ആഫ്രിക്ക
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ആഫ്രിക്ക From Wikipedia, the free encyclopedia
Remove ads
വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.[2] 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 100 കോടിയാണ്, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 14.72 ശതമാനത്തോളം വരും.
വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .
കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ് ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. [3].ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണ് ആഫ്രിക്ക.[4].
ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[5]
Remove ads
പേരിനു പിന്നിൽ
റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ ആഫ്രിക്ക ടെറാ എന്നു വിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.
ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.

Remove ads
ചരിത്രം
മെസോസോയിക് കാലത്തിന്റെ ആദ്യം ആഫ്രിക്ക മറ്റു വൻകരകളുമായിചേർന്ന് പാഞ്ജിയയുടെ ഭാഗമായിരുന്നു.[6] ബൃഹദ്ഭൂഖണ്ഡത്തിലെ തെറാപ്പോഡകൾ, സോറാപോഡുകൾ, ഓർണിത്തീഷ്യനുകൾ എന്നിവ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ഇവിടെ നിവസിച്ചിരുന്നു.[6] അന്ത്യ ട്രയാസിക് കാലഘട്ടത്തിലെ ഫോസിലുകൾ ആഫ്രിക്കയിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരഭാഗങ്ങളിലേക്കാൾ കൂടുതൽ ദക്ഷിണഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചത്.[6] ജുറാസിക് കാലഘട്ടത്തിൽ സൗരോപോഡുകളും ഓർണിത്തോപോഡുകളും ആഫ്രിക്കയിൽ വ്യാപകമായിരുന്നു.[6] മദ്ധ്യ മെസോസോണിക് കാലഘട്ടത്തിൽ ഏകദേശം 15–16 കോടി വർഷങ്ങൾക്ക് മുമ്പേ മഡഗാസ്കർ ആഫ്രിക്കയിൽനിന്നും വേറിട്ടു, എന്നാൽ ഇന്ത്യയുമായി ബന്ധപ്പെട്ടതിനാൽ മഡഗാസ്കർ ഗോണ്ഡ്‌വാനയുടെ ഭാഗമായി തുടർന്നു.[6]മഡഗാസ്കറിൽ നിന്നുമുള്ള ഫോസിലുകളിൽ അബെലൈസറുകൾ , ടൈടാനോസാറുകൾ എന്നിവ ഉൾപ്പെടുന്നു[6]

പിന്നീട് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ഇന്ത്യ-മഡഗാസ്കർ സംയോജിത ഭൂവിഭാഗം ഗോണ്ട്‌വാനയിൽനിന്നും വേർപെടുകയും അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ മഡഗാസ്കർ സ്വതന്ത്രദ്വീപായി മാറുകയും ചെയ്തു.[6] ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ അല്ലോസോറുകൾ, സ്പൈനോസോറുകൾ, ടൈറ്റാനോസോറുകൾ എന്നിവ ആഫ്രിക്കയിൽ വിഹരിച്ചിരുന്നു.[6]
ചരിത്രാതീതകാലം

ആഫ്രിക്കയിലാണ് മനുഷ്യൻ ഉണ്ടായതെന്ന് മിക്കവാറും എല്ലാ പുരാമാനവവിജ്ഞാനപണ്ഡിതരും (Paleoanthropologist) കരുതുന്നു, [7][8] ഒരു പക്ഷേ ഏഴ് ദശലക്ഷത്തോളം വർഷം മുൻപേതന്നെ ആഫ്രിക്കയിൽ മനുഷ്യവാസമുണ്ടായിരുന്നേക്കാമെന്നതിന് ഉപോൽബലകമായ ഫോസിലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കണ്ടെത്തിയിട്ടുണ്ട്. ആൾക്കുരങ്ങുകളുമായി സാദൃശ്യമുള്ളതും പിന്നീട് മനുഷ്യരായി പരിണമിച്ചു എന്നും കരുതപ്പെടുന്ന ആസ്ട്രലോപിഥേക്കസ് അഫാറെൻസിസ്(റേഡിയോആക്റ്റീവ് കാലപ്പഴക്കനിർണ്ണയസമ്പ്രദായമുപയോഗിച്ച് 3.9 മുതൽ 3 വരെ ദശലക്ഷം വർഷങ്ങൾക്കുമുൻപേ ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു) [9] പാരാന്ത്രോപ്പസ് ബോയ്സേയ് ( 2.3–1.4 ദശലക്ഷം വർഷം ബി.സി)[10] ഹോമോ എർഗാസ്റ്റർ (c. 19 മുതൽ –6 ലക്ഷം ബി.സി) [2] തുടങ്ങിയ നിരവധി ജീവികളുടെ ഇവിടെനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Remove ads
കാലാവസ്ഥ
ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.
രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും
മുൻപോട്ടുള്ള വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads