അയോ
From Wikipedia, the free encyclopedia
Remove ads
വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹമാണ് അയോ. നിരവധി സവിശേഷതകളുള്ള ഈ ഉപഗ്രഹത്തിന്റെ വലിപ്പം, ദ്രവ്യമാനം, സാന്ദ്രത എന്നിവ ചന്ദ്രനെക്കാൾ അല്പം കൂടുതലാണ്. വ്യാഴം സംക്രമിപ്പിക്കുന്ന വേലാർ താപനം (Tidal heating) അയോയെ സൗരയൂഥത്തിലെ ഏറ്റവുമധികം അഗ്നിപർവതക്ഷോഭമുള്ള ഖഗോളീയ വസ്തുവാക്കിമാറ്റുന്നു. വ്യാഴത്തിന്റെ മറ്റുപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി, അയോവിൽ ഹിമപാളിയുടെ വൻശേഖരം കാണപ്പെടുന്നില്ല. സൾഫറിന്റെ അംശമുള്ള ശിലാപാളികളാണ് അയോവിൽ അധികവും.
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വൊയേജർ നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങൾ തെളിയിക്കുന്നത് അയോവിൽ സജീവമായ നിരവധി അഗ്നിപർവതങ്ങളുടെ സാന്നിധ്യം ഉണ്ടെന്നാണ്. വൊയേജർ പര്യവേക്ഷണത്തിനു മുമ്പുവരെ, അയോവിന്റെ ഉപരിതലം ചാന്ദ്രപ്രതലത്തിനോട് സമാനമാണെന്നായിരുന്നു ജ്യോതിശ്ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ വൊയേജർ-1, വൊയേജർ-2 എന്നീ പര്യവേക്ഷണ വാഹനങ്ങൾ നടത്തിയ പഠനങ്ങൾ വ്യാഴത്തിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മൂന്ന് ഉപഗ്രഹങ്ങളിൽ വേലാർ താപനം അനുഭവപ്പെടുന്നുണ്ട് എന്ന് സ്ഥിരീകരിക്കുകയുണ്ടായി. വ്യാഴഗ്രഹവുമായുള്ള സാമീപ്യം, അയോയുടെ വലിപ്പാധിക്യം, കൂടിയ ദീർഘവൃത്തീയപഥം എന്നിവ വേലാർ ബലത്തിന്റെ സ്വാധീനം ഗണ്യമായി കൂട്ടുന്ന ഘടകങ്ങളാണ്. വലിയ അളവിലുള്ള ഗുരുത്വാകർഷണം അയോവിൽ വൈരൂപ്യം (Distortion) സൃഷ്ടിക്കുകയും, വേലിയേറ്റത്തിലെന്നപോലെ അയോയുടെ സ്വയം ഭ്രമണഫലമായി ഇതു സ്ഥാനം മാറുമ്പോൾ ഘർഷണം മൂലം ആന്തരിക താപമായി മാറുകയും ചെയ്യുന്നു. റേഡിയോ ആക്ടീവത മൂലമുണ്ടാകുന്ന താപത്തിന്റെ 1000 ഇരട്ടി വരും വേലാർതാപം എന്നു കണക്കാക്കുന്നു. വർധിച്ച വേലാർ താപനമാണ് അയോവിൽ അഗ്നിപർവതനത്തിന് കാരണമാകുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ മറ്റുപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി, അയോവിലാണ് അഗ്നിപർവതനത്തിന്റെ നിരക്ക് ഏറ്റവും കൂടുതൽ.

ഒരേ സമയം അയോവിൽ ഒരു ഡസനോളം അഗ്നിപർവതങ്ങൾ ലാവ വമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പുതിയ നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഉപരിതലത്തിൽ നിന്നും 100 മുതൽ 400 വരെ കിലോമീറ്റർ ഉയരത്തിലേക്ക് ജ്വാലകളും ധൂളികളും എത്തിക്കുന്ന ഈ അഗ്നിപർവതങ്ങളെ അവ വമിക്കുന്ന സൾഫർഡൈഓക്സൈഡ് വാതകത്തിന്റെ സാന്നിധ്യത്തിൽ നിന്നും തപ്തസ്ഥലികളുടെ (Hot spot) ഇൻഫ്രാറെഡ് നിർണയനത്തിൽ നിന്നുമാണ് മനസ്സിലാക്കുന്നത്. അഗ്നിപർവതത്തിനടുത്ത പ്രദേശങ്ങളിൽ 1700 കെൽവിൻ ആണ് താപനില. 120 കെൽവിൻ ആണ് അയോയുടെ ശരാശരി പകൽസമയത്തെതാപനില.
അയോവിൽ നടത്തിയ സാന്ദ്രതാപഠനങ്ങൾ അത് മുഖ്യമായും സിലിക്കേറ്റിനാൽ നിർമിതമായ ഒരു ഖഗോളവസ്തുവാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ഗുരുത്വത്തിന്റെയും കാന്തികതയുടെയും അടിസ്ഥാനത്തിൽ ഗലീലിയോ ഓർബിറ്റർ നടത്തിയ പഠനങ്ങൾ ഈ ഉപഗ്രഹത്തിന്റെ കേന്ദ്രം ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയതും സാന്ദ്രതയേറിയ പദാർഥങ്ങളാൽ നിർമിതവുമാണെന്നു തെളിയിച്ചു. മാന്റിൽ ശിലാനിർമിതമാണെന്നും കണ്ടെത്തുകയുണ്ടായി. സ്പെക്ട്രോസ്കോപ്പിക് പഠനങ്ങൾ ഈ ഉപഗ്രഹത്തിന്റെ അന്തരീക്ഷം സൾഫർ ഡൈഓക്സൈഡും മറ്റു സൾഫർ സംയുക്തങ്ങളും കൊണ്ടുമൂടപ്പെട്ടിരിക്കുന്നു എന്ന് സൂചന നൽകുന്നു. സൾഫർഡൈ ഓക്സൈഡിനു പുറമേ ഓക്സിജൻ, സോഡിയം, പൊട്ടാസിയം എന്നീ ആറ്റങ്ങളുടെ സാന്നിധ്യവും ഈ ഉപഗ്രഹാന്തരീക്ഷത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷമർദം ഭൂമിയെ അപേക്ഷിച്ചു വളരെ കുറവാണ്. വ്യാഴത്തിന്റെ ആകർഷണത്തിൽപ്പെട്ട് അയോവിന്റെ അന്തരീക്ഷത്തിലെ വാതകങ്ങളും മറ്റും വ്യാഴത്തിലേക്ക് വ്യാപിക്കുന്ന അവസ്ഥയിൽ ഈ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിലുടനീളം ചിതറിക്കിടക്കുംവിധം ഉപസ്ഥിതമായിരിക്കുന്നു.
നിരന്തരം സംഭവിക്കുന്ന അഗ്നിപർവത പ്രവർത്തനങ്ങൾ അയോവിന്റെ അന്തരീക്ഷത്തെ സദാ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിന് കിലോമീറ്റർ ദൈർഘ്യത്തിൽ ലാവ പ്രവഹിച്ചതിന്റെയും മറ്റും ലക്ഷണങ്ങളും അയോവിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലാവാപ്രവാഹത്തിൽ പലതിലും സിലിക്കേറ്റ് ശിലകളുടെ ധാത്വംശവും മറ്റു ചിലതിൽ ഉരുകിയ സൾഫറിന്റെ സാന്നിധ്യവും നിർണയിക്കാൻ ജ്യോതിശ്ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്. മുമ്പ് ഈ ഉപഗ്രഹത്തിലെ ലാവാ പ്രവാഹം സൾഫർജന്യം മാത്രമാണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ ഗലീലിയോ ബഹിരാകാശപേടകവും ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ നടന്ന വിവിധ നിരീക്ഷണങ്ങളും ഈ ധാരണ തിരുത്തിക്കുറിക്കുകയുണ്ടായി.
അയോവിന്റെ ചിലഭാഗങ്ങളിൽ അഗ്നിപർവതങ്ങൾ പൊതു നിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇവയുടെ വായ്മുഖ (Caldera) ത്തിന് ഉദ്ദേശം 200 കിലോമീറ്റർ വരെ വിസ്തൃതിയുണ്ട്. ശക്തിയേറിയ മാഗ്മാ ബഹിർഗമനത്തിന്റെ ഫലമായി അഗ്നിപർവതങ്ങളുടെ മുകൾഭാഗം തകർന്നടിഞ്ഞാണ് ഇത്തരം വിസ്തൃതിയേറിയ ഗർത്തങ്ങൾ രൂപം കൊണ്ടിട്ടുള്ളത്. അഗ്നിപർവതനം ഈ ഉപഗ്രഹത്തിന്റെ പ്രതലത്തിൽ പ്രതിവർഷം ഒരു സെന്റിമീറ്റർ എന്ന നിരക്കിൽ വിവിധയിനം പദാർഥങ്ങളെ നിക്ഷേപിക്കുന്നതിനാൽ പ്രതലത്തിൽ ഒരിടത്തും ഉൽക്കാവർഷ ഗർത്തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായിട്ടില്ല. കണ്ടെത്തിയ 500 അഗ്നിപർവതങ്ങളിൽ 100 എണ്ണം ഇപ്പോഴും സജീവമാണ്. ഗലീലിയൻ ഓർബിറ്റർ നടത്തിയ പഠനങ്ങൾ ഇവയെ സംബന്ധിക്കുന്ന നിരവധി വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. ഭൌമോപരിതലത്തിൽ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായാണ് അയോവിലെ അഗ്നിപർവതങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അവയ്ക്ക് ഉയരവും താരതമ്യേന കുറവാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads