ടിറ്റിക്കാക്ക തടാകം
From Wikipedia, the free encyclopedia
Remove ads
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമാണ് ടിറ്റിക്കാക്ക തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഏറ്റവും വലുതും ഗതാഗത യോഗ്യവുമായ തടാകമാണിത്[4][5]. സമുദ്ര നിരപ്പിൽനിന്ന് 3800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ആൻഡീസ് പർവത നിരയിലെ ബൊളീവിയൻ പീഠ ഭൂമിയിലാണ് വ്യാപിച്ചിരിക്കുന്നത്. തെ. കിഴക്കൻ പെറു മുതൽ പശ്ചിമ ബൊളീവിയ വരെ വ്യാപിച്ചു കിടക്കുന്ന ടിറ്റിക്കാക്ക തടാകത്തിന് 8135 ച. കി. മീ. വിസ്തൃതിയുണ്ട്. നീളം 177 കി. മീ.; ശ. ശ. വീതി 56 കി. മീ.; ശ. ശ. ആഴം 365 മീ.
ടിറ്റിക്കാക്ക തടാകത്തിന്റെ ദക്ഷിണാഗ്രത്തിൽനിന്ന് ഉത്ഭവിച്ച് ബൊളീവിയയിലെ പൂപോ (Poopo) തടാകത്തിൽ നിപതിക്കുന്ന ഡേസഗ്വാഡെറോ (Desaguadero) നദിയാണ് തടാകത്തിന്റെ പ്രധാന ജലനിർഗമന മാർഗം. വ്യക്തമായ രണ്ടു ഭാഗങ്ങൾ ഈ തടാകത്തിനുണ്ട്. വിശാലമായ ഉത്തര പശ്ചിമ ഭാഗത്തെ ചിക്വിറ്റോ (Chicuito) എന്നു വിളിക്കുന്നു. 212 മീ. ആണ് ഇതിന്റെ പരമാവധി ആഴം. എന്നാൽ ദക്ഷിണ പൂർവ ഭാഗത്തിന് ആഴം താരതമ്യേന കുറവാണ്. തടാക ജലത്തിന്റെ 90 ശ. മാ.-ത്തിൽ അധികവും ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്നതിനാൽ ജലത്തിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. തീരത്തോടടുത്ത തടാക ഭാഗങ്ങൾ ആഴം കുറഞ്ഞ ചതുപ്പു നിലങ്ങളായി തീർന്നിരിക്കുന്നു. ഇവിടെ സമൃദ്ധമായി വളരുന്ന ഈറൽ (reed) ഉപയോഗിച്ചു നെയ്തുണ്ടാക്കുന്ന ടുടുറാസ് (totoras) എന്നു പേരുള്ള നൗകകളാണ് തടാകത്തിലെ പ്രധാന പ്രാദേശിക ഗതാഗതോപാധി.
ടിറ്റിക്കാക്ക തടാക കരയിൽനിന്നും കോർഡിലെറാ റിയലിന്റെ (Cordillera Real) മഞ്ഞു മൂടിയ പർവത ശിഖരങ്ങൾ ഉയർന്നു നിൽക്കുന്നതു കാണാം. മത്സ്യ സമ്പന്നമായ ഈ തടാകത്തിൽ നിന്നു ലഭിക്കുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും ഭക്ഷ്യ യോഗ്യമാണ്. ശൈത്യ കാലാവസ്ഥയുടെ കാഠിന്യം കുറയ്ക്കുന്നതിൽ ടിറ്റിക്കാക്ക തടാകത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഇതു മൂലം എത്ര ഉയരത്തിലും ഇവിടെ ചോളം പോലുള്ള വിളകൾ ഉത്പാദിപ്പിക്കുവാൻ സാധിക്കുന്നു. തടാകത്തിലെ ബോട്ടു ഗതാഗതം പെറുവിനെയും ബൊളീവിയയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പുരാതന കാലം (1400 എ.ഡി.) മുതൽ ടിറ്റിക്കാക്ക തടാകത്തിന്റെ തീര പ്രദേശം ജനസാന്ദ്രതയിൽ മുന്നിലായിരുന്നു.
അയ്മാറ ഇന്ത്യരാണ് തടാകത്തിനു ചുറ്റും വസിക്കുന്ന പ്രധാന ജന വിഭാഗം. പൂർവ-ഇൻകാ കാലഘട്ടം മുതൽ ഇവർ തടാക കരയിൽ അധിവാസം ഉറപ്പിച്ചിരുന്നു. പശ്ചിമാർദ്ധത്തിൽ ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ആദിമ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും തടാകത്തിന്റെ തെക്കേയറ്റത്തു കാണാം. തടാകത്തിന്റെ തെക്കേ കരയിലുള്ള ടിയവ്നാകൊ (Tiahuanaco) യിലായിരുന്നു പ്രധാനമായും ഈ സാംസ്കാരിക വികാസമുണ്ടായത്. ജനവാസമുള്ള നിരവധി ചെറു ദ്വീപുകളും പൗരാണിക കാലഘട്ടത്തിൽ ടിറ്റിക്കാക്കയിൽ നിലനിന്നിരുന്നു. ഇൻകാ വംശജരുടെ ജന്മസ്ഥലമായി ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഐലാ ദെൽസോൾ (Isladelsol) ദ്വീപ് ടിറ്റിക്കാക്ക തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Remove ads
കാലാവസ്ഥ
ടിറ്റിക്കാക്ക തടാകത്തിന് ആൽപ്പൈൻ കാലാവസ്ഥയാണുള്ളത്. മിക്കവാറും സമയങ്ങളിൽ ശൈത്യം അനുഭവപ്പെടും. തടാകത്തിനു വടക്കുള്ള ജൂലിയാക്ക നഗരത്തിലെ ശരാശരി താപനില ചുവടെ കാണിച്ചിരിക്കുന്നു.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads