തക്കല

From Wikipedia, the free encyclopedia

Remove ads

തമിഴ്നാട്ടില്‍, കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് തക്കല. ഇതുൾപ്പെടുന്ന ബ്ലോക്കിനും തക്കല എന്നാണ് പേര്. കൽക്കുളം താലൂക്കിന്റെ തലസ്ഥാനവും തക്കല തന്നെ യാണ്. പിരപ്പൻകോട് എന്നായിരുന്നു പഴയ നാമം. ദക്ഷിണാ തിർത്തി എന്നർഥം വരുന്ന തെക്ക്എലൈ (Thekkelai) എന്ന തമിഴ് പദത്തിൽ നിന്നാണ് തക്കല എന്ന സ്ഥലനാമം നിഷ്പന്നമാ യതെന്നു കതുതപ്പെടുന്നു. വേണാടിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതിനാലാകാം ഈ പ്രദേശത്തിന് പ്രസ്തുത പേരു ലഭിച്ചത്. ചില ചരിത്ര രേഖകളിൽ ഈ പട്ടണത്തെ പത്മനാഭപുരം എന്നും പരാമർശിച്ചുകാണുന്നുണ്ട്.

വസ്തുതകൾ

തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയിലെ ഒരു പ്രധാന ബസ്സ്റ്റേഷനും കൂടിയാണ് തക്കല. ഇരണിയൽ ആണ് ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ . പ്രസിദ്ധമായ കുമാരകോവിൽ (മുരുക ക്ഷേത്രം), പീർ മുഹമ്മദീയ മുസ്ളിം ദേവാലയം, ഏലിയാസ് പള്ളി എന്നിവ തക്കലയ്ക്കു സമീപത്ത് സ്ഥിതി ചെയ്യുന്നു. പഴയ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരവും തിരുവിതാംകൂർ ചരിത്രത്തിൽ വിശ്രുതസ്ഥാനം വഹിക്കുന്ന ഉദയഗിരിക്കോട്ടയും തക്കലയ്ക്കു സമീപത്താണ്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സേനയുടെ പടനായകനും വലിയ കപ്പിത്താനുമായിരുന്ന ഡി ലനോയിയുടെ ശവകുടീരം ഉദയഗിരിക്കോട്ടയിലാണു സ്ഥിതിചെയ്യുന്നത്.

തമിഴ്നാട്ടിൽ മികച്ച സാക്ഷരതാനിരക്കുള്ള പ്രദേശങ്ങളിലൊ ന്നാണ് തക്കല. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട നാല് സർക്കാർ പ്രൈമറി സ്കൂളുകളിലൊന്ന് തക്കലയിലാണ്. നൂറുൽ ഇസ്ലാം എൻജിനീയറിങ് കോളജ്, നൂറുൽ ഇസ്ലാം ആർട്ട്സ് ആൻഡ് സയൻസ് കോളജ്, മുസ്ലീം ആർട്ട്സ് ആൻഡ് സയൻസ് കോളജ് എന്നിവ ഇവിടത്തെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. കൂടാതെ മറ്റുപല ഹയർ സെക്കൻഡറി സ്കൂളുകളും മെട്രിക്കുലേഷൻ സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഏതാണ്ട് 17,000 വരുന്ന ഇവിടത്തെ ജനസംഖ്യയിൽ നായർ, നാടാർ, മുസ്ലീം, പറയർ, വിശ്വകർമ തുടങ്ങിയ സമുദായങ്ങൾ ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ ഏറ്റവുമധികം കേരളീയർ വസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് തക്കല. ഏതാണ്ട് നൂറു വർഷങ്ങൾക്കു മുമ്പുവരെ ഒരു പ്രസിദ്ധ കളരി-സിദ്ധവൈദ്യ കേന്ദ്രം എന്ന നിലയിലും തക്കല അറിയപ്പെട്ടിരുന്നു.

അറിയപ്പെട്ട പല സാഹിത്യകാരന്മാരും കവികളും ദാർശനികന്മാരും ചരിത്രകാരന്മാരും തക്കലക്കാരായുണ്ട്. 16-ം ശതകത്തിൽ ജീവിച്ചിരുന്ന പണ്ഡിതദാർശനികനായ മുത്തുസ്വാമി തമ്പുരാൻ ഇന്നും ഭാഷാസ്നേഹികൾക്ക് ആരാധ്യനാണ്. 40-ൽപ്പരം ഗ്രന്ഥങ്ങളുടെ കർത്താവായ പ്രൊഫ. ക.അബ്ദുൾ ഗഫൂർ അറിയപ്പെട്ട തമിഴ് കവിയായ രാമസുബ്രഹ്മണ്യ നാവലർ, ചരിത്രകാരനായ ഡോ. എം.എസ്. ബഷീർ, മൈലാഞ്ചി എന്ന കൃതിയുടെ രചയിതാവായ എച്ച്.ജി. റസൂൽ എന്നിവർ തക്കലക്കാരാണ്.

Remove ads

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്കല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads