മൗണ്ട് ആഥോസ്
From Wikipedia, the free encyclopedia
Remove ads
ഗ്രീസിന്റെ രക്ഷാധികാരത്തിൻകീഴിൽ, വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മതാധിഷ്ഠിതരാഷ്ട്രമാണ് (Theocratic State) മൗണ്ട് ആഥോസ്. പ്രാചീനകാലത്ത് ഈ മുനമ്പ് അക്ടെ എന്നാണറിയപ്പെട്ടിരുന്നത്. പേർഷ്യൻ ചക്രവർത്തിയായിരുന്ന സെർക്സിസിന്റെ (ബി.സി. 519-465) ഗ്രീസ് ആക്രമണകാലത്ത് (ബി.സി. 483-481) ഇദ്ദേഹം തന്റെ നാവികസേനയെ ഈ മുനമ്പ് ചുറ്റിക്കൊണ്ടു പോകുന്നതിനുള്ള ക്ലേശം ഒഴിവാക്കാനായി അതിന്റെ വീതി കുറഞ്ഞ ഭാഗത്ത് ഒരു തോടു വെട്ടിക്കുകയുണ്ടായി. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. ഇന്ന് ഈ പ്രദേശം ഹോളി മൗണ്ടൻ (Holy Mountain) എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. ഇതിന്റെ വിസ്തൃതി 390 ചതുരശ്ര കിലോമീറ്ററും, ജനസംഖ്യ 2,250 -ഉം തലസ്ഥാനം കാരിയേഴ്സുമാണ്.
ഗ്രീക്ക് ഗണരാജ്യത്തിനുള്ളിലെ സ്വയം ഭരണപ്രദേശമായ ഇവിടം കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ നേർനിയന്ത്രണത്തിലുള്ള 20 പുരാതന പൗരസ്ത്യക്രിസ്തീയ സന്യാസാശ്രമങ്ങളുടെ ഇരിപ്പിടം എന്ന നിലയിൽ പ്രസിദ്ധവും, യുനെസ്കോ ലോകപൈതൃകസ്ഥാനവുമാണ്.
പൗരസ്ത്യക്രിസ്തീയതയതയിലെ സന്യാസത്തിന്റേയും ആത്മീയപാരമ്പര്യത്തിന്റേയും മുഖ്യസ്രോതസ്സുകളിലൊന്നും പരിരക്ഷണസ്ഥാനവുമായി ഈ പ്രദേശം മാനിക്കപ്പെടുന്നു. ബൈസാന്തിയൻ സഭാവിശ്വാസികൾക്കിടയിൽ ഇവിടം 'വിശുദ്ധമല' എന്നും അറിയപ്പെടുന്നു. പൗരസ്ത്യപാരമ്പര്യത്തിലുള്ള പുരുഷസന്യസ്ഥർ മാത്രം ജീവിക്കുന്ന ഈ പ്രദേശത്ത് സ്ത്രീകൾക്ക് സന്ദർശകരെന്ന നിലയിൽ പോലും പ്രവേശനമില്ല.[2][3]
Remove ads
നിവാസികൾ
ക്രിസ്തുമതത്തിലെ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സന്ന്യാസികളുടെ 20 ആശ്രമങ്ങളും അവയെ ആശ്രയിച്ചുകഴിയുന്ന ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉൾപ്പെട്ട ഒരു സംഘം ജനങ്ങളും ഇവിടെ വസിച്ചുവരുന്നു. ഇവിടത്തെ ഏക പട്ടണം തലസ്ഥാനമായ കരിയേഴ്സാണ് ആണ്. പുരുഷൻമാർ മാത്രം അധിവസിക്കുന്ന ഈ റിപ്പബ്ലിക്കിലെ ജനസംഖ്യയിൽ 2,000 പേർ സന്ന്യാസികളും ബാക്കിയുള്ളവർ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളുമാണ്. എ.ഡി. 1045-ലെ ഒരു നിയമപ്രകാരം സ്ത്രീകളെയും പെൺവർഗത്തിലുള്ള ജന്തുക്കളെയും ഈ പ്രദേശത്ത് നിരോധിച്ചിരിക്കുന്നു.[൧] ഇവിടത്തെ സ്വയം ഭരണാവകാശമുള്ള 20 ആശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ആണ്
Remove ads
പുരാവൃത്തം
ഹോമറിന്റെ ഇലിയഡ് ഉൾപ്പെടെയുള്ള പുരാതന ഗ്രീക്ക് രചനകളിൽ ഈ ഉപദ്വീപ് പരാമർശിക്കപ്പെടുന്നുണ്ട്. യവനലോകത്തെ പുരാതനചരിത്രകാരനായ ഹെറോഡോട്ടസിന്റെ ചരിത്രത്തിലും അതു പ്രത്യക്ഷപ്പെടുന്നു. ബിസി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീസിനെ ആക്രമിക്കാൻ ശ്രമിച്ച പേർഷ്യൻ സാമ്രാട്ട് സെർക്സ്സ്, ഈ മുനമ്പിന്റെ വടക്കു ഭാഗത്തെ ഇടുക്കിലൂടെ ഒരു കടൽപ്പാത നിർമ്മിക്കാനുള്ള ശ്രമത്തിൽ മൂന്നു വർഷം ചെലവഴിച്ചതായി ഹെറോഡോട്ടസ് പറയുന്നു. ഈ ഉപദ്വീപിന്റെ പിൽക്കാലചരിത്രത്തിൽ അവ്യക്തതയുണ്ട്.
അഥോസിലെ സന്യാസപാരമ്പര്യം അതിന്റെ ചരിത്രത്തെ വിശുദ്ധമാതാവുമായി ബന്ധിപ്പിക്കുന്നു. അതനുസരിച്ച്, യേശു മരണത്തിൽ നിന്ന് ഉയർപ്പിച്ച ലാസറിനെ സന്ദർശിക്കാൻ ജോപ്പായിൽ നിന്നു സൈപ്രസ്സിലേക്ക്, യേശുശിഷ്യനും സുവിശേഷകനുമായ യോഹന്നാനോടൊപ്പം യാത്ര ചെയ്ത മാതാവിന്റെ കപ്പൽ കൊടുങ്കാറ്റിൽ പെട്ടതു മൂലം അഥോസിലെത്തി. അവിടെ ഇപ്പോഴുള്ള ഇവിറോൺ ആശ്രമത്തിനടുത്തുള്ള ക്ലെമന്റ് തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. അഥോസ് മലയുടെ കാനനഭംഗിയിൽ ആകൃഷ്ഠയായി അതിനെ അനുഗ്രഹിച്ച മാതാവ് തനിക്ക് ഒരുദ്യാനമായി അതു കിട്ടാൻ ആഗ്രഹിച്ച മാത്രയിൽ, "ഇവിടം നിനക്ക് അവകാശപ്പെട്ട ഉദ്യാനവും മുക്തി തേടുന്നവർക്ക് പറുദീസയും രക്ഷയുടെ അഭയസ്ഥാനവും ആകട്ടെ" എന്ന അശരീരി കേട്ടത്രെ. അപ്പോൾ മുതൽ ദൈവമാതാവിന്റെ ഉദ്യാനമായി മാറ്റിവയ്ക്കപ്പെട്ട ഈ മല, മറ്റെല്ലാ സ്ത്രീകൾക്കും വിലക്കപ്പെട്ടതായെന്ന് ഈ പാരമ്പര്യം അവകാശപ്പെടുന്നു. ഇവിടത്തെ എല്ലാ ആശ്രമങ്ങളും വിശുദ്ധമാതാവിനു സമർപ്പിക്കപ്പെട്ടവയാണ്.[4]
Remove ads
ചരിത്രം

ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് എ.ഡി. 850-നു മുൻപു മുതൽ ക്രൈസ്തവ സന്ന്യാസിമാർ അധിവാസം തുടങ്ങി. 10-ാം ശതാബ്ദത്തിൽ അവർ ചെറിയ സമൂഹങ്ങളായി പ്രോട്ടോസ് എന്ന പ്രധാന സന്ന്യാസിയുടെ നേതൃത്വത്തിൻകീഴിൽ സംഘടിതരായി. അഥോസിലെ സാമൂഹികസന്യാസത്തിനു തുടക്കമായത് ബൈസാന്തിയൻ രാജധാനികോൺസ്റ്റാന്റിനോപ്പിളിലെ ആശ്രമങ്ങളിൽ നിലനിന്നിരുന്ന അച്ചടക്കമില്ലായ്മ ഇഷ്ടപ്പെടാതിരുന്ന "അഥോസിലെ" വിശുദ്ധ അത്തനാസിയൂസ് എഡി 963-ൽ "വലിയ ലാവ്രാ " (The Great Lavra) ആശ്രമം സ്ഥാപിച്ചതോടെയാണ്. തുടർന്ന് ഗ്രീക്കു ഭാഷ സംസാരിക്കുന്ന സന്യാസികളുടെ മറ്റു സമൂഹങ്ങളും ഇവിടെ നിലവിൽ വന്നു. താമസിയാതെ പൗരസ്ത്യസഭയിലെ ഇതരഭാഷാ പ്രവിശ്യകളിൽ നിന്നുള്ളവരുടെ ആശ്രമങ്ങളും സ്ഥാപിക്കപ്പെട്ടു. ഗ്രേറ്റ് ലാവ്റ ആശ്രമത്തിന്റെ സ്ഥാപനസഹസ്രാബ്ദി 1973-ൽ ആഡംബരപൂർവം ആഘോഷിക്കപ്പെടുകയുണ്ടായി. എ. ഡി. 10-ഉം 11-ഉം ശതകങ്ങളിൽ കൂടുതൽ ആശ്രമങ്ങൾ ഇവിടെ സ്ഥാപിതമായി.
1046-ൽ കോൺസ്റ്റാന്റീൻ IX (1042 - 1054) വർധിച്ചുവന്ന സന്ന്യാസികളുടെ ജീവിതക്രമങ്ങളിൽ ചില ചിട്ടകളും നിയന്ത്രണങ്ങളും നടപ്പാക്കി. 12-ാം ശതകത്തിൽ ഒരു റഷ്യൻ ആശ്രമം ഇവിടെ സ്ഥാപിതമായി. സെർബിയക്കാർ 1198-ൽ മറ്റൊരാശ്രമം ഇവിടെ സ്ഥാപിച്ചു. 4-ാം കുരിശുയുദ്ധത്തിനുശേഷം (1204) ഈ പ്രദേശം ആക്രമണവിധേയമായി. 1307-09 കാലഘട്ടത്തിൽ കറ്റലൻസേന ഈ പ്രദേശം കൊള്ളയടിച്ചു. എന്നാൽ 14-ാം ശതാബ്ദത്തിൽ ഈ ആശ്രമങ്ങൾ വീണ്ടും ഉദ്ധരിക്കപ്പെട്ടു. അൻഡ്രോണിക്കസ് II (1282 - 1328) ഇവിടത്തെ ആശ്രമങ്ങളെ കോൺസ്റ്റാന്റിനോപ്പിളിലെ പേട്രിയാർക്കിന്റെ ഭരണത്തിൻകീഴിലാക്കി. 1400-ഓടുകൂടി 19 സന്ന്യാസാശ്രമങ്ങൾ ഇവിടെ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു; 20-ാമത്തെ ആശ്രമം 1542-ലും സ്ഥാപിക്കപ്പെട്ടു.

15-ആം ശതകത്തിൽ വീണ്ടും ആശ്രമങ്ങളിലെ അന്തേവാസികളായ സന്ന്യാസികളുടെ ജീവിതക്രമത്തിലും ചിട്ടകളിലും ചില മാറ്റങ്ങൾ ഉണ്ടാക്കി. കൂട്ടായ ഉടമസമ്പ്രദായത്തിൽ അയവു വരുത്തി, ചില സാധനങ്ങൾ സ്വന്തമായി കൈവശം വയ്ക്കാനുള്ള അനുമതി അന്തേവാസികൾക്കു നല്കി; ആശ്രമ ഭരണം ആണ്ടുതോറും തിരഞ്ഞെടുക്കുന്ന രണ്ടു ട്രസ്റ്റികളുടെ കീഴിലുമാക്കി. തുർക്കി സുൽത്താൻ സലോണിക്ക കീഴടക്കിയതോടുകൂടി (1430) ഈ സന്ന്യാസാശ്രമങ്ങൾ സുൽത്താന് കീഴടങ്ങുകയും കപ്പം കൊടുക്കാൻ നിർബന്ധിതമാകുകയും ചെയ്തു. ഇത് ഈ ആശ്രമങ്ങളെ സാമ്പത്തികവിഷമത്തിലാക്കി. 16-ാം ശ. മുതൽ പള്ളികൾക്കു ചുറ്റുമായി സ്വതന്ത്രജനവാസകേന്ദ്രങ്ങൾ സ്ഥാപിതമായി. 1749-ൽ ഒരു അഥോണൈറ്റ് അക്കാദമി ഇവിടെ നിലവിൽ വന്നു. 1783-ൽ പെട്രിയാർക്കായ ഗബ്രിയേൽ കഢ ആശ്രമങ്ങളിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. തുർക്കിക്കെതിരായുണ്ടായ ഗ്രീക്കു സ്വാതന്ത്ര്യസമരങ്ങ (1821)ളുടെ കാലത്ത് തുർക്കിസേന ഈ ആശ്രമങ്ങൾക്കു കേടുവരുത്തി. 19-ാം ശതകത്തിൽ റഷ്യൻ ആശ്രമം സാമ്പത്തികമായി വളരെ അഭിവൃദ്ധിപ്പെടുകയും മൗണ്ട് ആഥോസിൽ റഷ്യൻ സ്വാധീനം വർധിക്കുകയും ചെയ്തു. 1912 -ൽ ഗ്രീക്കുസേന മൌണ്ട് ആഥോസ് തുർക്കിയിൽ നിന്നു സ്വതന്ത്രമാക്കി. 1913, 1920, 1923 എന്നീ വർഷങ്ങളിൽ ഉണ്ടായ സന്ധികളുടെ ഫലമായി ഈ പ്രദേശം ഗ്രീസിന്റെ രക്ഷാധികാരത്തിൻകീഴിലുള്ള ഒരു സ്വതന്ത്ര റിപ്പബ്ളിക്കായിത്തീർന്നു.
1924-ൽ ഇവിടത്തെ സന്ന്യാസാശ്രമങ്ങളിലെ അന്തേവാസികൾ അവർക്കായി ഒരു ഭരണഘടനയുണ്ടാക്കി; 1927-ലെ ഗ്രീക് ഭരണഘടനയുടെ ഒരു ഭാഗമായി. ഗ്രീക് ഗവൺമെന്റിനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രീഫെക്റ്റ് ഉണ്ടെങ്കിലും, മൗണ്ട് ആഥോസിലെ യഥാർഥഭരണം 20 ആശ്രമങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 20 സന്ന്യാസിമാരടങ്ങുന്നു ഹോളി കമ്യൂണിറ്റിയുടെ (Holy Community) നിയന്ത്രണത്തിലാണ്. ഇവരുടെ കാലാവധി ഒരു വർഷമാണ്. നാല് സന്ന്യാസിമാരടങ്ങുന്ന ഒരു ഭരണസമിതിയും (Holy Epistasia) നിലവിലുണ്ട്. പ്രധാനമായും രണ്ടു രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ആശ്രമങ്ങൾ മൗണ്ട് ആഥോസിൽ കാണാം. എല്ലാ ആശ്രമങ്ങളും കടൽത്തീരത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സന്ന്യാസികൾ പ്രാർഥനയിലും ഉപവാസത്തിലും സമയം ചെലവഴിക്കുന്നു. ജീവസന്ധാരണത്തിനായി അവർ കൃഷി, മത്സ്യബന്ധനം, വിഗ്രഹ വ്യാപാരം, കൈത്തൊഴിൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.
Remove ads
പ്രാധാന്യം
കുരിശുയുദ്ധങ്ങളുടേയും ഇസ്ലാമിക മുന്നേറ്റത്തിന്റേയും ആഘാതങ്ങളിലൂടെ പൗരസ്ത്യക്രിസ്തീയത കടന്നു പോയ നൂറ്റാണ്ടുകളിൽ, മൗണ്ട് അഥോസിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ അവിടത്തെ സന്യാസസമൂഹങ്ങൾക്ക് അനുഗ്രഹമായതിനാൽ ബൈസാന്തിയൻ സഭാപാരമ്പര്യത്തിന്റെ പരിരക്ഷകരാകാൻ അവയ്ക്കു കഴിഞ്ഞു. ബൈസാന്തിയൻ സാമ്രാജ്യത്തിന്റേയും സഭയുടേയും ആസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ ആദ്യം വെനീസുകാരായ ലത്തീൻ ക്രിസ്ത്യാനികളുടേയും തുടർന്ന് ഓട്ടമൻ മുസ്ലിങ്ങളുടേയും നിയന്ത്രണത്തിലായപ്പോഴും അഥോസിലെ സന്യാസസമൂഹങ്ങൾക്ക് താരതമ്യേനയുള്ള സ്വാതന്ത്ര്യം നിലനിർത്താനായി. 'വിശുദ്ധമല' അങ്ങനെ ഓർത്തഡോക്സ് വിശ്വാസത്തിന്റെ ഏറ്റവും പ്രധാന മുതൽക്കൂട്ടുകളിൽ ഒന്നായി നിലനിന്നു.[5]
Remove ads
മൗണ്ട് ആഥോസിലെ ആശ്രമങ്ങൾ
- ഗ്രേറ്റ് ലാവ്റ ആശ്രമം (Great Lavra monastery)
- വറ്റോപെടി ആശ്രമം (Vatopedi monastery)
- ഐവിറൺ ആശ്രമം (Iviron monastery)
- ഹെലൻഡാരിയൌ ആശ്രമം (Helandariou monastery)
- ഡിയോണിസിയൌ ആശ്രമം (Dionysiou monastery)
- കൌത്ലൌമൌസിയൌ ആശ്രമം (Koutloumousiou monastery)
- പാന്റോക്രാടോറോസ് ആശ്രമം (Pantokratoros monastery)
- സിറോപോതമൌ ആശ്രമം (Xiropotamou monastery)
- സോഗ്രഫൌ ആശ്രമം (Zografou monastery)
- ഡോകിയാരിയൌ ആശ്രമം (Dochiariou monastery)
- കരകലൌ ആശ്രമം (Karakalou monastery)
- ഫിലോതിയൌ ആശ്രമം (Filotheou monastery)
- സിമോണോപെട്ര ആശ്രമം (Simonos Petras monastery)
- Agiou Pavlou monastery (Agiou Pavlou monastery)
- Stavronikita monastery (Stavronikita monastery)
- Xenophontos monastery (Xenophontos monastery)
- Osiou Grigoriou monastery (Osiou Grigoriou monastery)
- Esphigmenou monastery (Esphigmenou monastery)
- Agiou Panteleimonos monastery (Agiou Panteleimonos monastery)
- Konstamonitou monastery (Konstamonitou monastery)
Remove ads
കുറിപ്പുകൾ
൧ ^ മനുഷ്യന്റെ അനുവാദത്തോടെ, പെൺജാതിയിൽ പെട്ട പക്ഷി-പറവകൾക്കു പോലും പ്രവേശനമില്ലാത്ത ലോകത്തിലെ ഏക 'രാജ്യസീമ' എന്ന് മൗണ്ട് അഥോസ് വിശേഷിപ്പിക്കപ്പെടുന്നു. ("...the only state in the world with an entirely male population, including any animal or bird within human control.")[5]
അവലംബം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads