ഹൃദയാഘാതം

From Wikipedia, the free encyclopedia

Remove ads

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം, വെള്ളം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. Heart Attack എന്ന് ആംഗലേയ ഭാഷയിലും Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ വൈദ്യശാസ്ത്രത്തിലും അറിയപ്പെടുന്നു. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്.

വസ്തുതകൾ ഹൃദയാഘാതം, സ്പെഷ്യാലിറ്റി ...

പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും (സാധാരണഗതിയിൽ ഈ വേദന ഇടതു കയ്യിലേയ്‌ക്കോ കഴുത്തിന്റെ ഇടതുവശത്തേയ്ക്കോ വ്യാപിക്കുന്നതായി തോന്നും), ശ്വാസം മുട്ടൽ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത (അന്ത്യമടുത്തു എന്ന ചിന്തയാണ് ഉണ്ടാവുന്നതെന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്) [1] എന്നീ ലക്ഷണങ്ങളുമാണുണ്ടാകുന്നത്.സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. [2] പ്രധാനപങ്ക് ഹൃദയാഘാതങ്ങളും (22–64%)[3] നെഞ്ചുവേദനയുൾപ്പെടെയുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്ത "നിശ്ശബ്ദ" ഹൃദയാഘാതങ്ങളാണ്.

ഇലക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി), എക്കോകാർഡിയോഗ്രാഫി, കാർഡിയാക് എം.ആർ.ഐ., ധാരാളം രക്തപരിശോധനകൾ എന്നിവ ഹൃദയാഘാതം നടന്നിട്ടുണ്ടോ എന്ന രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്നുണ്ട്. ക്രിയാറ്റിൻ കൈനേസ്-എം.ബി (സി.കെ.-എം.ബി.), ട്രോപോണിൽ അളവ് എന്നിവ രക്തപരിശോധനയിലൂടെ മനസ്സിലാക്കുന്നത് രോഗനിർണ്ണയത്തിന് സഹായകമാണ്. ഓക്സിജൻ നൽകുക, ആസ്പിരിൻ, നാക്കിനടിയിൽ വയ്ക്കുന്ന നൈട്രോഗ്ലിസറിൻ എന്നിവയാണ് അടിയന്തര ചികിത്സാമാർഗ്ഗങ്ങൾ.[4]

ഇ.സി.ജി പരിശോധനയിൽ എസ്.ടി. ഭാഗം ഉയർന്നതായി കാണുന്ന തരം ഹൃദയാഘാതത്തിൽ കൊറോണറി ധമനികൾ തുറക്കാൻ ശ്രമിക്കുകയോ (പി.സി.ഐ.) കട്ടയായ രക്തം അലിയിച്ചു കളയുകയോ പോലുള്ള ചികിത്സാമാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്.[5] എസ്.ടി. ഭാഗം ഉയർന്നതായി കാണാത്ത ഹൃദയാഘാതങ്ങളെ മരുന്നുകൊണ്ട് ചികിത്സിക്കാവുന്നതാണ്. പി.സി.ഐ. ചികിത്സ ചിലപ്പോൾ വേണ്ടിവന്നേയ്ക്കാം. [6] ഹൃദയധമനികളിൽ ഒന്നിലധികം ബ്ലോക്കുകളുള്ള ആൾക്കാരിൽ (പ്രത്യേകിച്ച് പ്രമേഹരോഗികളിൽ) ബൈപ്പാസ് ശസ്ത്രക്രീയ (സി.എ.ബി.ജി) പ്രയോജനപ്രദമാണ്..[7][8]

രക്തയോട്ടം കുറയുന്നതും ഓക്സിജൻ ആവശ്യത്തിന് ലഭിക്കാതാവുന്നതും മൂലമുണ്ടാകുന്ന ഹൃദയരോഗങ്ങളായിരുന്നു (ഇസ്കീമിക് ഹാർട്ട് ഡിസീസ്) 2004-ൽ സ്ത്രീപുരുഷഭേദമന്യേ മനുഷ്യരിൽ ഏറ്റവും പ്രധാന മരണകാരണം. [9] ഇതിനു മുൻപ് ഹൃദയധമനികളിൽ അസുഖമുണ്ടായിരിക്കുക, വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ (ലോ ഡെൻസിറ്റി ലൈപോപ്രോട്ടീൻ ഇനത്തിൽ പെട്ട കൊളസ്റ്ററോൾ, ട്രൈഗ്ലിസറൈഡുകൾ) രക്തത്തിൽ കൂടുതലായി കാണപ്പെടുക, ഹൈ ഡെൻസിറ്റി ലൈപോപ്രോട്ടീൻ ഇനത്തിൽ പെട്ട കൊളസ്റ്ററോൾ ആവശ്യത്തിനുണ്ടാവാതിരിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങൾ, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകൾ (കൊക്കൈൻ, ആംഫിറ്റമിൻ തുടങ്ങിയവ) ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മർദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.[10][11][12]

Remove ads

വർഗ്ഗീകരണം

അസുഖത്തിന്റെ പത്തോളജിയെ അടിസ്ഥാനമാക്കി രണ്ടുതരങ്ങളായി ഈ അസുഖത്തെ വിഭജിച്ചിട്ടുണ്ട്:

  • ട്രാൻസ്‌മ്യൂറൽ: ഹൃദയപേശിയുടെ അകത്തുനിന്ന് പുറത്തുവരെ പൂർണ്ണമായി ഒരു ഭാഗത്തെ കോശങ്ങളെ ബാധിക്കുന്ന തരം ഹൃദയാഘാതമാണിത്. മുന്നിലുണ്ടാകുന്നത് (ആന്റീരിയർ), പിന്നിലുണ്ടാകുന്നത് (പോസ്റ്റീരിയർ), താഴെഭാഗത്തുണ്ടാകുന്നത് (ഇൻഫീരിയർ), ഹൃദയത്തിന്റെ അറകളെത്തമ്മിൽ വേർതിരിക്കുന്ന ഭിത്തിയെ ബാധിക്കുന്നത് (സെപ്റ്റൽ), ഇടതുവശത്തെ ഭിത്തിയെ - ഇത് മദ്ധ്യരേഖയിൽ നിന്ന് അകലെയാണ് - ബാധിക്കുന്നത് (ലാറ്ററൽ) എന്നിങ്ങനെ ഇതിന് ഉപവിഭാഗങ്ങളുണ്ട്. ധമനിയിൽ തടസ്സമുണ്ടാകുന്നതുകാരണം ഹൃദയത്തിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തയോട്ടം പൂർണ്ണമായി ഇല്ലാതെയാവുന്ന അവസ്ഥയാണ് ഇതിലുണ്ടാകുന്നത്. [13] ഇ.സി.ജി. പരിശോധനയിൽ എസ്.ടി. ഭാഗം ഉയർന്നതായും കാണപ്പെടും.
  • സബ്എൻഡോകാർഡിയൽ: ഇടത് വെൻട്രിക്കിളിന്റെ ഭിത്തിയുടെ ഉൾഭാഗത്തെ പേശികളാണ് ബാധിതമാകുന്നത്. എൻഡോകാർഡിയം എന്ന ആവരണത്തിനു തൊട്ടടുത്ത പേശികൾ മാത്രമേ നശിക്കുന്നുള്ളൂ. ഇ.സി.ജി പരിശോധനയിൽ എസ്.ടി. ഭാഗം താഴ്ന്നതായി കാണപ്പെടും.

ഇ.സി.ജി. പരിശോധനകളെ അടിസ്ഥാനമാക്കി എസ്.ടി ഭാഗം ഉയരുന്ന തരം ഹൃദയാഘാതമെന്നും താഴുന്ന തരം ഹൃദയാഘാതമെന്നും രണ്ടായി തരംതിരിക്കാവുന്നതാണ്. [14]

മയോകാർഡിയൽ ഇൻഫാർക്ഷനല്ലാത്ത ഹൃദയസംബന്ധിയായ അസുഖങ്ങ‌ൾ കാരണം പെട്ടെന്ന് മരണമുണ്ടാകാറുണ്ട്. ഇവയെ‌യും ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്) എന്നാണ് വിവക്ഷിക്കുന്നത്. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതിലൂടെ പെട്ടെന്ന് ഹൃദയം നിലച്ചുപോകാം (ഹൃദയസ്തംഭനം). ഇത് മയോകാർഡിയൽ ഇൻഫാർക്ഷൻ മൂലവും മറ്റു കാരണങ്ങളാലും സംഭവിക്കാം. ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പു ചെയ്യാൻ സാധിക്കാതെവരുന്ന അവസ്ഥയെ ഹാർട്ട് ഫെയില്യർ എന്നാണ് വിളിക്കുന്നത്. മയോകാർഡിയൽ ഇൻഫാർക്ഷൻ മൂലവും ഹാർട്ട് ഫെയില്യർ ഉണ്ടാവാം. [15]

2007-ൽ രതയോട്ടം കുറയുന്നതുമൂലമുണ്ടാകുന്ന ഹൃദയാഘാതത്തെ (മയോകാർഡിയൽ ഇൻഫാർക്ഷൻ) അഞ്ച് പ്രധാന തരങ്ങളായി വിഭജിക്കാൻ സമവായമുണ്ടായി:[16]

  • ടൈപ്പ് 1 – ഹൃദയധമനിയിലെ ആതറോസ്ക്ലീറോസിസ് മൂലമുണ്ടാകുന്ന പ്ലേക്ക് പൊട്ടുകയോ അതിനു കീഴേയ്ക്ക് രക്തസ്രാവമുണ്ടാവുകയോ ചെയ്യുന്നതുമൂലം തനിയേ (മറ്റ് കാരണങ്ങളൊന്നുമില്ലാതെ) ഉണ്ടാകുന്ന ഹൃദയാഘാതം.
  • ടൈപ്പ് 2 – രക്തയോട്ടം ആവശ്യത്തിനുണ്ടാകാത്തതുകാരണമുണ്ടാകുന്ന ഹൃദയാഘാതം. കാരണം ഓക്സിജന്റെ ആവശ്യം കൂടുന്നതോ, രക്തത്തിലൂടെ ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നതോ ആവാം. കൊറോണറി ധമനിയുടെ മുറുകൾ (സ്പാസം), മറ്റിടങ്ങളിൽ നിന്ന് ഇളകിവരുന്ന തടസ്സം മൂലം ധമനി അടയുക (എംബോളിസം), വിളർച്ച (അനീമിയ), ഹൃദയതാളത്തിലെ പ്രശ്നങ്ങൾ (അറിഥ്മിയ), രക്താതിമർദ്ദം, രക്തസമ്മർദ്ദം കുറയുക എന്നിവ ഓക്സിജൻ ആവശ്യത്തിന് ലഭിക്കാത്തതിന് കാരണമായേക്കാം.
  • ടൈപ്പ് 3 – അപ്രതീക്ഷിതമായി പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരണം സംഭവിക്കൽ. ഹൃദയത്തിലേയ്ക്കുള്ള ഓക്സിജൻ പ്രവാഹം കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടേയ്ക്കാം. എസ്.ടി. ഘണ്ഡം ഉയർന്നതായി കാണപ്പെടും. കൊറോണറി ധമനിയിൽ പുതുതായി രക്തം കട്ടിയായതുമൂലമുള്ള തടസ്സമുള്ളതായി പോസ്റ്റ് മോർട്ടം പരിശോധനയിലോ ആൻജിയോഗ്രാഫി പരിശോധനയിലോ കാണാൻ സാധിക്കും. ഹൃദയത്തിലെ വൈദ്യുതപ്രസരണസംവിധാനത്തിലെ ഇടതേ ബണ്ടിൽ ശാഖയ്ക്ക് തടസ്സമുള്ളതായി (എൽ.ബി.ബി.ബി.) കാണപ്പെടുകയും ചെയ്തേക്കാം. രക്തസാമ്പിൾ ശേഖരിക്കുന്നതിനു മുൻപ് മരണം സംഭവിക്കുന്ന ആൾക്കാരെയോ, ഹൃദയാഘാതത്തിന്റെ ബയോമാർക്കറുകൾ രക്തത്തിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് മരണം സംഭവിക്കുന്നവരെയോ ആണ് ഈ ഗണത്തിൽ പെടുത്തുന്നത്.
  • ടൈപ്പ് 4 – കൊറോണറി ആൻജിയോപ്ലാസ്റ്റിയോ സ്റ്റെന്റുകളുമായോ ബന്ധപ്പെട്ടുള്ള ഹൃദയാഘാതം:
    • ടൈപ്പ് 4a – പി.സി.ഐ. യുമായി ബന്ധപ്പെട്ട ഹൃദയാഘാതം.
    • ടൈപ്പ് 4b – സ്റ്റെന്റിൽ രക്തം കട്ടപിടിക്കുന്നതുമൂലമുള്ള ഹൃദയാഘാതം. ഇത് പോസ്റ്റ് മോർട്ടം പരിശോധനയിലൂടെയോ ആൻജിയോപ്ലാസ്റ്റിയിലൂടെയോ കണ്ടുപിടിക്കപ്പെട്ടിരിക്കണം.
  • ടൈപ്പ് 5 – കൊറോണറി ധമനിയിലെ ബൈപ്പാസ് ഗ്രാഫ്റ്റുമായി ബന്ധപ്പെട്ടുള്ള ഹൃദയാഘാതം.
Remove ads

സ്ഥിതിവിവരക്കണക്കുകൾ

ലോകാരോഗ്യ സംഘടനയുടെ 2002-ലെ കണക്ക് പ്രകാരം ലോകത്താകമാനം നടക്കുന്ന മരണങ്ങളിൽ 12.6 ശതമാനവും ഹൃദയാഘാതം മൂലമാണ്[17]. വികസിതരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. വികസ്വര രാജ്യങ്ങളിൽ പൊതുവേ എയ്‌ഡ്‌സിനും ശ്വാസകോശത്തിലെ അണുബാധക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട മരണകാരണമാണ് ഹൃദയാഘാതം. മറ്റു വികസ്വരരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ ഹൃദയധമനികളിലെ തകരാറുകൾ (Cardiovascular Diseases/ CVD) ആണ് ഏറ്റവും കൂടുതൽ മരണകാരണമാകുന്നത്.[18] ഹൃദയാഘാതം വരുന്നവരിൽ 60% ആളുകളും ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലാണ്.

Remove ads

അപകടകരമായ ഘടകങ്ങൾ

  • വാർധക്യം
  • പുരുഷന്മാർ (സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്)
  • പുകയിലയുടെ ഉപയോഗം
  • രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില
  • രക്തത്തിലെ ഉയർന്ന മയോസിസ്റ്റീൻ നില
  • പ്രമേഹം
  • ഉയർന്ന രക്തസമ്മർദ്ദം
  • അമിത വണ്ണം
  • മാനസിക പിരിമുറുക്കം

ലക്ഷണങ്ങൾ

  • നെഞ്ചുവേദന

ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം ഹൃദയത്തിൽ നിന്നു തുടങ്ങി ഇടതു തോളിലേക്കും കൈയിലേക്കും ചിലപ്പോൾ താടി എല്ലിലേക്കും വ്യാപിക്കുന്ന ANGINA എന്നറിയപ്പെടുന്ന ഒരു തരം വേദനയാണ്. പലപൊഴും ഈ വേദനയെ നെഞ്ചെരിച്ചിൽ ആയിട്ട് തോന്നും.

  • ശ്വാസം മുട്ട്
  • നെഞ്ചിടിപ്പ്
  • വിയർപ്പ്
  • ഓക്കാനം
  • ഛർദ്ദി

രോഗസ്ഥിരീകരണം

  • ഇ. സി. ജി.,രക്തപരിശോധന ( പ്രധാനമായും രക്തത്തിലെ CPKMB എന്നും TROPONIN എന്നും ഉള്ള ചില ENZYME മുകളുടെ അളവ് ക്രമാതീതമായി കൂടുന്നു.)
  • എക്കൊകാർഡിയൊഗ്രാഫി. ( ഹൃദയത്തിന്റെ പ്രവർത്തനം അറിയനുപയോഗിക്കുന്ന ഒരു തരം പരിശോധന.)

പ്രഥമ ശുശ്രൂഷ

  • ആദ്യം രോഗിയെ ഇരിത്തുക. (ശ്വാസം മുട്ട് ഒഴിവാക്കാനാണിത്)
  • ഒട്ടും സമയം കളയതെ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.
  • മുറിയിലെ ജനാലകൾ തുറന്നിട്ടാൽ രോഗിക്കു കൂടുതൽ പ്രാണവായു ലഭിക്കാനിടയാകും.

ചികിൽസ

ഹൃദയാഘാത ചികിൽസയുടെ പ്രധാന ഉദ്ദേശ്യം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ അളവു കൂട്ടുക എന്നതാണ്. രോഗിയുടെ വേദന മാറ്റാനും രക്തത്തിന്റെ അളവു കൂട്ടാനുമായിട്ട് NITROGLYCERIN എന്ന മരുന്ന് കൊടുക്കും. ചില ആഘാതങ്ങൾ പൂർണ്ണമായിട്ട് മരുന്നുപയോഗിച്ചു മാറ്റാൻ പറ്റും. ഉദാ: ( Aspirins, Beta Blockers, Antiplatelet agents etc) ഹൃദയ രക്തകുഴലിൽ കൊഴുപ്പ് കട്ട പിടിച്ചു അടഞ്ഞാൽ കൊഴുപ്പിനെ അലിയിപ്പിച്ചു കളയുന്ന Thrombolysis therapy ആണ് മറ്റൊരു ചികിൽസ. കൊഴുപ്പിനെ അലിയിപ്പിച്ചു കളയാൻ പറ്റാത്തതാണെങ്കിൽ ആൻ‌ജിയോപ്ലാസ്റ്റി(ANGIOPLASTY) എന്നറിയപ്പെടുന്ന ഒരു ചികിൽസയിലൂടെ തടസ്സമുള്ള ഭാഗത്ത് ഒരു STENT (ഒരു തരം സ്പ്രിങ്) വെച്ച് രക്തത്തിന്റെ ഒഴുക്കു പുനരാരംഭിക്കുന്നു. ഒന്നിൽ കൂടുതൽ രക്തക്കുഴലുകലിൽ ബ്ലോക്ക് ആണെങ്കിൽ ഹൃദയ ശാസ്ത്രക്രിയ ആവശ്യമായിട്ട് വരും. ( CORONARY ARTERY BYPASS GRAFT)

Remove ads

നിയമപരമായ പ്രാധാന്യം

സാധാരണ നിയമങ്ങൾ ഹൃദയാഘാതത്തെ ഒരു രോഗമായാണ് കാണുന്നത്; പരിക്ക് ആയല്ല. അതുകൊണ്ട് ഹൃദയാഘാതം വന്ന ഒരു തൊഴിലാളിക്ക് തൊഴിൽ സംബന്ധമായി ഉണ്ടാകുന്ന പരിക്കിന് ലഭിക്കുന്ന നഷ്ടപരിഹാരം ലഭിക്കാറില്ല[19]. എന്നാൽ തൊഴിൽ സംബന്ധമായുള്ള മാനസിക പിരിമുറുക്കം, അമിതാധ്വാനം എന്നിവ കൊണ്ട് ഹൃദയാഘാതം ഉണ്ടാകാമെന്നുള്ള യാഥാർത്ഥ്യം കണക്കിലെടുത്ത് പ്രത്യേക സാഹചര്യങ്ങളിൽ ഹൃദയാഘാതം പരിക്ക് ആയി വിവക്ഷിക്കപ്പെടേണ്ടതാണ്. ചില രാജ്യങ്ങളിൽ ഒരു തവണ ഹൃദയാഘാതം വന്നവരെ ചില തൊഴിലുകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. വാഹനമോടിക്കുക, വിമാനം പറത്തുക തുടങ്ങി മറ്റുള്ളവരുടെ ജീവൻ കൂടി അപകടപ്പെടാവുന്ന തരം തൊഴിലുകളിൽ നിന്നാണ് വിലക്കുള്ളത്.[20]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads