സിഗ്മണ്ട് ഫ്രോയിഡ്
From Wikipedia, the free encyclopedia
Remove ads
ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ് (ജീവിതകാലം: മേയ് 6, 1856 - സെപ്റ്റംബർ 23, 1939). ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്. ഒരു രോഗിയും ഒരു മനഃശാസ്ത്രവിദഗ്ദ്ധനും തമ്മിലുള്ള അഭിമുഖത്തിലൂടെ മനോരോഗം ചികിത്സിക്കുന്ന മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.[1]
ഓസ്ട്രിയയിലെ മൊറോവിയെയിലെ ഫൈബർഗ് എന്ന പട്ടണത്തിൽ ഗലീഷ്യൻ ജൂത ദമ്പദികളുടെ മകനായി ജനിച്ച ഫ്രോയിഡ് 1881ൽ വിയന്ന സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചു.1885-ൽ സർവ്വകലാശാല അദ്ധ്യാപന യോഗ്യത കരസ്ഥമാക്കിയ അദ്ദേഹം നാഡീശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിൽ നിയമിതനാകുകയും 1902-ൽ അഫിലിയേറ്റഡ് പ്രൊഫസറാകുകയും ചെയ്തു. 1886-ൽ വിയന്നയിൽ ക്ലിനിക്കൽ പ്രാക്ടീസ് ആരംഭിച്ച ഫ്രോയിഡിന്റെ താമസവും ഗവേഷണ പ്രവർത്തനങ്ങളും വിയന്നയിൽ തന്നെ ആയിരുന്നു. 1938-ൽ നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം ഓസ്ട്രിയ വിട്ടു. 1939 ൽ അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രവാസിയായി മരിച്ചു.
മാനസികാപഗ്രഥനത്തിന്റെ കണ്ടെത്തലിലൂടെ ഫ്രോയിഡ്, സ്വതന്ത്രമായ കൂട്ടിച്ചേർക്കൽ, ട്രാൻസ്ഫറൻസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ സങ്കേതങ്ങൾ വികസിപ്പിക്കുകയും വിശകലന പ്രക്രിയയിൽ ഇവയുടെ പ്രാധാന്യം വെളിവാക്കുകയും ചെയ്തു. ലൈംഗികതയെ പുനർനിർവചിച്ചുകൊണ്ട് ശിശുലൈംഗികതയെ അതിൽ ഉൾപ്പെടുത്തിയതിലൂടെ ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന ആശയം രൂപപ്പെടുത്തുകയും മാനസികാപഗ്രഥന സിദ്ധാന്തത്തിന്റെ കേന്ദ്ര സ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തു.[2] സ്വപ്നങ്ങൾ ആഗ്രഹ പൂർത്തീകണങ്ങളാണെന്ന അദ്ദേഹത്തിന്റെ വിശകലനം, മനോരോഗകാരണങ്ങളുടെയും മനസ്സിൽ അന്തർലീനമായ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെയും വിശകലനത്തിനുതകുന്ന അടിസ്ഥാന മാതൃകകളുടെ രൂപീകരണത്തിനു സഹായിച്ചു.ഈ അടിസ്ഥാനത്തിൽ ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം ആവിഷ്കരിക്കുകയും ഇദ്ദ്, ഈഗോ, സൂപ്പർ-ഈഗോ എന്നിവ ഉൾപ്പെടുന്ന മാനസിക ഘടനയുടെ ഒരു മാതൃക വികസിപ്പിക്കുകയും ചെയ്തു.[3] മാനസിക വികാസം സംബന്ധിച്ച തന്റെ സിദ്ധാന്തത്തിൽ ശാരീരിക സുഖം പ്രധാനം ചെയ്യുന്ന ലിബിഡോ എന്ന ലൈംഗിക ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തെ ഫ്രോയിഡ് വിശദീകരിച്ചു.[4] തന്റെ പിൽക്കാല കൃതികളിൽ, ഫ്രോയിഡ് മതത്തെയും സംസ്കാരത്തെയും കുറിച്ച് വിശാലമായ വ്യാഖ്യാനങ്ങളും വിമർശനങ്ങളും അവതരിപ്പിച്ചു.
മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി.[5] ഒരു രോഗനിർണ്ണയ രീതി, ചികിത്സാ സമ്പ്രദായം എന്നീ നിലകളിൽ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും മനഃശാസ്ത്രം, മനോരോഗ ചികിത്സ എന്നിവയിലും മാനവിക വിഷയങ്ങളിലും മാനസികാപഗ്രഥനം ഇന്നും സ്വാധീനം ചെലുത്തുന്നു. അതിനാൽ, അതിന്റെ ചികിത്സാ ഫലപ്രാപ്തി, ശാസ്ത്രീയ നില, അതിനു ഫെമിനിസവുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച വിപുലവും ഉയർന്നതുമായ ചർച്ചകൾ ഇപ്പോഴും തുടരുന്നു. ഫ്രോയിഡിന്റെ കൃതികൾ സമകാലീന പാശ്ചാത്യ ചിന്തയെയും ജനകീയ സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്.
Remove ads
ജീവിതരേഖ
ബാല്യകാലവും വിദ്യാഭ്യാസവും


1856 മെയ് 6-ന് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ പഴയ ആസ്ത്രിയൻ സാമ്രാജ്യത്തിലെ ഫ്രെയ്ബർഗ്ഗിലെ ഒരു ജൂതകുടുംബത്തിൽ, മാതാപിതാക്കളുടെ എട്ടുമക്കളിൽ മൂത്തവനായിട്ടാണ് ഫ്രോയിഡ് ജനിച്ചത്.[6] ഇന്ന് പടിഞ്ഞാറൻ ഉക്രെയ്നിലും പോളണ്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഗലീഷ്യയിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും. കമ്പിളി വ്യാപാരിയായ പിതാവ് ജേക്കബ് ഫ്രോയിഡിന് (1815-1896) ആദ്യ വിവാഹത്തിൽ ഇമ്മാനുവൽ (1833-1914), ഫിലിപ്പ് (1836-1911) എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു.ജേക്കബിന്റെ കുടുംബം ഹാസിദീയ ജൂതന്മാരായിരുന്നു. തന്നെ പാരമ്പര്യത്തിൽ നിന്നും ജേക്കബ് മാറിയിരുന്നുവെങ്കിലും ജൂത മതഗ്രന്ഥങ്ങളായ തോറ, ഹീബ്രു ബൈബിൾ മുതലായവയുടെ പഠനത്തിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹവും തന്നേക്കാൽ 20 വയസ്സിന് ഇളയവളും തന്റെ മൂന്നാമത്തെ ഭാര്യയും ഫ്രോയിഡിന്റെ അമ്മയുമായ അമാലിയ നതൻസണും 1855 ജൂലൈ 29 ന് ഐസക് നോവ മാൻഹൈമർ ന്റെ കാർമ്മികത്വത്തിൽ വിവാഹിതരായി. അവർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയും ഷ്ലോസെർഗാസെ 117 എന്ന സ്ഥലത്തെ ഒരു താക്കോൽ നിർമ്മാതാവിന്റെ വീട്ടിൽ വാടക മുറിയിൽ താമസിക്കുകയും ചെയ്തു വരവെയാണ് അവരുടെ മകൻ സിഗ്മണ്ട് ജനിച്ചത്.[7] [8]
1859-ൽ ഫ്രോയിഡ് കുടുംബം ഫ്രീബർഗ് വിട്ടു. ഫ്രോയിഡിന്റെ അർദ്ധസഹോദരന്മാർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് കുടിയേറി. അതോടെ ഫ്രോയിഡിന്റെ കുട്ടിക്കാലത്തെ ഇഴപിരിയാത്ത കളിക്കൂട്ടികാരനും, അർദ്ധസഹോദരൻ ഇമ്മാനുവേലിന്റെ മകനുമായ ജോണുമായി അദ്ദേഹം വേർപെട്ടു.[9] ജേക്കബ് ഫ്രോയിഡ് ഭാര്യയെയും രണ്ട് മക്കളെയും (ഫ്രോയിഡിന്റെ സഹോദരി അന്ന 1858 ൽ ജനിച്ചു; ഒരു സഹോദരൻ ജൂലിയസ് 1857 ൽ ജനിച്ചു, ശൈശവാവസ്ഥയിൽ മരിച്ചു) ആദ്യം ലീപ്സിഗിലേക്കും പിന്നീട് 1860 ൽ, അദ്ദേഹത്തിനു നാലു വയസ്സുള്ളപ്പോൾ ഓസ്ട്രിയയിലെ വിയന്നയിലേക്കും താമസം മാറ്റി. അവിടെ വച്ച് നാല് സഹോദരിമാരും ഒരു സഹോദരനും ജനിച്ചു. അവരാണ് റോസ (ജനനം: 1860), മാരി (ജനനം: 1861), അഡോൾഫിൻ (ജനനം: 1862), പോള (ജനനം: 1864), അലക്സാണ്ടർ (ജനനം: 1866) എന്നിവർ. 1865-ൽ ഒൻപതുവയസ്സുള്ള ഫ്രോയിഡ്, ലിയോപോൾഡ്സ്റ്റോഡർ കൊമ്മുനാൽ-റിയൽജിംനേഷ്യം എന്ന അവിടത്തെ പ്രമുഖ ഹൈസ്കൂളിൽ ചേർന്നു. മികച്ച ഒരു വിദ്യാർത്ഥിയാണെന്ന് തെളിയിച്ച അദ്ദേഹം 1873 ൽ ഉന്നത സർവ്വകലാശാല പ്രവേശനം നേടുന്നതിനുള്ള (ഹയർസെക്കന്ററിക്കു തുല്യമായ) മാതുര എന്ന യോഗ്യത നേടി. സാഹിത്യം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫ്രോയിഡ് ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.[10]
1873-ൽ തന്റെ 17-ാം വയസ്സിൽ ഫ്രോയിഡ് വിയന്ന സർവകലാശാലയിൽ ചേർന്നു. നിയമപഠനം നടത്താനാണ് അദ്ദേഹം പദ്ധതിയിട്ടിരുന്നതെങ്കിലും വൈദ്യശാസ്ത്ര പഠനത്തിനു ചേരുകയാണുണ്ടായത്. അവിടെ അദ്ദേഹം ഫ്രാൻസ് ബ്രെന്റാനോയുടെ കീഴിൽ തത്ത്വശാസ്ത്രം, ഏണസ്റ്റ് ബ്രൂക്കിന്റെ കീഴിൽ ശരീരധർമശാസ്ത്രം, ഡാർവീനിയൻ പ്രൊഫസർ കാൾ ക്ലോസിന്റെ കീഴിൽ ജന്തുശാസ്ത്രം എന്നിവ പഠിച്ചു.[11] 1876-ൽ ഫ്രോയിഡ് ട്രൈസ്റ്റെയിലെ ക്ലോസിന്റെ സുവോളജിക്കൽ റിസർച്ച് സ്റ്റേഷനിൽ നാല് ആഴ്ച ചെലവഴിക്കുകയും നൂറുകണക്കിന് ഈലുകളെ അവയുടെ പുരുഷ പ്രത്യുത്പാദന അവയവങ്ങൾ കണ്ടെത്താനായി മുറിച്ചു പരിശോധിക്കുകയും ചെയ്തു.[12] 1877-ൽ ഫ്രോയിഡ് ഏണസ്റ്റ് ബ്രൂക്കെയുടെ ഫിസിയോളജി ലബോറട്ടറിയിലേക്ക് മാറി. അവിടെ അദ്ദേഹം മനുഷ്യരുടെയും മറ്റു കശേരുകികളുടെയും തലച്ചോറുകളെ, പ്രത്യേകിച്ചും തവളകളുടെയും അകശേരുകികളായ ക്രേമത്സ്യം, ലാംപ്രേ എന്നിവയുമായി താരതമ്യപ്പെടുത്തുന്നതിനായി ആറുവർഷം ചെലവഴിച്ചു. നാഡീ കലകളുടെ ജീവശാസ്ത്ര പ്രത്യേകതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങൾ തുടർന്ന് 1890കളിൽ നാഡീകോശത്തിന്റെ കണ്ടെത്തലിന് കാരണമായി തീർന്നു.[13] ഒരു വർഷത്തെ നിർബന്ധിത സൈനിക സേവനം ഏറ്റെടുക്കാനുള്ള ബാധ്യത മൂലം 1879 ൽ ഫ്രോയിഡിന്റെ ഗവേഷണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ജോൺ സ്റ്റുവർട്ട് മില്ലിന്റെ തെരഞ്ഞെടുത്ത കൃതികളിൽ നിന്നുള്ള നാല് ഉപന്യാസങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള ഒരു പ്രവർത്തനം പൂർത്തിയാക്കാൻ ദീർഘമായ ഇടവേളകളിൽ അദ്ദേഹത്തിനു സാധിച്ചു.[14] 1881 മാർച്ചിൽ അദ്ദേഹം വൈദ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം (എം.ഡി.) കരസ്ഥമാക്കി.[15]
ആദ്യകാല തൊഴിലും വിവാഹവും
1882 ൽ വിയന്ന ജനറൽ ആശുപത്രിയിൽ ഫ്രോയിഡ് തന്റെ വൈദ്യശാസ്ത്ര മേഖലയിലെ തൊഴിൽ ആരംഭിച്ചു. മസ്തിഷ്ക ഘടനയെപറ്റിയുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങൾ, 1884-ൽ സാന്ത്വന ചികിത്സയിൽ കൊക്കെയിന്റെ സ്വാധീനത്തെ പറ്റിയുള്ള ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചു. ചില മസ്തിഷ്ക ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ ഭാഷ മനസിലാക്കാനോ രൂപപ്പെടുത്താനോ കഴിയാതെ വരുന്ന അഫാസിയ എന്ന അവസ്ഥയയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഓൺ ദി അഫാസിയായസ്: എ ക്രിട്ടിക്കൽ സ്റ്റഡി എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിന് അടിസ്ഥാനമായി തീർന്നു. ആശുപത്രിയുടെ വിവിധ വകുപ്പുകളിൽ ഫ്രോയിഡ് മൂന്നുവർഷക്കാലം ജോലി ചെയ്തു. തിയോഡോർ മെയ്നർട്ടിന്റെ മനോരോഗ ചികിത്സാ ക്ലിനിക്കിലും ഒരു പ്രാദേശിക അഭയകേന്ദ്രത്തിൽ പകരക്കാരനായും അദ്ദേഹം സമയം ചെലവഴിക്കുകയും അത് ക്ലിനിക്കൽ ജോലികളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റേതായി നിരവധി ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും അതുവഴി 1885-ൽ അദ്ദേഹം വിയന്ന സർവ്വകലാശാലയിൽ ഒരു യൂണിവേഴ്സിറ്റി ലക്ചറർ അഥവാ നാഡീരോഗശാസ്ത്രത്തിൽ ഒരു ഡോസന്റായി (അസോഷ്യേറ്റ് പ്രൊഫസറിനു തുല്യമായ പദവി) നിയമിക്കപ്പെടുകയും ചെയ്തു. ശമ്പളമില്ലാതിരുന്ന ഒരു തസ്തിക ആയിരുന്നു ഇത് എങ്കിലും യൂണിവേഴ്സിറ്റിയിൽ പ്രഭാഷണങ്ങൾ നടത്തുന്നതിന് ഇത് ഫ്രോയിഡിനു സഹായകമായി.[16] 1886-ൽ ഫ്രോയിഡ് ആശുപത്രിയിലെ ജോലി രാജിവച്ച് "നാഡീ വൈകല്യങ്ങളിൽ" പ്രത്യേക പരിശീലനം നേടി.
1886-ൽ അദ്ദേഹം ഹാംബർഗിലെ ഒരു ജൂത തലവനായ ഐസക് ബെർണേസിന്റെ ചെറുമകളായ മാർത്ത ബെർണാസിനെ വിവാഹം കഴിച്ചു. അവർക്ക് ആറ് മക്കളുണ്ടായിരുന്നു: മാത്തിൽഡെ (ജനനം: 1887), ജീൻ മാർട്ടിൻ (ജനനം: 1889), ഒലിവർ (ജനനം: 1891), ഏണസ്റ്റ് (ജനനം: 1892), സോഫി (ജനനം: 1893), അന്ന (ജനനം: 1895). 1891 മുതൽ 1938 ൽ വിയന്ന വിട്ടുപോകുന്നതുവരെ, ഫ്രോയിഡും കുടുംബവും വിയന്നയിലെ ചരിത്രപ്രധാന ജില്ലയായ ഇന്നെർ സ്റ്റാഡിനടുത്തുള്ള ബെർഗാസെ-19 ലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചത്. 1896-ൽ, മാർത്തയുടെ സഹോദരി മിന്ന ബെർണേസ്, പ്രതിശ്രുത വരന്റെ മരണശേഷം ഫ്രോയിഡ് കുടുംബത്തിലെ സ്ഥിര അംഗമായി. മിന്നയുമായുള്ള പ്രോയിഡിന്റെ അടുത്ത ബന്ധം പല അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്.[17]
ഫ്രോയിഡ് 24-ാം വയസ്സിൽ പുകവലി ആരംഭിച്ചു; തുടക്കത്തിൽ സിഗരറ്റ് വലിച്ചിരുന്ന അദ്ദേഹം പിന്നീട് സിഗാർ വലിക്കുന്നയാളായി. പുകവലി ജോലി ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുമെന്നും, അത് ജോലിയിൽ തനിക്ക് ആത്മനിയന്ത്രണം ചെലുത്തുന്നതിനു സഹായിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. സഹപ്രവർത്തകനായ വിൽഹെം ഫ്ലൈസിന്റെ ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ഒടുവിൽ കാൻസർ ബാധിതനാകുന്നതുവരെ അദ്ദേഹം പുകവലി തുടർന്നു. പുകയില ഉൾപ്പെടെയുള്ള ആസക്തികൾ സ്വയംഭോഗത്തിന് പകരമായ “ഒരു വലിയ ശീലമാണ്" എന്നാണ് 1897-ൽ ഫ്രോയിഡ് ഫ്ലൈസിനോട് പറഞ്ഞത്.[18]
1885 -ൽ പാരീസിലെത്തിയ അദ്ദേഹം ഫ്രഞ്ച് മനോരോഗവിദഗ്ദ്ധനായിരുന്ന ജീൻ മാർട്ടിൻ ചാർക്കോട്ടിനൊപ്പം മനശാസ്ത്രപഠനം ആരംഭിച്ചു. ഓസ്ട്രിയയിൽ തിരിച്ചെത്തിയ ശേഷവും ഗവേഷണം തുടർന്നു പോന്നു. ഹിറ്റ്ലർ ഓസ്ട്രിയ കൈയടക്കിയപ്പോൾ അദ്ദേഹം ലണ്ടനിലേയ്ക്കു കടന്നു. 1939 സെപ്റ്റംബർ 23-ന് ലണ്ടനിൽ വച്ച് അന്തരിച്ചു.
Remove ads
സംഭാവനകൾ
1900 ൽ പ്രസിദ്ധീകരിച്ച സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തോടെയായിരുന്നു ഫ്രോയിഡൻ വിപ്ലവത്തിന്റെ തുടക്കം.1885 -1886 കാലഘട്ടങ്ങളിൽ പാരീസിൽ പ്രശസ്തന്യൂറോളജിസ്റ്റായ ഴാങ്-മാർട്ടിൻ ഷാർക്കോയ്ക്ക് കീഴിൽ സിരാരോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സിരാരോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ഫ്രോയിഡിനുണ്ടാക്കിയത്. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു. ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീതിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടായി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്. ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോംപ്ലെക്സ് , തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു. ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി. 1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ് (Id), ഈഗോ(Igo) , സൂപ്പർ ഈഗോ(Super Igo) എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി.[19]
Remove ads
മരണം
താടിയെല്ലിനു അർബ്ബുദം വന്നായിരുന്നു ഫ്രോയിഡിന്റെ മരണം.[20]
അനുബന്ധം
ഫ്രോയിഡിന്റെ മകൾ അന്ന ഫ്രോയിഡും പ്രശസ്തയായ മനോ വിശ്ലേഷകയായിരുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads