ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ
From Wikipedia, the free encyclopedia
Remove ads
നാല് ഫെഡറൽ സംസ്ഥാനങ്ങളുൾപ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ /ˌmaɪkroʊˈniːʒə/ ⓘ (എഫ്.എസ്.എം.) – പടിഞ്ഞാറു നിന്ന് കിഴക്കോട്ട്, യാപ്, ചൂക്, പോഹ്ൻപേ, കോസ്രേ – എന്നിവയാണിവ. ഇവ പറിഞ്ഞാറൻ പസഫിക് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആകെ 607-ഓളം ദ്വീപുകളാണീ രാജ്യത്തിന്റെ ഭാഗമായുള്ളത്. ആകെ കരഭൂമി 702 ചതുരശ്രകിലോമീറ്റർ വരും. ഭൂമദ്ധ്യരേഖയുടെ തൊട്ടു വടക്കായാണ് ദ്വീപുകളുടെ സ്ഥാനം. കിഴക്കു പടിഞ്ഞാറായി അളന്നാൽ ദ്വീപുകൾ തമ്മിൽ 2700 കിലോമീറ്റർ വരെ ദൂരമുണ്ട്. ന്യൂഗിനിയുടെ വടക്കുകിഴക്കായും, ഗുവാമിന്റെയും മറിയാന ദ്വീപുകളുടെയും തെക്കായും, നൗറുവിന്റെയും മാർഷൽ ദ്വീപുകളുടെയും പടിഞ്ഞാറായും, പലാവുവിന്റെയും ഫിലിപ്പീൻസിന്റെയും കിഴക്കായുമാണ് ദ്വീപുകളുടെ സ്ഥാനം.
ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയുടെ കരഭൂമി ചെറുതാണെങ്കിലും ഈ രാജ്യത്തിന് പസഫിക് സമുദ്രത്തിലെ 2,600,000 ചതുരശ്രകിലോമീറ്റർ വരുന്ന കടലിനുമേൽ ആധിപത്യമുണ്ട്. പോഹ്ൻപൈ ദ്വീപിലെ പാലികീർ ആണ് തലസ്ഥാനം. ചൂക് അറ്റോളിലെ വെനോ ആണ് ഏറ്റവും വലിയ പട്ടണം.
മക്രോനേഷ്യ എന്ന പദം ഫെഡറേറ്റഡ് സ്റ്റേറ്റിനെയോ പ്രദേശത്തെ മുഴുവനുമോ വിവക്ഷിക്കാനുപയോഗിക്കാറുണ്ട്.
ഐക്യരാഷ്ട്രസഭ അനുവദിച്ചതനുസരിച്ച് അമേരിക്കൻ ഭരണത്തിൻ കീഴിലുള്ള ട്രസ്റ്റ് പ്രദേശമായിരുന്നു പണ്ട് മൈക്രോനേഷ്യ. 1979 മേയ് 10-ന് ഈ രാജ്യം സ്വന്തം ഭരണകൂടം സ്ഥാപിച്ചു. 1986 നവംബർ 3-ന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇത് പരമാധികാരരാജ്യമായി. എങ്കിലും അമേരിക്കൻ ഐക്യനാടുകളുമായി ഒരു സ്വതന്ത്ര സഹകരണ ഉടമ്പടി നിലവിലുണ്ട്.
Remove ads
ചരിത്രം
മൈക്രോനേഷ്യക്കാരുടെ പൂർവ്വികർ ഈ ദ്വീപുകളിൽ നാലായിരം വർഷങ്ങൾക്കുമുൻപാണ് എത്തിപ്പെട്ടത്. കേന്ദ്രീകൃതമല്ലാത്തതും ഗോത്രത്തലവന്മാർ ഭരിക്കുന്നതുമായ ഒരു സംവിധാനമാണ് ആദ്യം ഇവിടെ നിലവിലുണ്ടായിരുന്നതെങ്കിലും പിന്നീട് യാപ് കേന്ദ്രമാക്കി സാമ്പത്തികവും മതപരവുമായ കാര്യങ്ങളിൽ കേന്ദ്രീകരണമുള്ള ഒരു സാമ്രാജ്യം പിന്നീട് രുപപ്പെട്ടു.
മനുഷ്യനിർമിതമായ ദ്വീപുകളും ഇവയെ ബന്ധിപ്പിക്കുന്ന കനാൽ സംവിധാനവും ചേർന്ന നാൻ മണ്ടോൾ പസഫിക്കിലെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. പോഹ്ൻപൈ ദ്വീപിന്റെ കിഴക്കുവശത്താണ് ഈ സ്ഥലം. സൗഡെല്യൂർ രാജവംശത്തിന്റെ മതപരവും രാഷ്ട്രീയവുമായ തലസ്ഥാനമായിരുന്നു ഈ സ്ഥലം. എ.ഡി. 500 മുതൽ 1500 വരെ ഉദ്ദേശം 25,000 ജനസംഖ്യ വരുന്ന പ്രജകളെ ഏകോപിപ്പിച്ചു ഭരണം നടത്തിയിരുന്നത് ഇവിടെനിന്നായിരുന്നു. എ.ഡി.1500 ഓടെ കേന്ദ്രീകൃത ഭരണസംവിധാനം നശിച്ചു.
ആദ്യം പോർച്ചുഗീസുകാരും പിന്നീട് സ്പെയിൻ കാരും പതിനാറാം നൂറ്റാണ്ടിൽ ഇവിടെ എത്തിപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിൻ ഈ ദ്വീപസമൂഹത്തെ സ്പാനിഷ് ഈസ്റ്റ് ഇൻഡീസിനു കീഴിൽ കൊണ്ടുവരുകയും മിഷനുകൾ സ്ഥാപിക്കുകയും ചെയ്തു. 1887-ൽ ഇവർ സാന്റിയാഗോ ഡെ ലാ അസൻസിയൺ എന്ന പേരിൽ ഒരു പട്ടണമാരംഭിച്ചു. [3] സ്പാനിഷ് അമേരിക്കൻ യുദ്ധത്തെത്തുടർന്ന് സ്പെയിൻ ഈ ദ്വീപസമൂഹം 1899-ൽ ജർമനിക്ക് വിൽക്കുകയുണ്ടായി. 1914-ൽ ജപ്പാൻ ൈവിടം പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ ഐക്യനാടുകൾ ഇവിടം പിടിച്ചെടുത്തു. പസഫിക് ദ്വീപുകളുടെ ട്രസ്റ്റ് പ്രദേശത്തിനുകീഴിൽ വന്ന ഈ ദ്വീപുകളെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമനുസരിച്ച് അമേരിക്ക 1947 മുതൽ ഭരിച്ചുവരികയായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ കപ്പൽപ്പടയുടെ നല്ലൊരുഭാഗം ട്രുക് ലഗൂൺ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. 1944 ഫെബ്രുവരിയിൽ ഓപറേഷൻ ഹെയിൽ സ്റ്റോൺ എന്നു പേരുവിളിക്കുന്ന യുദ്ധത്തിൽ അമേരിക്ക ജപ്പാന്റെ കപ്പലുകളെയും വിമാനങ്ങളെയും നശിപ്പിക്കുകയുണ്ടായി.
1979 മേയ് 10-ന് ട്രസ്റ്റ് പ്രദേശത്തെ നാലു ഡിസ്ട്രിക്റ്റുകൾ ചേർന്ന് ഒരു ഭരണഘടന അംഗീകരിക്കുകയും ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ എന്ന രാജ്യം രൂപീകരിക്കുകയും ചെയ്തു. പലാവു, മാർഷൽ ദ്വീപുകൾ, നോർതേൺ മറിയാന ദ്വീപുകൾ എന്നിവ ഈ സംരംഭത്തിൽ പങ്കാളികളാകേണ്ട എന്ന് തീരുമാനിച്ചു. ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ 1986 നവംബർ 3-ന് അമേരിക്കയുമായി സ്വതന്ത്ര സഹകരണ ഉടമ്പടി ഒപ്പുവച്ചു. ഇതോടുകൂടി രാജ്യം സ്വതന്ത്രമായി. 2004-ൽ ഈ ഉടമ്പടി പുതുക്കുകയുണ്ടായി.
Remove ads
രാഷ്ട്രീയം

1979-ലെ ഭരണഘടനയനുസരിച്ചാണ് ഈ രാജ്യത്തെ ഭരണം നടക്കുന്നത്. ഭരണഘടന അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉറപ്പുനൽകുന്നതുകൂടാതെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വ്യക്തമായി വിഭജിക്കുകയും ചെയ്യുന്നുണ്ട്. ഒരു സഭ മാത്രമാണ് ജനപ്രതിനിധികൾക്കായി ഭരണഘടന വ്യവസ്ഥചെയ്തിരിക്കുന്നത്. ഇതിലെ പതിനാല് അംഗങ്ങളെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. നാലു സെനറ്റർമാർ (ഒരു സംസ്ഥാനത്തുനിന്ന് ഒരാൾ വീതം) നാലു വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ മറ്റ് പത്തു സെനറ്റർമാരെ രണ്ടു വർഷത്തേയ്ക്ക് ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്നു. സംസ്ഥാനത്തു നിന്ന് തിരഞ്ഞെടുക്കുന്ന സെനറ്റർമാരിൽ നിന്ന് കോൺഗ്രസ്സ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു. ഇവരാണ് എക്സിക്യൂട്ടീവിന്റെ തലവന്മാർ. പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നതിലൂടെ വരുന്ന ഒഴിവുകൾ പ്രത്യേക ഇലക്ഷനിലൂടെ നികത്തപ്പെടും.
പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സഹായിക്കാനായി നാമനിർദ്ദേശം ചെയ്ത ഒരു മന്ത്രിസഭ നിലവിലുണ്ടാവും. ഇവിടെ ഔപചാരിക രാഷ്ട്രീയപ്പാർട്ടികളില്ല.
ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പുകളിൽ സാധാരണഗതിയിൽ ഈ രാജ്യം അമേരിക്കൻ ഐക്യനാടുകൾക്കൊപ്പമാണ് വോട്ടു ചെയ്യാറ്. [4]
Remove ads
ഭരണപരമായ വിഭജനം
ഫെഡറേഷനിലെ നാലു സംസ്ഥാനങ്ങൾ ഇവയാണ്:
ഈ സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളായി പുനർവിഭജനം ചെയ്തിട്ടുണ്ട്.
ഭൂമിശാസ്ത്രം

കിഴക്കുപടിഞ്ഞാറായി 2900 കിലോമീറ്റർ നീളത്തിലുള്ള സമുദ്രപ്രദേശത്തായി ചിതറിക്കിടക്കുന്ന 607 ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. കരോലീൻ ദ്വീപുകൾ എന്ന് ഈ ദ്വീപസമൂഹത്തിന് പേരുണ്ട്.
യാപ്, ചൂക്, പോഹ്ൻപൈ, കോസ്രൈ എന്ന നാലു ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. ദേശീയപതാകയിലെ നാല് വെള്ള നക്ഷത്രങ്ങൾ ഈ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ഏഴ് ഔദ്യോഗിക ഭാഷകൾ ഇവിടെയുണ്ട്. ഇംഗ്ലീഷ്, യുലിത്തിയൻ, വോളൈയൻ, യാപീസ്, പോഹ്ൻപൈയൻ, കോസ്രൈയൻ, ചൂകീസ് എന്നിവയാണവ.
പിൻഗലാപീസ്, എൻഗാറ്റികീസ്, സാറ്റവാലീസ്, കാപിങമാരാൻഗി, നുകുവോറോ, പുളുവാട്ടീസ്, മോർട്ട്ലോകീസ്, മോകിലീസ് എന്നിവ ഇവിടെ സംസാരിക്കുന്ന മറ്റ് ഭാഷകളാണ്.
Remove ads
സാമ്പത്തികരംഗം
കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ജീവനോപാധികൾ. ഫോസ്ഫേറ്റൊഴികെ ഇവിടെ മിനറൽ നിക്ഷേപങ്ങളൊന്നുമില്ല. 1990-കളിൽ ചൈനയിൽ നിന്നുള്ള ടൂണയെപ്പിടിക്കുന്ന കപ്പലുകൾ ഇവിടെ മത്സ്യബന്ധനം നടത്തുന്നുണ്ടായിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന് സാദ്ധ്യതകളുണ്ടെങ്കിലും വിദൂരപ്രദേശമാണെന്നതും അടിസ്ഥാനസൗകര്യക്കുറവും കാരണം ഈ മേഖലയിൽ വലിയ വികസനം നടന്നിട്ടില്ല. അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക സഹായമാണ് പ്രധാന വരുമാനം.
അമേരിക്കൻ ഡോളറാണ് ഇവിടെ കറൻസിയായി ഉപയോഗിക്കുന്നത്.
Remove ads
യാത്രാസൗകര്യം
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്.
- പോഹ്ൻപൈ അന്താരാഷ്ട്ര വിമാനത്താവളം.
- ചൂക് അന്താരാഷ്ട്ര വിമാനത്താവളം
- കോസ്രേ അന്താരാഷ്ട്ര വിമാനത്താവളം
- യാപ് അന്താരാഷ്ട്രവിമാനത്താവളം
ജനങ്ങൾ
ഏകദേശം 100% ആൾക്കാരും പസഫിക് ദ്വീപുവംശജരോ ഏഷ്യൻ വംശജരോ ആണ്. ചൂകീസ് ജനത 48.8% വരും. പോളിനേഷ്യക്കാർ 24.2%, കോസ്രൈയൻ 6.2%, യാപീസ് 5.2%, യാപ് ഔട്ടർ ഐലന്റ് വാസികൾ 4.5%, ഏഷ്യൻ 1.8%, പോളിനേഷ്യൻ 1.5%, മറ്റുള്ളവർ 6.4%, അറിയാത്തവർ 1.4% എന്നിങ്ങനെയാണ് മറ്റുള്ള ജനതയുടെ എണ്ണം. കുറച്ചുപേർക്ക് ജപ്പാനീസ് വംശപാരമ്പര്യവുമുണ്ട്. [7]
1990 മുതൽ അമേരിക്കക്കാർ, ഓസ്ട്രേലിയക്കാർ, യൂറോപ്യന്മാർ, ചൈനക്കാർ, ഫിലിപ്പീൻസുകാർ എന്നിവർ ഇവിടെ വന്നു താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷാണ് ഭരണഭാഷ. ജനസംഖ്യാവളർച്ച വർഷം 3% എന്ന ഉയർന്ന നിലയിലാണ്. പോഹ്ൻപൈ ജനതയ്ക്ക് മാസ്കുൻ എന്നുവിളിക്കുന്ന ഒരുതരം വർണാന്ധത കാണപ്പെടുന്നുണ്ട്.
Remove ads
സംസ്കാരം

നാലു സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട്. എന്നാലും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങളും ഈ ദ്വീപുകൾ തമ്മിലുണ്ട്. ഉദാഹരണത്തിന് കൂട്ടുകുടുംബസംവിധാനവും ഗോത്രകൂട്ടായ്മയും എല്ലാ ദ്വീപിലും കാണപ്പെടുന്നുണ്ട്.
യാപ് ദ്വീപ് കല്ലുനാണയങ്ങൾക്ക് പ്രസിദ്ധമാണ് (റായ് കല്ലുകൾ എന്നാണ് ഇവയെ വിളിക്കുന്നത്). സാധാരണഗതിയിൽ കാൽസൈറ്റ് കല്ലുകൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്, വലിയ ഡിസ്ക് രൂപത്തിലാണ് നിർമിതി. നാലു മീറ്റർ വരെ ഇവയ്ക്ക് വ്യാസമുണ്ടാകാറുണ്ട്. നടുവിൽ ഒരു ദ്വാരമുണ്ടാകും. ദ്വീപുവാസികൾക്ക് ഇതിന്റെ ഉടമസ്ഥനാരെന്നറിയാമെന്നതിനാൽ കൈമാറ്റം നടന്നാലും ഈ നാണയങ്ങളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാറില്ലായിരുന്നുവത്രേ. ചരിത്രവും വലിപ്പവുമാണ് ഇവയുടെ മൂല്യനിർണയത്തിനുപയോഗിക്കുന്നത്. ന്യൂ ഗിനിയയിൽ നിന്നുവരെ ഇവ കൊണ്ടുവരപ്പെട്ടിട്ടുണ്ട്. ഈ ദ്വീപിൽ ഉദ്ദേശം 6,500 കല്ലുനാണയങ്ങൾ ഉണ്ട്.
സാഹിത്യം
മൈക്രോനേഷ്യയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട വളരെക്കുറച്ച് സാഹിത്യകൃതികളേയുള്ളൂ. [8] 2008-ൽ എമെലിഹ്റ്റർ കിഹ്ലെങ് ഇംഗ്ലീഷ് ഭാഷയിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ച ആദ്യ മൈക്രോനേഷ്യക്കാരനായി. [9]
മതം
പല പ്രൊട്ടസ്റ്റന്റ് സഭകളും റോമൻ കത്തോലിക്കാസഭയും എല്ലാ ദ്വീപുകളിലും വേരുറപ്പിച്ചിട്ടുണ്ട്. [10] അമേരിക്കൻ മിഷനറിമാരാണ് മിക്ക പ്രൊട്ടസ്റ്റന്റ് സഭകളും സ്ഥാപിച്ചിട്ടുള്ളത്. [10] കോസ്രേ ദ്വീപിൽ 7,800 ആൾക്കാരുള്ളതിൽ 95 ശതമാനം പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ്. [10] പോഹ്ൻപൈ ദ്വീപിലെ 35,000 ജനങ്ങളിൽ ഏകദേശം പകുതിവീതം പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരുമാണ്. [10] ചൂക്, യാപ് എന്നിവിടങ്ങളിൽ 60 % കത്തോലിക്കരും 40 % പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമാണ്. [10] ബാപ്റ്റിസ്റ്റുകൾ, അസംബ്ലീസ് ഓഫ് ഗോഡ്, സാൽവേഷൻ ആർമി, സെവൻത് ഡേ അഡ്വെന്റിസ്റ്റുകൾ, യഹോവാ സാക്ഷികൾ, മോർമോൺ വിഭാഗക്കാർ, ബഹായി വിശ്വാസികൾ എന്നീ മതവിഭാഗങ്ങളും ഇവിടെയുണ്ട്.[10] പോഹ്ൻപൈയിൽ ഒരു ചെറിയ വിഭാഗം ബുദ്ധമതക്കാരുമുണ്ട്. [10] പള്ളികൾക്ക് ഇവിടുത്തെ പൊതുസമൂഹത്തിൽ വലിയ സ്ഥാനമുണ്ട്.[10]
ഇവിടെ കുടിയേറിയ ഫിലിപ്പിനോ വംശജർ ഭൂരിപക്ഷവും കത്തോലിക്കരാണ്. 1890-കളിൽ പോഹ്ൻപൈ ദ്വീപിൽ മിഷനറിമാർ തമ്മിൽ സ്പർദ്ധയും വിവിധ ഗോത്രവിഭാഗങ്ങൾ വിവിധ സഭകളിൽs ചേർന്നതുകാരണവുമുണ്ടായ വർഗ്ഗീയപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവിടെ പ്രൊട്ടസ്റ്റന്റുകാർ ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും കത്തോലിക്കർ കിഴക്കുഭാഗത്തുമാണ് പൊതുവെ താമസം. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. മിക്ക സഭകളുടെയും മിഷനറിമാർ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്. മതവ്യത്യാസങ്ങൾ ഏതെങ്കിലും വിഭാഗത്തിനെതിരേയുള്ള വിവേചനത്തിൽ കലാശിച്ചതായി റിപ്പോർട്ടില്ല. [10]
Remove ads
പ്രതിരോധവും വിദേശകാര്യവും
ഈ രാജ്യം അമേരിക്കയുമായി സ്വതന്ത്ര സഹകരണത്തിലുള്ള പരമാധികാര സ്വയംഭരണ രാജ്യമാണ്. അമേരിക്കയാണ് ഈ രാജ്യത്തിന്റെ പ്രതിരോധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നത്. കരാറനുസരിച്ച് ഇവിടുത്തുകാർക്ക അമേരിക്കൻ സൈന്യത്തിൽ ചേരാൻ പൗരത്വമെടുക്കേണ്ട ആവശ്യമില്ല. [11] അമേരിക്കയിലേയ്ക്ക് കുടിയേറുന്നതും എളുപ്പമാണ്.
കുറിപ്പുകൾ
അവലംബം
സ്രോതസ്സുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads