ഡാളസ്
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസ് സംസ്ഥാനത്തെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഡാളസ്(/ˈdæləs/)[8][9] വടക്കു-പടിഞ്ഞാറ് തെക്കു-കിഴക്ക് ദിശയിലൊഴുകുന്ന ട്രിനിറ്റി നദിയുടെ കരയിലെ നിമ്നോന്നതങ്ങളായ പ്രയറി പ്രദേശത്താണ് ഡാളസ് നഗരം വ്യാപിച്ചിരിക്കുന്നത്. ടെക്സസിലെ ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണ് ഏതാണ്ട് 360 കി. മീ വടക്കു-പടിഞ്ഞാറാണ് ഇത്. ട്രിനിറ്റി നദി ഡാളസിനെ രണ്ടു വ്യത്യസ്ത മേഖലകളായി വിഭജിക്കുന്നു. പ്രധാന വാണിജ്യ മേഖല നദിയുടെ കിഴക്കും വടക്കുമായി വ്യാപിച്ചിരിക്കുന്നു. അമേരിക്കയിലെ നാലാമത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശവും ദക്ഷിണ യു.എസിലെ നാലാമത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരവുമാണ് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്.[10][11][12] യു.എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം കോളിൻ, ഡാളസ്, ഡെന്റൺ, കോഫ്മാൻ, റോക്ക്‌വോൾ എന്നീ കൗണ്ടികളിലായി 1,197,816 പേർ ഡാളസ് നഗരത്തിൽ വസിക്കുന്നു.[13]

'ഡാളസ്' എന്ന നഗരനാമത്തിന്റെ യഥാർഥ ഉത്പത്തി ഇന്നും അജ്ഞാതമാണ്. എങ്കിലും യു. എസ്സിന്റെ പതിനൊന്നാം വൈസ് പ്രസിഡന്റായിരുന്ന ജോർജ് ഡാളസിന്റെ (George M. Dallas) പേരിൽ നിന്നാകാം നഗരനാമം നിഷ്പ്പന്നമായിട്ടുളളത് എന്നാണ് പൊതുവേയുള്ള വിശ്വാസം.1841-ൽ ഡാളസ് സ്ഥാപിക്കപ്പെട്ടു. 1856-ൽ പട്ടണ പദവിയിലേക്കുയർത്തപ്പെട്ട ഈ പ്രദേശം 1871-ൽ നഗരമായി വികസിച്ചു.
ഹ്രസ്വമായ വസന്തകാലവും തണുപ്പു കുറഞ്ഞ് ദൈർഘ്യമേറിയ മഞ്ഞുകാലവും ഈ പ്രദേശത്തെ കാലാവസ്ഥയുടെ പ്രത്യേകതയാകുന്നു. ഹ്രസ്വമായ വേനൽക്കാലത്ത് അസഹനീയമായ ചൂട് അനുഭവപ്പെടുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ കൃഷിയിടങ്ങളും ധാതുവിഭവങ്ങളും കൊണ്ട് സമ്പന്നമാണ്. യു.എസ്സിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന-വിപണന കേന്ദ്രങ്ങളിൽ ഒന്നാണ് ഡാളസ്. പ്രകൃതി വാതകവും പ്രകൃതി എണ്ണയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
യു. എസ്സിലെ ഒരു പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡാളസ്. വ്യോമയാന-ഇലക്ട്രോണിക്സ്-വൈദ്യുത സാമഗ്രികൾ, യന്ത്രസാമഗ്രികൾ എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങൾ.
കൗൺസിൽ മാനേജ്മെന്റ് മാതൃകയിലുളള ഭരണമാണ് ഡാളസിലേത്. ഒരു പ്രധാന ബാങ്കിംഗ് കേന്ദ്രവും കൂടിയാണ് ഈ നഗരം. ജില്ലാ ഫെഡറൽ റിസർവ് ബാങ്ക് ഉൾപ്പെടെ നൂറിലധികം ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. ധാരാളം റെയിൽപ്പാതകളും, റോഡുകളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഡാളസിനും ഫോർട്ട് വർത്ത് (Fortworth) നഗരത്തിനും മധ്യേയുളള, ഡാളസ്-ഫോർട്ട്വർത്ത് വിമാനത്താവളം യു. എസ്സിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്.
1911-ൽ സ്ഥാപിച്ച സതേൺ മെതേഡിസ്റ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഡാളസാണ്. ആർലിങ്ടണിലുളള ടെക്സസ് യൂണിവേഴ്സിറ്റി, ടെക്സസ് യൂണിവേഴിസിറ്റി ഹെൽത്ത് സയൻസ് സെന്റർ, ബിഷപ്പ് കോളജ് എന്നിവയാണ് ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടത് ഡാളസിൽ വച്ചാണ് (1963).
വാർഷികമേള നടക്കുന്ന ഫെയർ പാർക്ക്, 19ആം ശതകത്തിലെ കെട്ടിടങ്ങളുൾക്കൊളളുന്ന ഓൾഡ് സിറ്റി പാർക്ക്, കെന്നഡി ശവകുടീരം, താങ്ക്സ്-ഗിവിങ്-സ്ക്വയർ, റീ യൂണിയൻ ടവർ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽപ്പെടുന്നു.
Remove ads
കാലാവസ്ഥ
Remove ads
അവലംബം
സഹോദര നഗരങ്ങൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads