സെർബിയൻ അമേരിക്കക്കാർ
From Wikipedia, the free encyclopedia
Remove ads
സെർബിയൻ അമേരിക്കക്കാർ[a] (Serbian: српски Американци / srpski Amerikanci) അഥവാ അമേരിക്കൻ സെർബുകൾ സെർബിയൻ വംശജരുടെ പരമ്പരയായ അമേരിക്കക്കാരാണ്. 2013 ലെ കണക്കുകൾപ്രകാരം ഏകദേശം 190,000 അമേരിക്കൻ പൗരന്മാർ സെർബിയൻ വംശപാരമ്പര്യമുള്ളവരാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും യുഗോസ്ലാവുകളെന്നനിലയിൽ മറ്റൊരു 290,000 പേർ കൂടി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുത്താൽ ഈ സംഖ്യ ഗണ്യമായി കൂടുതലായിരിക്കാവുന്നതാണ്.[2] ഒന്നോ അതിലധികമോ തലമുറകളായി അമേരിക്കൻ ഐക്യനാടുകളിൽ അധിവസിക്കുന്ന സെർബിയൻ അമേരിക്കക്കാർ, ഇരട്ട പൌരത്വമുള്ള സെർബിയൻ-അമേരിക്കൻ പൗരന്മാർ, അല്ലെങ്കിൽ ഈ രണ്ടു സംസ്കാരങ്ങളുമായോ രാജ്യങ്ങളുമായോ പരസ്പര ബന്ധമുണ്ടെന്ന് കരുതുന്ന മറ്റേതെങ്കിലും സെർബിയൻ അമേരിക്കക്കാർ എന്നിവരും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.
Remove ads
ചരിത്രം
1815 ൽ ഫിലഡെൽഫിയയിൽ എത്തിച്ചേർന്ന അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ സെർബിയൻ കുടിയേറ്റക്കാരിൽ ഒരാളായിരുന്ന ജോർജ്ജ് ഫിഷർ മെക്സിക്കോയിലേക്ക് പോകുകയും ടെക്സൻ വിപ്ലവത്തിൽ പങ്കെടുത്ത അദ്ദേഹം പിൽക്കാലത്ത് കാലിഫോർണിയയിൽ ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു. അമേരിക്കയിലെ ആദ്യകാലത്തെ ശ്രദ്ധേയനായ മറ്റൊരു സെർബിയൻ വംശജൻ ബേസിൽ റോസ്വിക് 1800-ൽ ട്രാൻസ്-ഓഷ്യാനിക് ഷിപ്പ് ലൈൻസ് എന്ന ഷിപ്പിംഗ് കമ്പനി സ്ഥാപിച്ചു.[3] 1800 കളുടെ തുടക്കത്തിൽ, മോണ്ടിനെഗ്രോ, ഹെർസഗോവിന എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സെർബിയൻ നാവികരും മത്സ്യത്തൊഴിലാളികളും തൊഴിലന്വേഷിച്ച് ന്യൂ ഓർലിയാൻസിലേക്ക് കുടിയേറിയിരുന്നു. 1841-ൽ സെർബുകൾ ന്യൂ ഓർലിയാൻസിലെ ഗ്രീക്ക് കുടിയേറ്റക്കാരുമായിച്ചേർന്ന് ഗ്രീക്ക് ഓർത്തഡോക്സ് ഇടവക സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു.[4]
അമേരിക്കയിൽ താമസിച്ചിരുന്ന ഭൂരിഭാഗം സെർബുകളും ലൂയിസിയാനയിലും മിസിസിപ്പിയിലുമായിരുന്നതിനാൽ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സെർബിയൻ അമേരിക്കക്കാർ പ്രാഥമികമായി കോൺഫെഡറസി പക്ഷത്താണ് നിലയുറപ്പിച്ചത്. കോഗ്നെവിഷ് കമ്പനി (1830 കളിൽ ലൂയിസിയാനയിലേക്ക് കുടിയേറിയ സ്ജെപാൻ കോഞ്ചെവിക്കിന്റെ പേര്), ഒന്നും രണ്ടും സ്ലാവോണിയൻ റൈഫിൾസ് തുടങ്ങി നിരവധി കോൺഫെഡറേറ്റ് സൈനിക യൂണിറ്റുകൾ ലൂയിസിയാനയിലെ സെർബുകൾ രൂപീകരിച്ചു. ആഭ്യന്തര യുദ്ധത്തിൽ ഇവയിലെ മൂന്നോളം യൂണിറ്റുകളിൽനിന്നായി കുറഞ്ഞത് 400 സെർബുകൾ പോരാടിയിരുന്നു.[5] അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ അറിയപ്പെടുന്ന മറ്റ് നിരവധി സെർബിയൻ സൈനികർ അലബാമ, പ്രത്യേകിച്ചും ഫ്ലോറിഡയിലെ പെൻസക്കോള എന്നിവിടങ്ങളിൽനിന്ന് എത്തിയിരുന്നു.
മറ്റ് സെർബ് വംശജർ അലബാമ, ഇല്ലിനോയി,[6] മിസിസിപ്പി, കാലിഫോർണിയ എന്നിവിടങ്ങളിൽ താമസമാക്കുകയും കാലിഫോർണിയിയലെ ഗോൾഡ് റഷിൽ പങ്കുചേരുകയും ചെയ്തു.[7] 1800 കളുടെ അവസാനത്തിൽ ഓസ്ട്രിയ-ഹംഗറിയിലെ അഡ്രിയാറ്റിക് പ്രദേശങ്ങളിൽ നിന്നും ബാൽക്കൺ പ്രദേശങ്ങളിൽ നിന്നുമാണ് സാരമായ അളവിൽ സെർബിയൻ കുടിയേറ്റക്കാർ ആദ്യമായി അമേരിക്കയിലേക്ക് വന്നത്.[8] ഈ സമയത്ത്, അമേരിക്കയിലേക്ക് കുടിയേറിയിരുന്ന ഭൂരിഭാഗം പേരും ഡാൽമേഷ്യൻ തീരത്തിന് സമാനമായ കാലാവസ്ഥയുള്ള പടിഞ്ഞാറൻ വ്യാവസായിക നഗരങ്ങളിലോ കാലിഫോർണിയയിലോ ആണ് താമസമാക്കിയത്.[2] സെർബിയൻ പുരുഷന്മാർ പലപ്പോഴും ഖനികളിൽ തൊഴിൽ കണ്ടെത്തുകയും നിരവധി സെർബിയൻ കുടുംബങ്ങൾ രാജ്യമെമ്പാടുമുള്ള ഖനന നഗരങ്ങളിലേക്ക് മാറുകയും ചെയ്തു.[8] അലാസ്കയിലും ധാരാളമായി കുടിയേറിയ സെർബിയൻ ഖനിത്തൊഴിലാളികളുടേയും കുടുംബങ്ങളുടേയും പ്രാഥമിക കേന്ദ്രം ജുന്യൂ ആയിരുന്നു. 1893-ൽ അലാസ്കൻ സെർബുകൾ സ്വദേശികളായ ഓർത്തഡോ ട്ളിൻഗിറ്റ് ജനതയുമായി ചേർന്ന് ജുന്യൂവിലെ ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിൽ സഹായിച്ചു.[9][10] ഒന്നാം ലോകമഹായുദ്ധത്തോടെ അലാസ്കയിലെ സെർബിയൻ ആചാരങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനായി രണ്ട് സെർബിയൻ സമൂഹങ്ങൾ ജുന്യൂവിൽ സ്ഥാപിക്കപ്പെട്ടു.[11] 1943 ൽ മൊണ്ടാനയിലെ സ്മിത്ത് മൈൻ ദുരന്തത്തിൽ നിരവധി സെർബിയൻ-അമേരിക്കൻ ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു.[8]
സെർബ് കുടിയേറ്റക്കാരെ പലപ്പോഴും ബോസ്നിയക്കാർ, ഹെർസഗോവിനിയക്കാർ, ഓസ്ട്രോ-ഹംഗേറിയക്കാർ എന്നിങ്ങനെ അവരുടെ ഉത്ഭവ രാജ്യം അനുസരിച്ച് തരംതിരിച്ചിട്ടുള്ളതിനാൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ സെർബുകളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കാൻ പ്രയാസമാണ്.[2] 1910 ലെ ഒരു സെൻസസ് പ്രകാരം ഓസ്ട്രിയ-ഹംഗറിയിൽ നിന്ന് 16,676, സെർബിയയിൽ നിന്ന് 4,321, മോണ്ടിനെഗ്രോയിൽ നിന്ന് 3,724 എന്നിങ്ങനെയായിരുന്ന സെർബിയക്കാരുടെ എണ്ണം കണക്കാക്കിയത്.[12] ഒന്നാം ബാൽക്കൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് സെർബിയൻ-അമേരിക്കക്കാർ സന്നദ്ധരായിരുന്നു.[13] ഒന്നാം ലോകമഹായുദ്ധസമയത്ത്, 15,000-ത്തോളം സെർബിയൻ-അമേരിക്കൻ സന്നദ്ധപ്രവർത്തകർ തങ്ങളുടെ ജന്മനാട്ടിൽ സഖ്യസേനയ്ക്കുവേണ്ടി പോരാടാനായി ബാൽക്കനിലേക്ക് മടങ്ങിപ്പോയി. യുഗോസ്ലാവിയയുടെ സൃഷ്ടിക്കായി അണിചേരാൻ തയ്യാറാകാത്ത അമേരിക്കയിലെ സെർബുകൾ, റെഡ്ക്രോസ് വഴി ബാൽക്കനിലേയ്ക്ക് സഹായം അയയ്ക്കുകയും ഒരു സെർബിയൻ ദുരിതാശ്വാസ സമിതി രൂപീകരിച്ചുകൊണ്ട് സെർബിയൻ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ പ്രമുഖരായ അമേരിക്കക്കൻ പൌരന്മാരോട് അഭ്യർത്ഥിച്ചു.
യുഎസ് പ്രസിഡന്റ് വുഡ്രോ വിൽസന്റെ സുഹൃത്തായിരുന്ന വിശ്രുത സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ മിഹാജ്‌ലോ പുപിൻ, സെർബിയൻ-അമേരിക്കൻ സംഘടനയായ സെർബിയൻ നാഷണൽ ഡിഫൻസിനെ (SND) നയിച്ചുകൊണ്ട് പണം ശേഖരിക്കുകയും ബാൽക്കന്മാരെ സംബന്ധിച്ച് അമേരിക്കൻ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു.[14] ഒന്നാം ലോകമഹായുദ്ധസമയത്ത്, ന്യൂയോർക്കിലെ പ്യൂപ്പിൻസ് കോൺസുലേറ്റ് സെർബിയൻ-അമേരിക്കൻ നയതന്ത്രത്തിന്റെ കേന്ദ്രമായും സെർബിയൻ അമേരിക്കക്കാരെ സെർബിയൻ മുന്നണിയിലേക്ക് സന്നദ്ധ സേവകരായി നയിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുയും ചെയ്തു.[15] 1912–18 കാലഘട്ടത്തിൽ അലാസ്കയിൽ നിന്നും കാലിഫോർണിയയിൽ നിന്നും ആയിരക്കണക്കിന് സെർബിയൻ-അമേരിക്കൻ സന്നദ്ധപ്രവർത്തകരായി എത്തി.[16]
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യം കമ്മ്യൂണിസ്റ്റ് നേതാവ് ജോസിപ് ബ്രോസ് ടിറ്റോയുടെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലമർന്നശേഷം നിരവധി സെർബുകൾ യുഗോസ്ലാവിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നടത്തി.[17] അതിനുശേഷം, നിരവധി സെർബിയൻ അമേരിക്കൻ സാംസ്കാരിക-മത സംഘടനകൾ അമേരിക്കയിൽ രൂപീകരിക്കപ്പെട്ടു. നിരവധി സെർബിയൻ അമേരിക്കൻ എഞ്ചിനീയർമാർ അപ്പോളോ പ്രോഗ്രാമിനുവേണ്ടിയും പ്രവർത്തിച്ചു.[18][19][20] കമ്മ്യൂണിസത്തിന്റെ പതനവും യുഗോസ്ലാവിയയുടെ ശിഥിലീകരണവും മൂലം, തങ്ങൾക്കിടയിൽ നിരവധി താൽപ്പര്യ ഗ്രൂപ്പുകൾ സ്ഥാപിച്ച അമേരിക്കയിലെ സെർബുകൾക്കിടയിലെ ഏറ്റവും സംഘടിതമായ ഗ്രൂപ്പ് സെർബിയൻ യൂണിറ്റി കോൺഗ്രസ് (SUC) ആണ്.[21]
അലാസ്ക
പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ കുടിയേറ്റകാലത്തിന്റെ ആദ്യ നാളുകൾ മുതൽക്കുതന്നെ സെർബുകളും മോണ്ടെനെഗ്രോകളും അലാസ്കയിൽ അധിവാസം തുടങ്ങിയിരുന്നു. 1890 കളുടെ അവസാനത്തിൽ മുമ്പ് കാലിഫോർണിയ ഗോൾഡ് റഷിൽ സംഭവിച്ചതുപോലെ ക്ലോണ്ടിക്ക് ഗോൾഡ് റഷിലും ധാരാളം സെർബുകൾ ഭാഗ്യാന്വേഷികളായി എത്തിച്ചേർന്നു.
സെർബ്, മോണ്ടെനെഗ്രോ കുടിയേറ്റ കേന്ദ്രങ്ങളുടെ പ്രാഥമിക മേഖലകൾ ജുന്യൂ, ഡഗ്ലസ്, ഫെയർബാങ്ക്സ്, സിറ്റ്ക എന്നിവയായിരുന്നു. ഐതിഹാസിക പ്രോസ്പെക്ടർ ബ്ലാക്ക് മൈക്ക് വോജ്നിക്കിനേപ്പോലുള്ള നിരവധി സെർബുകൾ കനേഡിയൻ ഗോൾഡ് റഷ് കാലത്ത് യൂക്കോണിൽ സ്ഥിരതാമസമാക്കിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ റഷ്യക്കാരാൽ ഓർത്തഡോക്സ് സഭയിലേയ്ക്ക് പരിവർത്തനം നടത്തിയ സ്വദേശികളായ ഓർത്തഡോക്സ് ട്ലിംഗിറ്റ് ജനതയോടൊപ്പംചേർന്ന് 1893-ൽ അലാസ്കയിലെ സെർബിയൻ ഖനിത്തൊഴിലാളികൾ ജുന്യൂവിൽ ഓർത്തഡോക്സ് ചർച്ച് പണിതു.
ഒന്നാം ലോകമഹായുദ്ധത്തോടെ, സെർബിയൻ, റഷ്യൻ ആചാരങ്ങളും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനായി ജുന്യൂവിലും ഡഗ്ലസിലും (സെന്റ് സാവ ചർച്ച്) രണ്ട് സെർബിയൻ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു. 1905-ൽ "ദി സെർബിയൻ മോണ്ടെനെഗ്രിൻ" എന്ന പേരിൽ ഒരു പത്രം ഡഗ്ലസിൽ സ്ഥാപിതമായി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads