ഡെക്കാപോഡ

From Wikipedia, the free encyclopedia

ഡെക്കാപോഡ
Remove ads

ആർത്രൊപ്പോഡ (Arthropoda)[1] ജന്തുഫൈലത്തിലെ ക്രസ്റ്റേഷ്യ (Crustacea) വർഗത്തിന്റെ ഉപവർഗമായ മലാക്കോസ്ട്രാക്ക (Matacostraca)യിൽപ്പെടുന്ന ഗോത്രമാണ് ഡെക്കാപോഡ. ഏകദേശം 8500-ലധികം സ്പീഷീസ് ഉൾക്കൊള്ളുന്ന ഡെക്കാപോഡയിൽ ക്രസ്റ്റേഷ്യകളിൽ മൂന്നിലൊരു ഭാഗം ഉൾപ്പെടുന്നു. കൊഞ്ച്, കല്ലുറാൾ (lobster), ചിറ്റക്കൊഞ്ച് (cray fish), ഞണ്ട്, സന്ന്യാസി ഞണ്ട് തുടങ്ങിയവ ഇതിലെ അംഗങ്ങളാണ്. ഇവയ്ക്ക് അഞ്ചുജോടി വക്ഷക്കാലുകൾ (പെരിയോപോഡുകൾ) ഉള്ളതിനാലാണ് ഡെക്കാപോഡ എന്നു പേരു ലഭിച്ചത്. ഈ കാലുകൾ നടക്കുന്നതിനും, നീന്തുന്നതിനും കുഴികുഴിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്തത്തക്കവിധത്തിൽ രൂപപ്പെട്ടിരിക്കുന്നു. ആദ്യത്തെ ഒരു ജോടി കാലുകൾ ഉള്ളിലേക്ക് വലിക്കാവുന്ന നഖങ്ങളുള്ള കെലിപീഡു (cheliped)കളായി രൂപാന്തരപ്പെട്ടിരിക്കും. ഇവയാണ് ഡെക്കാപോഡകളുടെ പ്രതിരോധനാവയവങ്ങളായി വർത്തിക്കുന്നത്. കാലുകളിൽ ബഹിർപാദാംശം ഇല്ല എന്നുള്ളതാണ് മറ്റു ക്രസ്റ്റേഷ്യകളിൽ നിന്നുള്ള പ്രധാന വ്യത്യാസം.

വസ്തുതകൾ Scientific classification, Suborders ...
Remove ads

സമുദ്രജലജീവികൾ

Thumb
ചിറ്റക്കൊഞ്ച്

ഡെക്കാപോഡകൾ സമുദ്രജലജീവികളാണ്. വേലിയേറ്റ- വേലിയിറക്ക മേഖലാപ്രദേശങ്ങളിലെ സമുദ്രത്തിൽ 5,500 മീ. വരെ ആഴത്തിൽ ഇവയെ കാണാം. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ആഴം കുറഞ്ഞ സമുദ്രജലത്തിലാണ് ഇവ കൂടുതലായും വളരുന്നത്.

ഡെക്കാപോഡകളിൽ മൂന്നു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇതിൽ ആദ്യത്തേത് ഏറ്റവും ആദിമ ഇനമായ കൊഞ്ചുവർഗമാണ്. ഇവയ്ക്ക് സിലിറാകാരമാണുള്ളത്. ശരീരം പാർശ്വസമ്മർദിതമാണ്. ഉദരഭാഗം അധിവികാസം പ്രാപിച്ചിരിക്കുന്നു. കല്ലുറാൾ, ചിറ്റക്കൊഞ്ച് തുടങ്ങിയവ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ വിഭാഗം. വലിപ്പം കൂടിയ, ഏറെക്കുറെ പരന്ന ഉദരഭാഗമുള്ള ഇവ പാറകളുടേയും പവിഴപ്പുറ്റുകളുടേയും ഇടയ്ക്കുള്ള മാളങ്ങളിലാണ് കാണപ്പെടുന്നത്. നിരവധി സവിശേഷ ഗുണങ്ങളുള്ള ഞണ്ടുകളാണ് മൂന്നാമത്തെ വിഭാഗം. ഇവയുടെ ഉദരഭാഗം വളരെ ചെറുതും ശിരോവക്ഷത്തിനടിയിലായി സ്ഥിതി ചെയ്യുന്നതുമാണ്.

Remove ads

ശുദ്ധജലത്തിലും കാണപ്പെടുന്നവ

Thumb
സന്യാസി ഞണ്ട്
Thumb
ഞണ്ട്

ഒട്ടു മിക്ക ഡെക്കാപോഡകളും സമുദ്ര ജലജീവികളാണെങ്കിലും ഞണ്ടുകൾ, ചെമ്മീനുകൾ, ചിറ്റക്കൊഞ്ച് എന്നിവയുടെ ചില ഇനങ്ങളെ ശുദ്ധജലത്തിലും കാണാം. ചില ഞണ്ടുകൾ കരയിലും ജീവിക്കുന്നു. ഏറെ വാണിജ്യപ്രാധാന്യമുള്ള ഡെക്കാപോഡകളെ ഇപ്പോൾ വ്യാപകമായി വളർത്തി വരുന്നു. ചെമ്മീനുകൾ, കല്ലുറാൾ, ഞണ്ട്, ചിറ്റക്കൊഞ്ച് തുടങ്ങിയവ പോഷകസമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളാണെന്നതിനാൽ അവയ്ക്ക് ഏറെ കയറ്റുമതി മൂല്യവുമുണ്ട്.

പൊതുവായ പ്രത്യേകതകൾ

ഡെക്കാപോഡകളുടെ പൊതുവായ പ്രത്യേകതകൾ ഇവയാണ്:-

  • ശരീരം ശിരോവക്ഷം, ഉദരം എന്നീ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
  • കൈറ്റിൻ നിർമിതമായ ഒരു ബാഹ്യ അസ്ഥികൂടം ശരീരത്തെ പൊതിഞ്ഞിരിക്കുന്നു.
  • ശിരോവക്ഷത്തിനു പുറത്തായി പൃഷ്ഠകവചം (carapace)[2] എന്ന ആവരണം കാണപ്പെടുന്നു.
  • കനം കുറഞ്ഞതും വളയുന്നതുമായ ബാഹ്യാസ്ഥികൂടമാണ് കൊഞ്ചുകൾക്കുള്ളത്.
  • ഇവയുടെ പൃഷ്ഠകവചത്തിന്റെ അഗ്രഭാഗത്ത് ദന്തുരമായ ഒരു റോസ്ട്രം ഉണ്ട്.
  • താരതമ്യേന കട്ടിയുള്ളതും എന്നാൽ വളയുന്നതുമായ ബാഹ്യാസ്ഥികൂടമാണ് കല്ലുറാളുകൾക്കുള്ളത്.
  • ബലമുള്ളതും നല്ല കട്ടിയുള്ളതുമായ പൃഷ്ഠകവചം ഞണ്ടുകളുടെ പ്രത്യേകതയാണ്.

ഉപാംഗങ്ങൾ

(appendages)

Thumb
കല്ലുറാൾ

ഡെക്കാപോഡകൾക്ക് എല്ലാ ശരീരഖണ്ഡങ്ങളിലും ഉപാംഗങ്ങൾ (appendages) ഉണ്ടാവാം.[3] ആദ്യത്തെ മൂന്നു ജോടി വക്ഷീയ ഉപാംഗങ്ങൾ മാക്സിലിപീഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ബാക്കി അഞ്ചു ജോടി വക്ഷീയ ഉപാംഗങ്ങൾ കാലുകളായി വർത്തിക്കുന്നു. ഇവക്ക് അഞ്ചു ജോടി കാലുകളുണ്ട്. ഇവയിൽ ഒന്നാമത്തെ ജോടി കാലുകളെ കെലിപ്പീഡുകൾ (chelipeds)[4] എന്നു പറയുന്നു. മറ്റു കാലുകളെക്കാൾ ഏറെ വലിപ്പമുള്ളതും ബലിഷ്ഠവും പല്ലുകളുള്ളതുമായ കെലിപ്പീഡുകളാണ് ഡെക്കാപോഡകൾ പ്രതിരോധനത്തിനായി ഉപയോഗിക്കുന്നത്. കാലുകളിൽ ബഹിർപാദാംശം (exopod)[5] ഇല്ല എന്നതാണ് ഇവക്ക് മറ്റു ക്രസ്റ്റേഷ്യകളിൽ നിന്നുള്ള പ്രധാന വ്യത്യാസം. ഡെക്കാപോഡകളിൽ പൃഷ്ഠകവചം ഇരുവശങ്ങളിലേക്കും വളർന്ന് ഗില്ലുകൾക്കു മുകളിൽ ക്ലോമ അറ (branchial chamber)[6] ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

Remove ads

ശരീരഘടനയും സ്വഭാവരീതികളും

ശരീരഘടനയിലും സ്വഭാവരീതികളിലും ഡെക്കാപോഡകൾ ഏറെ വൈവിധ്യം പുലർത്തുന്നുണ്ട്. ഏറ്റവും ചെറിയ ഡെക്കാപോഡ സാൻഡ് ഡോളറുകൾക്കുള്ളിൽ സഹഭോജി (commensal)[7] കളായി ജീവിക്കുന്ന ഡിസ്സോഡാക്റ്റെലസ് (Dissodactylus)[8] എന്ന ഇനം ഞണ്ടാണ്. ഇവയുടെ പൃഷ്ഠകവചത്തിന്റെ വീതി ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ്. മാക്രോകീറാ കാംഫേറി (Macrocheira kaempferi)[9] എന്ന ജപ്പാനിലെ ചിലന്തിഞണ്ടിന്റെ പൃഷ്ഠകവചത്തിനു 45 സെ. മീറ്ററും കെലിപ്പീഡുകൾക്ക് നാലു മീറ്ററും നീളമുണ്ട്.

Remove ads

വായുടെഘടന

Thumb
ജപ്പാനിലെ ചിലന്തിഞണ്ട്

ഡെക്കാപോഡകൾക്ക് ആറു ജോടി വദനാംഗങ്ങളുണ്ട്. അധരവശത്തു കാണുന്ന വായക്കു ചുറ്റുമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയിൽ മൂന്നു ജോടി പശ്ച (പിൻ) വദനാംഗങ്ങൾ വക്ഷക്കാലുകളായി രൂപാന്തരപ്പെടുന്നു. ഏറ്റവും പുറമേ കാണുന്ന മൂന്നാമത്തെ മാക്സിലിപ്പീഡുകളാണ് മറ്റു വദനാംഗങ്ങളെ മൂടുന്നത്. ഡെക്കാപോഡകളിൽ ഇര പിടിയന്മാരും ശവം തീനികളുമുണ്ട്. കെലിപ്പീഡുകൾ ഉപയോഗിച്ച് ശേഖരിക്കുന്ന ആഹാരം മൂന്നാമത്തെ മാക്സിലിപ്പീഡുകളിലേക്ക് കൈമാറി പിന്നീട് മറ്റു വദനാംഗങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ആമാശയ അറയ്ക്കുള്ളിൽ കാണുന്ന പ്ലേറ്റുകളുടേയും മുള്ളുകളുടേയും സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കളെ അരച്ചെടുക്കുന്നത്. ഈ ഘടകങ്ങളെ ഗ്യാസ്ട്രിക് മിൽ (Gastric mill) എന്ന് പറയുന്നു. ഡെക്കാപോഡകളിൽ ഫിൽട്ടർ ഫീഡറുകളുമുണ്ട്.

Remove ads

ശ്വസനാവയവം

ഡെക്കാപോഡകളുടെ ശ്വസനാവയവം ഗില്ലുകൾ ആണ്. ഇവയുടെ എണ്ണവും സ്ഥാനവും ഓരോ സ്പീഷീസിലും വ്യത്യസ്തമായിരിക്കും. ശരീരത്തിലെ ഗില്ലുകളുടെ സ്ഥാനം അനുസരിച്ചാണ് അവയ്ക്ക് പേരുകൾ നിശ്ചയിക്കുന്നത്. രക്തത്തിലെ പ്ലാസ്മയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഹീമോസയാനിൻ എന്ന വർണകമാണ് ഓക്സിജൻ പരിവഹനം സാധ്യമാക്കുന്നത്. രണ്ടാമത്തെ മാക്സില്ലയിലെ (വദനഉപാംഗം) വികാസം പ്രാപിച്ച പങ്കായം പോലുള്ള സ്കാഫോഗ്നാതൈറ്റ് (scaphognathite) ഗില്ലുകൾക്ക് മുകളിലൂടെ സ്ഥിരമായി ജലം കടത്തിവിടുന്നതിനു സഹായിക്കുന്നു.

Remove ads

ഹൃദയം

വക്ഷഭാഗത്ത് സ്ഥിതിചെയ്യുന്ന ഹൃദയത്തിനു പെട്ടിയുടെ ആകൃതിയാണുള്ളത്. മറ്റ് ആർത്രൊപോഡകളെപ്പോലെ ഒരു വിവൃത പരിസഞ്ചരണ വ്യവസ്ഥയാണ് (open circulatory system) ഡെക്കാപോഡകൾക്കുമുള്ളത്.

വിസർജനാവയവം

ഡെക്കാപോഡകളുടെ മുഖ്യ വിസർജനാവയവം ആന്റെനയിൽ കാണുന്ന ഗ്രീൻ ഗ്ലാൻഡുകളാണ്. കൂടുതൽ ഗതിശീലതയുള്ള നേത്രവൃന്ദവും സംയുക്തനേത്രങ്ങളും ഡെക്കാപോഡകളുടെ മറ്റു പ്രത്യേകതകളാണ്. ആന്റെന സ്പർശനേന്ദ്രിയങ്ങളായും രാസഗ്രാഹികളായും വർത്തിക്കുന്നു. ആന്റെനയുടെ പശ്ച ഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന സംതുലനപുടികൾ (statocysts) ആണ് ശരീരത്തിന്റെ സംതുലനത്തിനായി പ്രവർത്തിക്കുന്നത്.

ഉത്പാതനാവയവം

മിക്ക ഡെക്കാപോഡകളിലും ആദ്യത്തെ ഒരു ജോടി പ്ലവപാദങ്ങൾ (pleopods) സംയുഗ്മന അംഗങ്ങളായി (copulatory appendages) രൂപാന്തരപ്പെട്ടിരിക്കുന്നു. പെൺജീവികളുടെ ശരീരത്തിലേക്ക് ബീജം കൈമാറ്റം ചെയ്യുന്നത് സംയുഗ്മനാംഗങ്ങൾ വഴിയാണ്. ബീജാണുധരം (spermatophore) വഴിയാണ് ബീജം കൈമാറ്റം ചെയ്യുന്നത്. സാധാരണയായി പെൺജീവികളുടെ ഉരോസ്ഥി (sternum)യിലെ ഒരു പ്രത്യേക അറയിലാണ് ബീജംശേഖരിച്ചുവയ്ക്കുന്നത്.

മുട്ടനിക്ഷേപിക്കുന്ന രീതി

ഡെക്കാപോഡകൾ മുട്ട നിക്ഷേപിക്കുന്ന രീതിക്കും വ്യത്യാസമുണ്ട്. പിനയിഡ് (penaeid) ചെമ്മീനുകൾ മുട്ടകൾ വെള്ളത്തിൽ നേരിട്ട് നിക്ഷേപിക്കുമ്പോൾ മറ്റുള്ളവ പ്ലവ പാദങ്ങളിൽ അവ ഒട്ടിച്ചു വച്ച് നടക്കും. കരയിൽ ജീവിക്കുന്ന ഞണ്ടുകളും മുട്ടയിടാൻ വെള്ളത്തിലെത്തും. ഇവക്ക് സ്വതന്ത്രമായ ലാർവകൾ ഉണ്ടാവില്ല. മറ്റു ഡെക്കാപോഡകളെല്ലാം നിരവധി ലാർവാ ദശകൾ വഴിയാണ് ജീവിതചക്രം പൂർത്തിയാക്കുന്നത്. നോപ്ലിയസ് (nauplius), മെറ്റാനോപ്ലിയസ് (metanauplius), പ്രോട്ടോസോയിയ (protozoea), സോയിയ (zoea), മൈസിസ് (mysis) എന്നിവ ചെമ്മീനുകളുടെ ലാർവകളാണ്. ഞണ്ടുകളുടെ പ്രധാന ലാർവ മെഗാലോപ (megalopa) ആണ്. കല്ലുറാളിന്റെ പ്രധാന ലാർവ ഫില്ലോസോമ (phyllosoma) എന്ന പേരിലറിയപ്പെടുന്നു.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads