റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ദില്ലിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ബാഹരി മുദ്രിക സർവീസുമാണ് (ഔട്ടർ റിങ് റോഡ് സർവീസ്) ബസ് റൂട്ടുകളിൽ പ്രധാനപ്പെട്ടത്. 3 രൂപ, 5 രൂപ, 7 രൂപ, 10 രൂപ എന്നിങ്ങനെ നാലു ടിക്കറ്റ് നിരക്കുകളേ ബസുകളിൽ നിലവിലുള്ളൂ.
റെയിൽവേ
ഇന്ത്യൻ റെയിൽവേയുടെ 16 മേഖലകളിൽ ഒന്നായ ഉത്തര റെയിൽവേയുടെ ആസ്ഥാനമാണ് ന്യൂ ഡെൽഹി. രണ്ടു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളാണ് ന്യൂ ഡെൽഹിയിലുള്ളത്. ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നും പുറപ്പെടുന്നു. ഓൾഡ് ഡെൽഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബർബൻ റെയിൽവേ സർവീസുകളും ഇവിടെ നിന്നുണ്ട്.
മെട്രോ റെയിൽവേ

ന്യൂ ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർവീസ് 2004 ഡിസംബർ 24-നാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽവേയാണ് ഡെൽഹി മെട്രോ, കൊൽക്കത്തയിലാണ് ആദ്യത്തേത്. കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി ഡെൽഹി മെട്രോയുടെ ചില പാതകൾ ഭൂമിക്കടിയിലൂടെയല്ലാതെ ഉയർത്തിയ തൂണുകൾക്കു മുകളിലൂടെയുമുണ്ട്.
ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സംയുക്തസംരംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റർ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയിൽ 62 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റു ലൈനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
വ്യോമഗതാഗതം
ന്യൂ ഡെൽഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന് അരികിലായാണ് സ്ഥിതി ചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്. 2006-2007 വർഷത്തെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. [13][14] ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്.
ന്യൂ ഡെൽഹി നഗരത്തിനകത്തുള്ള പൊതുവ്യോമഗതാഗത്തിനുള്ള ഒരു വിമാനത്താവളമാണ് സഫ്ദർജംഗ് വിമാനത്താവളം.
Remove ads
സ്ഥിതി വിവരക്കണക്കുകൾ
2001 ലെ കണക്കു പ്രകാരം ന്യൂ ഡെൽഹിയിലെ ജനസംഖ്യ 295,000 ആണ്. മൊത്തം ഡെൽഹിയുടെ ജനസംഖ്യ 9.81 ദശലക്ഷമാണ്. [15] മുംബൈ കഴിഞ്ഞാൽ പിന്നെ ഡെൽഹിയാണ് ഇക്കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് . [16] 1000 പുരുഷന്മാർക്ക് 925 സ്ത്രീകൾ എന്നാണ് കണക്ക്. ശരാശരി സാക്ഷരതാ നിരക്ക് 81.67% ആണ്.[17]
ഡെൽഹിയിലെ 82% ജനസംഖ്യ ഹിന്ദു മതത്തിൽപ്പെട്ടവരാണ് . ഇതുകൂടാതെ 11.7% മുസ്ലിം , 4.0% സിഖ്, 1.1% ജെയിൻ , 0.9% ക്രിസ്തുമതം എന്നിവയും ഡെൽഹിയിലുണ്ട്. [18]. മറ്റു ചെറിയ മതവിഭാഗങ്ങൾ പാർസി, ബുദ്ധമതം, ജൂതമതം എന്നിവയാണ്. [19]
പ്രധാനമായും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. മറ്റു സംസാര ഭാഷകൾ ഇംഗ്ലീഷ്, പഞ്ചാബി, ഉർദു എന്നിവയാണ്. ഇതുകൂടാതെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ഒരു പാട് ആളുകൾ ഡെൽഹിയിൽ താമസിക്കുന്നു. മറാത്തി, കന്നട, ഹരിയാന, തെലുങ്ക്, ബെംഗാളി, മൈഥിലി, തമിഴ്, മലയാളം എന്നീ ഭാഷാസംസ്കാരങ്ങളും ഇവിടെ കാണാവുന്നതാണ്.
Remove ads
സംസ്കാരം
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനവിഭാഗങ്ങളുടേ ഒരു സഞ്ചയമാണ് ന്യൂ ഡെൽഹിയിലുള്ളത്.
ആഘോഷങ്ങൾ
ദീപാവലി, ഹോളി എന്നിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങൾ. ദേശീയതലസ്ഥാനം എന്ന നിലയിൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവ ആഘോഷപൂർവ്വം കൊണ്ടാടുന്നു. പട്ടം പറത്തിയാണ് ദില്ലിയിലെ ജനങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ മൊത്തത്തിലുള്ള സാംസ്കാരിക വൈവിധ്യം, സൈനിക ശേഷി എന്നിവ പ്രദർശിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് പ്രത്യേക ശ്രദ്ധയർഹിക്കുന്നു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads