ഭൗമശാസ്ത്രപഠനകേന്ദ്രം
ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്നങ്ങൾ സമഗ്രതയോടെ പഠിക്കാൻ കേരളസർക്കാർ 1978ൽ തിരുവനന്തപുരത്തു്സ്ഥാപിച്ച ഗവേഷണസ്ഥാപനമാണ് ഭൗമ ശാസ്ത്ര പഠനകേന്ദ്രം. സി. അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു് രൂപപ്പെടുത്തിയ ശാസ്ത്രസാങ്കേതിക പോളിസിയുടെ ഭാഗമായി തുടങ്ങിയ പല ഗവേഷണസ്ഥാപനങ്ങളിൽ ഒന്നാണിത്. തൃശൂരിൽ പീച്ചിയിലുള്ള കേരള വനം ഗവേഷണസ്ഥാപനം, കോഴിക്കോടുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രം, തിരുവനന്തപുരത്തു് പാലോടുള്ള ട്രോപ്പിക്കൽ ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണു് മറ്റുള്ളവ. ജിയോളജിക്കൽ സർവ്വേയുടെ ഡയറക്‌ടർ ജനറലായി വിരമിച്ച പ്രൊഫ. സി. കരുണാകരന്റെ നേതൃത്വത്തിലാണു് ഇതു് സ്ഥാപിക്കപ്പെട്ടതു്. ആകാശം, കടൽ, കര, ഭൗമ വിഭവങ്ങൾ, രാസപ്രക്രിയകൾ തുടങ്ങിയവ പഠിക്കാൻ പ്രത്യേക വിഭാഗങ്ങൾ ഈ സ്ഥാപനത്തിലുണ്ട്. കേരളസർക്കാരിന്റെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ഭൗമശാസ്ത്രപഠനകേന്ദ്രം (സെസ്സ്) ഏറ്റെടുക്കുന്ന കാര്യം കേന്ദ്രഭൗമശാസ്ത്രമന്ത്രാലയം ആലോചിക്കുന്നതായി കേന്ദ്ര മന്ത്രി അശ്വിനികുമാർ ലോക്സഭയിൽ വെളിപ്പെടുത്തിയിരുന്നു.






