ജോൺ ഫ്രെഡറിക് ഡാനിയൽ

From Wikipedia, the free encyclopedia

ജോൺ ഫ്രെഡറിക് ഡാനിയൽ
Remove ads

ബ്രിട്ടിഷ് രസതന്ത്രജ്ഞനായിരുന്നു ജോൺ ഫ്രെഡറിക് ഡാനിയൽ. ഡാനിയൽ സെൽ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഒരു നൂതന വൈദ്യുത സെല്ലിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇദ്ദേഹം ആഗോള പ്രശസ്തി നേടിയത്.

വസ്തുതകൾ ജോൺ ഫ്രെഡറിക് ഡാനിയൽ, ജനനം ...

വിദ്യാഭ്യാസം

1790 മാർച്ച് 12-നു ലണ്ടനിൽ ജനിച്ചു. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ പല വിഷയങ്ങളിലും ഡാനിയൽ വിജ്ഞാനം നേടി. ഒരു പഞ്ചസാര ശുദ്ധീകരണ ശാലയിൽ ഇദ്ദേഹം ആദ്യമായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ ചില നൂതന സംസ്കരണ പ്രക്രിയകൾ ഇദ്ദേഹം ആവിഷ്കരിച്ചുവെങ്കിലും ശാസ്ത്രഗവേഷണങ്ങൾക്കായി കൂടുതൽ സമയം വിനിയോഗിക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ചു.

ഗവേഷണനേട്ടങ്ങൾ

ആദ്യകാല ഗവേഷണനേട്ടങ്ങൾ കണക്കിലെടുത്ത് ഇദ്ദേഹത്തെ 23 - ആമത്തെ വയസ്സിൽ തന്നെ റോയൽ സൊസൈറ്റി അംഗമായി തെരഞ്ഞെടുത്തു. റോയൽ ഇൻസ്റ്റിട്യൂഷനിലെ രസതന്ത്രവിഭാഗം പ്രൊഫസറായ വില്യം ടി. ബ്രാൻഡെയുമായി സഹകരിച്ച് ഇൻസ്റ്റിട്യൂഷൻ നടത്തിയിരുന്ന ജേണലിന്റെ പ്രസിദ്ധീകരണം പുനരാംരഭിക്കുകയാണ് ഇദ്ദേഹം ആദ്യംചെയ്തത്. രസതന്ത്രവിഷയങ്ങളെ സംബന്ധിച്ച് ശ്രദ്ധേയങ്ങളായ പല ലേഖനങ്ങളും ഡാനിയൽ ഈ ജേണലിൽ പ്രസിദ്ധീകരിച്ചു. 1817-ൽ ഇദ്ദേഹം കോൺടിനെന്റൽ ഗ്യാസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. ടർപ്പൻടൈനിൽ ലയിപ്പിച്ച റെസിൻ വിയോജക സ്വേദനത്തിന് വിധേയമാക്കി ഗ്യാസ് ഉത്പാദിപ്പിക്കാമെന്നു ഇദ്ദേഹം കണ്ടെത്തി. കൽക്കരിക്ക് ക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ന്യൂയോർക്കിൽ, ഈ പ്രക്രിയ പിൽക്കാലത്ത് വ്യാപകമായി ഉപയോഗത്തിൽ വരികയുണ്ടായി. പുതിയ ഉപകരണങ്ങൾ വിഭാവന ചെയ്തു കൊണ്ട് ഇദ്ദേഹം രചിച്ച പ്രബന്ധങ്ങൾ അവയുടെ ഉത്പാദനത്തിനും വമ്പിച്ച പ്രചാരത്തിനും കാരണമായിത്തീർന്നിട്ടുണ്ട്. തുഷാരങ്ക ഹൈഗ്രോമീറ്റർ, ലോലസസ്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഹോട്ട് ഹൗസുകൾ ചൂളകളിൽ താപം നിർണയിക്കുന്നതിനുള്ള പുതിയ പൈറോമീറ്റർ, അന്തരീക്ഷ വ്യതിയാനങ്ങൾ കൃത്യമായി അളക്കാൻ ഉപയോഗിക്കുന്ന ബാരോമീറ്റർ എന്നിവ ഡാനിയൽ രൂപകല്പന ചെയ്തവയാണ്.

Remove ads

ഇലക്ട്രോകെമിസ്ട്രി പരീക്ഷണം

ലണ്ടനിലെ കിങ്സ് കോളജിലെ ആദ്യത്തെ രസതന്ത്ര പ്രൊഫസറായി 1831 - ൽ ഡാനിയൽ നിയമിതനായി. ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഇലക്ട്രോകെമിസ്ട്രി പരീക്ഷണം ആരംഭിച്ചത് ഇക്കാലത്താണ്. അന്നു പ്രചാരത്തിലിരുന്ന വൈദ്യുത സെല്ലുകളുടെ ക്ഷമത വിപരീത ധ്രുവീകരണം മൂലം വളരെ വേഗം നഷ്ടപ്പെട്ടിരുന്നു. ഇപ്രകാരം സിങ്ക്-കോപ്പർ സെല്ലുകളിൽ വൈദ്യുത വിശ്ലേഷണം നടക്കുമ്പോൾ കോപ്പർ പ്ലേറ്റിൽ ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കപ്പെടുന്നതിനാലാണ് ക്ഷമത നഷ്ടപ്പെടുന്നതെന്ന് ഡാനിയൽ കണ്ടെത്തി. ഈ പോരായ്മ പരിഹരിച്ച് സ്ഥിരവും അനുസ്യൂതവുമായി വൈദ്യുതി പ്രവഹിപ്പിക്കുന്ന ഒരു പുതിയ ഇനം സെല്ലിന്റെ അന്വേഷണത്തിൽ ഡാനിയൽ വിജയിച്ചു. സിങ്ക് ഇലക്ട്രോഡ് - സിങ്ക് സൾഫേറ്റ് ലായനി (Zn-ZnSO4), കോപ്പർ ഇലക്ട്രോഡ്-കോപ്പർസൾഫേറ്റ് (Cu-CuSO4) ലായനിയിൽ നിന്ന് ഒരു സുഷിരഭാജനം കൊണ്ടോ അർധതാര്യതനുസ്തരം കൊണ്ടോ വേർതിരിക്കുക വഴി കോപ്പർ ഇലക്ട്രോഡിൽ ഹൈഡ്രജൻ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത് തടയാനാവുമെന്നു ഡാനിയൽ കണ്ടെത്തി. ഇപ്രകാരം ബാറ്ററി (സ്ഥിരം ഇ എം എഫ്= 1.1 V) ദീർഘകാലം പ്രവർത്തനക്ഷമമായിരിക്കും. ഡാനിയൽ സെൽ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഈ പുതിയ ബാറ്ററിയുടെ കണ്ടുപിടിത്തം (1836) റോയൽ സൊസൈറ്റിയുടെ പരമോന്നതബഹുമതിയായ കോപ്ലി മെഡലിന് (Copley medal) ഇദ്ദേഹത്തെ അർഹനാക്കി (1837). റോയൽ സൊസൈറ്റിയുടെ റംഫോർഡ് മെഡൽ (Rumford medal 1832), ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ വെള്ളിമെഡൽ എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ താത്പര്യം

ശാസ്ത്രഗവേഷണങ്ങളിൽ ഊർജ്ജിതമായി ഏർപ്പെട്ടിരുന്നപ്പോഴും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡാനിയൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. കിങ്സ് കോളജിലെ അപ്ലൈഡ് സയൻസ് വിഭാഗം, ബ്രിട്ടന്റെ അധീനതയിലുള്ള രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ, റോയൽ സൊസൈറ്റിയുടെ മീറ്റിയറോളജിക്കൽ വിഭാഗം, ലൻ കെമിക്കൽ സൊസൈറ്റി എന്നിവ ഡാനിയലിന്റെ ശ്രമഫലമായുണ്ടായ സ്ഥാപനങ്ങളാണ്. 1845 മാർച്ച് 13-ന് റോയൽ സൊസൈറ്റിയുടെ ഒരു യോഗത്തിൽ വെച്ച് ആകസ്മികമായി ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാനിയൽ, ജോൺ ഫ്രെഡറിക് (1790 - 1845) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads