പതിമൂന്നാമത് ദലായ് ലാമ
From Wikipedia, the free encyclopedia
Remove ads
തുബ്ടെൻ ഗ്യാറ്റ്സോ (തിബറ്റൻ: ཐུབ་བསྟན་རྒྱ་མཚོ་; വൈൽ: Thub Bstan Rgya Mtsho; 1876 ഫെബ്രുവരി 12 – 1933 ഡിസംബർ) ടിബറ്റിലെ പതിമൂന്നാമത് ദലായ് ലാമ ആയിരുന്നു.[1]
1878-ൽ ഇദ്ദേഹം ദലായ് ലാമയുടെ പുനരവതാരമായി അംഗീകരിക്കപ്പെട്ടു. ലാസയിലേയ്ക്ക് ഇദ്ദേഹത്തെ കൊണ്ടുവരുകയും പഞ്ചൻ ലാമയായിരുന്ന, ടെൻപായ് വാങ്ചുക് സന്യാസദീക്ഷ നൽകുകയും ചെയ്തു. "ഗവാങ് ലോബ്സാങ് തുപ്ടെൻ ഗ്യാറ്റ്സോ ജിഗ്ദ്രാൽ ചോക്ലേ നംഗ്യാൽ" എന്നായിരുന്നു ഇദ്ദേഹത്തിന് നൽകിയ പേര്. 1879-ൽ ഇദ്ദേഹത്തിന് പൊടാല കൊട്ടാരത്തിൽ വച്ച് അധികാരം നൽകപ്പെട്ടു. പ്രായപൂർത്തി ആകാത്തതിനാൽ 1895 വരെ ഇദ്ദേഹം രാഷ്ട്രീയാധികാരം ഏറ്റെടുത്തില്ല.[2]
തുബ്ടെൻ ഗ്യാറ്റ്സോ ഒരു ബുദ്ധിമാനായ പരിഷ്കരണവാദിയായിരുന്നു. ടിബറ്റ് ബ്രിട്ടിഷുകാരുടെയും റഷ്യക്കാരുടെയും മത്സരത്തിന്റെ വേദിയായപ്പോൾ ഒരു ഇരുത്തം വന്ന രാഷ്ട്രതന്ത്രജ്ഞനായി ഇദ്ദേഹം പ്രവർത്തിച്ചു. ടിബറ്റിലേയ്ക്കുള്ള ബ്രിട്ടീഷ് കടന്നുകയറ്റത്തെ തടഞ്ഞത് ഇദ്ദേഹമാണ്. സന്യാസിമാരുടെ കയ്യിൽ അധികാരം കുമിഞ്ഞുകൂടാതിരിക്കാൻ ഇദ്ദേഹം സിവിൽ ഉദ്യോഗസ്ഥന്മാരുടെ എണ്ണം വർദ്ധിപ്പിച്ചു.
Remove ads
കുടുംബം
താക്പോ ലാങ്ഡുൺ എന്ന ഗ്രാമത്തിലാണ് പതിമൂന്നാമത് ദലായ് ലാമ ജനിച്ചത്.[3] സാമ്യെ സന്യാസാശ്രമത്തിനടുത്താണിത്.[4] കർഷകരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.[5][3][6]
ടിബറ്റിലേയ്ക്കുള്ള സൈനിക നീക്കങ്ങൾ
1904-ൽ ടിബറ്റിലേയ്ക്കുള്ള ബ്രിട്ടീഷ് സൈനികനീക്കത്തിനുശേഷം സർ ഫ്രാൻസിസ് യങ്ഹസ്ബന്റ് ദലായ് ലാമയെ മംഗോളിയയിലേയ്ക്ക് ഒളിച്ചോടുവാൻ പ്രേരിപ്പിച്ചു. ദലായ് ലാമ പോയയുടൻ ക്വിങ് രാജവംശം ഇദ്ദേഹം സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ടിബറ്റിന്മേൽ പരമാധികാരം പ്രഖ്യാപിക്കുകയും ചെയ്തു. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കുമേലും ചൈന അവകാശവാദമുന്നയിച്ചു.[7] ലാസ ഉടമ്പടി 1904 സെപ്റ്റംബർ 7-ന് ടിബറ്റും ബ്രിട്ടനും തമ്മിൽ ഒപ്പിട്ടു. ചൈനയുടെയും നേപ്പാളിന്റെയും ഭൂട്ടന്റെയും പ്രതിനിധികൾ ഈ അവസരത്തിൽ ഹാജരുണ്ടായിരുന്നു.[8] 1906-ൽ ചൈനയും ബ്രിട്ടനും തമ്മിലുള്ള മറ്റൊരുടമ്പടിയിലൂടെ 1904-ലെ ഉടമ്പടിയിലെ ഉള്ളടക്കം അംഗീകരിച്ചു.[9] ബ്രിട്ടീഷുകാർ ക്വിങ് ഭരണകൂടത്തിൽ നിന്ന് ഒരു തുക കൈപ്പറ്റി ടിബറ്റൻ ഭൂമി പിടിച്ചെടുക്കുകയില്ല എന്നും ടിബറ്റിന്റെ ഭരണത്തിൽ ഇടപെടുകയില്ല എന്നും പരസ്പരം സമ്മതിച്ചു. മറ്റ് വിദേശരാജ്യങ്ങളെ ടിബറ്റിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ അനുവദിക്കുകയില്ല എന്ന് ചൈനയും ഉറപ്പുനൽകി.[9][10]
ജോൺ വെസ്റ്റൺ ബ്രൂക്ക് (1906 ഒക്റ്റോബർ) ഇദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.[11]
1908 സെപ്റ്റംബറിൽ ദലായ് ലാമയ്ക്ക് ഗുവാങ്സു ചക്രവർത്തിയുമായും ചക്രവർത്തിനി ഡോവേഗർ സിക്സിയുമായും കൂടിക്കാഴ്ച നടത്തുവാൻ അവസരം ലഭിച്ചു.[12][7]
1908 ഡിസംബറിൽ ടിബറ്റിലേയ്ക്ക് മടങ്ങിയശേഷം ഇദ്ദേഹം ഭരണസംവിധാനം മാറ്റുവാൻ ആരംഭിച്ചു. ക്വിങ് സാമ്രാജ്യം 1910-ൽ ടിബറ്റിലേയ്ക്ക് സൈന്യത്തെ അയച്ചു. ഇദ്ദേഹത്തിന് ഇതെത്തുടർന്ന് ഇന്ത്യയിലേയ്ക്ക് ഓടിപ്പോകേണ്ടിവന്നു.[13][14]
1911-ൽ സിൻഹായി വിപ്ലവത്തിലൂടെ ക്വിങ് രാജവംശം അധികാരത്തിൽ നിന്ന് പുറത്തായി. 1912 അവസാനത്തോടെ അവസാന ക്വിങ് സൈന്യവും ടിബറ്റിൽ നിന്ന് പുറത്തുപോയി.
Remove ads
രാഷ്ട്രീയാധികാരം
1895-ലാണ് ഇദ്ദേഹം അധികാരമേറ്റത്. രാജ്യത്തിന് പുറത്തുനിൽക്കേണ്ടിവന്ന കാലത്ത് (1904–1909) അന്താരാഷ്ട്ര രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് ഇദ്ദേഹത്തിന് ധാരണയുണ്ടായി. ഡാർജിലിങ്ങിൽ രണ്ടുവർഷം കഴിഞ്ഞ കാലത്ത് ഇദ്ദേഹത്തെ വൈസ്രോയി ലോഡ് മിന്റോ കൽക്കട്ടയിലേയ്ക്ക് ക്ഷണിച്ചിരുന്നു[15]
1913 ജനുവരിയിൽ ഇദ്ദേഹം ലാസയിൽ തിരികെയെത്തി. പുതിയ ചൈനീസ് ഭരണകൂടം ക്വിങ് രാജവംശത്തിന്റെ പ്രവൃത്തികൾക്ക് മാപ്പുചോദിക്കുകയും ദലായ് ലാമയ്ക്ക് പഴയ സ്ഥാനം കൊടുക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ചൈനയുടെ സ്ഥാനമാനങ്ങളിൽ തനിക്ക് താല്പര്യമില്ല എന്നും താൻ ടിബറ്റിനെ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം ഏറ്റെടുക്കുകയാണ് എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.[16]
ഇദ്ദേഹം 1913-ൽ (ഫെബ്രുവരി 13) ചൈനയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ടിബറ്റിന്റെ പതാക ഇന്നുള്ള നിലയിലാക്കിയത് ഇദ്ദേഹമാണ്.[17] 1912-ന്റെ അവസാനത്തോടെ ടിബറ്റിലെ ആദ്യ സ്റ്റാമ്പുകളും ആദ്യ കറൻസി നോട്ടുകളും പുറത്തിറക്കി. 1913-ൽ ഇദ്ദെഹം ഒരു മെഡിക്കൽ കോളേജ് ജോഖാങിനടുത്ത് സ്ഥാപിച്ചു.[18]
നികുതി പിരിക്കാനുള്ള സംവിധാനവും അഴിമതി തടയാനുള്ള നിയമങ്ങളും ഇദ്ദേഹം കൊണ്ടുവന്നു. പോലീസ് സേന രൂപീകരിച്ചു. വധശിക്ഷ നിർത്തലാക്കുകയും ദേഹോപദ്രവം ശിക്ഷയായി നൽകുന്നത് കുറയ്ക്കുകയും ചെയ്തു. ജീവിതസാഹചര്യങ്ങളും ജയിലുകളും മറ്റും മെച്ചപ്പെടുത്തി.[19][20]
മതപരമല്ലാത്ത വിദ്യാഭ്യാസം ആരംഭിക്കുകയും നല്ല വിദ്യാർത്ഥികളെ ഇംഗ്ലണ്ടിലേയ്ക്ക് പഠനത്തിനയയ്ക്കുകയും ജപ്പാൻ കാരെയും ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും നാട്ടിലേയ്ക്ക് സ്വീകരിക്കുകയും ചെയ്തു.[19]
1930-ൽ ടിബറ്റൻ സൈന്യം ക്വിങ്ഹായിലെ സികാങ് ആക്രമിച്ചു. ഇതായിരുന്നു സിനോ ടിബറ്റ് യുദ്ധത്തിന്റെ ആരംഭം. 1932-ൽ മുസ്ലീം ക്വിങ്ഹായി ഹാൻ ചൈനീസ് സിച്ചുവാൻ സൈന്യങ്ങൾ (നാഷണൽ റെവല്യൂഷണറി ആർമി) ചൈനീസ് മുസ്ലീം ജനറൽ മാ ബുഫാങിന്റെയും ഹാൻ ജനറൽ ലിയു വെൻഹുയിയുടെയും നേതൃത്ത്വത്തിൽ ക്വിൻഹായി ടിബറ്റ് യുദ്ധത്തിൽ ടിബറ്റിനെ തോൽപ്പിച്ചു. നഷ്ടപ്പെട്ട പല പ്രവിശ്യകളും മാ ബുഫാങ് തിരിച്ചുപിടിച്ചു. ഷ്ക്വു, ഡെങ്കെ തുടങ്ങിയ പ്രദേശങ്ങൾ ടിബറ്റിൽ നിന്ന് പിടിച്ചെടുത്തു.[21][22][23] ടിബറ്റ് സൈനികർ ജിൻഷ നദിയുടെ മറുകരയിലേയ്ക്ക് പുറംതള്ളപ്പെട്ടു.[24][25] മായും ലിയുവും ടിബറ്റൻ ഉദ്യോഗസ്ഥർക്ക് ഈ നദി കടക്കാൻ പാടില്ല എന്ന അന്ത്യശാസനം നൽകി.[26] 1933-ൽ മായും ലിയുവും പ്രത്യേകം സമാധാന കരാറുകൾ ഉണ്ടാക്കിയതോടെ യുദ്ധം അവസാനിച്ചു.[27][28][29]
Remove ads
പ്രവചനങ്ങളും മരണവും
പതിമൂന്നാമത് ദലായ് ലാമ മരിക്കുന്നതിന് മുൻപ് ഒരു പ്രവചനം നടത്തിയിരുന്നു:
"മതവും രാഷ്ട്രീയവും സമാധാനപൂർണ്ണമായി മുന്നോട്ടുപോകുന്ന ഈ നാട്ടിൽ സമീപഭാവിയിൽത്തന്നെ വഞ്ചന പുറത്തുനിന്നും അകത്തുനിന്നും ഉണ്ടാകും. ആ സമയത്ത് നാം സ്വന്തം രാജ്യം സംരക്ഷിക്കുന്നില്ലെങ്കിൽ ദലായ് ലാമയും പഞ്ചൻ ലാമയുമുൾപ്പെടെയുള്ള ആത്മീയ രൂപങ്ങൾ ഒരു ശേഷിപ്പുമില്ലാതെ തുടച്ചെറിയപ്പെടും. പുനർജന്മം ലഭിച്ച ലാമമാരുടെ സ്വത്തുക്കളും താമസസ്ഥലങ്ങളും എടുത്തുമാറ്റപ്പെടും. മൂന്ന് ധർമരാജാക്കന്മാർ (ട്രൈ സോങ്ഡെറ്റ്സെൻ ഗാമ്പോ, ട്രൈ സോങ്ഡെറ്റ്സെൻ, ട്രൈ റാൽപാചൻ സൃഷ്ടിച്ച നമ്മുടെ രാഷ്ട്രീയ സംവിധാനം പൂർണ്ണമായി അപ്രത്യക്ഷമാകും. ഉയർന്നതും താഴ്ന്നതുമായ എല്ലാവരുടെയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ആൾക്കാർ അടിമകളാകുകയും ചെയ്യും. എല്ലാ ജീവികൾക്കും അവസാനമില്ലാത്ത പീഡനമായിരിക്കും ലഭിക്കുക. അവയെല്ലാം ഭയചകിതരായിരിക്കും. അങ്ങനെയൊരു സമയം വരും.[30]"
Remove ads
അടിക്കുറിപ്പുകൾ
- Some text used with permission from www.simhas.org Archived 2008-10-14 at the Wayback Machine. The author of this text has requested that there appear a direct link to the website from which the information is taken.
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads