മലയാളസാഹിത്യം
മലയാള സാഹിത്യം From Wikipedia, the free encyclopedia
Remove ads
മലയാളഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് മലയാള സാഹിത്യം.
നിരുക്തം
സഹിതസ്വഭാവമുള്ളത് സാഹിത്യം. പരസ്പരാപേക്ഷയുള്ള അനേകം കാര്യങ്ങൾ ഒന്നിച്ചു ചേരുന്നതിനെയാണ് സാഹിത്യം എന്ന് പറയുന്നത്. ഭാഷ മാധ്യമമായുള്ള കലാരൂപം എന്ന് സാഹിത്യത്തെ നിർവചിക്കാറുണ്ട്. മലയാള ഭാഷയിലുള്ള സാഹിത്യമായതിനാൽ മലയാള സാഹിത്യം എന്ന് പേര്.
original
പ്രാചീന മലയാളസാഹിത്യം
എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വീക്ഷിക്കുന്നത്. പ്രാചീനകാലത്തിൽ, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്. പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കേരളപാണിനി ഏ.ആർ രാജരാജവർമ പ്രാചീന മലയാളകാലത്തെ കരിന്തമിഴ്കാലമെന്നും മലയാണ്മക്കാലമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു.
കരിന്തമിഴ് കാലം
പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും, പരതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മലയാണ്മക്കാലം
പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയായി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്. ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ. മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകം' ആവിർഭവിച്ചത് ഈ കാലഘട്ടത്തിലാണ്. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ട്" എന്ന് പാട്ടിന്റെ ലക്ഷണവും. പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
- പതിനാലാം ശതകം
പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മ) സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി. അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി. പക്ഷേ, ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു. "ഗദ്യപദ്യാത്മകം കാവ്യം ചമ്പൂരിത്യഭിധീയതെ" എന്നതാണു ചമ്പുവിന്റെ ലക്ഷണം.
- പതിനഞ്ചാം ശതകം
പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാട്ടും, മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു. നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാങ്ങല്ലൂർ ശങ്കരപ്പണിക്കർ, മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്. കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവദ്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു. പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്. ശ്രീവല്ലഭകീർത്തനം, നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്. തമിഴ് അക്ഷരങ്ങളോടൊപ്പം സംസ്കൃതം അക്ഷരങ്ങളും അവ ഉപയോഗിച്ചുകൊണ്ടുള്ള സംസ്കൃതം പദങ്ങളും ഇവയിൽ ധാരാളം കാണാം എങ്കിലും വിഭക്ത്യന്തസംസകൃതപദങ്ങൾ ഇല്ലാത്തതു കൊണ്ട് ഇവ മണിപ്രവാളം എന്ന വിഭാഗത്തിൽ പെടുന്നില്ല.
പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു. മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.
പതിനേഴാം ശതകം മുതലുള്ള കാലഘട്ടത്തെ മലയാള കാലം എന്നു ഭാഷാശാസ്ത്രജ്ഞർ വിശേഷിപ്പിച്ചുകാണുന്നു. ഭാഷയുടെ നവീനകാലമാണിത്.
നവീന മലയാളസാഹിത്യം
ക്ലാസിക്കൽ കാലഘട്ടം
ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം. എങ്കിലും, കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് ഇന്ന് 'മലയാളഭാഷയുടെ പിതാവ്' എന്ന് പ്രകീർത്തിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനിലാണ്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു അദ്ദേഹം. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം എന്നിവയാണ്.
പൂന്താനത്തിന്റെ 'ജ്ഞാനപ്പാന'യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു. ഉണ്ണായിവാര്യർ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു. തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി. വെണ്മണിക്കവികളുടെ 'പച്ചമലയാളം' രീതി ഭാഷാസാഹിത്യത്തിന് ആധുനികതയിലേക്കുള്ള പാത വെട്ടിത്തെളിച്ചു.
ആധുനിക കാലഘട്ടം
പദ്യസാഹിത്യത്തോടൊപ്പംതന്നെ ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ വളരെ മഹത്തരമാണ്. ഇവരിരുവരും രണ്ടുപക്ഷത്തുനിന്ന് നയിച്ച ദ്വിതീയാക്ഷരപ്രാസവാദം ചൂടേറിയ സാഹിത്യചർച്ചകൾക്കും കേശവീയം പോലെയുള്ള മികച്ച കൃതികളുടെ ജനനത്തിനും കാരണമായിത്തീർന്നു.
'ആധുനികകവിത്രയം' എന്നറിയപ്പെടുന്ന കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കൃതികളും മലയാളസാഹിത്യത്തെ സമ്പന്നമാക്കി. വള്ളത്തോളിന്റെ 'ചിത്രയോഗം', ഉള്ളൂരിന്റെ 'ഉമാകേരളം' ഇവ മഹാകാവ്യങ്ങളാണു. മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം സ്വന്തമാക്കിയ കവിയാണു കുമാരനാശാൻ.
ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഭാവഗീതങ്ങളും,വൈലോപ്പിള്ളിയുടെയും, ജി. ശങ്കരക്കുറുപ്പിന്റെയും ഇടശ്ശേരിയുടെയും കവിതകളും മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചു. 'മാമ്പഴം', 'രമണൻ', കന്നിക്കൊയ്ത്ത്', 'ഓടക്കുഴൽ' തുടങ്ങിയവ ഈയൊരു കാലഘട്ടത്തിലെ പ്രധാന കൃതികളാണ്.
ഉത്തരാധുനിക കാലഘട്ടം
പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും. ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപകരുടെ ഇടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ഒ. വി വിജയൻ എന്ന സാഹിത്യകാരനാണ് മലയാള സാഹിത്യത്തെ ആധുനികതയിൽ നിന്നും അത്യാധുനികതയിലേയ്ക്ക് എത്തിക്കുന്നതിൽ വിപ്ലവാത്മകരമായ പങ്ക് വഹിച്ചത്. സന്തോഷ് ഏച്ചിക്കാനത്തെപ്പോലെയുളള യുവ സാഹിത്യകാരൻമാർ അതിന് പുതിയ മാനങ്ങൾ നൽകുന്നതിൽ ശ്രദ്ധേയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും, ഇവയിൽ ബഹുഭൂരിപക്ഷവുo അനുവാചകന് ദുർഗ്രഹമാകുന്ന രീതിയിലാണ് രചിച്ചിട്ടുളളത്. ഈ ബോധപൂർവ്വമായ ശൈലിക്കു പിന്നിൽ പരമ്പരാഗത ചട്ടക്കൂടുകളേയുo മാമൂലുകളേയുo തച്ചുടയ്ക്കാനുളള ശ്രമമാണെന്നുo സാഹിത്യ നിരൂപകർ വാദിക്കുന്നുണ്ട്. മനുഷ്യ മനസ്സിന്റെ പ്രതിഫലത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവയാണ് ഉത്തരാധുനിക സാഹിത്യ സൃഷ്ടികൾ.
Remove ads
പദ്യസാഹിത്യം
മണിപ്രവാളകാലത്തെ പദ്യകൃതികൾ, ചമ്പുക്കൾ, സന്ദേശകാവ്യങ്ങൾ തുടങ്ങി ഉത്തരാധുനികകവിതകൾ വരെയെത്തിനിൽക്കുന്ന മലയാളപദ്യസാഹിത്യം അതീവ വിശാലമാണ്.
നാടൻ പാട്ടുകൾ
വാമൊഴിയായി പകർന്നുവന്ന പാട്ടുകളാണ് നാടൻപാട്ടുകൾ. ജോലിസമയങ്ങളിൽ ജോലിഭാരം കുറയ്ക്കുന്നതിനും ജോലിയിൽ ആവേശം വർദ്ധിപ്പിക്കുന്നതിനും ആരാധന, ആഘോഷങ്ങൾ, തുടങ്ങിയ സന്ദർഭങ്ങളിലും കുട്ടികളെ പാടിയുറക്കുന്നതിനും കളിപ്പിക്കുന്നതിനും എന്നിങ്ങനെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിൽ പാടി വരുന്ന പാട്ടുകളാണ് നാടൻപാട്ടുകൾ. കൃഷിപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ, കൈകൊട്ടിക്കളിപ്പാട്ടുകൾ, കറിപ്പാട്ടുകൾ, വീരാരാധനാഗാനങ്ങൾ, ദേവതാസ്തുതികൾ, തുടങ്ങിയ വകുപ്പുകളിലായി നിരവധി നാടൻപാട്ടുകൾ കണ്ടുകിട്ടിയിട്ടുണ്ട്. വാമൊഴിയായി കൈമാറിവരുന്നവയായതിനാൽ ഓരോ കാലത്തിനും അനുസരിച്ചുള്ള ഭാഷാപരമായ പ്രത്യേകതകൾ ഇവയിൽ കലർന്നുകാണാം. അതുകൊണ്ട് ഇവയുടെ കാലം നിർണയിക്കുക വിഷമമാണ്.
കവിതകൾ
എഴുത്തച്ഛൻ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ , ഇടപ്പള്ളി, ചങ്ങമ്പുഴ, വൈലോപ്പിള്ളി,ജി. ശങ്കരക്കുറുപ്പ്,ഇടശ്ശേരി, പി. കുഞ്ഞിരാമൻ നായർ തുടങ്ങി അനേകം കവികൾ മലയാളത്തിലുണ്ട്. ഖണ്ഡകാവ്യങ്ങൾ, മഹാകാവ്യങ്ങൾ, വിലാപകാവ്യങ്ങൾ തുടങ്ങി വിവിധ വിഭാഗത്തിലുള്ള കവിതകൾ മലയാളത്തിലുണ്ട്.
ചലച്ചിത്രഗാനങ്ങൾ
മലയാളത്തിന്റെ പദ്യസാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ മലയാളചലച്ചിത്രഗാനങ്ങളും നല്ല പങ്ക് വഹിക്കുന്നു. സാഹിത്യപ്രധാനമായ അനേകം ഗാനങ്ങൾ ചലച്ചിത്രങ്ങൾക്കുവേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്. പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, വയലാർ, ഒ. എൻ. വി, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി മലയാള ചലച്ചിത്ര ഗാനശാഖയെ പരിപോഷിപ്പിച്ച ഒട്ടേറെ ഗാനരചയിതാക്കളുണ്ട്.
നാടകഗാനങ്ങൾ
നാടകം എന്ന കലാരൂപത്തോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ളവയാണ് നാടകഗാനങ്ങൾ. കെ.പി.എ.സി.യുടെ നാടകഗാനങ്ങൾ മലയാളത്തിൽ ഇന്നും പ്രശസ്തമാണ്.
Remove ads
ഗദ്യസാഹിത്യം
ആദ്യകാല ഗദ്യ സാഹിത്യം
പത്തൊമ്പതാം നൂറ്റാണ്ടിലെ ഗദ്യസാഹിത്യങ്ങളുടെ പട്ടിക.[1]
അന്യാപദേശം
നാടകം
കഥാസാഹിത്യം
നോവൽ
നീതികഥ
നാടകങ്ങൾ
സംസ്കൃതനാടകശൈലി പിന്തുടർന്ന് വളരെ പണ്ടുമുതൽക്കുതന്നെ മലയാളത്തിലും അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ട്. ഗദ്യവും പദ്യവും കലർന്ന മിശ്രശൈലിയാണ് ആദ്യകാല നാടകങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് അത് ഗദ്യരൂപത്തിലേക്ക് വഴിമാറി. എ.ആർ. രാജരാജവർമയുടെ 'മലയാള ശാകുന്തളം', വി.ടി. ഭട്ടതിരിപ്പാടിന്റെ സാമൂഹിക നാടകങ്ങൾ, കെ. ദാമോദരന്റെ 'പാട്ടബാക്കി', തോപ്പിൽ ഭാസി, സി.ജെ. തോമസ് തുടങ്ങിയവർ രചിച്ച നാടകങ്ങൾ എന്നിവയെല്ലാം മലയാള നാടകസാഹിത്യത്തിന്റെ മുതൽക്കൂട്ടുകളാണ്.
ചരിത്രാഖ്യായികകൾ
മലയാളത്തിൽ ചരിത്രാഖ്യായികകൾ എഴുതിയ ആദ്യത്തെ നോവലിസ്റ്റ് സി.വി. രാമൻപിള്ളയാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മൂന്നു നോവലുകളാണ് സി.വി. രചിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മ (1891) ധർമ്മരാജാ (1913) രാമരാജാബഹദൂർ( 1918-19) എന്നിവയാണ് സി.വി. രചിച്ച ചരിത്ര നോവലുകൾ. മലയാള നോവൽസാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ആഖ്യായികാകാരന്മാരിൽ ഒരാളാണ് സി.വി. രാമൻ പിള്ള. ചിലപ്പതികാരം, മണിമേഖല എന്നീ സംഘസാഹിത്യ കൃതികളെ ഉപജീവിച്ച് ശുചീന്ദ്രം പി. താണുപിള്ള രചിച്ചതാണ് ചെങ്കുട്ടുവൻ അഥവാ ഏ.ഡി. രണ്ടാം ശതകത്തിലെ ഒരു ചക്രവർത്തി എന്ന കൃതി. പിന്നീട് പെരുമാൾ വാഴ്ചയെ ആധാരമാക്കി അപ്പൻ തമ്പുരാൻ രചിച്ച ഭൂതരായർ (1923) ഐതിഹ്യാധിഷ്ഠിത കല്പിതകഥകളിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. ആദികേരള സമൂഹത്തിന്റെ ആചാര സംസ്കൃതികളെ പണ്ഡിതോചിതമായി ആവിഷ്കരിക്കാൻ ഈ നോവലിൽ അപ്പൻ തമ്പുരാനു കഴിഞ്ഞിട്ടുണ്ട്. ഭൂതരായരെ അനുകരിച്ച് കെ. രാമൻ നമ്പ്യാർ രചിച്ച കൃതിയാണ് ഗോദവർമ്മ(1923). അമ്പാടി നാരായണപ്പൊതുവാളിന്റെ കേരളപുത്രൻ(1925) ആണ് പെരുമാൾ ഭരണകാലത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട മറ്റൊരു കൃതി. ഭൂതരായരെ പലനിലയിലും ഓർമ്മിപ്പിക്കുന്ന ഒരു കൃതിയാണിതെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. മാർത്താണ്ഡവർമ്മയ്ക്കു മുൻപ് പത്മനാഭപുരം രാജധാനിയാക്കി വേണാട്ടു വാണിരുന്ന രാജാക്കന്മാരുടെ കാലമാണ് വിദ്വാൻ ജി ആർ വെങ്കിട വരദ അയ്യങ്കാരുടെ കേരളചക്രവർത്തി ഉദയമാർത്താണ്ഡൻ(1930) എന്ന കൃതിയുടെ വിഷയം. ചരിത്രപരമായ അംശങ്ങൾ തീരെയില്ലെന്നു തന്നെ പറയാവുന്ന ഈ കൃതിയെ വെറും റൊമാൻസ് കൃതിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ചില നിരൂപകർക്ക് അഭിപ്രായമുണ്ട്. കപ്പന കൃഷ്ണമേനോൻ ചേരമാൻ പെരുമാൾ, വള്ളിയംബ റാണി മുതലായ ചരിത്രസ്പർശമുള്ള കൃതികൾ രചിച്ചതിനുപുറമേ കേരളവർമ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിയ്ക്കുകയുണ്ടായി. ശങ്കരാചാര്യർ കഥാപാത്രമായി കടന്നു വരുന്ന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ ഒടുവിലത്തെ ചേരചക്രവർത്തിയാണെന്നു കരുതപ്പെടുന്ന പെരുമാളിനെ സംബന്ധിച്ച ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ്. വയനാടിന്റെ പശ്ചാത്തലത്തിൽ യാതൊരു ചരിത്രമോ ഐതിഹ്യമോ അടിസ്ഥാനമാക്കാതെ രചിച്ച ഒരു വെറും റൊമാൻസ് മാത്രമാണ് കപ്പന കൃഷ്ണമേനോന്റെ വള്ളിയംബറാണിയെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു [2]
ചെറുകഥകൾ
മലയാള സാഹിത്യത്തിൽ തനതായ സ്ഥാനം നേടിയ സാഹിത്യ ശാഖയാണ് ചെറുകഥ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ ചെറുകഥ.
നോവലുകൾ
ആർച്ച് ഡീക്കൻ കോശി രചിച്ചു് 1882ൽ പ്രസിദ്ധീകരിച്ച പുല്ലേലിക്കുഞ്ചു മലയാളത്തിലെ ആദ്യ നോവലാണു്. എന്നാൽ ചില പണ്ഡിതന്മാർ അപ്പു നെടുങ്ങാടിയുടെ 1887ൽ പ്രസിദ്ധീകരിക്കപ്പെട്ട "കുന്ദലത" ആണു് പ്രഥമ മലയാള നോവലായി കരുതുന്നതു്.[3]
ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. കേശവദേവ്, തകഴി, ഉറൂബ്, ബഷീർ, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ആനന്ദ്, എം. മുകുന്ദൻ, സാറാ ജോസഫ് തുടങ്ങി പ്രശസ്തരായ അനേകം മലയാള നോവലിസ്റ്റുകളുണ്ട്.
നിരൂപണങ്ങൾ
സാഹിത്യഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും വിമർശങ്ങളും സാഹിത്യത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങിയവർ രചിച്ച നിരൂപണഗ്രന്ഥങ്ങൾ പ്രശസ്തമാണ്. ജോസഫ് മുണ്ടശ്ശേരി, എം പി പോൾ, കുട്ടിക്കൃഷ്ണമാരാർ എന്നിവർ മലയാളത്തിലെ നിരൂപകത്രയം എന്നറിയപ്പെടുന്നു. കുട്ടിക്കൃഷ്ണമാരാരുടെ 'ഭാരതപര്യടനം', ജോസഫ് മുണ്ടശ്ശേരിയുടെ 'നാടകാന്തം കവിത്വം" എന്നിവ ശ്രദ്ധേയമാണ്.
യാത്രാവിവരണങ്ങൾ
സഞ്ചാരസാഹിത്യമെന്ന സാഹിത്യശാഖയിൽ വരുന്നവയാണ് യാത്രാവിവരണങ്ങൾ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപ്പുസ്തകമാണ് മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം. കൂടാതെ, എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളും മലയാളത്തിൽ ശ്രദ്ധേയങ്ങളാണ്.
ജീവചരിത്രങ്ങൾ
മഹാത്മാഗാന്ധി, ശ്രീനാരായണഗുരു തുടങ്ങി പല മഹദ് വ്യക്തികളുടെയും ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിലുണ്ട്.
ആത്മകഥകൾ
മലയാളത്തിൽത്തന്നെ രചിക്കപ്പെട്ട അനേകം ആത്മകഥകളും മറ്റ് ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ആത്മകഥകളും മലയാളത്തിലുണ്ട്. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ 'എന്റെ കഥ' കമല സുറയ്യയുടേതാണ്. 'കണ്ണീരും കിനാവും'( വി ടി ഭട്ടതിരിപ്പാട്), 'ഓർമ്മയുടെ അറകൾ'(ബഷീർ), 'ആത്മകഥ' (ഇ എം എസ് ) എന്നിവ മലയാളത്തിലെ പ്രധാന ആത്മകഥകളാണ്.
ഭാഷ്യങ്ങൾ
ഹിന്ദുമതഗ്രന്ഥങ്ങളായ വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, മനുസ്മൃതി തുടങ്ങിയവയ്ക്കും ക്രൈസ്തവ മതഗ്രന്ഥമായ ബൈബിൾ, ഇസ്ലാം മതഗ്രന്ഥമായ ഖുറാൻ തുടങ്ങിയവയ്ക്കും ധാരാളം ഭാഷ്യങ്ങൾ മലയാളത്തിലുണ്ട്.
ഐതിഹ്യങ്ങൾ
കേരളോൽപത്തി, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല തുടങ്ങിയവയാണ് പ്രധാന ഐതിഹ്യഗ്രന്ഥങ്ങൾ.
തിരക്കഥകൾ
മലയാളത്തിൽ തിരക്കഥയെ ഒരു സാഹിത്യരൂപമായി വളർത്തിയത് എം ടി വാസുദേവൻ നായരാണ്. എൻ ശശിധരന്റെ 'നെയ്ത്തുകാരൻ' മലയാളത്തിലെ പ്രധാനപ്പെട്ട ഒരു തിരക്കഥയാണ്.
Remove ads
വിവർത്തനങ്ങൾ
മറ്റു ഭാഷകളിൽനിന്നുള്ള പല പ്രമുഖ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാസവിരചിതമായ മഹാഭാരതം പൂർണമായും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് പദാനുപദം വിവർത്തനം ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി', ജി. ശങ്കരക്കുറുപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വിക്ടർ യൂഗോയുടെ 'ലെ മിസെറാബ്ലെ' എന്ന ഫ്രഞ്ച് നോവലിന് മലയാളകവി നാലപ്പാട്ട് നാരായണമേനോൻ നൽകിയ വിവർത്തനം 'പാവങ്ങ'ളും പ്രസിദ്ധമാണ്.
Remove ads
സാഹിത്യപുരസ്കാരങ്ങൾ
Remove ads
ഇവകൂടി കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads