സോണിയ ഗാന്ധി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, രാജീവ് ഗാന്ധിയുടെ വിധവയും From Wikipedia, the free encyclopedia

സോണിയ ഗാന്ധി
Remove ads

സോണിയാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്‌.[1] 2023 മാർച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്റെ ലോക്സഭയിലെ അധ്യക്ഷയായിരുന്നു. ഫോബ്സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ഗാന്ധി ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തും, ഇപ്പോൾ ആറാം സ്ഥാനത്തുമാണ്(2008-09). എംപിമാർ വഹിക്കുന്ന വരുമാനമുള്ള പദവികൾ സംബന്ധിച്ചുയർന്ന വിവാദത്തെ തുടർന്ന് എം. പി സ്ഥാനം രാജി വച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, റായ് ബറേലിയിൽ നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി.

വസ്തുതകൾ സോണിയ ഗാന്ധി, Chairperson of the National Advisory Council ...
Remove ads

ആദ്യകാല ജീവിതം

ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺ‌ട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.

1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തി[2]. അവിടെ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. 1968ൽ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടിൽ താമസമാക്കി.

തുടക്കത്തിൽ ഇന്ത്യയെ ഇഷ്ടപ്പെടാനോ ഇവിടുത്തെ ഭക്ഷണ-വസ്ത്രധാരണ രീതികളുമായി പൊരുത്തപ്പെടാനോ സോണിയയ്ക്കു കഴിഞ്ഞില്ല. ഇതിനിടയിൽ, മുട്ടറ്റംവരെ മാത്രമുള്ള പാവാടയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതു വിവാദമാവുകയും ചെയ്തു. 1983ൽ ഇന്ത്യൻ‍ പൗരത്വം ലഭിച്ചപ്പോഴേയ്ക്കും ഈ അവസ്ഥയ്ക്കു മാറ്റം വന്നിരുന്നു. ദമ്പതികൾക്ക് 1970 ജൂൺ 19 ന് മകൻ രാഹുൽ ഗാന്ധിയും 1972 ജനുവരി 12 ന് മകൾ പ്രിയങ്ക ഗാന്ധിയും പിറന്നു.

അമ്മ പ്രധാനമന്ത്രി ആയിരുന്നിട്ടുകൂടി സോണിയയും രാജീവും പൂർണ്ണമായും രാഷ്‌ട്രീയത്തിൽനിന്നും വിട്ടുനിന്നു. രാജീവ് ഒരു വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയും, സോണിയ വീട്ടുകാര്യങ്ങൾ മാത്രവും ചെയ്തു പോന്നു. പിന്നീട് 1977ൽ അടിയന്തരാവസ്ഥയെ തുടർന്ന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദത്തിൽ നിന്നു പുറത്തായപ്പോഴും, 1982ൽ രാജീവ് ഗാന്ധി രാഷ്‌ട്രീയത്തിൽ പ്രവേശിച്ചപ്പോഴും, സോണിയ കുടുംബത്തിൽ മാത്രമൊതുങ്ങുകയും ജനസമ്പർക്കത്തിൽ നിന്നു പൂർണ്ണമായും വിട്ടു നിൽക്കുകയും ചെയ്തു.


Remove ads

ഇന്ത്യൻ രാഷ്‌ട്രീയ പ്രവേശനവും മറ്റു വിവാദങ്ങളും

രാജീവ് ഗാന്ധിയുടെ അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ വിവാദമായ ബോഫോഴ്സ് കോഴ കേസിൽ, പങ്കുണ്ടെന്നാരോപിക്കപ്പെട്ട ഇറ്റാലിയൻ ബിസിനസ് കാരനായ ഒട്ടാവിയോ ക്വാട്ട്‌റോച്ചി സോണിയ ഗാന്ധിയുടെ സുഹൃത്തായിരുന്നെന്നും, അതു വഴി ക്വാട്ട്‌റോച്ചിക്കു പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എളുപ്പത്തിൽ പ്രവേശനം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. 1991 മെയ് 21-ആം തീയതി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്‌ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാൽ, അന്നു സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. പിന്നീട് 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. 1998-ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. 1999-ലെ തെരഞ്ഞെടുപ്പിൽ, അവർ പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വർഷത്തേയ്ക്കു സോണിയ ഇന്ത്യൻ പൗരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്‌, തുടങ്ങിയവ സോണിയയുടെ എതിർകക്ഷികൾ, പ്രത്യേകിച്ചും ബി.ജെ.പി, ശക്തമായ പ്രചാരണായുധമാക്കിയപ്പോൾ, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താൻ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നൽകി. ഇന്ത്യൻ മണ്ണിലോ, ഇന്ത്യൻ രക്തത്തിലോ ജനിക്കാത്ത സോണിയയുടെ, പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെ മുതിർന്ന നേതാക്കളായ പി.എ. സാംഗ്‌മ, ശരദ് പവാർ, താരീഖ് അൻ‌വർ എന്നിവർ ചോദ്യം ചെയ്തപ്പോൾ, സോണിയ തന്റെ നേതൃസ്ഥാനം രാജി വയ്ക്കാൻ തയ്യാറായി.

2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാൽ, ഗവണ്മെന്റ് രൂപവത്കരിക്കാനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കാൻ ഇടതുപക്ഷത്തെ ആശ്രയിക്കേണ്ടി വന്നു. വിദേശ മണ്ണിൽ ജനിച്ച സോണിയ, ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ അയോഗ്യയാണെന്നുള്ള വാദങ്ങൾ വീണ്ടും ചൂടു പിടിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ചുമതലയേൽക്കാനുള്ള നിർദ്ദേശം സോണിയ നിരസിച്ചു. അസാധാരണമായ ഒരു ത്യാഗ പ്രവൃത്തിയായാണ് ഇതിനെ സോണിയയെ അനുകൂലിക്കുന്നവർ വാഴ്ത്തുന്നതെങ്കിലും സോണിയയുടെ പൗരത്വസംബന്ധമായ ചില അവ്യക്തതകളാണു് ഇതിനു പിന്നിൽ എന്ന് ചില മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു[3].

പ്രധാനമന്ത്രിയാകുന്നതിനോ പാർലമെന്റ് അംഗം ആകുന്നതിനു പോലുമോ നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാലാണു സോണിയാ അതിനു മുതിരാത്തതെന്ന്‌ എൻ.ഡി.എ യിലെ പ്രമുഖ നേതാക്കൾ പലരും, പ്രത്യേകിച്ചും സുബ്രഹ്മണ്യം സ്വാമിയും, സുഷമാ സ്വരാജും ആരോപിച്ചു. 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ അഞ്ചാം ഖണ്ഡം ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. എന്നാൽ സുപ്രീം കോടതിയിൽ ഈ കേസ് തള്ളിപ്പോവുകയാണുണ്ടായത്. കൂടാതെ , താൻ കേംബ്രിഡ്ജ് സർവകലാശാല ബിരുദധാരി ആണെന്നു സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചു ഫയൽ ചെയ്ത കേസും സുപ്രീം കോടതി തള്ളികളഞ്ഞു.

മെയ് 18-ആം തീയതി, സാമ്പത്തിക വിദഗ്ദ്ധനായ മൻ‌മോഹൻ സിംഗിനെ സോണിയാ പ്രധാനമന്ത്രി സ്ഥാനത്തെയ്ക്കു നാമനിർദ്ദേശം ചെയ്തു. നരസിംഹറാവു ഗവണ്മെന്റിൽ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിംഗ്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ അമരക്കാരനായി കരുതപ്പെടുന്നു. പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്നതും, സോണിയയുമായി കാത്തു സൂക്ഷിച്ചു പോന്നിരുന്ന നല്ല ബന്ധവും, സിംഗിന് അനുകൂല ഘടകങ്ങളായി. കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി അധ്യക്ഷസ്ഥാനം സോണിയ നിലനിറുത്തുകയും ചെയ്തു.

Remove ads

തിരഞ്ഞെടുപ്പുകൾ

  • 1999-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേത്തിയിലും കർണ്ണാടകയിലെ ബെല്ലാരിയിലും മൽസരിച്ച് വിജയിച്ചു. ബെല്ലാരിയിൽ നിന്ന് രാജി വെച്ചു.

കുടുംബം

സോണിയ - രാജീവ് വിവാഹത്തോടു സോണിയയുടെ പിതാവിനു കടുത്ത എതിർപ്പായിരുന്നെങ്കിലും , സോണിയ ഇന്നും തന്റെ ഇറ്റലിയിലെ കുടുംബവുമായി ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു പോരുന്നു. മകൻ രാഹുൽ ഗാന്ധി 2004 ലെ തെരഞ്ഞെടുപ്പിൽ, അമേത്തിയിൽ നിന്നും പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. കുടുംബപാരമ്പര്യം പോലെ, രാഹുൽ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്കുയരുമെന്നും, നെഹ്രു കുടുംബത്തിൽ നിന്നുള്ള അടുത്ത പാർട്ടി നേതാവാണു രാഹുലെന്നും പലരും വിശ്വസിച്ചു പോരുന്നു. മകൾ പ്രിയങ്ക ഗാന്ധി വധേര, ഇതുവരെ ഇലക്ഷനിൽ മത്സരിക്കുകയോ, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചിരുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയും മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നടത്താറുണ്ട്. രാജീവ് ഗാന്ധിയുടെ സഹോദരനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവ മനേക ഗാന്ധിയുമായോ, മകൻ വരുൺ ഗാന്ധിയുമായോ, സോണിയയോ കുട്ടികളോ, അത്ര നല്ല ബന്ധം സ്ഥാപിച്ചിട്ടില്ല. ഇവർ രണ്ടു പേരും എതിർകക്ഷിയായ ബി ജെ പി യുടെ പ്രമുഖ നേതാക്കളാണ്.

Remove ads

സാഹിത്യ സംഭാവനകൾ

സോണിയാ ഗാന്ധിയുടേതായി 2 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘രാജീവ്‘, ‘രാജീവിന്റെ ലോകം‘ എന്നിവയാണവ[അവലംബം ആവശ്യമാണ്]. ഇതു കൂടാതെ ജവഹർലാൽ നെഹ്റു ഇന്ദിരാ ഗാന്ധിക്കയച്ച കത്തുകൾ 'ഫ്രീഡംസ് ഡോട്ടർ', 'റ്റൂ എലോൺ, റ്റൂ ടുഗതർ', എന്ന രണ്ടു വാല്യങ്ങളായി എഡിറ്റ് ചെയ്തിട്ടുമുണ്ട്‌.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads