ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

From Wikipedia, the free encyclopedia

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
Remove ads

ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി. നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 മാർച്ച് 20-ന് ചാർട്ടർ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തിൽ സഹായം നൽകുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങൾ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവർത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം നൂറ്റാണ്ടുകളിൽ തെക്കുകിഴക്കേ ഏഷ്യയിൽ ഡച്ച് കൊളോണിയൽ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.

വസ്തുതകൾ Former type, വ്യവസായം ...
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
Remove ads

പടിഞ്ഞാറും കിഴക്കും തമ്മിൽ വ്യാപാരബന്ധം

പടിഞ്ഞാറൻ രാജ്യങ്ങൾ (യൂറോപ്പിലെ ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയവ) കിഴക്കൻ രാജ്യങ്ങളുമായി (ഇന്ത്യ, ഇന്തോനേഷ്യ ദ്വീപസമൂഹം, ചൈന, ബർമ, മലയ, സിലോൺ തുടങ്ങിയവ) വ്യാപാരം നടത്തുന്നതിന് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി 1600-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടിൽ രൂപവത്കൃതമായതോടെ ഡച്ചുകാർ അവരുടെ വാണിജ്യതാത്പര്യാർഥം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സ്ഥാപിക്കുകയുണ്ടായി(1602). 1664-ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും രൂപീകരിക്കപ്പെട്ടു. ഇന്തോനേഷ്യൻ ദ്വീപ സമൂഹങ്ങളിലായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യം കേന്ദ്രീകരിച്ചത്. ജാവ ദ്വീപിലെ ബത്തേവിയയിൽ (ജക്കാർത്ത) 1619-ൽ കമ്പനി അതിന്റെ ആസ്ഥാനം ഉറപ്പിച്ചു. നെതർലൻഡ്സ് സർക്കാർ ഈ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരകാര്യങ്ങളിൽ കുത്തകാവകാശം നൽകി. സേനയെ നിലനിറുത്താനും യുദ്ധം ചെയ്യാനും ഭരണകാര്യങ്ങൾ നിർവഹിക്കാനും ഇവർക്ക് അധികാരം നൽകിയിരുന്നു. കമ്പനിക്ക് കപ്പൽസേനാ രൂപീകരണാവകാശവും ലഭിച്ചിരുന്നു. 17-ആം നൂറ്റാണ്ടിൽ വ്യാപാര കാര്യങ്ങൾക്കായി കമ്പനിക്ക് നൂറോളം കപ്പലുകളാണ് ഉണ്ടായിരുന്നത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യാ മഹാസമുദ്രമേഖലയിലെ വാണിജ്യകാര്യങ്ങളുടെ കുത്തക കമ്പനി കയ്യടക്കുകയുണ്ടായി.

Remove ads

കമ്പനിയുടെ വ്യാപാര മേഖല

Thumb
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയം 1735.

മലയൻ ദ്വീപസമൂഹവും ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ വ്യാപാര മേഖലയിൽപ്പെട്ടിരുന്നു. കമ്പനിയുടെ ദക്ഷിണാഫ്രിക്കൻ കോളനി 1652-ൽ ഗുഡ്ഹോപ്പ് മുനമ്പിൽ സ്ഥാപിതമായി. 1669-ഓടെ കമ്പനിയുടെ വളർച്ച അതിന്റെ പാരമ്യതയിലെത്തി. 18-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായുണ്ടായിരുന്ന വ്യാപാരമത്സരം കമ്പനിയെ ക്രമേണ ദുർബലമാക്കി. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കമ്പനിയുടെ ഋണബാദ്ധ്യതയും വളരെ വർധിച്ചു. ഇതര രാജ്യങ്ങളുമായി തുടരെത്തുടരെയുണ്ടായ ഡച്ച് പോരാട്ടങ്ങളും, കമ്പനിക്കുള്ളിലുണ്ടായിരുന്ന അഴിമതിയും അതിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കി. ഇതിനെത്തുടർന്ന് ഡച്ച് ഗവൺമെന്റ് കമ്പനിയുടെ ചാർട്ടർ പിൻവലിക്കുകയും 1799-ൽ അതിന്റെ ആസ്തി ബാദ്ധ്യതകൾ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ കീഴിലുണ്ടായിരുന്ന ദ്വീപു രാജ്യങ്ങൾ പിൽക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായി. ഇവ പിന്നീട് ഇന്ത്യോനേഷ്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ടു.

Remove ads

ഇവ കൂടി കാണുക

ഡച്ച് വെസ്റ്റ്‌ ഇന്ത്യാ കമ്പനി

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads