മണിമലയാർ
ഇന്ത്യയിലെ നദിമണിമലയാർ തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. ഉപഗ്രഹ ഭൂപടങ്ങൾ പ്രചാരത്തിലാകുന്നതിന് മുമ്പ് ഈ നദി പമ്പാ നദിയുടെ കൈവഴിയായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. ഉത്ഭവ സ്ഥാനത്ത് പുല്ലുകയാർ എന്ന പേരിലറിയപ്പെടുന്ന ഈ നദി എരുമേലിയ്ക്കു സമീപമുള്ള കൊരട്ടി ഗ്രാമത്തിലെത്തുമ്പോൾ കൊരട്ടിയാർ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ വിഷഘ്ന എന്നൊരു പേരും ഈ നദിക്കുണ്ട്. ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വെച്ചാണ് വേമ്പനാട് കായലിൽ ചേരുന്നത്. പമ്പയുടെ കൈവഴികളിലൊന്നായ കോലറയാർ മണിമലയാറിന്റെ കൈവഴിയിൽ നിരണത്ത് വെച്ച് ചേരുന്നു. പമ്പയുടെ ഒരു പ്രധാനകൈവഴി കടപ്ര കീച്ചേരി വാൽക്കടവിൽ വെച്ചും മണിമലയാറിൽ ചേരുന്നു. തിരുവല്ലയാണ് നദീതീരത്തുള്ള ഏറ്റവും വലിയ പട്ടണം. ഇപ്പോൾ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് തുകലശ്ശേരി വഴി ഒഴുകുന്ന നദിയുടെ കൈവഴിയിലാണ്. അതുപോലെ ആറന്മുള ഉതൃട്ടാതി വള്ളംകളിയിലും വള്ളസദ്യക്കും നിലവിൽ പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിൽ വെൺപാല കദളിമംഗലം പള്ളിയോടം മാത്രമാണ് മണിമലയാറ്റിലുള്ള ഒരേയൊരു പള്ളിയോടം. എന്നാൽ പണ്ട് കാലത്ത് മണിമലയാറ്റിൽ ഇരവിപേരൂർ, വള്ളംകുളം, ഇരുവെള്ളിപ്പറ എന്നീ പള്ളിയോടങ്ങളുമുണ്ടാരുന്നതായി പറയപ്പെടുന്നു.പത്തനംതിട്ടയിലൂടെ ഒഴുകുന്ന മണിമലയാറിലെ ജലത്തിൻ്റെ അളവും മറ്റും പരിശോധിക്കുന്ന കേന്ദ്ര ഗവൺമൻ്റെ സ്ഥാപനമായ സെൻട്രൽ വാട്ടർ കമ്മീഷൻ മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ M.നോർത്ത് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് നൽകുന്ന അളവുകൾ പ്രകാരമാണ് നദിയിലെ ജലനിരപ്പ് കണക്കാക്കുന്നത്.