ജിഗ്മേ ദോർജി വാങ്ചുക്

ജിഗ്മേ ദോർജി വാങ്ചുക് (2 മേയ് 1929 – 21 ജൂലൈ 1972) ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്നു. From Wikipedia, the free encyclopedia

ജിഗ്മേ ദോർജി വാങ്ചുക്
Remove ads

ജിഗ്മേ ദോർജി വാങ്ചുക് (2 മേയ് 1929 – 21 ജൂലൈ 1972) ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്നു.

വസ്തുതകൾ ജിഗ്മേ ദോർജി വാങ്ചുക്, ഭരണകാലം ...

ഭൂട്ടാനും പുറം ലോകവുമായുള്ള ബന്ധം ആരംഭിച്ചതും ഭൂട്ടാൻ ജനാധിപത്യത്തിലേയ്ക്കുള്ള ആദ്യ ചുവടുകൾ വച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.

Remove ads

ജീവിതരേഖ

1929-ൽ ത്രൂഫാങ് കൊട്ടാരത്തിലാണ് ഇദ്ദേഹം ജനിച്ചത്.[2] കലിമ്പോങ്ങിൽ ബ്രിട്ടീഷ് മാതൃകയിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സ്കോട്ട്‌ലാന്റിലും സ്വിറ്റ്സർലന്റിലും ഉന്നതവിദ്യാഭ്യാസം നേടി.[3] 1951-ൽ ഇദ്ദേഹം കേസാങ് ചോഡൻ വാങ്ചുക്കിനെ (ജനനം 1930) വിവാഹം കഴിച്ചു. ഇദ്ദേഹത്തിന്റെ കിരീടധാരണം പുനഖ സോങ്ങിൽ വച്ച് നടന്നത് 1952 ഒക്റ്റോബർ 27-നാണ്.[3]

ആധുനിക ഭൂട്ടാന്റെ പിതാവ്

1972-ൽ അവസാനിച്ച ഇദ്ദേഹത്തിന്റെ 20 വർഷ ഭരണക്കാലത്ത് ഭൂട്ടാനിലെ നിലവിലുണ്ടായിരുന്ന വ്യവസ്ഥയുടെ മാറ്റം ആരംഭിച്ചു.[4] ഭരണസംവിധാനത്തിലും സമൂഹത്തിലും ഇദ്ദേഹം ധാരാളം മാറ്റങ്ങൾ വരുത്തി. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതിനൊപ്പം ഭൂട്ടാന്റെ സുരക്ഷ ഉറപ്പുവരുത്തുവാനും ഇദ്ദേഹം ശ്രമിച്ചു. 1962-ൽ വിദേശസഹായം സ്വീകരിക്കുവാനുള്ള കൊളംബോ പ്ലാനി‌ൽ ഭൂട്ടാൻ അംഗമായി.[5] സാമ്പത്തികവും സാങ്കേതികവുമായ സഹായത്തിന്റെ പ്രധാന സ്രോതസ്സ് ഇന്ത്യയായിരുന്നു. ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവും നശിക്കാതെ തന്നെ ആധുനികവൽക്കരണം നടത്തുന്നതിൽ ഇദ്ദേഹത്തിന്റെ ആസൂത്രണം വിജയിച്ചു.[4] ഇദ്ദേഹം ഒരു പ്രകൃതിസംരക്ഷണവാദിയായിരുന്നു. 1966-ൽ ആരംഭിച്ച മാനസ് വനസംരക്ഷണകേന്ദ്രം ഈ മേഖലയിൽ ആദ്യമുണ്ടായവയിൽ ഒന്നാണ്.[6]

Remove ads

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പരിഷ്കാരങ്ങൾ

കുടിയാന്മാരായിരുന്ന തൊഴിലാളികൾക്ക് ഇദ്ദേഹം ഭൂമിയിൽ അവകാശം അനുവദിച്ചുനൽകി.[7] അടിമകളെപ്പോലെ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് ഇദ്ദേഹം സ്വാതന്ത്ര്യം നൽകി. ഇദ്ദേഹം അധികാരമേറ്റ കാലയളവിൽ ഭൂട്ടാനിൽ രാജാവിന്റെ ഇഷ്ടപ്രകാരമായിരുന്നു ഭരണം നടന്നിരുന്നത്. 1953-ൽ പുനഖയിലെ സോങ്ങിൽ ഇദ്ദേഹം ദേശീയ ജനപ്രതിനിധി സഭ ആരംഭിച്ചു.[4] ഭുമി, മൃഗങ്ങൾ, വിവാഹം, അനന്തരാവകാശം, സ്വത്ത് എന്നിവ സംബന്ധിച്ച നിയമങ്ങൾ എഴുതപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്. 1959-ൽ ത്രിംസുങ് ചെന്മോ എന്ന പേരിൽ പരമോന്നത നിയമം ദേശീയ അസംബ്ലി പാസാക്കി.[8] ജില്ലകളിലെല്ലാം ഇദ്ദേഹം ന്യായാധിപന്മാരെ നിയമിച്ചു. 1968-ൽ ഒരു ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു. സാമ്പത്തിക രംഗത്ത് പരിഷ്കാരങ്ങൾ വരുത്തുന്നതിന് മുൻപാണ് ഭരണരംഗത്തെ ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. 1955 മുതൽ നികുതിപിരിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തി. ധാന്യമായും മറ്റും വാങ്ങിയിരുന്ന നികുതി പണമായി വാങ്ങാൻ ആരംഭിച്ചു.[7] 1963-ൽ റോയൽ ഭൂട്ടാൻ സൈന്യം നിലവിൽ വന്നു. ഉദ്യോഗസ്ഥർക്ക് ധാന്യമായും മറ്റും നൽകിയിരുന്ന ശമ്പളത്തിന് പകരം പണമായി നൽകുവാൻ ആരംഭിച്ചു. 1968-ൽ പുതിയ വകുപ്പുകൾ ആരംഭിച്ചു.[9]

സംസ്കാരവും വിദ്യാഭ്യാസവും

ബുദ്ധമതവുമായി ആഴത്തിലുള്ള ബന്ധമുള്ള ഭൂട്ടാനിലെ സംസ്കാരം നിലനിർത്തുന്നതിൽ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. 1967-ൽ ഭാഷയും സംസ്കാരവും പഠിക്കുവാനുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹം സ്ഥാപിച്ചു (ഷിംടോഘ റിഗ്ഷുങ് ലോബ്ദ്ര).[4] സോങ്‌ഘ ഭാഷയുടെ വ്യാകരണം വികസിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭം ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്. പടിഞ്ഞാറൻ ഭൂട്ടാനിലും കിഴക്കൻ ഭൂട്ടാനിലും ഇദ്ദേഹം മികവിന്റെ കേന്ദ്രങ്ങളായ രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു.[4]

Remove ads

അടിസ്ഥാനസൗകര്യ വികസനം

ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി, ആശയവിനിമയം എന്നീ രംഗങ്ങളിലെ വികസനം ആരംഭിച്ചത് ഇന്ത്യയുടെ സഹായത്തോടുകൂടിയാണ്. ജിഗ്മേ ദോർജി വാങ്ചുക് 1954-ൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു 1958 സെപ്റ്റംബറിൽ ഭൂട്ടാൻ സന്ദർശിച്ചു. ജിഗ്മേ ദോർജി വാങ്ചുക് രാജാവ് അതിനുശേഷം പലവട്ടം ഇന്ത്യ സന്ദർശിക്കുകയുണ്ടായി.[4] 1958-ൽ ഇന്ത്യ ഭൂട്ടാൻ സന്ദർശിച്ചശേഷമാണ് ഭൂട്ടാനിലെ അടിസ്ഥാനസൗകര്യ വികസനം ആരംഭിച്ചത്. 1959-ൽ റോഡ് നിർമ്മാണം ആരംഭിച്ചു. 1961-ലെ ആദ്യ പഞ്ചവത്സരപദ്ധതിയിൽ 177 കിലോമീറ്റർ റോഡ് നിർമ്മിക്കുവാനുള്ള ആസൂത്രണം ഉൾക്കൊള്ളിച്ചിരുന്നു. മൂന്ന് ആശുപത്രികൾ, 45 ക്ലിനിക്കുകൾ എന്നിവ ഈ പദ്ധതി പ്രകാരം നിർമിച്ചു.[4][10] 1961-ൽ തിംഫുവിൽ റോഡ് ഗതാഗതം ആരംഭിച്ചു. 1971-ൽ ഇദ്ദേഹം വാങ്ഡിഫോഡ്രാങ്, ടോങ്സ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേ ഉദ്ഘാടനം ചെയ്ത സമയത്ത് ഭൂട്ടാനിലെ ഗതാഗതസംവിധാനം വളരെ മെച്ചപ്പെട്ടിരുന്നു.[4] ഭൂട്ടാനിലെ ആരോഗ്യരംഗം പൂർണ്ണമായി സൗജന്യമാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഒരു കൃഷി വകുപ്പും സ്ഥാപിക്കപ്പെട്ടു.

Remove ads

വിദേശബന്ധങ്ങൾ

ഇന്ത്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കാൻ ഇദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം വളർത്തുവാൻ ഇദ്ദേഹം ശ്രമിച്ചു. ഇന്ത്യ കഴിഞ്ഞ് ബംഗ്ലാദേശ് സ്വതന്ത്രരാജ്യമാണെന്ന് അംഗീകരിച്ച രണ്ടാമത്തെ രാജ്യം ഭൂട്ടാനാണ്.[4] 1971-ൽ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭൂട്ടാൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടി. ഐക്യരാഷ്ട്രസഭയിലെ 125-ആം അംഗമാണ് ഭൂട്ടാൻ.[11]

സ്ഥാനപ്പേരുകൾ

  • 1929–1944: ദാഷോ ജിഗ്മേ ദോർജി വാങ്ചുക്
  • 1944–1946: ട്രോങ്സ ദ്രോന്യാർ ദാഷോ ജിഗ്മേ ദോർജി വാങ്ചുക്
  • 1946–1952: പാറോ പെൻലോപ് ദാഷോ ജിഗ്മേ ദോർജി വാങ്ചുക്
  • 1952–1963: ഹിസ് ഹൈനസ് ശ്രീ പഞ്ച് മഹാരാജ് ദോർജി വാങ്ചുക്, ഭൂട്ടാൻ മഹാരാജാവ്
  • 1963–1972: ഹിസ് മജസ്റ്റി ഡ്രൂക് ഗ്യാല്പോ ജിഗ്മേ ദോർജി വാങ്ചുക്, മാംഗ്-പോസ് ഭുർ-ബാ'യി ർഗ്യാല്പോ, ഭൂട്ടാൻ രാജാവ്[12]

ബഹുമതികൾ

ദേശീയ ബഹുമതികൾ

  •  Bhutan :
    • ഗ്രാൻഡ് മാസ്റ്റർ ഓഫ് ദ റോയൽ ഓർഡർ ഓഫ് ഭൂട്ടാൻ (ഡ്രൂക് തുക്സേ = ഇടിമിന്നൽ വ്യാളിയുടെ ഹൃദയപുത്രൻ, 1966).[1]

വിദേശ ബഹുമതികൾ

  •  United Kingdom :
    • കിംഗ് ജോർജ്ജ് അഞ്ചാമൻ സിൽവർ ജൂബിലി മെഡൽ (06/05/1935).[1]
    • കിംഗ്ജോർജ്ജ് ആറാമൻ കൊറോണേഷൻ മെഡൽ (12/05/1937).[1]
  •  India :

ഇതും കാണുക

അവലംബങ്ങൾ

ബാഹ്യ അവലംബങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads