ഡ്രോസെറേസി
From Wikipedia, the free encyclopedia
Remove ads
കീടഭോജികളായ സസ്യങ്ങളുൾപ്പെടുന്ന സസ്യകുടുംബമാണ് ഡ്രോസെറേസി. ദ്വിബീജ പത്രി സസ്യവിഭാഗത്തിലെ സരാസിനിയേലിസ് (Sarraceniales) ഗോത്രത്തിൽപ്പെടുന്ന ഈ കുടുംബത്തിൽ നാല് ജീനസുകളും തൊണ്ണൂറോളം സ്പീഷീസുമുണ്ട്. ഡ്രോസെറ ഒഴികെ മറ്റു മൂന്നു ജീനസുകൾക്കും ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഡ്രോസെറയ്ക്ക് 85-ലധികം സ്പീഷീസുണ്ട്. ഡ്രോസോഫില്ലം (Drosophyllum) മൊറോക്കോ മുതൽ പോർച്ചുഗൽ വരെയുള്ള പ്രദേശങ്ങളിലും സ്പെയിനിന്റെ തെക്കൻ പ്രദേശങ്ങളിലും വളരുന്നു. ഡയോണിയ (Venus fly trap) യു.എസ്സിലും അൽഡ്രോവാൻഡ (Aldrovanda) ആസ്റ്റ്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, വടക്കു കിഴക്കൻ ഏഷ്യ, ഇന്ത്യയിലെ ബംഗാൾ എന്നിവിടങ്ങളിലും വളരുന്നു. ജലനിമഗ്ന സസ്യമായ അൽഡ്രോവാൻഡയ്ക്ക് വേരുകളില്ല.
Remove ads
സവിശേഷതകൾ
ഏകവർഷിയോ ദ്വിവർഷിയോ ആയ ഓഷധികളാണ് ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങൾ. ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയുടെ കാണ്ഡം വളരെ ചെറുതാണ്. കാണ്ഡത്തിന്റെ ചുവട്ടിലുള്ള ഇലകൾ പുഷ്പാകാരികമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. തളിരിലകൾ ചുരുണ്ടിരിക്കും. ഡയോണിയയിലൊഴികെയുള്ള ഇനങ്ങളിലെല്ലാം ഇലകൾക്കിരുവശത്തും സവൃന്ത ഗ്രന്ഥികളുണ്ടായിരിക്കും. ഈ ഗ്രന്ഥികളുടെ സഹായത്താലാണ് ഇവ ചെറുകീടങ്ങളെ കെണിയിലകപ്പെടുത്തുന്നത്.
Remove ads
പുഷ്പം
ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങളുടെ പുഷ്പങ്ങൾ ദ്വിലിംഗിയാണ്. ചിരസ്ഥായിയായ നാലോ അഞ്ചോ ബാഹ്യദള പുടങ്ങളും, അഞ്ചു ദളങ്ങളും, 5-20 കേസരങ്ങളും, മൂന്നോ നാലോ വർത്തികകളും ഉണ്ടായിരിക്കും. ചില ഇനങ്ങളിൽ വർത്തിക വിഭജിതമായിക്കാണുന്നുണ്ട്. അനേകം വിത്തുകളുള്ള കോഷ്ഠ വിദാരക സംപുട(loculicidal capsule)മാണ് ഫലം.
സാമ്പത്തിക പ്രാധാന്യം
ഡ്രോസെറേസി കുടുംബത്തിൽപ്പെടുന്ന സസ്യങ്ങൾക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമില്ല. ഡയോണിയ അലങ്കാര സസ്യമായി നട്ടുവളർത്തുന്നു. ഡ്രോസെറയുടെ ഇലയിൽ നിന്ന് വയലറ്റ് നിറത്തിലുള്ള ചായം ലഭിക്കുന്നു.
Droseraceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്രോസെറേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads