പ്രമേഹം
പ്രമേഹ രോഗാവസ്ഥ From Wikipedia, the free encyclopedia
Remove ads
ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ 'ഷുഗർ' അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ.[2][3] ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.[4] ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.[4] നിശിത സങ്കീർണതകളിൽ ഡയബറ്റിക് കെറ്റോഅസിഡോസിസ്, ഹൈപ്പറോസ്മോളാർ ഹൈപ്പർ ഗ്ലൈസെമിക് അവസ്ഥ, അല്ലെങ്കിൽ മരണം എന്നിവ ഉൾപ്പെടാം.[5] ഹൃദയ സംബന്ധമായ അസുഖം, ഹൃദയാഘാതം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, കാലിലെ അൾസർ, ഞരമ്പുകൾക്ക് കേടുപാടുകൾ, ബുദ്ധി വൈകല്യം, കണ്ണുകൾക്ക് കേടുപാടുകൾ, കാഴ്ചക്കുറവ്, ലിംഗ ഉദ്ധാരണശേഷിക്കുറവ്, വേദനാജനകമായ ലൈംഗികബന്ധം, വന്ധ്യത എന്നിവ ഗുരുതരമായ ദീർഘകാല സങ്കീർണതകളിൽ ഉൾപ്പെടുന്നു.[4][6]
ഒന്നുകിൽ പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്തത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.[7] ഇൻസുലിൻ ഒരു ഹോർമോണാണ്, ഇത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നു.[8]
Remove ads
തരം തിരിക്കൽ

പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേ ഇനം തന്നെ മാറുന്ന ഒരു അവസ്ഥയാണ്.
തരം 1
മുൻപ് ഈ അവസ്ഥക്ക് ഇൻസുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോൺ ഇൻസുലിൻ ഡിപെൻഡൻറ്) എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റൊരു പേരു: ശൈശവ പ്രമേഹം, ഇൻസുലിൻ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾ നശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.
തരം 2

ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ് തരം 2 (Type II Diabetes). ഇൻസുലിൻ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോൾ ഇത്തരം പ്രമേഹം വരാം.
മറ്റു പ്രമേഹാവസ്ഥകൾ
ഗർഭകാലപ്രമേഹം
ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)
ഗർഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ ഇത് ഒരു താൽക്കാലികപ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. [9] ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.
ഉപോത്ഭവപ്രമേഹം (Secondary diabetes)
ആഗ്നേയഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ് (diuretics), സ്റ്റിറോയ്ഡുകൾ (Steroids)തുടങ്ങിയവ)എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ ഉപോത്ഭവപ്രമേഹം (സെക്കൻഡറി ഡയബെറ്റിസ്) എന്നറിയപ്പെടുന്നു.
IGT -Impaired Glucose Tolerance (Pre-Diabetes)
ചില ആളുകളിൽ തുടക്കത്തിൽ രക്തത്തിലെ പഞ്ചസാരാ സാധാരണ അളവിൽ നിന്നും കൂടി പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നിൽക്കും. ഈ അവസ്ഥയെ Pre-Diabetes or IGT എന്ന് വിളിക്കുന്നു..ഇത്തരം ആളുകൾ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാൽ സാധാരണ നിലയിലേക്ക് തിരിച്ചു പോകാൻ സുഖമാമാണ്.
Remove ads
രോഗകാരണങ്ങൾ
വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്. തെറ്റായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം.
- പാരമ്പര്യഘടകങ്ങൾ- പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
- സ്വയം പ്രതിരോധജന്യം- ചില അവസരങ്ങളിൽ ശരീരത്തിന്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രമേഹത്തിൽ കലാശിക്കും.
- ശാരീരിക വ്യായാമക്കുറവ്- പതിവായ വ്യായാമശീലം ഇല്ലാത്ത ആളുകളിൽ പ്രമേഹ സാധ്യത വർധിച്ചു കാണുന്നു.
- അനാരോഗ്യകരമായ ഭക്ഷണം- അമിതമായി ഊർജവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ. അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പ്, മരച്ചീനി അഥവാ കപ്പ, പഞ്ചസാര, മധുര പാനീയങ്ങൾ, പലഹാരങ്ങൾ, വറുത്തതും പൊരിച്ചതും തുടങ്ങിയവയുടെ അമിത ഉപയോഗം.
- പോഷകാഹാരക്കുറവ്- പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ എന്നിവയുടെ ഉപയോഗക്കുറവ്.
- പുകവലിയും അതിമദ്യാസക്തിയും- പ്രമേഹ സാധ്യത വർധിക്കുന്നു. പുകവലിയും മദ്യപാനവും പതിവാക്കിയവർക്ക് പ്രമേഹ സാധ്യത വളരെ കൂടുതലാണ്.
- കൊഴുപ്പും രക്താദിസമ്മർദവും- കൊഴുപ്പ് അടിഞ്ഞ രക്തക്കുഴലുകൾ ഉള്ളവരിൽ, രക്താദിസമ്മർദ്ദം ഉള്ളവർക്കും പ്രമേഹ സാധ്യത കൂടിയേക്കാം
- അമിതവണ്ണം
- കുടവയർ അഥവാ വയറ്റിന് ചുറ്റും കൊഴുപ്പ് അടിയുന്നത് പ്രമേഹ സാധ്യത ഉളവാക്കുന്നു.
- മാനസിക പിരിമുറുക്കം, ക്ഷീണം
- വൈറസ് ബാധ
- അപകടങ്ങൾ
Remove ads
രോഗം ഉണ്ടാകുന്ന വഴി
(pathogenesis)

മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാൻ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാൽ രക്തത്തിൽ പല സമയത്ത് പല അളവിൽ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തിൽ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരിൽ കൃത്യമായി പരിപാലിക്കപ്പേടുന്നു
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ കുറച്ച് ഭാഗം നമ്മുടെ കോശങ്ങൾ ഉപയോഗിച്ചു തീർക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതൽ ജോലി ചെയ്യുന്നവരിൽ കൂടിയ അളവിലും അല്ലാത്തവരിൽ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തർ ഗ്രന്ഥിയായ പാൻക്രിയാസിലെ ചില ഭാഗങ്ങളിലുള്ള(ഐലെറ്റ്സ് ഓഫ് ലാങർഹാൻസ്) ചിലകോശങ്ങൾ (ബിറ്റാ കോശങ്ങൾ)ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെൻ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്സ് ഒഫ് ലാങ്ങർഹാൻസിലെ തന്നെ ആൽഫാ കോശങ്ങൾ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോൺ എന്ന സ്രവം ആവശ്യമാണ്. എന്നാൽ ഇത് സംഭവിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ് ചെയ്യപ്പെടുന്നത്. കോശങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കിൽ ഇൻസുലിന്റെ സഹായവും ആവശ്യമാണ്.
സാധാരണഗതിയിൽ ഒരു മനുഷ്യന് 8 മണിക്കൂരെങ്കിലും ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ മേൽ പറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ നിമിത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 80-100 മി.ഗ്രാം/മി. ലി. രക്തത്തിൽ എന്ന അളവിൽ വരുന്നു. ഇത് രോഗമില്ലാത്ത അവസ്ഥയിലാണ്. എന്നാൽ 100 ഓ 126 നുള്ളിലോ ഉണ്ടെങ്കിൽ പ്രീ-ഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുന്നുള്ള അവസ്ഥ വരാം, 120 നു മുകളിലാണ് അളവ് എങ്കിൽ പ്രമേഹം ബാധിച്ചു എന്നു പറയാം.
ചോറ്, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഥവാ പോളിസാക്കറൈഡ്സ് വയറ്റിലെത്തിയശേഷം കുറച്ചു സമയം കൊണ്ടു തന്നെ അവയുടെ ലക്ഷ്യ തന്മാത്രയായ മോണോസാക്കറൈഡ് (ഗ്ലൂക്കോസ്) ആയി മാറ്റപ്പെടുന്നു. എന്നാൽ സെല്ലുലോസ് പോലുള്ള ചില പോളിസാക്കറൈഡ്സ് ഇങ്ങനെ മാറ്റപ്പെടുന്നില്ല. ഇത് സസ്യഭുക്കുകളായ മൃഗങ്ങളിൽ മാത്രമേ ഗ്ലൂക്കോസ് ആക്കപ്പെടുകയുള്ളൂ. ചില പഴങ്ങളിലുള്ളത് ഫ്രക്ടോസ് എന്ന തരം മധുരമാണ്. ഇത് കോശങ്ങൾക്ക് ഊർജ്ജമായി ഉപയോഗിക്കാമെങ്കിലും ഇൻസുലിൻ കൊണ്ട് ഗ്ലുക്കഗോൺ ആക്കി മാറ്റാൻ പറ്റാത്തതായതിനാൽ മേൽ പറഞ്ഞ പ്രക്രിയയെ ബാധിക്കുന്നതല്ല; എന്നിരുന്നാലും രക്ത പരിശോധനയിൽ അമിതമായ അളവ് രേഖപ്പെടുത്താൻ ഇത് പര്യാപ്തമാണ്.
Remove ads
പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾ
- ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers).
- കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
- കിഡ്നി തകരാർ ഉണ്ടാകുന്നത് മൂലം ഡയാലിസിസ് ആവശ്യമായി വരുന്നു. (would require dialysis in later stage)
- ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ
- സ്പർശനശേഷി നഷ്ടമാകുന്നു.
- കായികശേഷി നഷ്ട്ടപ്പെടുന്നു.
- അമിതമായ ക്ഷീണം അനുഭവപ്പെടുന്നു.
- വർധിച്ച വിശപ്പും ദാഹവും.
- ലൈംഗികശേഷിയും താല്പര്യവും കുറയുന്നു.
- ലിംഗത്തിന്റെ അഗ്രചർമ്മം, യോനി, മൂത്രാശയം എന്നിവിടങ്ങളിൽ അണുബാധ.
- പ്രമേഹം പുരുഷന്മാരിലെ ബീജത്തിന്റെ രൂപഘടന, ബീജങ്ങളുടെ എണ്ണം, ബീജത്തിന്റെ അളവ്, ലിംഗ ഉദ്ധാരണം എന്നിവയെ ബാധിക്കുന്നു. ചികിത്സ കൂടാതെ, ഇത് സ്ഥിരമായ വന്ധ്യതയിലേക്ക് നയിച്ചേക്കാം.
- സ്ത്രീകളിൽ വിട്ടുമാറാത്ത പ്രമേഹം പിസിഒഎസ്, പൊണ്ണത്തടി, അസാധാരണമായ ആർത്തവചക്രം, വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാക്കുന്നതിനു പുറമേ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു.
- ഗർഭാവസ്ഥയിൽ- അധിക രക്തത്തിലെ പഞ്ചസാര ഗർഭാവസ്ഥയിലെ പ്രമേഹത്തിലേക്ക് നയിക്കുന്നു, ഇത് പ്രീക്ലാമ്പ്സിയ വികസിപ്പിക്കുന്നതിനുള്ള പ്രേരക ഘടകമാണ്. സ്ത്രീകളിലെ പ്രമേഹം വികസിക്കുന്ന കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയും, ജന്മനായുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും, ഒരുപക്ഷേ ഗർഭം അലസലിന് കാരണമാവുകയും ചെയ്യും.
- ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നു. [10]
Remove ads
മുൻകരുതൽ
മുൻകരുതൽ എന്ന നിലയ്ക്ക് കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ് പരിശോധന നടത്തേണ്ടത്. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് കഴിവതും ഒഴിവാക്കുക. പതിവായ വ്യായാമവും ശരിയായ ഭക്ഷണരീതിയും അത്യാവശ്യം.
ചികിത്സ
പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വന്നേക്കാം. അങ്ങനെ (Quality of life) മെച്ചപ്പെടുത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണനിലയ്ക്ക് ("യൂഗ്ലൈസീമിയ") ഏറ്റവും അടുത്ത് നിലനിർത്തുകയും പഞ്ചസാര കുറഞ്ഞുപോകാതെ (ഹൈപോഗ്ലൈസീമിയ) നോക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകൾ (ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തിൽ ഇൻസുലിനും, ടൈപ്പ് രണ്ടിന്റെ കാര്യത്തിൽ ഉള്ളിൽ കഴിക്കാവുന്ന ഗുളികകളും ആവശ്യമെങ്കിൽ ഇൻസുലിനും ആണ് മരുന്നുകൾ) എന്നിവ ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണ നിയന്ത്രണമാണ് ഏറ്റവും പ്രധാനം.കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയെ പൊടുന്നനെ ഉയർത്തുന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉയർന്ന ഭക്ഷണ പദാർത്ഥഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയുംതാഴ്ന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളവ കൂടുുതൽ ഉൾപെടുത്തുകയും വേണം. പയറ് വർഗ്ഗങ്ങൾ, കടല, ഇലക്കറികൾ, പച്ചക്കറികൾ പപ്പായ, മുഴുവൻ തവിടുനീക്കാത്തത ധാന്യങ്ങൾ ഇവയെല്ലാം ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ വസ്തുക്കളാണ്.
രോഗികളെ വിവരങ്ങൾ മനസ്സിലാക്കിക്കുക, ചികിത്സയിൽ പങ്കാളികളാക്കുക എന്നീ കാര്യങ്ങൾ അത്യാവശ്യമാണ്. പഞ്ചസാരയുടെ നില നന്നായി നിയന്ത്രിക്കപ്പെടുന്നവരിൽ രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ വളരെക്കുറവായാണ് കാണപ്പെടുന്നത്. [11][12] HbA1C-യുടെ നില 6.5% ആക്കി നിർത്തുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. പക്ഷേ ഈ നിരക്കിൽ കുറവാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. [13] പുകവലി, കൊളസ്റ്ററോൾ വർദ്ധന, പൊണ്ണത്തടി, രക്താതിമർദ്ദം, കൃത്യമായ വ്യായാമം ഇല്ലാതെയിരിക്കുക എന്നീ പ്രശ്നങ്ങൾ ഒഴിവാക്കുന്നതും രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ ഒഴിവാക്കാൻ സഹായകമാണ്.[13]
ജീവിതശൈലി
രോഗിയെ ബോധവൽക്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, ചെയ്യാവുന്ന വ്യായാമക്രമം നിർദ്ദേശിക്കുക എന്നിവ കൊണ്ട് ഹ്രസ്വകാലത്തേയ്ക്കും ദീർഘകാലത്തേയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സാധിക്കും. പ്രമേഹരോഗികൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. ജീവിതശൈലീ വ്യത്യാസങ്ങൾ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനായും നടപ്പിലാക്കേണ്ടതുണ്ട്. പതിവായി സോളിയസ് പുഷ്അപ് എന്ന വളരെ ലളിതമായ ഒരു വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കാനും ഇൻസുലിൻ്റെ ആവശ്യം കുറയ്ക്കാനും വളരെ സഹായിക്കുന്നു. ഇരുന്നു കൊണ്ട് തന്നെ ഈ വ്യായാമം ചെയ്യാൻ കഴിയും. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പ്രമേഹ സാധ്യത കൂടുതലാണല്ലോ. കൂടുതൽ സമയം നിലതാനും നടക്കാനും നമ്മെ സഹായിക്കുന്ന കണങ്കാലിലെ പേശിയാണ് സോളിയസ് .പാദത്തിൻ്റെ വിരലുകൾ നിലത്ത മർത്തി പിടിച്ചു കൊണ്ട് ഉപ്പൂറ്റി ഉയർത്തുക താഴ്ത്തുക.ഇത് ശരീരത്തിലെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നു. മറ്റു പേശികളിൽ നിന്ന് വ്യത്യസ്തമായി ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയെ ഊർജത്തിനായി ഉപയോഗപ്പെടുത്തുന്ന പേശിയാണ് സോളിയസ - ദിവസവും 4 മണിക്കൂറോളം ഇത്തരം സോളിയസ് പുഷ പ് തുടരുന്നതാണ് പ്രയോജനം ചെയ്യുക. വളരെ ലളിതമായ ഈ വ്യായാമം ജോലിക്കിടെ പോലും പ്രമേഹരോഗികൾക്ക് ചെയ്യാം.[14]
Remove ads
മറ്റു അനുബന്ധ രോഗങ്ങൾ
പ്രമേഹ രോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദന ഒരു തുടര്ക്കഥയാണ്. എന്നാൽ കഴിവതും ആരംഭത്തിൽ തന്നെ ഒരു പ്രമേഹ രോഗ വിദഗ്ദ്ധനെയൊ അസ്ഥിരോഗ വിധഗ്ദനെയൊ കണ്ടു വേണ്ട വിധം മുൻകരുതൽ എടുത്തൽ ഇത് പരിഹരിക്കാം. കണ്ണിനെയും വൃക്കയെയും സംബന്ധിച്ച രോഗങ്ങൾ പ്രമേഹം മൂലം വരാം. പ്രമേഹ രോഗികൾക്ക് ലൈംഗിക പ്രശ്നങ്ങളും സാധാരണമാണ്.
മരുന്നുകൾ
- കഴിക്കാവുന്ന മരുന്നുകൾ
മെറ്റ്‌ഫോമിൻ ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന പ്രധാന മരുന്നാണ്. ഇത് മരണനിരക്ക് കുറയ്ക്കുന്നു എന്നതിന് നല്ല തെളിവുകൾ ഉണ്ട്. [15] ആസ്പിരിൻ എന്ന മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണമുണ്ടാക്കുന്നതായി കാണപ്പെട്ടിട്ടില്ല. [16]
- ഇൻസുലിൽ
ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ കുത്തിവയ്പ്പുപയോഗിച്ചാണ് ചികിത്സിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിലും ഇൻസുലിൻ ഉപയോഗിക്കാവുന്നതാണ്. ദീർഘനേരം പ്രവർത്തിക്കുന്ന ഇൻസുലിനാണ് ഇത്തരം രോഗികൾക്ക് ആദ്യം നൽകുന്നത്. ഇവർക്ക് കഴിക്കാവുന്ന മരുന്നുകൾ തുടർന്നും നൽകുകയും ചെയ്യും.കാലത്തിനൊപ്പം ഇൻസുലിൻ ഡോസുകൾ ക്രമീകരിക്കേണ്ടി വരാറുണ്ട്.[17]
Remove ads
പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും
പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. പ്രമേഹം അഥവാ ഡയബെറ്റീസ് (Diabetes) പലപ്പോഴും ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കാറുണ്ട്. ഇത് പ്രമേഹരോഗത്തിന്റെ എടുത്തു പറയേണ്ടുന്ന ഒരു ദൂഷ്യ ഫലമാണ്. ഇതിന്റെ ദൂഷ്യ ഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗം ബന്ധങ്ങളെയും മോശമായി ബാധിക്കാറുണ്ട് എന്ന് പറയാം.
പൊതുവേ പ്രമേഹ രോഗികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം കുറയാറുണ്ട്. പുരുഷന്മാരിൽ ലിംഗ ഉദ്ധാരണശേഷിക്കുറവ്, ലിംഗത്തിന്റെ അഗ്രചർമത്തിൽ അണുബാധ, ജനനേന്ദ്രിയത്തിൽ സംവേദനക്ഷമത കുറയുക, ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ്, ചുരുങ്ങിയ ലിംഗം എന്നിവ ഉണ്ടാകാം.
സ്ത്രീകളിൽ സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, യോനീ വരൾച്ച, രതിമൂർച്ഛയില്ലായ്മ, വേദനാജനകമായ ലൈംഗികബന്ധം എന്നിവ അനുഭവപ്പെടാം. മൂത്രാശയ അണുബാധയോ യോനിയിലെ അണുബാധയോ ഇടയ്ക്കിടെ ഉണ്ടാകുന്നു. ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ സ്ത്രീകളിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറേക്കൂടി ഗുരുതരമാകാം. പ്രമേഹം നിയന്ത്രിച്ചു നിർത്തി ഇല്ലെങ്കിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ വഷളാകാം. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ പലപ്പോഴും അനാവശ്യമായ ലജ്ജയോ മടിയോ വിചാരിച്ചു ആരോഗ്യ പ്രവർത്തകരിൽ നിന്നും മറച്ചു വെക്കാറുണ്ട്. അത് വ്യക്തികളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബന്ധങ്ങളെയും മോശമായി ബാധിക്കാം.
പ്രമേഹവുമായി ബന്ധപെട്ടു ലൈംഗിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ അത് ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചു ശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ തേടുന്നതാവും ഉചിതം. യോനി വരൾച്ച അനുഭവപ്പെടുന്നവർക്ക് ഫാർമസിയിൽ ലഭിക്കുന്ന കേവൈ ജെല്ലി തുടങ്ങിയ ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലുകൾ (കൃത്രിമ സ്നേഹകങ്ങൾ) ഉപയോഗിക്കാവുന്നതാണ്. എന്നാൽ അനുബന്ധ പ്രശ്നങ്ങളോ ലിംഗ ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള പ്രശ്നങ്ങൾക്കോ ഇന്ന് മികച്ച ചികിത്സ ലഭ്യമാണ് [18][19][20][21].
Remove ads
ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങൾ
- ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന വിധം, സ്ഥാനം, സമയം, ഡോസ് തുടങ്ങിയവയിലെ അപാകതയും വിമുഖതയും
- ഗ്ലൂക്കോമീറ്റർ അത്യന്താപേക്ഷിതമാണെങ്കിലും അതു വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുമില്ല
- പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങൾ കുറച്ചു ദിവസങ്ങൾ മാത്രം ഉപയോഗിച്ച് നിർത്തുന്നു
- വ്യായാമം- എത്രത്തോളം, എപ്പോൾ, എങ്ങനെ എന്നത് മനസ്സിലാക്കാതെ തെറ്റായി പ്രവർത്തിക്കുന്നു.
- പതിവായി വ്യായാമം ചെയ്യാതിരിക്കുക.
- രക്തത്തിലെ പഞ്ചസാര അധീകരിച്ച ശേഷം വൈകി മാത്രം ഇൻസുലിൻ ഇഞ്ചക്ഷൻ ആരംഭിക്കുന്നു.
- ഭക്ഷണനിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാതിരിക്കുക.
- പോഷകാഹാരക്കുറവ്
ലോക പ്രമേഹദിനം
എല്ലാ വർഷവും നവംബർ 14-ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു. [22]
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലി ശീലിച്ചു പോരുന്നവരിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ, കരൾ രോഗങ്ങൾ, വന്ധ്യത, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ ജീവതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
1. അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കുക- ഊർജം, കൊഴുപ്പ്, എണ്ണ എന്നിവ കൂടുതൽ അടങ്ങിയ ചോറ്, ചപ്പാത്തി, ബിരിയാണി, ഗോതമ്പ്, മരച്ചീനി (കപ്പ), പഞ്ചസാര, മധുര പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക.
2. പോഷക സമൃദ്ധമായ ഭക്ഷണരീതി ശീലമാക്കുക- നിത്യേന 5 കപ്പ് പഴങ്ങൾ, (രോഗികൾ മധുരം കുറഞ്ഞവ) പച്ചക്കറികൾ, ഇലക്കറികൾ എന്നിവയും ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, പരിപ്പ് വർഗ്ഗങ്ങൾ, ഓട്സ് തുടങ്ങിയവ ഉൾപ്പെടുന്ന സമീകൃത ആഹാര രീതി ശീലമാക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.
3. അന്നജം ഏറെയുള്ള അരി കൊണ്ടുള്ള ചോറ്, പ്രത്യേകിച്ച് വെളുത്ത അരിയുടെ ചോറ്, ചപ്പാത്തി, ബിരിയാണി, ഉപ്പ് കൂടുതൽ അടങ്ങിയ അച്ചാർ, മധുരം കൂടുതൽ അടങ്ങിയ പായസം, പപ്പടം, ചുവന്ന മാംസം തുടങ്ങിയവ അമിതമായി ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ സദ്യയിലെ ചോറ്, ബിരിയാണി, അച്ചാർ, പായസം മുതലായവ മിതമായി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. പ്രത്യേകിച്ച് പ്രമേഹം തുടങ്ങിയജീവിതശൈലി രോഗങ്ങൾ ഉള്ളവർ ചോറ് അല്ലെങ്കിൽ ബിരിയാണി കഴിക്കുമ്പോൾ നിയന്ത്രണം പാലിക്കേണ്ടതാണ് എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
4. വെളുത്ത അരിയേക്കാൾ ചുവന്ന പോഷക സമൃദ്ധമായ തവിട് അടങ്ങിയ അരി കൊണ്ടുള്ള ചോറാണ് ആരോഗ്യകരം. എന്നിരുന്നാലും ചോറ് കുറച്ചു ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നിലധികം തവണ ചോറ് കഴിക്കുന്നത് നല്ലതല്ല.
5. സദ്യയുടെ ഭാഗമായി പച്ചക്കറികൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ, പരിപ്പ് എന്നിവ അടങ്ങിയ വിഭവങ്ങൾ പോഷക സമൃദ്ധവും ആരോഗ്യകരവുമാണെന്ന് പറയാം. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ അഥവാ മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു. കറി വച്ച മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, പുഴുങ്ങിയ മുട്ട എന്നിവ ചേർന്നുള്ള സദ്യ പ്രോട്ടീൻ സമ്പുഷ്ടമാണ് എന്ന് പറയാം. പൊതുവേ അത് ആരോഗ്യത്തിന് ഗുണകരവുമാണ്.
6. ഊണ് കഴിക്കുമ്പോൾ എണ്ണയിൽ വറുത്തതും പൊരിച്ചതും, അമിതമായി മധുരവും ഉപ്പും കൊഴുപ്പും മറ്റും കുറയ്ക്കുകയും പകരം പോഷക സമൃദ്ധമായ കറികൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
7. പായസം മധുരം കുറച്ചു തയ്യാറാക്കുന്നതാണ് ഗുണകരം. ഇക്കാര്യത്തിൽ പഞ്ചസാരയെക്കാൾ ശർക്കര ഗുണകരമാണ്. അരി കൊണ്ടുള്ള പായസത്തിന് പകരം കടല, പയർ, പരിപ്പ്, എള്ള്, പിസ്ത, നിലക്കടല, ഓട്സ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുള്ള പായസം അല്ലെങ്കിൽ ചക്ക, പപ്പായ തുടങ്ങിയവ കൊണ്ടുള്ള പോഷക സമൃദ്ധമായ പായസം ആകും ഗുണകരം.
8. കൃത്യമായ വ്യായാമം- ആഴ്ചയിൽ 5 ദിവസമെങ്കിലും ശാരീരിക അധ്വാനം നൽകുന്ന വ്യായാമം 30 മിനുറ്റ് എങ്കിലും ശീലമാക്കുക. ഏറെ നേരം ഇരുന്നുള്ള ജോലി നല്ലതല്ല.
വേഗത്തിലുള്ള നടത്തം, സൈക്ലിങ്, സ്കിപ്പിംഗ്, നീന്തൽ, നൃത്തം ഉദാ: സുംബ, അയോധന കലകൾ, ജിംനേഷ്യ പരിശീലനം, സ്പോർട്സ് തുടങ്ങിയവ ഏതുമാകാം.
രോഗികൾ വിദഗ്ദരുടെ നിർദേശ പ്രകാരം ഉചിതമായ വ്യായാമം ക്രമപ്പെടുത്തുക.
9. മാനസിക സമ്മർദം കുറക്കുക - വീട്ടിലും തൊഴിലിടത്തിലും ഉണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാൻ ഉതകുന്ന ജീവിതരീതി സ്വീകരിക്കുക.
ഉല്ലാസവേളകൾ കണ്ടെത്തുക. അതിനായി വിനോദ യാത്രകൾ, സംഗീതം, നൃത്തം, സിനിമകൾ, ആഘോഷങ്ങൾ മുതലായവ ആസ്വദിക്കാം.
10. നന്നായി ഉറങ്ങുക. നിത്യേന 7/8 മണിക്കൂർ ഉറങ്ങുക. യോഗ, ധ്യാനം മുതലായവ പരിശീലിക്കുക.
11. സന്തോഷകരമായ ലൈംഗികജീവിതം നയിക്കുക.
12. അതിമദ്യാസക്തിയും പുകവലിയും കഴിവതും ഒഴിവാക്കുക. മദ്യപിക്കുന്നവർ ആഴ്ചയിൽ തീരെ കുറഞ്ഞ അളവിൽ മാത്രം മദ്യം ഉപയോഗിക്കുക.
Remove ads
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads