ആൾക്കുരങ്ങ്
From Wikipedia, the free encyclopedia
Remove ads
ആഫ്രിക്കയിലെയും തെക്കേഷ്യയിലെയും സ്വദേശികളായ, പഴയലോകത്തെ, വാലില്ലാത്ത ആന്ത്രോപോയ്‌ഡ് പ്രൈമേറ്റുകളിലെ മനുഷ്യൻ ഉൾപ്പെടുന്ന ശാഖയാണ് ആൾക്കുരങ്ങുകൾ അഥവാ മനുഷ്യക്കുരങ്ങുകൾ (Apes (Hominoidea)). ഇതോടൊപ്പം പഴയ ലോകത്തെ കുരങ്ങുകളെക്കൂടി ഉൾപ്പെടുത്തിയാൽ അത് കറ്റാറിൻ ക്ലാഡ് (catarrhine clade) ആയി. മറ്റു പ്രൈമറ്റുകളിൽ നിന്നും ഇവയെ വ്യത്യസ്തർ ആക്കുന്നത് ബ്രാക്കിയേഷനിലൂടെ ലഭ്യമായ തോൾസന്ധിയുടെ ഉയർന്ന ചലനസ്വാതന്ത്ര്യമാണ്. ഈ ഉപരികുടുംബത്തിൽ രണ്ട് ശാഖകളേ ഇന്നു നിലവിലുള്ളൂ: ചെറു ആൾക്കുരങ്ങുകളായ ഗിബ്ബണുകളും, വലിയ ആൾക്കുരങ്ങുകളായ ഹോമിനിഡുകളും.
- ചെറു ആൾക്കുരങ്ങുകളുടെ കുടുംബമായ ഹൈലോബാറ്റിഡേയിൽ (Hylobatidae) നാലു ജനുസുകളിലായി എല്ലാം ഏഷ്യൻ വംശജരായ പതിനാറു ഗിബ്ബണുകളാണ് ഉള്ളത്. മിക്കവാറും മരത്തിൽ കഴിയുന്നതും നിലത്തിറങ്ങിയാൽ രണ്ടുകാലിൽ നടക്കുന്നവയുമാണ് ഇവ. ഭാരം കുറഞ്ഞ ശരീരവും വലിയ ആൾക്കുരങ്ങുകളെ അപേക്ഷിച്ച് ചെറിയ സാമൂഹിക സംഘവുമാണ് ഇവയ്ക്ക് ഉള്ളത്.
- വലിയ ആൾക്കുരങ്ങുകൾ എന്നു പൊതുവേ അറിയപ്പെടുന്ന കുടുംബമായ ഹോമിനിഡേയിൽ (Hominidae) ഒറാങ്ങുട്ടാൻ, ഗൊറില, ചിമ്പാൻസി, മനുഷ്യൻ എന്നിവ ഉൾപ്പെടുന്നു.[1][a][2][3] വലിയ ആൾക്കുരങ്ങുകളിൽ നിലവിൽ ഏഴ് സ്പീഷിസുകൾ ആണ് ഉള്ളത്. പോംഗോ(Pongo) ജനുസിൽ രണ്ടുതരം ഒറാങ്ങുട്ടാൻമാരും, ഗോറില്ല (Gorilla) ജനുസ്സിൽ രണ്ടുതരം ഗോറില്ലകളും, പാൻ (Pan) ജനുസിൽ രണ്ടുതരം ചിമ്പാൻസികളും, ഹോമോ (Homo) എന്ന ഒരേയൊരു ജനുസിൽ മനുഷ്യരും (Homo sapiens) ആണ് അവ്.[4][5]
ഹോമിനോഐഡിയ (Hominoidea) എന്ന ഉപരികുടുംബത്തിലെ അംഗങ്ങളെ ഹോമിനോയ്‌ഡുകൾ എന്നാണു വിളിക്കുന്നത്. ഗോറില്ലകളെയും മനുഷ്യരെയും ഒഴിച്ചുനിർത്തിയാൽ ബാക്കി ഈ കുടുംബത്തിൽ ഉള്ളവരെല്ലാം നല്ല മരംകയറ്റക്കാരാണ്. ഇലകളും പഴങ്ങളും വിത്തുകളും അണ്ടിപ്പരിപ്പുകളും പുൽവിത്തുകളും ആണ് പ്രധാന ആഹാരം. ചിലപ്പോഴൊക്കെ മറ്റു മൃഗങ്ങളെയും കൊന്നിട്ടോ, മറ്റുമൃഗങ്ങൾ ഉപേക്ഷിച്ചതോ (മനുഷ്യരെപ്പറ്റി മാത്രം പറയുകയാണെങ്കിൽ) കൃഷി ചെയ്തോ - പെട്ടെന്നു ദഹിക്കുന്നതും എളുപ്പം ലഭ്യമാകുന്നവ എന്തും ഇവ ഭക്ഷിക്കുന്നു.[6][7]
ഹോമിനോയ്‌ഡുകളിലെ മനുഷ്യനല്ലാത്ത മിക്ക അംഗങ്ങളും അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നവയോ ആണ്. മധ്യരേഖാമഴക്കാടുകളുടെ നാശമാണ് ഇവയ്ക്കു പ്രധാനകാരണം. വേട്ടയാടൽ ആണ് മറ്റൊരു കാരണം. എബോള വൈറസിനാൽ ആഫ്രിക്കയിലെ ആൾക്കുരങ്ങുകൾ വലിയ നാശം നേരിടുന്നുണ്ട്. 1990 മുതൽ ആഫ്രിക്കയിലെ ആൾക്കുരങ്ങുകളുടെ മൂന്നിലൊന്നിനെയോളം കൊന്നൊടുക്കിയ എബോളയാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads