Map Graph

അന്നമനട

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന അന്നമനട ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അന്നമനട. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 50 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ചാലക്കുടിപ്പുഴ തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തു കൂടി ഒഴുകുമ്പോൾ പുഴയുടെ പേര് അന്നമനടപ്പുഴ എന്നാകുന്നു. പഞ്ചവാദ്യത്തിൻ്റെ കുലപതികൾ എന്ന് അറിയപ്പെടുന്ന അന്നമനട ത്രയത്തിൻ്റെ നാടാണിത്. അന്നമനട അച്യുതമാരാർ, വലിയ പരമേശ്വരമാരാർ, പീതാംബരമാരാർ എന്നിവരാണ് അന്നമനട ത്രയം എന്നറിയപ്പെടുന്നത്. ഇവരുടെ അനന്തരവനായിരുന്ന ചെറിയ പരമേശ്വരമാരാരും പഞ്ചവാദ്യരംഗത്തെ അതികായനായിരുന്നു. അച്യുതമാരാരുടെ സ്മാരകമായ അച്യുതമാരാർ കലാകേന്ദ്രത്തിൽ വാദ്യകലകൾ പഠിപ്പിക്കുന്നു. അന്നമനട മുരളീധരമാരാർ, പ്രസാദ് എന്നിവരിലൂടെ അന്നമനടയുടെ പഞ്ചവാദ്യ പാരമ്പര്യം തുടരുന്നു. അന്നമനട ഒരു കലാഗ്രാമം കൂടിയാണ്. ചലച്ചിത്ര സംവിധായകനായിരുന്ന ശ്രീ മോഹൻ രാഘവൻ, ഗായകനും ഹാർമോണിസ്റ്റുമായിരുന്ന അന്നമനട പരമൻ എന്നിവർ അന്നമനടക്കാരാണ്. അന്നമനട മഹാദേവക്ഷേത്രവും പത്ത് ദിവസത്തെ ഉത്സവവും ശിവരാത്രി മണപ്പുറവും പ്രസിദ്ധമാണ്.

Read article