ആൻഡ്രോയ്ഡ്

ഓപ്പറേറ്റിങ്‌ സിസ്റ്റം From Wikipedia, the free encyclopedia

Remove ads

സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ്‌ സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്[4][5][6].ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത്[7][8][9].

വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...
Remove ads

ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005-ൽ ഏറ്റെടുത്തു[10]. തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു[8][11][12][13] . മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ അനുമതിപത്രം പുറത്തിറക്കിയിരിക്കുന്ന[14] ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട്(AOSP) രൂപീകരിച്ചിട്ടുണ്ട്[15]

പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ഡാൽവിക്ക് വിർച്വൽ മെഷീനും, ജാവ കോഡ് റൺ ചെയ്യുന്നതിനായി ജസ്റ്റ് ഇൻ ടൈം കമ്പൈലറും ഉപയോഗിക്കുന്നു[16]. ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ആപ്ലിക്കേഷനുകൾ പ്രധാനമായും കസ്റ്റമൈസ്ഡ് ജാവയിലാണ് എഴുതിയിരിക്കുന്നത്[17]. ഇത്തരത്തിലുള്ള രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്[18][19]. ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ എന്ന ഗൂഗിളിന്റെ ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്നോ മറ്റു സൈറ്റുകളിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം.

2010-ന്റെ അവസാന പാദത്തിൽ കാനലിസ് നടത്തിയ സർവ്വേയിൽ ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ആൻഡ്രോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു[20][21]. 2011-ലെ കണക്കുകൾ പ്രകാരം ഒരു ദിവസം 700,000 ആൻഡ്രോയ്ഡ് അധിഷ്ഠിത ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കപ്പെടുന്നുണ്ട്[22].

Remove ads

ചരിത്രം

Thumb
Thumb

അമേരിക്കൻ ഐക്യനാടുകളിലെ പൗലോ ആൽടോയിൽ 2003 ഒക്ടോബറിലാണ് ആൻഡ്രോയ്ഡ് കോർപ്പറേഷൻ ആന്റി റൂബിൻ (ഡെഞ്ചറിന്റെ സഹസ്ഥാപകൻ)[23] റിച്ച് മൈനർ (വൈൾഡ് ഫയർ കമ്യൂണിക്കേഷൻസിന്റെ സഹസ്ഥാപകൻ)[24] നിക്ക് സിയേഴ്സ് (ടി- മൊബൈലിലെ വി.പി),[25] ക്രിസ് വൈറ്റ് (വെബ്‌ ടി. വി. യുടെ ഡിസൈൻ ആന്റ് ഇന്റെർഫേസ് തലവൻ)[26] എന്നിവർ ചേർന്ന് സ്ഥാപിച്ചത്. റൂബിന്റെ വാക്കുകളിൽ "ഉപയോക്താവിന്റെ ശീലങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും പറ്റി കൂടുതൽ അവബോധമുള്ള ഫോൺ"[27] എന്നാൽ ആൻഡ്രോയ്ഡ് കോർപ്പറേഷന്റെ ആദ്യകാല പ്രവർത്തനങ്ങൾ വളരെ രഹസ്യമായിരുന്നു. തങ്ങൾ മൊബൈൽ ഫോൺ സോഫ്റ്റ്‌വെയർ നിർമ്മാണത്തിനായി പ്രവർത്തിക്കുന്നു എന്ന കാര്യം മാത്രമാണ് അവർ വെളിവാക്കിയിരുന്നത്.[27]

ഗൂഗിളിന്റെ ഏറ്റെടുക്കൽ

2005 ഓഗസ്റ്റിൽ ഗൂഗിൾ കോർപ്പറേഷൻ ആൻഡ്രോയ്ഡ് കോർപ്പറേഷനെ പൂർണ്ണമായും ഏറ്റെടുത്തു. ആന്റി റൂബിൻ, ക്രിസ് വൈറ്റ്, റിച്ച് മൈനർ എന്നിവർ ഏറ്റെടുക്കലിന് ശേഷവും കമ്പനിയുടെ തലപ്പത്ത് തന്നെ വിരാജിച്ചു.[28] ഇക്കാലയളവിൽ ആൻഡ്രോയിഡിനെപ്പറ്റി അധികമാർക്കും അറിവില്ലായിരുന്നു. എന്നാൽ ഗൂഗിൾ ഈ പ്രവൃത്തിയിലൂടെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് പ്രവേശിക്കുകയാണെന്ന കാര്യം വ്യക്തമായി.[28]

ഏറ്റെടുക്കലിന് ശേഷമുള്ള വികസനം

ഗൂഗിളിൽ ആന്റി റൂബിനാൽ നയിക്കപ്പെട്ട സംഘം ലിനക്സ് കെർണൽ വ്യവസ്ഥയിലധിഷ്ഠിതമായി ഒരു മൊബൈൽ ഫോൺ പശ്ചാത്തലം വികസിപ്പിച്ചു. ഗൂഗിൾ ഇത് മൊബൈൽ ഫോൺ നിർമ്മാതാക്കൾക്കും സംവാഹകർക്കുമായി പങ്ക് വെച്ചു. മെച്ചപ്പെടുത്താവുന്നതും അവശ്യത്തിനുതകും വിധം ലാളിത്യമുള്ളതുമാണ് ഇതെന്നായിരുന്നു ഗൂഗിളിന്റെ വാദം.[28] ഗൂഗിൾ ഇതേത്തുടർന്ന് ഒട്ടനവധി ഹാർഡ്‌വെയർ - സോഫ്‌റ്റ്‌വെയർ നിർമ്മാതാക്കളുമായി വിവിധതരത്തിലുള്ള സഹകരണത്തിലേർപ്പെട്ടു.[29] [30] [31]

Remove ads

ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്

2007 നവംബർ 05ന് പ്രമുഖ ഹാർഡ്‌വെയർ - സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ ചേർന്ന് ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസ് എന്ന പേരിൽ പുതിയ ഒരു കൂട്ട്‌കെട്ട് രൂപവത്കരിച്ചു. ഇതിൽ ഗൂഗിൾ. എച്ച്ടിസി, എൽജി, ഇന്റെൽ, മാർവെൽ ടെക്നോളജി, മോട്ടോറോള, എൻവിഡിയ, ക്വാൽകോം, സാംസങ്, സ്പ്രിന്റ്, ടെക്സസ്, ബ്രോഡ്കോം തുടങ്ങിയവർ ഉൾപ്പെടുന്നു. മൊബൈൽ/ടാബ്ലെറ്റുകൾക്കായി ഓപ്പൺ സ്റ്റാൻഡേർഡുകൾ നിർമ്മിക്കുക എന്നതായിരുന്നു ഓപ്പൺഹാൻഡ്‌സെറ്റ് അലയൻസിന്റെ പ്രാഥമിക ലക്ഷ്യം.[8] അതേ ദിവസം തന്നെ തങ്ങളുടെ ആദ്യത്തെ ഉത്പന്നം ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസ് പ്രഖ്യാപിച്ചു.- ലിനക്സ് കെർണൽ 2.06 അടിസ്ഥാനപ്പെടുത്തി ആൻഡ്രോയ്ഡ് എന്ന മൊബൈൽ പശ്ചാത്തല വ്യവസ്ഥയിൽ[8].

2008 ഡിസംബർ 9ന് വോഡാഫോൺ, തോഷിബ, സോണി എറിക്‌സൺ, സോഫ്റ്റ്‌ബാങ്ക് പാക്കറ്റ്‌വീഡിയോ, ഹുവാവേ ടെക്നോളജീസ്, ഏആർഎം ഹോൾഡിങ്ങ്സ് എന്നിങ്ങനെ പുതിയ 14 അംഗങ്ങൾ കൂടി ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസിനൊപ്പം ചേർന്നു[32][33].

Remove ads

പതിപ്പുകൾ

ബീറ്റ പതിപ്പ്

2007 നവംബർ 05ന് ആൻഡ്രോയ്ഡ് ബീറ്റ പുറത്തിറങ്ങി.[34][35] ഇതിന്റെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റ് പുറത്തിറങ്ങിയത് 2007 നവംബർ 12നും.[36]

ആൻഡ്രോയ്ഡ് 1.0

Thumb
ആൻഡ്രോയ്ഡ് 1.0 അടിസ്ഥാനപ്പെടുത്തിയ എച്ച്. ടി. സി ഡ്രീം ജിവൺ

2008 സെപ്റ്റംബർ 23ന് ആൻഡ്രോയ്ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ പതിപ്പ്, 1.0 പുറത്തിറങ്ങി.[37] എച്ച്ടിസിയുടെ ഡ്രീം ജി‌.വൺ ( HTC Dream G1)[38] ആണ് ആദ്യത്തെ ആൻഡ്രോയ്ഡ് സന്നിവേശിപ്പിച്ച ഉപകരണം. ഇതിൽ ആൻഡ്രോയ്ഡ് മാർക്കറ്റ്, വെബ് ബ്രൗസർ[39][40], ക്യാമറ പിന്തുണ[41], ജിമെയിൽ, ഗൂഗിൾ കോൺടാക്റ്റ്സ്, ഗൂഗിൾ കലണ്ടർ, ഗൂഗിൾ മാപ്സ്[41] എന്നിവയുടെ ക്രോഡീകരണവും ഗൂഗിൾ ടോക്ക്, ഗൂഗിൾ സെർച്ച്, യൂട്യൂബ്,[42] മീഡിയ പ്ലയർ[40][41], എം.എം.എസ്, എസ്.എം. എസ്, വൈ‌-ഫൈ, ബ്ലൂടൂത്ത് പിന്തുണ എന്നിവയുണ്ടായിരുന്നു. ഇത് 320×480 എച്ച്.വി.ജി.എ സ്ക്രീൻ പിന്തുണച്ചിരുന്നു.

ആൻഡ്രോയ്ഡ് 1.1

ടി മൊബൈൽ ജി വണ്ണിനായി (T-Mobile G1) 2009 ഫെബ്രുവരി 09ന് ആൻഡ്രോയ്ഡ് 1.1 പുറത്തിറക്കി ഈ അധികരിച്ച പതിപ്പ് കൂടുതൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തുകയും 1.0ൽ കണ്ട പിഴവുകൾ പരിഹരിക്കുകയും ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് മെച്ചപ്പെടുത്തുകയും ചെയ്തു.[43]

1.5 കപ്കേക്ക് (Cupcake)

ലിനക്സ് കെർണൽ 2.6.27 നെ അടിസ്ഥാനമാക്കി 2009 ഏപ്രിൽ 30ന് ആൻഡ്രോയ്ഡ് 1.5 കപ്കേക്ക് പുറത്തിറങ്ങി.[44][45] യൂട്യൂബിലേക്കും പിക്കാസയിലേക്കും നേരിട്ട് ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള ഉപാധി, ചലനാത്മകമായ സ്ക്രീൻ, വിഡ്ജറ്റുകളുടെ പിന്തുണ,[46] മറ്റ് വിർച്വൽ കീബോഡുകളുടേയും ടെക്സ്റ്റ് പ്രഡിക്ഷൻ നിഘണ്ടു ഉപഭോഗം, 3ജിപി - എംപെഗ്4 പിന്തുണ എന്നിവയായിരുന്നു ഇതിൽ വന്ന പ്രധാന കൂട്ടിച്ചേർക്കലുകൾ.[47]

1.6 ഡോനട്ട് (Donut)

പ്രമാണം:Android1.6.png
ആൻഡ്രോയ്ഡ് 1.6 പൂമുഖം

ലിനക്സ് കെർണൽ 2.6.29നെ അടിസ്ഥാനപ്പെടുത്തി, ആൻഡ്രോയ്ഡ് 1.6 SDK 1.6 ഡോനട്ട് 2009 സെപ്റ്റംബർ 15നു പുറത്തിറക്കി.[48][49] [50] വെബ്, കോണ്ടാക്ട്സ്, ഹിസ്റ്ററി എന്നിവയിൽ ടെക്സ്റ്റ് - ശബ്ദാന്വേഷണം, ബഹുഭാഷാ സ്പീച്ച് സിന്തസിസ് എഞ്ചിൻ, ആൻഡ്രോയ്ഡ് മാർക്കറ്റിലെ ഉത്പന്നങ്ങളിൽ മെച്ചപ്പെട്ട തിരച്ചിലും ഉത്പന്നങ്ങളുടെ പ്രിവ്യൂ കാണാനുമുള്ള അവസരം, ഗ്യാലറി ക്യാമറ, ക്യാംകോഡർ എന്നിവയുടെ മെച്ചപ്പെട്ട ക്രോഡീകരണത്തിലൂടെ മികച്ച ഉപയോഗക്ഷമത, ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് ഇല്ലാതാക്കാനുള്ള അവസരം, ഡബ്ലൂവിജിഎ സ്ക്രീൻ റസല്യൂഷൻ പിന്തുണ, എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.[48]

2.0/2.1 എക്ലയർ (Eclair)

ലിനക്സ് കെർണൽ 2.6.29നെ അടിസ്ഥാനമാക്കി 2009 ഒക്ടോബർ 26ന് ആൻഡ്രോയ്ഡ് 2.0 SDK,[51] ഡിസംബർ 3ന് ആൻഡ്രോയ്ഡ് 2.0.1 SDK,[52] 2010 ജനുവരി 12ന് 2.1 SDK എന്നിവ പുറത്തിറങ്ങി.[53] ബ്ലൂടൂത്ത് 2.1 പിന്തുണ, കോണ്ടാക്ടിൽ നിന്നും നേരിട്ട് കാൾ/ഇ-മെയിൽ/മെസേജ്, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ക്രോഡീകരിക്കാനുള്ള അവസരം, ക്യാമറാ നവീകരണം, വിർച്വൽ കീബോഡ് നവീകരണം, മെച്ചപ്പെട്ട കോണ്ട്രാസ്റ്റ് അനുപാതം എന്നിവയായിരുന്നു ഇവയിൽ വന്ന മാറ്റങ്ങൾ.[54]

2.2.x ഫ്രോയോ (Froyo)

ലിനക്സ് കെർണൽ 2.6.32നെ അടിസ്ഥാനപ്പെടുത്തി 2010 മെയ് 20ന് ആൻഡ്രോയ്ഡ് 2.2 ഫ്രോയോ SDKയും,[55][56] 2011 ജനുവരി 18ന് ആൻഡ്രോയ്ഡ് 2.2.1 ,[57] ജനുവരി 22 ന് ആൻഡ്രോയ്ഡ് 2.2.2 ,[58] നവംബർ 21ന് Android 2.2.3 SDKയും പുറത്തിറങ്ങി. വേഗത, മെമ്മറി, കാര്യക്ഷമത എന്നിവയിലെ വർദ്ധന,[59] ജെഐടി കമ്പൈലേഷൻ,[60] ക്രോം വി8 ജാവാസ്ക്രിപ്റ്റ് ബ്രൗസർ, ആൻഡ്രോയ്ഡ് ക്ലൗഡ് ഡിവൈസ് മെസ്സേജിങ്ങ് സേവനം, യുഎസ്ബി ടെതറിങ്ങ്, വൈഫൈ ഹോട്ട്സ്പോട്ട്, അഡോബ് ഫ്ലാഷ് പിന്തുണ,[61] ബാഹ്യ മെമ്മറിയിലേക്ക് ആപ്ലിക്കേഷനുകൾ സന്നിവേശിപ്പിക്കാനുള്ള സൗകര്യം, ന്യൂമറിക് ആൽഫാന്യൂമറിക് രഹസ്യവാക്കുകളുടെ പിന്തുണ, മൊബൈൽ വഴിയുള്ള ഡേറ്റ ഉപഭോഗം നിർത്തിവയ്ക്കാനുള്ള അവസരം, മൈക്രോസോഫ്റ്റ് എക്സ്ച്ചേഞ്ച് പിന്തുണ എന്നിവയായിരുന്നു ഇതിലെ നവീകരണങ്ങൾ.[55]

2.3.x ജിഞ്ചർബ്രഡ് (Gingerbread)

ലിനക്സ് കെർണൽ 2.6.35 നെ അടിസ്ഥാനപ്പെടുത്തി 2010 ഡിസംബർ 6ന് ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡ് SDK പുറത്തിറങ്ങി. ആൻഡ്രോയ്ഡ് 2.3.3(9 February 2011),[62] 2.3.4,[63] 2.3.5(25 July 2011),[64] 2.3.6, 2.3.7 എന്നീ പതിപ്പുകൾ ജിഞ്ചർബ്രഡിന്റെ അനുബന്ധമായി പുറത്തിറങ്ങി. ഇതിലെ നവീകരണങ്ങൾ[65] വേഗതയും ലാളിത്യവും നിറഞ്ഞ പുതിയ ഉപയോക്തൃ ഇന്റർഫേസ്, WXGA മുതൽ മുകളിലോട്ടുള്ള വലിയ സ്ക്രീനുകൾക്കും പിന്തുണ, മെച്ചപ്പെടുത്തിയ വിർച്വൽ കീബോഡ്, മെച്ചപ്പെടുത്തിയ കോപ്പി/പേസ്റ്റ് സംവിധാനം, ഗാർബേജ് കളക്ഷൻ,ഗൈറോസ്കോപ്പ് ബാരോമീറ്റർ മുതലായ പുതിയ സെൻസറുകൾക്കുള്ള പിന്തുണ, പുതിയ ഡൗൺലോഡ് മാനേജർ, നേറ്റീവ് കോഡ് ഡെവലപ്പ്മെന്റിന് പിന്തുണ, ഫ്രണ്ട് ക്യാമറയ്ക്ക് പിന്തുണ, പുതിയ ആഡിയോ ഇഫക്ടുകൾ, നിയർ ഫീൾഡ് കമ്യൂണിക്കേഷൻ പിന്തുണ എന്നിവയാണ്.

3.x ഹണികോമ്പ് (Honeycomb)

Thumb
മോട്ടോറോള ക്സൂം, ആൻഡ്രോയ്ഡ് 3.0 ഹണീകോമ്പിൽ അധിഷ്ഠിതമായി

2011 ഫെബ്രുവരി 22ന് ടാബ്‌ലറ്റുകൾക്ക് മാത്രമായി ലിനക്സ് കെർണൽ 2.6.36നെ അധിഷ്ഠിതമാക്കി ആൻഡ്രോയ്ഡ് 3.0 ഹണീകോമ്പ് പുറത്തിറക്കി.[66] [67] [68] [69] ഇതുൾപ്പെട്ട ആദ്യത്തെ ഉപാധി, മോട്ടോറോള ക്സൂം ടാബ്‌ലറ്റ് 2011 ഫെബ്രുവരി 24ന് വിപണിയിലെത്തി. 2011 ജൂലൈ 15ന് 3.2, സെപ്റ്റംബർ 20ന് 3.2.1, ആഗസ്റ്റ് 30ന് 3.2.2 എന്നിവ പുറത്തിറങ്ങി. ഇതിലെ മാറ്റങ്ങൾ ഹോളോഗ്രഫിക് യൂസർ ഇന്റെർഫേസോടു കൂടിയ ടാബ്‌ലറ്റ് പിന്തുണ, സിസ്റ്റം ബാർ, ആക്ഷൻ ബാർ, മൾട്ടിപ്പിൾ ടാസ്കിങ്ങ് പിന്തുണ, നവീകരിച്ച കീബോഡ്, ബഹുദളങ്ങളോട് കൂടിയ ബ്രൗസർ, ക്യാമറ സംവിധാനങ്ങളിലേക്ക് പെട്ടെന്നുള്ള ആക്സസ്, നവീകരിച്ച ഗ്യാലറി ദൃശ്യം, ഹാർഡ്‌വെയർ ആക്സിലറേഷൻ, ഗൂഗിൾ ടോക്കിൽ വീഡിയോ ചാറ്റ് പിന്തുണ, മൾട്ടി കോർ പ്രോസസർ പിന്തുണ, ഉപയോക്തൃവിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ്.[70] [66]

4.0.x ഐസ്ക്രീം സാൻഡ്‌വിച്ച് (Ice Cream Sandwich)

Thumb
ആൻഡ്രോയ്ഡ് 4.0.1 ഐസ്ക്രീം സാൻഡ്‌വിച്ചിൽ അധിഷ്ഠിതമായ ഗാലക്സി നെക്സസ്

2011 ഒക്ടോബർ 19ന് ഗ്യാലക്സി നെക്സസിലൂടെ ആൻഡ്രോയ്ഡ് 4.0 ഐസ്ക്രീം സാൻഡ്‌വിച്ച് പുറത്തിറങ്ങി.[71] [72] ഇതിലെ പ്രത്യേകതകൾ വിഡ്ജറ്റുകളെ പുതിയ ടാബിൽ ഉൾപ്പെടുത്തി, നവീകരിക്കാവുന്ന ലോഞ്ചർ സംവിധാനം, ഡ്രാഗ് ആൻഡ് ഡ്രോപ്പ് മുഖാന്തരം പെട്ടെന്ന് നിർമ്മിക്കാനാവുന്ന ഫയലുകൾ, കലണ്ടറിൽ പിഞ്ച് ടു സൂം വ്യവസ്ഥ, ഓഫ്‌ലൈൻ തിരച്ചിൽ സംവിധാനം, ജിമെയിൽ സംഭാഷണങ്ങൾക്കിടയിൽ സ്വിച്ച് ചെയ്യാനുള്ള സംവിധാനം, സ്ക്രീൻഷോട്ട് ക്യാപ്ചർ സംവിധാനം, മുഖം തിരിച്ചറിഞ്ഞ് പൂട്ട് മാറ്റാനുള്ള സംവിധാനം. 16 ടാബുകൾ വരെ തുറക്കാവുന്ന പുതിയ ബ്രൗസർ, ഡാറ്റാ ഉപഭോഗത്തെ നിയന്ത്രിക്കാനുള്ള സംവിധാനം, മെച്ചപ്പെടുത്തിയ ക്യാമറ, ചിത്ര എഡിറ്റർ, ആൻഡ്രോയ്ഡ് ബീം - പുതിയ നിയർ ഫീൾഡ് കമ്യൂണിക്കേഷൻ സംവിധാനം, വൈഫൈ ഡയറക്ട്, 1080 പിക്സൽ വീഡിയോ റെക്കോഡിങ്ങ് [73] [74][75]

4.1.x ജെല്ലീ ബീൻ (Jelly Bean)

2012 ജൂൺ 17നു ആൻഡ്രോയ്ഡ് 4.1 ജെല്ലീ ബീൻ പുറത്തിറങ്ങി. ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ വെച്ചാണ് ഈ പതിപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിൽ ഇതവതരിപ്പിച്ചത് ജൂലൈ 9- നും. ജെല്ലിബീൻ ഒ.എസിൽ പ്രവർത്തിക്കുന്ന ആദ്യ ടാബ്‌ലെറ്റായ നെക്സസ്സ് 7 പുറത്തിറക്കിയത് 2012 ജൂലൈ 13 നുമാണ്. ജെല്ലിബീൻ എത്തിയത് വളരെ ചെറിയ മാറ്റങ്ങളിലൂടെ കൂടുതൽ നവ്യമായ യൂസർ എക്സ്പീരിയൻസുമായാണ്. ഐ ഒ.എസിന്റെയും വിൻഡോസ് ഫോൺ 7-ന്റെയും സ്മൂത്ത്നസ്സ് നൽകാൻ ആൻഡ്രോയിഡ് പ്രാപ്തമായത് ഈ പതിപ്പിലാണ്. സിരിയ്ക്ക് പകരം ഗൂഗിൾ നൌ എന്നൊരു വിഷ്വൽ & വോയ്സ് അസിസ്റ്റന്റിന്റെ നിർമ്മാണവും വിസ്ത്രതമായ നോട്ടിഫിക്കേഷൻ രീതിയുമെല്ലാം ജെല്ലിബീനിന്റെ മുഖമുദ്രയിൽപെടുന്നു. രണ്ട് വശങ്ങളിലേക്കുള്ള എഴുത്തിനൊപ്പം മലയാളമടക്കം കൂടുതൽ ഇന്ത്യൻ ഭാഷകളിലുള്ള പിന്തുണ ഇതിന്റെ പ്രത്യേകതയാണ്.

4.2.x ജെല്ലീ ബീൻ ( Jelly Bean)

2012 നവംബർ 13-നാണു ആൻഡ്രോയ്ഡ് 4.2 ജെല്ലീ ബീൻ ഗൂഗ്‌ൾ പുറത്തിറക്കിയത്. ഫോട്ടോസ്ഫിയർ എന്നറിയപ്പെടുന്ന പനോരമ ഫോട്ടോസ്, ലോക്ക് സ്ക്രീൻ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ ഈ പതിപ്പിന്റെ പ്രത്യേകതകളാണു്. മലയാളത്തിനുള്ള പിന്തുണ വർദ്ധിച്ചതും ഈ പതിപ്പിന്റെ പ്രത്യേകതകളിലൊന്നാണു്.

4.3.x ജെല്ലീ ബീൻ ( Jelly Bean)

2013 ജൂലൈ 24-നാണു ആൻഡ്രോയ്ഡ് 4.3 ജെല്ലീ ബീൻ ഗൂഗ്‌ൾ സാൻസ്ഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ബ്രേക്ക്ഫാസ്റ്റ് വിത്ത് സുന്ദർ പിച്ചായ് എന്ന ചടങ്ങിൽ പുറത്തിറക്കിയത്. ബ്ലൂടൂത്ത് ലോ എനർജി സപ്പോർട്ട്, ഓപ്പൺ ജി.എൽ. ഇ.എസ്. 3.0 പിന്തുണ തുടങ്ങിയവ ഈ പതിപ്പിന്റെ സവിശേഷതകളാണു്.

4.4.x കിറ്റ് കാറ്റ് (Kit Kat)

2013 സെപ്റ്റംബർ 3-നു ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് 4.4. ആയിരിക്കുമെന്നു അതിന്റെ കോഡ് നേം കിറ്റ് കാറ്റ് എന്നായിരിക്കുമെന്നും ആൻഡ്രോയ്ഡ് തലവനായ സുന്ദർ പിച്ചായ് ഒരു ഗൂഗ്‌ൾ പ്ലസ് പോസ്റ്റിലൂടെ അറിയിച്ചു. 2013 ഒക്ടോബർ 31-നു ഗൂഗ്‌ൾ ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റും, നെക്സസ് 5 എന്ന ഫോണും വിപണിയിലെത്തിച്ചു. 512MB റാമുള്ള ഫോണുകളിൽപ്പോലും പ്രവർത്തിക്കും എന്നതാണു കിറ്റ് കാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത[76] .

5.0.x ലോലിപോപ് (Lollipop)

പ്രഖ്യാപനം സോഫ്റ്റ്വയർ ഡേവലപേർമാരുടെ വാർഷിക സമ്മേളനം ആയ Google I/O യിൽ വെച്ചു 2014 ജൂൺ 25നു നടന്നു.നവംബർ 12 2014 മുതൽ ഹാന്റ്സേറ്റുകളിൽ ലഭ്യമായി തുടങ്ങി.[77] .

6.0.x മാർഷ്മെലോ (Marshmallow)

ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആറാമത്തെ പതിപ്പാണ് ആൻഡ്രോയ്ഡ് മാർഷ്മെലോ. എം” (Android M) എന്ന പേരിൽ മെയ് 2015 -ൽ ഗൂഗിൾ ഐ/ഓ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട മാർഷ്മെലോ ഒക്ടോബർ 2015 -ൽ ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

ആൻഡ്രോയ്ഡ് ന്യൂഗട്ട്

ആൻഡ്രോയ്ഡിന്റെ ഏഴാം പതിപ്പാണ് ന്യൂഗട്ട് 7.0.

ആൻഡ്രോയ്ഡ് ഒറിയോ

ആൻഡ്രോയ്ഡ്ന്റെ എട്ടാം പതിപ്പാണ് 2017 ഓഗസ്റ്റ് 21 ന് പുറത്തിറക്കി

ആൻഡ്രോയ്ഡ് പൈ

ആൻഡ്രോയ്ഡിന്റെ ഒൻപതാം പതിപ്പാണ് 2018 ആഗസ്റ്റ് 7 ന് പുറത്തിറക്കിയത്.

ആൻഡ്രോയ്ഡ് 10

ആൻഡ്രോയ്ഡിന്റെ പത്താം പതിപ്പ് . 2019 ൽ പുറത്തിറക്കി. പത്താം പതിപ്പ് മുതൽ മറ്റ് പേരുകൾ ഉപയോഗിക്കുന്നത് നിർത്തി

ആൻഡ്രോയ്ഡ് 11

ആൻഡ്രോയ്ഡിന്റെ പത്തിന്നൊന്നാമത്ത പതിപ്പാണ് 2020 ൽ പുറത്തിറക്കി

ആൻഡ്രോയ്ഡ് 12

12-ാം പതിപ്പ് 2021 ൽ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്നു

Remove ads

പകർപ്പവകാശാനുമതി

ആൻഡ്രോയ്ഡിന്റെ നിർമ്മാണരേഖ സ്വതന്ത്ര - പ്രത്യക്ഷപ്രഭവരേഖ അനുമതികൾ പ്രകാരമാണ് പുറത്ത് വരുന്നത്. ഗൂഗിൾ തങ്ങൾ ലിനക്സ് കെർണലിൽ വരുത്തിയ വ്യത്യാസങ്ങൾ ഗ്നു പൊതുപ്രസിദ്ധീകരണാനുമതി പതിപ്പ് 2 പ്രകാരം പുറത്തിറക്കുന്നു. ബാക്കിയുള്ളവ അപാഷെ അനുമതി പതിപ്പ് 2.0 പ്രകാരവും പുറത്തിറങ്ങുന്നു.[78][79][80][81] ഗൂഗിൾ തങ്ങളുടെ നവീകരണങ്ങളുടെയെല്ലാം പതിപ്പുകൾ ആർക്കും കാണാവുന്നതും അഭിപ്രായം രേഖപ്പെടുത്താവുന്നതുമായി വെളിവാക്കാറുണ്ട്.[82]

ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് ആൻഡ്രോയിഡിന്റെ ഗ്നൂ അനുമതിപ്രകാരമുള്ള വശം (ലിനക്സ് കെർണലിന് വരുത്തിയ നവീകരണം) പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കുന്നു. അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ്. ബാക്കിയുള്ള നവീകരണങ്ങൾ സ്വകാര്യമായാണ് നിർമ്മിക്കുക. ഇവയുടെ നിർമ്മാണരേഖ ഒരു പ്രധാനപതിപ്പ് പുറത്തിറങ്ങുമ്പോൽ മാത്രമാണ് പ്രസിദ്ധീകരിക്കുക.[83] സോഫ്റ്റ്‌വെയർ സ്വതന്ത്രമാണെങ്കിൽ കൂടി ഗൂഗിൾ കോമ്പാറ്റിബിലിറ്റി ഡെഫനിഷൻ സർട്ടിഫിക്കറ്റ് (Compatibility Definition Document - CDD) നിർമ്മാതാക്കൾക്ക് നൽകാതെ ആൻഡ്രോയ്ഡിന്റെ മുദ്ര ഉപയോഗിക്കാൻ അനുവാദമില്ല. ആൻഡ്രോയ്ഡ് മാർക്കറ്റ് അടക്കമുള്ള ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ ഈ അനുമതി അത്യാവശ്യമാണ്.[84] 2011ൽ ടാബ്ലറ്റുകൾക്കു മാത്രമായ ആൻഡ്രോയ്ഡ് 3.0 ഹണികോമ്പ് പതിപ്പ് പുറത്തിറക്കിയപ്പോൾ നിർമ്മാണരേഖ വെളിപ്പെടുത്താൻ വിസമ്മതിച്ചു. ഇത് ഗൂഗിളിന്റെ ഓപ്പൺസോഴ്സ് പ്രതിപത്തിയുടെ മുകളിൽ സംശയത്തിനു വഴിവച്ചു.[85] പിന്നീട് 2011 നവംബറിൽ ആൻഡ്രോയ്ഡ് 4.0ന്റെ കൂടെ നിർമ്മാണരേഖയും വെളിവാക്കുന്ന പതിവ് തുടർന്നു.[86]

Remove ads

രൂപകല്പന

ലിനക്സ്

ലിനക്സ് കെർണലിന്റെ ഒരു വികസിത രൂപമാണ് ആൻഡ്രോയ്ഡ് കെർണൽ. ഇതിൽ ഗൂഗിൾ വരുത്തുന്ന മാറ്റങ്ങൾ ലിനക്സ് കെർണൽ വികസന ചാകത്തിനു പുറത്താണ്.[87] ആൻഡ്രോയ്ഡിന് ജന്യമായ ഒരു എക്സ് ലിനക്സ് സിസ്റ്റം ഇല്ല. മാത്രമല്ല ഇത് സാധാരണ ഗതിയിൽ എല്ലാ ലിനക്സ് നിഘണ്ടുവിനെ പിന്തുണയ്ക്കുകയും ഇല്ല. അതിനാൽ നിലവിലുള്ള ലിനക്സ് ആപ്ലിക്കേഷനുകളെയും ലിനക്സ് നിഘണ്ടുവിനേയും ആൻഡ്രോയിഡിനായി മാറ്റിയെടുക്കാൻ പ്രയാസമാണ്.

ഗൂഗിൾ 2010 ഏപ്രിലിൽ ലിനക്സ് കെർണൽ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ രണ്ട് ജോലിക്കാരെ നിയമിക്കും എന്ന് പറഞ്ഞെങ്കിലും,[88] ഗൂഗിൾ തങ്ങളുടേതായ നിർമ്മാണരേഖ സൂക്ഷിക്കാൻ വലിയ താത്പര്യം കാണിക്കുന്നില്ല.[4][5][89] ഇതിനാൽ ഗൂഗിൾ കെർണലിൽ വരുത്തിയ ചില്ലറ മാറ്റങ്ങളെ, പ്രധാനമായും വെയ്ക്ക് ലോക്ക് എന്ന പേരിലെ ഊർജ്ജസംരക്ഷണ വ്യവസ്ഥയെ കെർണൽ നിർമ്മാതാക്കൾ എതിർത്തു.

ലിനക്സ് കെർണൽ പരിശോധകനായ ഗ്രെഗ് ഹാർട്ട് മാൻ പറഞ്ഞതനുസരിച്ച് മുഖ്യധാരാ ലിനക്സിൽ ഏർപ്പെടുത്തിയിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഗൂഗിൾ ശ്രമിക്കുന്നില്ല.[4] ചില ആൻഡ്രോയ്ഡ് നിർമ്മാണപ്രവർത്തകർ ഇതിനോട് പ്രതികരിച്ചത് "ഞങ്ങൾ ജോലിത്തിരക്കിലാണ്, ചെറിയ സമൂഹമായതിനാൽ ആൻഡ്രോയ്ഡിൽ ചെയ്ത് തീർക്കാൻ ഒട്ടനവധി ജോലി ബാക്കിയുണ്ട്"[90] എന്നാണ്.

2011ൽ ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌ അഭിപ്രായപ്പെട്ടതനുസരിച്ച് "പതിയെ ലിനക്സും ആൻഡ്രോയ്ഡും ഒരു പൊതു കെർണലിലെത്തിച്ചേരും, പക്ഷേ അത് മിക്കവാറും നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഉണ്ടാവില്ല"[91]

പ്രത്യേകതകൾ

നിലവിലെ പ്രത്യേകതകൾ [92][93][94]

ഹാൻഡ്സെറ്റ് ലേയൗട്ടുകൾ
പശ്ചാത്തലം OpenGL ES 2.0 നിബന്ധനകൾക്കനുസൃതമായി വലിയ വിജിഎ, ദ്വിമാന ഗ്രാഫിക്സ്, ത്രിമാന ഗ്രാഫിക്സ് എന്നിവയ്ക്കുതകുന്നതാണ്. ഒപ്പം പരമ്പരാഗത സ്മാർട്ട്ഫോൺ ലേയൗട്ടുകളേയും പിന്തുണയ്ക്കും
സംഭരണം
ഡേറ്റാസംഭരണത്തിനായി താരതമ്യേന ചെറുതായ എസ്ക്യുഎലൈറ്റ് (SQLite) ഉപയോഗിക്കുന്നു
ബന്ധപ്പെടൽ
ആൻഡ്രോയ്ഡ് ജി.എസ്.എം./എഡ്ജ്, ഐഡൻ (IDEN), സിഡിഎംഏ, യൂഎംടിഎസ് (UMTS), ബ്ലൂടൂത്ത്, വൈ‌-ഫൈ, നിയർ ഫീൾഡ് കമ്യൂണിക്കേഷൻ (NFC), വൈമാക്സ്, എൽടിഇ (LTE) എന്നിവ വിവരവിനിമയത്തിനായി ഉപയോഗിക്കുന്നു.
സന്ദേശം
എസ്.എം.എസ്, എം.എം.എസ് എന്നിവ പിന്തുണയ്ക്കും. ഇതോടൊപ്പം ആൻഡ്രോയ്ഡ് പുഷ് മെസേജിങ്ങ് സേവനമായ ആൻഡ്രോയ്ഡ് ക്ലൗഡ് ടു ഡിവൈസ് മെസേജിങ്ങ് (C2DM) പിന്തുണയ്ക്കുന്നു
ഭാഷാപിന്തുണ
ആൻഡ്രോയ്ഡ് ബഹുഭാഷാ പിന്തുണ നൽകുന്നുണ്ട്[65]
വെബ്‌ ഗമനോപാധി
വെബ്‌കിറ്റ് ആഖ്യാനരീതിയടിസ്ഥാനമാക്കിയ വെബ് ബ്രൗസർ ആൻഡ്രോയ്ഡിൽ ലഭ്യമാണ്. ഇത് ക്രോമിന്റെ എട്ടാം പതിപ്പ് ജാവാസ്ക്രിപ്റ്റ് എഞ്ചിനുമായി വിളക്കപ്പെട്ടിരിക്കുന്നു. ഇത് ആൻഡ്രോയ്ഡ് 4.0ൽ നടത്തിയ ആസിഡ്3 ടെസ്റ്റിൽ 100/100 എന്ന സ്കോർ നേടിയിരുന്നു.
ജാവാ പിന്തുണ
അധികം ആൻഡ്രോയ്ഡ് ജാവ ആപ്ലിക്കേഷനുകളും ജാവയിലാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇതിൽ ജാവാ വിർച്വൽ മെഷീൻ ലഭ്യമല്ല. അതിനാൽ ജാവാ ബൈറ്റ് കോഡ് നിർമ്മിക്കപ്പെടുന്നില്ല. ഡാൽവിക് (Dalvik) എന്നറിയപ്പെടുന്ന പ്രത്യേക വിർച്വൽ മെഷീനിലോടുന്ന ഡാൽവിക് എക്സിക്യൂട്ടബിളായായിരിക്കും ഇവയെ പരിവർത്തനം ചെയ്യുക. ഡാല്‌വിക് തുച്ഛമായ മെമ്മറി, പ്രൊസസർ എന്നിവയേ ഉപയോഗപ്പെടുത്തുകയുള്ളൂ.
മീഡിയാ പിന്തുണ
ആൻഡ്രോയ്ഡ് ഒട്ടുമിക്ക പ്രമുഖ മീഡിയ തരങ്ങളേയും പിന്തുണയ്ക്കും. ഇതിൽ WebM, H.263, H.264 (in 3GP or MP4 container), MPEG-4 SP, AMR, AMR-WB (in 3GP container), AAC, HE-AAC (in MP4 or 3GP container), MP3, MIDI, Ogg Vorbis, FLAC, WAV, JPEG, PNG, GIF, BMP എന്നിവ ഉൾപ്പെടുന്നു[94]
സ്ട്രീമിങ്ങ് പിന്തുണ
ഫ്ലാഷ് പ്ലഗിൻ RTP/RTSP സ്ട്രീമിങ്ങ് (3GPP PSS, ISMA), HTML പ്രൊഗ്രസീവ് ഡൗൺലോഡ് (HTML5 <വീഡിയോ> ടാഗ്). അഡോബി ഫ്ലാഷ് സ്ട്രീമിങ്ങ് (RTMP) HTTP ഡൈനാമിക് സ്ട്രീമിങ്ങ് എന്നിവ പിന്തുണയ്ക്കും.[95]
മറ്റ് ഹാർഡ്‌വെയർ പിന്തുണ
ആൻഡ്രോയ്ഡിന് നിശ്ചല/വീഡിയോ ക്യാമറകൾ, ടച്ച് സ്ക്രീൻ, ജി.പി.എസ്, അക്സലറോമീറ്റർ, ഗൈറോസ്കോപ്പ്, ബരോമീറ്റർ, മാഗ്നറ്റോമീറ്റർ, പ്രോക്സിമിറ്റി, മർദ്ദമാപകങ്ങൾ, തെർമോമീറ്റർ മുതലായവ പിന്തുണയ്ക്കും
മൾട്ടി ടച്ച്
ആൻഡ്രോയ്ഡ് മൾട്ടിടച്ച് പിന്തുണയ്ക്കും
ബ്ലൂടൂത്ത്
A2DP, AVRCP, OPP, PBAP എന്നിവ പിന്തുണയ്ക്കും
വീഡിയോ കോളിങ്ങ്
ആൻഡ്രോയ്ഡ് 2.3.4 മുതൽ വീഡിയോ കോളിങ്ങ് പിന്തുണയ്ക്കും
മൾട്ടിടാസ്ക്കിങ്ങ്
ലഭ്യമാണ്[96]
ശബ്ദാടിസ്ഥാനത്തിലെ സേവനങ്ങൾ
ആൻഡ്രോയ്ഡ് 2.2 മുതൽ കാളിങ്ങ്, ടെക്സ്റ്റിങ്ങ്, നാവിഗേഷൻ എന്നിവ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കും.[97] തുടക്കം മുതലേ ശബ്ദാടിസ്ഥാനത്തിലുള്ള ഗൂഗിൾ തിരച്ചിൽ ലഭ്യമാണ്.[98]
ടെതറിങ്ങ്
ആൻഡ്രോയ്ഡ് ഫോണിനെ ഒരു പോർട്ടബിൾ വൈ-ഫൈ ഹോട്ട്സ്പോട്ട് ആക്കി മാറ്റാൻ സാധിക്കും
സ്ക്രീൻ ക്യാപ്ചർ
ആൻഡ്രോയ്ഡ് 4.0 മുതൽ സ്ക്രീൻ ക്യാപ്ചറിനുള്ള വ്യവസ്ഥ ലഭ്യമാണ്.
Remove ads

ഉപയോഗം

ആൻഡ്രോയ്ഡിന്റെ ലളിതവും നവീകരിക്കപ്പെടാവുന്നതുമായ സ്വഭാവം മൂലം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ, നെറ്റ്‌ബുക്കുകൾ, ഗൂഗിൾ ടി.വി. റിസ്റ്റ് വാച്ചുകൾ,[99] ഹെഡ്‌ഫോണുകൾ,[100] കാർ സിഡി, ഡിവിഡി പ്ലയറുകൾ[101] എന്നിവയടക്കം പല ഇലക്ട്രോണിക് സംവിധാനങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്.[102][103][104] എന്നാൽ ഇതിൽ മാത്രമായി ആൻഡ്രോയ്ഡിനെ ഒതുക്കാൻ പറ്റില്ല.

ആൻഡ്രോയ്ഡിന്റെ ഹാർഡ്‌വെയർ പശ്ചാത്തലം ഏ.ആർ.എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്. ആൻഡ്രോയ്ഡ് x86 പദ്ധതിയിലൂടെ x86 പിന്തുണയും ഇത് നൽകുന്നുണ്ട്.[105] ഗൂഗിൾ ടി.വി. ആൻഡ്രോയ്ഡിന്റെ പ്രത്യേകതരം x86 പതിപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

2008 ഒക്ടോബർ 22ന് പുറത്തിറങ്ങിയ എച്ച്.ടി.സി.യുടെ ഡ്രീം ആണ് ആദ്യ വാണിജ്യപരമായ ആൻഡ്രോയ്ഡ് അധിഷ്ഠിത ഫോൺ.[38] 2010 തുടക്കത്തിൽ ഗൂഗിൾ എച്ച്.ടി.സിയുമായി ചേർന്ന് നെക്സസ് വൺ പുറത്തിറക്കി. ഇതിനെത്തുടർന്ന് സാംസങ്ങ് നെക്സസ് എസ് പുറത്തിറക്കി. ചില ഐഫോണുകളിലും ഐ.പോഡ് ടച്ചിലും ഓപ്പൺ ഐബൂട്ട് , ഐഡ്രോയ്ഡ് എന്നിവയുടെ സഹായത്തോടെ ഐ.ഓഎസും ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡും ഡ്യുവൽ ബൂട്ട് ചെയ്യാൻ സാധിക്കും.[106][107]

Remove ads

ആപ്ലിക്കേഷനുകൾ

ആൻഡ്രോയ്ഡ് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കിറ്റിന്റെ സഹായത്തോടെ ജാവ ഭാഷയിലാകും മിക്ക ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളും വികസിപ്പിക്കുക. ഇതല്ലാതെ സി, സി++ എന്നിവയുടെ എക്സ്റ്റൻഷനുകൾക്കായി 'നേറ്റീവ് ഡെവലപ്‌മെന്റ് കിറ്റ്', വിഷ്വൽ എൻവിറോണ്മെന്റിനായി 'ഗൂഗിൾ ആപ്പ് ഇൻവന്റർ', മറ്റ് ഒട്ടനവധി 'ക്രോസ് പ്ലാറ്റ്ഫോം മൊബൈൽ വെബ് ആപ്ലിക്കേഷൻ ഫ്രയിം വർക്കുകൾ' എന്നിവ ലഭ്യമാണ്.

ആൻഡ്രോയ്ഡ് മാർക്കറ്റ്

ഗൂഗിളിന്റെ ഉടമസ്ഥതയിൽ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ സോഫ്റ്റ്‌വെയർ സ്റ്റോറാണ് ആൻഡ്രോയ്ഡ് മാർക്കറ്റ്. "മാർക്കറ്റ്" എന്നപേരിലെ ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ ("ആപ് - app") മിക്ക ആൻഡ്രോയ്ഡ് ഉത്പന്നങ്ങളിലും നിർമ്മാണസമയത്ത് തന്നെ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഇത് ആൻഡ്രോയ്ഡ് മാർക്കറ്റിൽ ലഭ്യമായ തേഡ് പാർട്ട് ഡവലപ്പേഴ്സിന്റെ ആപ്ലിക്കേഷനുകൾ ബ്രൗസ് ചെയ്യാനും ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്നു. As of  2010 ആൻഡ്രോയ്ഡ് മാർക്കറ്റിൽ ഏതാണ്ട് 2,00,000ലധികം സോഫ്റ്റ്‌വെയറുകൾ(ഗെയിമുകൾ, ആപ്ലിക്കേഷനുകൾ, വിഡ്ജറ്റുകൾ) ലഭ്യമാണ്.[108] 2011 ഏപ്രിലിൽ 30 കോടിയിലധികം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിൾ അവകാശപ്പെട്ടു.[109] ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം മാത്രം 13 കോടിയിലധികം ഡിവൈസുകളിൽ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.[110]

ഗൂഗിളിന്റെ കോമ്പാറ്റിബിലിറ്റി ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഡിവൈസുകൾക്ക് മാത്രമേ ആൻഡ്രോയ്ഡ് മാർക്കറ്റിനെ അവലംബിക്കാൻ കഴിയൂ.[111] ഗൂഗിൾ തന്നെ ഒട്ടനവധി ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഗൂഗിൾ വോയ്സ്, സ്കൈ മാപ്പ്, ഫിനാൻസ്, മാപ്സ് എഡിറ്റർ, ഗൂഗിൾ ഗോഗിൾസ്, ട്രാൻസ്ലേറ്റ്, യൂട്യൂബ്, ജിമെയിൽ, ടോക്ക്, മാപ്സ്, ഡോക്സ് എന്നിവ ഉൾപ്പെടും

ഇതിനൊപ്പം തന്നെ ഉപയോക്താക്കൾക്ക് തേഡ് പാർട്ടി ആപ്സ്റ്റോറുകളായ ആമസോൺ സ്റ്റോർ[112] മുതലായവയിൽ നിന്നും ആപ്ലിക്കേഷന്റെ ഏ.പി. കെ ഫയലുകൾ ലഭ്യമെങ്കിൽ അവയും ഡിവൈസിൽ ഇൻസ്റ്റാളാവുന്നതാണ്.

ആപ്ലിക്കേഷനുകളുടെ സുരക്ഷിതത്വം

Thumb
ആൻഡ്രോയ്ഡ് മാർക്കറ്റിൽ അനുമതി ചോദിക്കുന്നതിന് ഒരുദാഹരണം

ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ സാൻഡ്‌ബോക്സ് എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗമായാണ് ഓടുന്നത്. ആപ്ലിക്കേഷൻ സന്നിവേശിക്കുമ്പോൾ ഉപയോക്താവ് സിസ്റ്റം ഉറവിടങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇവയ്ക്ക് അതുപയോഗിക്കാൻ കഴിയൂ. ഒരു ആപ് സന്നിവേശിപ്പിക്കും മുൻപ് ആൻഡ്രോയ്ഡ് മാർക്കറ്റ് അവശ്യമായ അനുമതികൾ ദൃശ്യമാക്കും. ഉദാഹരണത്തിന് ഒരു ഗെയിമിന് കമ്പനത്തിനുള്ള അനുമതി നൽകും, പക്ഷേ ഫോൺ കോണ്ടാക്ടിലേക്കോ മെസ്സേജസ്സിലേക്കോ ഉള്ള അനുമതി നൽകേണ്ട കാര്യമില്ല. ഈ അനുമതി നിരീക്ഷിച്ച ശേഷം ഉപയോക്താവിന് പ്രസ്തുത ആപ് സന്നിവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം.[113] ആൻഡ്രോയ്ഡിൽ ഒട്ടനവധി മാൽവെയർ ട്രോജനുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ ഇപ്രകാരമുള്ള ആപ്ലിക്കേഷനുകളെ മാർക്കറ്റിൽ നിന്ന് ഒഴിവാക്കിയും പകർന്ന ഡിവൈസുകളിൽ അവയെ നശിപ്പിച്ചുമാണ് പ്രതികരിക്കുന്നത്. ഏ.വി.ജി. സിമാൻടെക് എന്നിവർ ആൻഡ്രോയ്ഡിനായുള്ള ആന്റിവൈറസുകൾ പുറത്തിറക്കിയിട്ടുണ്ട്.

സ്വകാര്യത

ആൻഡ്രോയ്ഡ് രൂപകല്പനയുടെ ഒരു പ്രധാന പ്രശ്നം ഒരു സാധാരണ ഉപയോക്താവിന് ആപ്ലിക്കേഷനുകൾ എങ്ങനെ സ്വകാര്യവിവരങ്ങൾ (ലൊക്കേഷൻ, ഹാർഡ്വെയർ ഐ.ഡി) ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല. സന്നിവേശനസമയത്ത് അനുമതിപത്രപ്രകാരം എങ്ങനെ സേവനങ്ങൾ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നു/ദുരുപയോഗപ്പെടുത്തുന്നു എന്നറിയില്ല. തേഡ് പാർട്ടി ഉത്പന്നമായ ടൈന്റ് ഡ്രോയ്ഡ്[114] മുഖാന്തരം ആപ്ലിക്കേഷനുകളും സെർവ്വറുകളുമായുള്ള വിനിമയത്തെ നിയന്ത്രിക്കാൻ സാധിക്കും[115]

Remove ads

വാണിജ്യവത്കരണം

അസന്റെർ കോർപ്പറേഷൻ നിർമ്മിച്ച ഡ്രോയ്ഡ് ഫോണ്ട് കുടുംബത്തിലെ അക്ഷരവ്യവസ്ഥ ഉപയോഗിച്ചാണ് ആൻഡ്രോയ്ഡ് മുദ്ര രൂപകല്പന ചെയ്തിരിക്കുന്നത്.

ആൻഡ്രോയ്ഡ് പച്ച എന്ന നിറത്തിലാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ പ്രതിനിധീകരിക്കുന്ന യന്ത്രമനുഷ്യന് നൽകിയിരിക്കുന്നത്. പ്രിന്റിൽ ഈ നിറം PMS 376C എന്നും RGBനിറമൂല്യത്തിൽ ഹെക്സാഡെസിമലായി #A4C639 നിറവുമായിരിക്കണമെന്ന് ബ്രാൻഡ് നിയമങ്ങൾ നിഷ്കർഷിക്കുന്നു [116] ആൻഡ്രോയ്ഡിന്റെ ടൈപ്പ്‌ഫേസിനെ നോറാഡ് (cf. NORAD) എന്ന് വിളിക്കുന്നു.[117]

വിപണിയിലെ പങ്ക്

ഗവേഷണസ്ഥാപനമായ കനാലിസിന്റെ (Canalys ) അഭിപ്രായപ്രകാരം 2006 പകുതിയോടെ ആൻഡ്രോയ്ഡിന് സ്മാർട്ട്ഫോൺ വിപണിയിൽ 2.8% ഓഹരിയുണ്ട്.[118] 2010 നാലാം പാദത്തോടെ ഇത് 33% ആയി ഉയർന്ന് ലോകവ്യാപകമായി ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോൺ പശ്ചാത്തലമായി മാറി.[20] ഗാർട്ടരിന്റെ അഭിപ്രായപ്രകാരം 2011 മൂന്നാം പാദത്തോടെ പകുതിയിലധികം (52.5%) സ്മാർട്ട്ഫോൺ വിപണിയും ആൻഡ്രോയ്ഡിനു സ്വന്തമാണ്.[119] 2012 മുന്നാം പാദതോടെ 75 % സ്മാർട്ട്ഫോൺ വിപണിയും ആൻഡ്രോയ്ഡിനു സ്വന്തമാണ് [120]

2010 ഫെബ്രുവരിയിൽ അമേരിക്കൻ ഐക്യനാടുകളിലെ വിപണിയുടെ 9.0% ശതമാനം ആൻഡ്രോയ്ഡിനാണെന്ന് കോംസ്കോർ അവകാശപ്പെട്ടു. 2010 മൂന്നാം പാദത്തോടെ ഇത് 21.4% ആയി ഉയർന്നു. 2011 ജൂണിൽ ഗൂഗിൾ പുറത്തുവിട്ടതുപ്രകാരം ദിനംപ്രതി 550,000 പുതിയ ആൻഡ്രോയ്ഡ് ഉപകരണങ്ങൾ സജീവമാക്കപ്പെടുന്നു.[121]. മുൻപിലത്തെ മാസം ഇത് ദിനംപ്രതി 400,000 ആയിരുന്നു. ഇതുവരെ 10 കോടിയിലധികം ഉപകരണങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[18][122] ഡിസംബർ 2010ൽ ആൻഡ്രോയ്ഡ് ദിനംപ്രതി 300,000 ഡിവൈസുകൾ സജീവമാക്കുക എന്ന നാഴികക്കല്ല് പിന്നിട്ടു. ജൂലൈ 14ന് 5,50,000 ഡിവൈസുകൾ സജീവമായി (ഓരോ ആഴ്ചയും 4.4% വർദ്ധന)[123] 2011 ആഗസ്റ്റ് 01ന് കനാലിൽ ആൻഡ്രോയ്‌ഡിന് 48% വിപണിയുണ്ടെന്ന് പുറത്തുവിട്ടു.[124] 2011 ഒക്ടോബർ 11ന് തങ്ങൾ 19 കോടി ആൻഡ്രോയ്ഡ് ഉല്പന്നങ്ങൾ പുറത്തിറക്കിയെന്ന് ഗൂഗിൾ വെളിവാക്കി.[125] 2011 നവംബർ 16ന് ഇത് 20 കോടിയായി വർദ്ധിച്ചു.[126] ഈ കണക്കിലധിഷ്ഠിതമായി 380ലക്ഷത്തിലധികം ആൻഡ്രോയ്ഡ് ഹണീക്കോമ്പ് പതിപ്പുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

പതിപ്പുകളുടെ വിപണിയിലെ ഓഹരി

Thumb

2013 ഫെബ്രുവരി 5ന് ഓരോ ആൻഡ്രോയ്ഡ് പതിപ്പിനും വിപണിയിലുള്ള സ്വാധീനം[127]

കൂടുതൽ വിവരങ്ങൾ പതിപ്പ്, പുറത്തറകിയ തിയ്യതി ...
Remove ads

തർക്കങ്ങൾ

ആൻഡ്രോയ്ഡും ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും ഒട്ടനവധി പകർപ്പവകാശസംബന്ധിയായ നിയമയുദ്ധങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2010 ആഗസ്റ്റ് 12ന് ഗൂഗിളിനെതിരെ ഓറാക്കിൾ, ജാവ പ്രോഗ്രാമിങ്ങ് ഭാഷയുടെ പകർപ്പവകാശ സംബന്ധിച്ച ഒരു നിയമനടപടി എടുത്തു.[128] മൈക്രോസോഫ്റ്റും പലപ്പോഴായി ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും തങ്ങളുടെ പകർപ്പവകാശ ദുരുപയോഗത്തിനുള്ള പിഴ വാങ്ങിയിട്ടുണ്ട്. 2011 ഒക്ടോബറിൽ ആൻഡ്രോയ്ഡിന്റെ 55% വിപണി കയ്യാളുന്ന പത്തോളം ആൻഡ്രോയ്ഡ് നിർമ്മാതാക്കളുമായി തങ്ങൾ പകർപ്പവകാശ കരാറിലേർപ്പെട്ടിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വെളിവാക്കി.[129] ഇതിൽ സാംസങ്ങും എച്ച്ടിസിയും ഉൾപ്പെടുന്നു [130]

ആപ്പിൾ കോർപ്പറേഷന്റെ സി.ഇ.ഓ ആയിരുന്ന സ്റ്റീവ് ജോബ്സ് ആൻഡ്രോയ്ഡ് തങ്ങളുടെ ഐഫോണിന്റെയും ഐഓഎസിന്റെയും പല ഘടകങ്ങളും മോഷ്ടിക്കുന്നുവെന്ന് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ "മോഷണ മുതൽ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. "എന്റെ അവസാനശ്വാസം വരെ ഞാനതിനെതിരെ പോരാടും. ഈ തെറ്റിനെ ചെറുക്കാൻ ആപ്പിളിന്റെ 400കോടി മൂല്യവും ഞാൻ ചെലവാക്കാൻ മടികാണിക്കുകയില്ല"[131]

പ്രശ്നങ്ങൾ

ആൻഡ്രോയ്ഡ് വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ തന്നെ ചില്ലറ പ്രശ്നങ്ങളുടെ പേരിൽ ഉപയോക്താക്കൾക്കിടയിൽ കല്ലുകടി നേടിക്കൊണ്ടിരിക്കുകയാണ്. ആന്റിവൈറസ് നിർമ്മാതാക്കളായ കാസ്പർസ്കിയുടെ സി. ടി. ഓ. ആയ നിക്കോളേ ഗ്രബനിക്കോവിന്റെ അഭിപ്രായത്തിൽ ആൻഡ്രോയ്ഡിനെ ലക്ഷ്യം വയ്ക്കുന്ന വൈറസുകളുടേയും മാൽവെയറുകളുടേയും എണ്ണം ദിനംപ്രതി ഏറുകയാണ്.[132] കമ്പ്യൂട്ടറിനെ അതിന്റെ വളർച്ചയുടെ ഈ ഘട്ടത്തിൽ ലക്ഷ്യം വച്ചതിനേക്കാൾ അവർ ആൻഡ്രോയ്ഡിനെ ലക്ഷ്യം വയ്ക്കുന്നെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കമ്പനിയുടെ നിരീക്ഷണത്തിൽ 2011 മാർച്ചോടെ 70ലധികം തരം മാൽവെയറുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. തലേവർഷം സെപ്റ്റംബറിൽ ഇത് കേവലം രണ്ട് തരം മാത്രമായിരുന്നു. 2011 ഏപ്രിലിൽ ആൻഡ്രോയ്ഡിനു വേണ്ടി നിർമ്മിക്കപ്പെട്ട സ്കൈപ്പിൽ വൈറസ് അടങ്ങിയതിനാൽ അവ പി‌ൻവലിച്ചിരുന്നു.[133] ഇതിനു സമാനമായി സുരക്ഷിതത്വ പ്രശ്നങ്ങളേത്തുടർന്ന് 21 പ്രമുഖ ആപ്ലിക്കേഷനുകൾ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും 2011 ഫെബ്രുവരി അവസാന വാരം നീക്കം ചെയ്തു.[134]

Remove ads

ഇന്ത്യയിൽ

ഇന്ത്യയിൽ ആദ്യമായി ഭാരതി എന്റർപ്രൈസസിന്റെ ബീടെൽ ടെലിടെക് 9999 രൂപക്ക് ബീടെൽ മാജിക് എന്ന പേരിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് പിസി ഫോൺ 2011 ആഗസ്തിൽ പുറത്തിറക്കി.[135] ഇന്ത്യയിൽ ആൻഡ്രോയ്ഡ് നേടിയ സ്വീകാര്യത വളരെ വലുതാണ്. നിലവിൽ പതിനായിരം രൂപയിൽ കുറവുള്ള ഇരുപതിലധികം സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്.[136] ഇതിൽ മൈക്രോമാക്സ് ആൻഡ്രോ ഏ 60 ആണ് പൊതുവേ ലഭ്യമായതിൽ ഏറ്റവും വിലകുറഞ്ഞത്.[137] 2011 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറി. ഇതോടെ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന നോക്കിയയുടെ സിമ്പിയൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.[138] തൊട്ട് മുൻപിലത്തെ പാദത്തെയപേക്ഷിച്ച് ഇന്ത്യൻ വിപണികൾ ആൻഡ്രോയ്ഡിന് 90 ശതമാനത്തിലധികം ഇക്കാലയളവിൽ വളർച്ചയുണ്ടായി. ഇതോടെ ആൻഡ്രോയ്ഡിന്റെ വിപണിയിലെ ഓഹരി 42.4 ശതമാനമായി ഉയർന്നു.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads