നോർതേൺ സൈപ്രസ്

From Wikipedia, the free encyclopedia

നോർതേൺ സൈപ്രസ്
Remove ads

നോർതേൺ സൈപ്രസ് (അല്ലെങ്കിൽ നോർത്ത് സൈപ്രസ്) ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്.[2] ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് (ടി.എൻ.ആർ.സി.; തുർക്കിഷ്: Kuzey Kıbrıs Türk Cumhuriyeti) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. ടർക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്.[3] റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം.[4][5]

വസ്തുതകൾ ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ്കുസേ കിബ്രിസ് ടർക്ക് കുംഹൂറിയെതി, തലസ്ഥാനം ...

വടക്ക് കിഴക്കായി കാർപാസ് ഉപദ്വീപിന്റെ അറ്റം മുതൽ പടിഞ്ഞാറ് മോർഫോ കടലിടുക്കുവരെയും; പടിഞ്ഞാറ് കോർമകിറ്റിസ് മുനമ്പ് മുതൽ തെക്ക് ലോറോജിന ഗ്രാമം വരെയും ഈ രാജ്യം വ്യാപിച്ചുകി‌ടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള ഒരു ബഫർ സോൺ നോർതേൺ സൈപ്രസിനും ദ്വീപിന്റെ ബാക്കി പ്രദേശങ്ങൾക്കുമിടയിൽ കിടക്കുന്നു. ഇത് ദ്വീപിലെ ഏറ്റവും വലിയ നഗരവും രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനവുമായ നിക്കോസിയയെ രണ്ടായി വിഭജിക്കുന്നു.

ഗ്രീക്ക് വംശജരും ടർക്കിഷ് വംശജരുമായ സൈപ്രസുകാർ തമ്മിലുള്ള സ്പർദ്ധ 1974-ൽ അട്ടിമറിയിലാണ് അവസാനിച്ചത്. ഇത് ദ്വീപിനെ ഗ്രീസുമായി കൂട്ടിച്ചേർക്കുവാനുള്ള ശ്രമമായിരുന്നു. ഇതിനു പ്രതികരണമെന്നോണം ടർക്കി ദ്വീപിന്റെ ഭാഗം പിടിച്ചെടുക്കുകയായിരുന്നു. വടക്കൻ സൈപ്രസിൽ നിന്ന് ഗ്രീക്ക് വംശജരിൽ ഭൂരിപക്ഷവും പുറത്താകുന്നതിനും തെക്കൻ സൈപ്രസിൽ നിന്ന് ടർക്കിഷ് വംശജർ നോർതേൺ സൈപ്രസിലേയ്ക്ക് ഓടിപ്പോകാനും ഇത് കാരണമായി. ദ്വീപ് വിഭജിക്കപ്പെടുകയും വടക്കൻ പ്രദേശം ഏകപക്ഷീയമായി 1983-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലേയ്ക്കുമാണ് സംഭവങ്ങൾ നയിച്ചത്. അംഗീകാരം ലഭിക്കാത്തതിനാൽ നോർതേൺ സൈപ്രസ് സാമ്പത്തിക രാഷ്ട്രീയ സൈനിക ആവശ്യങ്ങൾക്ക് ടർക്കിയെയാണ് ആശ്രയിക്കുന്നത്.[6][7]

സൈപ്രസ് തർക്കത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. പരിഹാരം കണ്ടെത്തേണ്ട ആവശ്യം മുൻനിറുത്തി 2008 മേയ് മാസത്തിൽ രണ്ടു കക്ഷികളും മറ്റൊരു വട്ടം ചർച്ചകൾ ആരംഭിക്കുകയുണ്ടായി. "സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ അനുസരിച്ചുള്ള രാഷ്ട്രീയ തുല്യതയുള്ളതും രണ്ടു വംശങ്ങൾ വസിക്കുന്നതും രണ്ടു പ്രദേശങ്ങളുള്ളതുമായ ഒരു ഫെഡറേഷൻ സ്ഥാപിക്കുക" എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും എന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഈ വട്ടം ചർച്ചകൾ ആരംഭിച്ചത്.[8] ടർക്കിഷ് സൈന്യത്തിന്റെ വലിയൊരു വിഭാഗം നോർത്തേൺ സൈപ്രസിൽ നിലനിർത്തപ്പെട്ടിട്ടുണ്ട്. നോർതേൺ സൈപ്രസ് സർക്കാർ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും റിപ്പബ്ലിക് ഓഫ് സൈപ്രസ് ഇതിനെ നിയമവിരുദ്ധമായ അധിനിവേശസൈന്യമായാണ് കണക്കാക്കുന്നത്. പല ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളിലും ഈ സൈന്യവിഭാഗം നിലനിർത്തപ്പെടുന്നത് അപലപിക്കപ്പെട്ടിട്ടുണ്ട്.[9]

Remove ads

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads