പന്നിപ്പനി

സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധ From Wikipedia, the free encyclopedia

പന്നിപ്പനി
Remove ads

ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്. ഇംഗ്ലീഷ്:swine flu, Swine influenza, hog flu; ശാസ്ത്രീയമായി എ/എച്ച് 1എൻ1 ഇൻഫ്ലൂവെൻസ (A/H1N1 influenza) എന്നും വിളിക്കുന്നു. പന്നിയും മനുഷ്യനുമാണ്‌ പ്രധാന ആതിഥേയ ജീവികൾ. ഈ പനിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവപരമ്പരകളിൽ ആദ്യത്തേത് 2009 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മെക്സിക്കോയിൽ നിന്ന് ആരംഭിച്ച് ഏതാണ്ട് 63 [1]ഓളം രാജ്യങ്ങളിലേക്ക് പകർന്നതായി കരുതുന്നു. 1918-ൽ ആദ്യമായി കണ്ടുതുടങ്ങിയ ഈ അസുഖത്തിന്റെ കാരണകാരിയായ വൈറസുകൾ 2009 ആയപ്പോഴേക്കും നിരവധി ഉപവിഭാഗങ്ങളായി കണ്ടുതുടങ്ങി. ഇതിൽ ഇൻഫ്ലുവെൻസ സി വൈറസ് എന്ന വ്യത്യസ്ത തരവും എച്ച്1എൻ1, എച്ച്1എൻ2, എച്ച്3എൻ1, എച്ച്3എൻ2, എച്ച്2എൻ3 എന്നീ ഉപവിഭാഗവും കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു.

വസ്തുതകൾ


സാധാരണയായി പന്നികളിൽ മാത്രമാണ് ടൈപ്പ് എ ഇൻഫ്ലുവൻസ വൈറസുകൾ‌ ഈ രോഗത്തിനു കാരണമാവുക[2]. അപൂർവ്വമായി പന്നികളിൽനിന്നും മനുഷ്യരിലേക്ക് പകരാറുള്ള ഈ വൈറസുകൾ പക്ഷേ കൂടുതൽ പേർക്കും രോഗാവസ്ഥ ഉണ്ടാക്കാറില്ല. വൈറസുകൾക്കെതിരായ ആൻറിബോഡിയെ മനുഷ്യരക്തത്തിൽ സൃഷ്ടിക്കാൻ മാത്രമേ അതിനു കഴിയാറുള്ളൂ. പന്നിയിറച്ചു ഭക്ഷിക്കുന്നതുമൂലവും വൈറസ് പകരില്ല. രോഗബാധിതമായ പന്നിക്കൂട്ടങ്ങളുമായ വളരെ അടുത്തിടപഴകുന്ന മനുഷ്യർക്ക് അവരുടെ പ്രതിരോധനിലയ്ക്കനുസരിച്ചാണ് ഈ രോഗം ഉണ്ടാവുന്നത്. വളരെ അപൂർ‍വമായ മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനും സാധ്യതയുണ്ട്. പക്ഷികളിൽ കാണപ്പെടുന്ന വൈറസിന്റെയും പന്നികളിൽ കാണപ്പെടുന്ന വൈറസിന്റെയും ജനിതകാംശങ്ങൾ അടങ്ങിയിട്ടുള്ള വൈറസാണ്‌ ഈ രോഗത്തിന് നിദാനമെന്ന് കരുതപ്പെടുന്നു. 2009-ല് ഉണ്ടായ ഏറ്റവും പുതിയ പകർച്ചപ്പനി എച്ച്1എൻ1 ന്റ്റെ എ ഉപവിഭാഗത്തിൽ പെടുന്ന വൈറസ് മൂലമാണെന്നാണ് കരുതുന്നത് ഇത് പന്നിപ്പനിയുണ്ടാക്കിയ വൈറസിനോട് സമാനമാണ്. ഈ വൈറസിൻറെ ഉത്ഭവകാരണം അജ്ഞാതമാണ്. പന്നികളിൽ നിന്ന് ഈ ഉപവിഭാഗം കണ്ടെത്താനായിട്ടില്ല.[3] ഈ ഉപവിഭാഗത്തിന് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള കഴിവുണ്ട്. [4] പകർന്നാൽ സാധാരണ ഫ്ലൂവിൻറെ ലക്ഷണങ്ങളാണ് കാണിക്കുക. [5]

Thumb
പുനർവിന്യസിക്കപ്പെട്ട എച്ച്1എൻ1 ഇൻഫ്ലുവെൻസ വൈറസിന്റെ ഇലക്ട്രോൺ സൂക്ഷമദർശിനിയിൽലൂടെയുള്ള ദൃശ്യം. ഈ വൈറസുകൾ 80-120 നാനോമീറ്റർ വ്യാസം ഉള്ളവയാണ്‌. [6]

ബോസ്റ്റണിൽ അവധിക്കാലം ചിലവിട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ കോയമ്പത്തൂർകാരിയായ 34 വയസ്സുള്ള സ്ത്രീക്കും അവരുടെ എട്ട് വയസ്സുകാരൻ മകനും ഈ പനി കണ്ടെത്തിയതോടെ[7] ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം വീണ്ടും നൽകിക്കഴിഞ്ഞു. ഹൈദരാബാദിൽ രേഖപ്പെടുത്തിയ ആദ്യത്തെ രോഗിയെ രോഗം ഭേദമായതിനെത്തുടർന്ന് 2009 മേയ് അവസാനത്തോടെ വിട്ടയച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ എച്ച്.1.എൻ.1. പനി മരണം 2009 ഓഗസ്റ്റ് 3 - ന്‌ പൂനെയിൽ റിപ്പോർട്ട് ചെയ്തു[8]. കേരളത്തിലെ ആദ്യത്തെ മരണം സംഭവിച്ചത് 2009 ഓഗസ്റ്റ് 11-ന്‌ തിരുവനന്തപുരത്താണ്[9]‌.

Remove ads

വർഗ്ഗീകരണം

മനുഷ്യന് ഫ്ലൂ വരുത്താൻ കാരണമായ മൂന്നു ജനുസ്സുകളിൽ പെട്ട വൈറസുകളിൽ രണ്ടിന് പന്നികളിലും ഫ്ലൂ വരുത്താൻ കഴിവുണ്ട്. ഇതിൽ ഇൻഫ്ലുവെൻസ എ എന്ന വിഭാഗമാണ്‌ കൂടുതലായും കാരണമാകുന്നത്. ഇൻഫ്ലുവെൻസ സി എന്ന രണ്ടാമത്തെ വിഭാഗം അപൂർവമായേ രോഗകാരണമാകാറുള്ളൂ. [10] ഇൻഫ്ലുവെൻസ ബി എന്ന വൈറസ് മനുഷ്യനെ ബാധിക്കുന്നുണ്ടെങ്കിലും പന്നികളെ ഇതുവരെ ബാധിച്ചതായി അറിവില്ല. എ യിലേയും സി യിലേയും വൈറസുകളിൽ തന്നെ മനുഷ്യനേയും പന്നിയേയും ബാധിക്കുന്ന വൈറസുകൾ അല്പം വ്യത്യസ്തമാണ്‌. പന്നി, പക്ഷി, മനുഷ്യൻ എന്നീ ആതിഥേയ ജീവികളിലേക്ക് പകരുമ്പോൾ ഉണ്ടാകുന്ന ജനിതകമായ മാറ്റങ്ങൾ മൂലമാണിത് സംഭവിക്കുന്നത്. ഇത്തരം പ്രതിലോമ ജനിതക മാറ്റങ്ങൾ അഥവാ (Reverse genetic encoding) മ്യൂട്ടേഷൻ ഓർത്തോമിക്സോ വൈറസുകളിൽ കണ്ടുവരുന്നുണ്ട്. [11]

ഇംഫ്ലുവെൻസ സി വൈറസ്

ഇത് മനുഷ്യനേയും പന്നിയേയും ബാധിക്കുന്ന തരമാണ്‌. പക്ഷികളിൽ രോഗകാരണമാവാറില്ല. [12] പന്നികൾക്കും മനുഷ്യർക്കുമിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഈ വൈറസുകൾ പകർന്നിട്ടുണ്ട് [13] ജപ്പാനിൽ കുട്ടികൾക്കിടയിൽ ചെറിയതോതിൽ പടർന്നുപിടിച്ച പന്നിപ്പനി ഇതിനുദാഹരണമാണ്‌. [14] മറ്റൊരുദാഹരണം കാലിഫോർണിയയിൽ പടർന്ന സംഭവമാണ്‌.[14] ആതിഥേയരുടെ പരിമിതിമൂലവും ജനുസ്സിന്റെ വൈവിധ്യം കുറവായതിനാലും ഈ വൈറസുകൾ ദൂരവ്യാപകമായ പകർച്ചവ്യാധി ഉണ്ടാക്കാറില്ല. [15]

Thumb
ഇൻഫ്ലുവെൻസ എ വൈറസ്- ലേറ്റ് പാസ്സേജ് ഘട്ടത്തിൽ വച്ച് ഇലക്റ്റ്രോൺ ഭൂതക്കണ്ണാടി വച്ചെടുത്ത ദൃശ്യം

സാധാരണയായി ശ്വാസകോശത്തിൽ ചെറിയ തോതിൽ അണുബാധയും കഫക്കെട്ടുമുണ്ടാക്കാനേ ഈ വൈറസിനു സാധിക്കൂ. [16]എന്നാൽ അധോശ്വാസകോശത്തിൽ ബാധിക്കുക വഴി ന്യൂമോണിയ പോലുള്ള അസുഖങ്ങൾ വരുത്താനും ചിലപ്പോൾ ഇതിനു സാധിച്ചേക്കാം. [17] സെറോ എപിഡെമിയോളജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസുകൾ ലോകത്തിന്റെ നാനാഭാഗത്തും ഉണ്ടെന്നാണ്‌. [18] [19] [20] [21]എന്നാൽ ഇവക്ക് പെട്ടെന്ന് പകർച്ചവ്യാധിയായി വ്യാപിക്കാനുള്ള കഴിവുകുറവായതിനാൽ എ/ബി വൈറസുകളെ താരതമ്യം ചെയ്ത് നോക്കുമ്പോൾ വളരെക്കുറച്ചുമാത്രമേ രോഗകാരണമാകാറുള്ളൂ. [22] [23]

ഇൻഫ്ലുവെൻസ എ വൈറസ്

Thumb
എച്ച്3എൻ2 എന്ന വൈറസ്. ഹോങ്കോങ് ഫ്ലൂ പരത്തിയത് ഈ വൈറസാണ്‌

ഓർത്തോമിക്സോ വൈറസ് ജനുസ്സിൽ പെടുന്നവ തന്നെയാണ്‌ ഇൻഫ്ലുവെൻസ എ വൈറസും. ഇതിൽ തന്നെ 16 ഉപവിഭാഗങ്ങൾ ഉണ്ട്. ഇൻഫ്ലുവെൻസ എ വൈറസുകളിലെ എച്ച് എ ഉപവിഭാഗങ്ങളിലെ 16 എണ്ണത്തിനും മനുഷ്യനിൽ രോഗമുണ്ടാക്കാൻ കഴിവുണ്ടെങ്കിലും എച്ച്1, എച്ച്2, എച്ച്3 എന്നീ ഉപവിഭാഗങ്ങളിലെ വൈറസുകൾ മാത്രമേ ഇതുവരെ മനുഷ്യനെ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളൂ. [24]സി യെ അപേക്ഷിച്ച് കൂടുതൽ മാരകമായ ജനുസ്സാണ്‌ എയും അതിന്റെ ഉപതരങ്ങളും. പന്നിപ്പനി പ്രധാനമായും ഇൻഫ്ലുവെൻസ എ ഉപതരങ്ങളായ [25] എച്ച്1എൻ2,[25] എച്ച്3എൻ1,[26] എച്ച്3എൻ2,[25] and എച്ച്2എൻ3.[24] എന്നിവ മൂലമാണുണ്ടാവുന്നത്. എച്ച്1എൻ1, എച്ച്3എൻ2, എച്ച്1എൻ2 എന്നീ വൈറസുകളാണ് ലോകത്തെമ്പാടും പന്നികളെ ബാധിക്കുന്നതായി കണ്ടുവരുന്നത്. [27] അമേരിക്കൻ ഐക്യനാടുകളിൽ 1998 നു മുൻപ് എച്ച്1എൻ1 എന്ന തരമായിരുന്നു കൂടുതലായും പന്നികളെ ബാധിച്ചിരുന്നതെങ്കിലും 1998 ആഗസ്റ്റോടെ എച്ച്3എൻ2 എന്ന വ്യത്യസ്തതരവും കാണപ്പെട്ടുതുടങ്ങിയിരുന്നു. 2004 ലെ അനുമാനപ്രകാരം എച്ച്3എൻ2 എന്ന ഉപവിഭാഗം മൂന്ന് തവണ പുനർവ്യാപനം ചെയ്യപ്പെട്ട വൈറസാണ്. ഇതിൽ മനുഷ്യനെ ബാധിക്കുന്ന ഇൻഫ്ലുവെൻസ വൈറസിൻറെയും (എച്ച്‍എ, എൻ‍എ, പിബി1) പന്നിപ്പനി, (എൻ‍എസ്, എൻ‍പി, എം) പക്ഷിപ്പനി വൈറസുകളുടെയും (പിബി2, പി‍എ) ജനിതക ഘടങ്ങളുടെ അവശിഷ്ടങ്ങൾ പേറുന്നു. [28]

Thumb
പക്ഷിപ്പനിയുണ്ടാക്കുന്ന എച്ച്5എൻ1 എന്ന വൈറസ്

ഇതിൻറെ അർത്ഥം പന്നിപ്പനി വൈറസായ എച്ച്1എൻ1 മനുഷ്യനിൽ ഉണ്ടാവുന്ന ഇൻഫ്ലുവെൻസ വൈറസുമായും പക്ഷിപ്പനിയുണ്ടാക്കുന്ന വൈറസുമായും കലർന്ന് ജനിതകഘടകങ്ങൾ പുനർ‍വ്യാപനം നടത്തി പുതിയ ജനുസ്സുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.

എച്ച്2 ഇൻഫ്ലുവെൻസ വൈറസുകൾ 1968 നുശേഷം മനുഷ്യനെ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ മാരകമായ രോഗകാരകശേഷി അതിനുണ്ട്.

Remove ads

ചരിത്രം

Thumb
വൈറസിന്റെ വിവിധ ഉപവിഭാഗങ്ങൾ വിവിധകാലഘട്ടങ്ങളിൽ ഉണ്ടായതിന്റെ ഗ്രാഫ്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകൾ മനുഷ്യന്‌ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. എബോള ഐവറികോസ്‌റ്റ്‌, ആൻഡിസ്‌ വൈറസ്‌, ഹെപ്പറ്റിറ്റിസ്‌-എഫ്‌, ജി, പൈറൈറ്റിൽ, ബ്ലാക്ക്‌ ലഗൂൺ വൈറസ്‌, നിപാ, ഒസ്‌കാർ വൈറസ്‌ എന്നിവയൊക്കെ അതിൽ പെടുന്നു. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അംഗങ്ങളാണ്‌ സാർസ്‌ വൈറസും പന്നിപ്പനി വൈറസും. 1968 ൽ ഹോങ്കോങ് ഫ്ളൂവിൽ ലോകത്താകെ പത്ത് ലക്ഷം പേർ മരിച്ചിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് സാധാരണയായി പന്നികളിലാണ് കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവർക്കാണ് രോഗം പിടിക്കുന്നത്. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പകർച്ചബാധ മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കും സംഭവിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.

2009-ലെ മഹാമാരിയിൽ ഏപ്രിൽ രണ്ടിന്‌ വെരാക്രൂസിലെ തീരപ്രദേശത്തുള്ള ഒരു ബാലന്‌ ഈ വൈറസ്‌ പനി ബാധിച്ചതായി കണ്ടെത്തി‌. 2009 ഏപ്രിൽ 27-ഓടെ മെക്സിക്കോയിൽ നൂറിലധികം പേരുടെ മരണത്തിനു ഈ അസുഖം കാരണമായെന്നു കരുതുന്നു. [29].

മെക്സിക്കോയിൽ പടർന്നു പിടിച്ച(സ്വൈൻ ഫ്ളൂ) പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 149 കവിഞ്ഞു. ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തു വിട്ടിരിയ്ക്കുന്നത്. രാജ്യത്തെ 31 സംസ്ഥാനങ്ങളിലും പന്നിപ്പനി കണ്ടെത്തിയിട്ടുണ്ട്‌. യു.എസ്‌.എ.യും കാനഡയും ന്യൂസിലൻഡും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്ക്‌ രോഗം പടർന്നു കഴിഞ്ഞു. ആഗോളതലത്തിൽ ഒരു മഹാമാരിയാകാൻ എല്ലാ സാധ്യതയുമുള്ള വൈറസാണ്‌ പന്നിപ്പനിയുടേതെന്നും, അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന തുടക്കത്തിൽ തന്നെ മുന്നറിയിപ്പ്‌ നൽകി. മെക്‌സിക്കോയ്‌ക്കുള്ള യാത്ര ഒഴിവാക്കാനും യു.എസ്‌.എ.യിലേക്ക്‌ കഴിയുമെങ്കിൽ യാത്ര ചെയ്യാതിരിക്കാനും സ്വന്തം പൗരൻമാർക്ക്‌ യൂറോപ്യൻ യൂണിയനും നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇസ്രയേൽ, ബ്രസീൽ, ഗ്വാട്ടിമാല, പെറു, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അമേരിക്കയിൽ 40 പേർക്കും കാനഡയിൽ ആറു പേർക്കും പനി ബാധിച്ചിട്ടുണ്ട്. പനി മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ രംഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന നിർദ്ദേശം നൽകി.[30] ഏഷ്യാ പസിഫിക് മേഖലയിൽ ഏതാണ്ട് 705 ഓളം പന്നിപ്പനി രോഗികളെ രേഖപ്പെടുത്തിക്കഴിഞ്ഞു. [31]

പന്നിപ്പനിക്കെതിരായ വാക്സിൻ ഉണ്ടാക്കാനായി ലോകാരോഗ്യ സംഘടന ഇന്ത്യയിൽ ചുമതലപ്പെടുത്തിയിരിക്കുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയെ മാത്രമാണ്‌. പക്ഷേ ഇതുവരെ വാക്സിൻ ഉണ്ടാക്കുവാനാവശ്യമായ ഘടകങ്ങൾ ഇന്ത്യയിലെത്തിച്ചിട്ടില്ല എന്നതിനാൽ വാക്സിൻ ഉണ്ടാക്കാൻ കാലതാമസം വരുത്തുന്നുണ്ട്. ഹൈദരാബാധിൽ പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടയാളുടെ മൂക്കിൽ നിന്ന് എടുത്ത പരീക്ഷണാംശങ്ങളിൽ നിന്ന് വൈറസിനെ വളർത്താൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. [32]

Thumb
Remove ads

ലക്ഷണങ്ങൾ

Thumb
പന്നിപ്പനിയുടെ ലക്ഷണങ്ങൾ

മനുഷ്യരിൽ പനി, ശരീരവേദന, തലവേദന, തൊണ്ടവേദന, ചുമ എന്നിവയാണ്‌ രോഗലക്ഷണങ്ങൾ. ചിലപ്പോൾ രോഗിക്ക് വയറിളക്കവും ചർദ്ദിയും അനുഭവപ്പെടാറുണ്ട്.

ചികിത്സ/ഔഷധങ്ങൾ

ടാമിഫ്ലൂ (Tamiflu - oseltamivir), റെലെൻസ (Relenza - zanamivir )എന്നീ മരുന്നുകൾ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. [33]

രോഗം ബാധിച്ചവരെ പ്രത്യേകമായിട്ടുള്ള വസതികളിൽ/അറകളിൽ പാർപ്പിക്കേണ്ടിവരുന്നു. (ക്വാറന്റീൻ) മറ്റു രോഗികളുമായി ഇവരെ ബന്ധപ്പെടാൻ അനുവദിക്കാറില്ല. ചികിത്സിക്കുന്ന വൈദ്യന്മാരും സഹായികളും പ്രത്യേകം മുഖാവരണങ്ങൾ ധരിക്കേണ്ടതുണ്ട്.

പ്രതിരോധമാർഗങ്ങൾ

പന്നിപ്പനി പകരാതിരിക്കാൻ

  • കൈകൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക.
  • ജനത്തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുക.
  • പനി ബാധിച്ചവരിൽ നിന്ന് ഒരു കൈയ്യുടെ അകലമെങ്കിലും സൂക്ഷിക്കുക.
  • നല്ലവണ്ണം ഉറങ്ങുക.
  • ധാരാളം വെള്ളം കുടിക്കുകയും പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യുക.
  • പനി പടർന്ന് പിടിക്കുന്ന അവസരത്തിൽ ഹസ്തദാനം നടത്താൻ മുതിരാതിരിക്കുക.
  • പൊതു സ്ഥലത്ത് തുപ്പാതിരിക്കുക.

പനി ബാധിച്ചവർ ചെയ്യേണ്ടത്.

  • വീട്ടിൽ തന്നെ പരമാവധി കഴിയുക. [അവലംബം ആവശ്യമാണ്]
  • മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാ‍വധി കുറയ്ക്കുക.
  • നല്ലവണ്ണം വിശ്രമിക്കുക, ദ്രവരൂപത്തിലുള്ള ആഹാരം ധാരാളം കഴിക്കുക.
  • ചുമയ്ക്കുമ്പോഴും ചീറ്റുമ്പോഴും മുഖം തുണികൊണ്ട് മറയ്ക്കുക. [34]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads