മിങ് രാജവംശം
From Wikipedia, the free encyclopedia
Remove ads
മംഗോൾ വംശജരായ യുവാൻ രാജവംശത്തിന്റെ പതനശേഷം 1368 മുതൽ 1644 വരെ ചൈന ഭരിച്ച രാജവംശമാണ് മിങ് രാജവംശം. ചൈന ഭരിച്ച ഹാൻ വംശജരുടെ അവസാനത്തെ രാജവംശവുമാണ് മിങ് രാജവംശം. 1644-ൽ മിങ് തലസ്ഥാനമായിരുന്ന ബെയ്‌ജിംഗ് ലീ സിചെങ് കീഴടക്കി ഷുൺ വംശം സ്ഥാപിക്കുകയും തുടർന്ന് അവരെ കീഴടക്കിയ മഞ്ചു വംശജർ (1644-1912) ക്വിംഗ് രാജവംശം ഭരണം കൈക്കലാക്കുകയും ചെയ്തു.
വിപുലമായ ഒരു നാവികസേനയും ഏകദേശം പത്തു ലക്ഷത്തോളം വരുന്ന ഒരു കരസേനയും മിങ് രാജവംശക്കാലത്ത് സ്ഥാപിക്കപ്പെട്ടു.[2] ചൈനയിലെ വൻമതിൽ, ഗ്രാന്റ് കനാൽ എന്നിവ പുനർനിർമ്മിക്കാനായി വലിയ നിർമ്മാണപദ്ധതികൾ ആരംഭിച്ചു. മിങ് വംശജരുടെ അവസാന കാലഘട്ടമായപ്പോൾ ചൈനയിലെ ജനസംഖ്യ 16 കോടിക്കും 20 കോടിക്കും ഇടയ്ക്കായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.[3]
1368 മുതൽ 1398 വരെ ഭരണാധികാരിയായിരുന്ന ഹോങ് വു ചക്രവർത്തി(Emperor Hongwu) ഗ്രാമപ്രദേശങ്ങളിൽ സ്വയം പര്യാപ്തമായ സമൂഹങ്ങൾ കെട്ടിപ്പെടുക്കാൻ ശ്രമിച്ചു. കാർഷികമേഖലയിലെ പുനർനിർമ്മാണങ്ങളും സേനാവൽക്കരിക്കപ്പെട്ട സന്ദേശവാഹകസമ്പ്രദായവും(courier) കാർഷികോൽപ്പങ്ങൾ വളരെയധികം മിച്ചം വരാനും ഇവ ചന്തകളിൽ വിൽക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനും ഇടയാക്കി. ഇത് ഗ്രാമങ്ങളിൽ സാമ്പത്തിക-സാംസ്കാരിക പുരോഗതിക്കും ഒരു പുതിയ ഉപഭോഗസംസ്കാരത്തിനും വഴിതെളിയിച്ചു.
പോർച്ചുഗീസുകാർ, സ്പെയികാർ, ഡച്ചുകാർ എന്നിവരുമായുള്ള വ്യാപാരബന്ധം പതിനാറാം നൂറ്റാണ്ടോടെ മിങ് സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിച്ചു. ഈ യൂറോപ്പിയൻ ശക്തികളും ജപ്പാനുമായുള്ള വ്യാപാരബന്ധം വളരെയധികം വെള്ളി ചൈനയിലേക്കെത്താനും നിലവിലുണ്ടായിരുന്ന ചെമ്പ്, കടലാസ്(നോട്ടുകൾ) എന്നിവയുപയോഗിച്ചുള്ള നാണയവ്യവസ്ഥയുടെ അടിസ്ഥാനം വെള്ളിയിലേക്ക് മാറ്റാനും ഹേതുവായി. മിങ് ഭരണത്തിന്റെ അവസാന ദശകങ്ങളിൽ വെള്ളിയുടെ വരവിലുണ്ടായ ഗണ്യമായ കുറവും അതിശൈത്യം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ കാരണമുണ്ടായ കാർഷികനഷ്ടവും സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുകയും ലീ ചിചെങിന്റെ നേതൃത്വത്തിൽ കലാപത്തിനിടയാക്കുകയും ചെയ്തു.
Remove ads
ചരിത്രം
യുവാൻ വംശത്തിന്റെ അവസാനം
മംഗോളിയരായ യുവൻ വംശമാണ് (1271–1368) മിങ് വംശം സ്ഥാപിക്കപ്പെടുന്നതിനുമുൻപേ ചൈന ഭരിച്ചിരുന്നത്. ഹാൻ വംശജർക്കെതിരെ മംഗോളിയർ വംശീയമായ അടിച്ചമർത്തലുകൾ നടത്തിയിരുന്നതും പണപ്പെരുപ്പം നിമിത്തം കഷ്ടപ്പെടുന്ന പ്രദേശങ്ങളിൽ അമിതമായ നികുതി ചുമത്തിയതും ജലസേചനപദ്ധതികൾ ഉപേക്ഷിച്ചത് മഞ്ഞ നദിയിലെ വെള്ളപ്പൊക്കത്തിനു കാരണമായതും കലാപത്തിനു കാരണമായി .[4] ഇത് കൃഷിനഷ്ടത്തിനും കടുത്ത സാമ്പത്തികപ്രതിസന്ധിക്കുമിടയാക്കുകയും മഞ്ഞ നദിയിലെ തടയണകളുടെ പുനർനിമ്മാണപ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരുന്ന ലക്ഷക്കണക്കിന് കർഷകരുടെ ഇടയിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമാവുകയും ചെയ്തു. [4] 1351-ൽ ചൈനീസ് ബുദ്ധമതത്തിലെ ഹാൻ വിഭാഗീയചിന്താഗതിക്കാരായ വെള്ള താമര എന്ന ഗൂഢസംഘടനയുമായി ബന്ധമുള്ള ചുവന്ന തലപ്പാവ് എന്ന വിഭാഗം കലാപത്തിൻ പങ്കുചേർന്നു.
ഒരു ദരിദ്രകർഷകനും ബുദ്ധഭിക്ഷുവുമായിരുന്ന സു യുവാൻസാങ് 1352-ൽ ഈ വിഭാഗീയസംഘടനയിൽ ചേരുകയും പെട്ടെന്ന് തന്നെ ഉയർന്ന പദവിയിലെത്തിച്ചെരുകയും ചെയ്തു.[5] 1356-ൽ സു യുവാൻസാങ്ങിന്റെ നേതൃത്വത്തിൽ വിമതസൈന്യം നാൻജിങ് നഗരം കീഴടക്കി[6] ഈ നഗരം പിന്നീട് മിങ് രാജവംശത്തിന്റെ തലസ്ഥാനവുമായിത്തീർന്നു. 1363-ലെ പോയാങ് യുദ്ധത്തിൽ മറ്റൊരു വിമതനേതാവായ ചെൻ യുലിയാംഗിനെ കീഴടക്കി സു ദക്ഷിണപ്രദേശത്തിലും ആധിപത്യം ഉറപ്പിച്ചു. 1367-ൽ സു യുവാൻസാങ്ങിന്റെ ആതിഥേയത്തിലായിരിക്കുമ്പോൾ, ചുവന്ന തലപ്പാവുകാരുടെ നേതാവ് സംശയാസ്പദമായി മരണമടയുകയും അടുത്ത വർഷം യുവാൻ തലസ്ഥാനമായ കാൻബാലിക്ക് (ഡാഡു, ഇന്നത്തെ ബെയ്‌ജിങ്) സൈന്യത്തെ അയച്ച സു ചക്രവർത്തിപദത്തിനുവേണ്ടിയുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി.[7] അവസാന യുവാൻ ചക്രവർത്തി വടക്ക് ഷാങ്ഡുവിലേക്ക് രക്ഷപ്പെടുകയും കാൻബാലിക്ക് നഗരം കീഴടക്കിയ സു, മിങ് സാമ്രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു [7] 1368-ൽ നഗരത്തിനെ ബെയ്പിങ് എന്ന് പുനർനാമകരണം ചെയ്തു.[8] ഹോങ് വു ചക്രവർത്തി (ചൈനീസ്: 洪武帝; Wade–Giles: Hung-wu Ti) എന്നും തൈ സു എന്നും അറിയപ്പെടുന്ന സു യുവാൻസാങ് തന്റെ സാമ്രാജ്യത്തിന് അത്യുജ്ജലം എന്ന് അർഥം വരുന്ന മിങ് എന്നു നാമകരണംചെയ്തു
ഹോങ് വു ചക്രവർത്തിയുടെ ഭരണകാലം
അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമ്മാണത്തിന് പ്രാധാന്യം നൽകിയ ഹോങ് വു ചക്രവർത്തി നാൻജിങ് നഗരത്തിൻ ചുറ്റുമായി 48 കിലോമീറ്റർ (30 mile) നീളമുള്ള മതിൽ കെട്ടുകയും പുതിയ കൊട്ടാരങ്ങളും ഗവണ്മെന്റ് ഹാളുകളും നിർമ്മിക്കുകയും ചെയ്തു.[7] ഡാ മിങ് ലു എന്നറിയപ്പെടുന്ന കൺഫ്യൂഷൻ നിയമസംഹിത 1397 ആയപ്പോഴേക്കും നടപ്പിലാക്കി.[9] തങ് വംശകാലത്ത് (618-907) നടപ്പിലുണ്ടായിരുന്ന ഫുബിങ് സമ്പ്രദായത്തിന് സമാനമായ വെയ്‌സുവോ എന്ന പേരിൽ പട്ടാളക്കാർ യുദ്ധം ഇല്ലാത്ത അവസരങ്ങളിൽ സ്വയംപര്യാപ്തരായ കൃഷിക്കാരാവാനുള്ള സമ്പ്രദായം നടപ്പിലാക്കാൻ ശ്രമിച്ചു.[10]

1380-ൽ ചാൻസലർ ആയിരുന്ന ഹു വെയ്‌യോങ് (胡惟庸) ഹോങ് വു ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണാവിധേയനായി വധിക്കപ്പെടുകയും ചാൻസലർ പദവി നിർത്തലാക്കി എല്ലാ അധികാരങ്ങളും ചക്രവർത്തിയിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.[11][12] തന്റെ മന്ത്രിമാരിലും പ്രജകളിലും സംശയം തോന്നിയതിനാൽ ഹോങ് വു ജിൻയി വെയ് എന്ന രഹസ്യ പോലീസിന് രൂപം കൊടുത്തു.മൂന്ന് ദശകത്തോളം നീണ്ടുനിന്ന ഹോങ് വു ഭരണകാലത്തിനിടയ്ക്ക് ഒരു ലക്ഷത്തോളം ആളുകളുടെ തിരോധാനത്തിനുപിന്നിൽ ജിൻയി വെയ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു.[11][13]
തെക്ക് പടിഞ്ഞാറൻ ചൈന

1370-നോടടുത്ത് ക്വിങ്‌ഹായിൽ സാലർ മുസ്ലീം വംശജർ സ്വയമേവ മിങ് ഭരണത്തിൻ കീഴിൽ ചേർന്നു. ഉന്നത സാലർ വംശജരുടെ തലവൻ ഹാൻ പവൊയുവാന് (Han Paoyuan) ഔദ്യോഗിക പദവി നൽകപ്പെടുകയും ആ വംശജർ ഹാൻ എന്ന കുടുംബപ്പേര് സ്വീകരിക്കുകയും ചെയ്തു, നാല് താഴ്ന്ന സാലർ വംശങ്ങളുടെ തലവൻ ഹാൻ ഷാൻപയും മിങ് ഭരണത്തിൻ ഔദ്യോഗിക പദവി കൈക്കലാക്കി മാ എന്ന കുടുംബപ്പേര് സ്വീകരിച്ചു.[14]
ടർപാനിലെ ഹാല ബാഷി എന്ന ഉയിഘർ വംശജരുടെ തലവൻ 1370-കളിൽ മിയാവോ കലാപകാരികൾക്കെതിരെയുള്ള മിങ് പ്രതിരോധത്തിൽ സഹായിക്കുകയും ഹുനാനിലെ ചെങ്ഡെയിൻ താമസമുറപ്പിക്കുകയും ചെയ്തു.[15] കൂടാതെ ഹൂയി മുസ്ലീം സൈനികരും മിങ് ഭരണകൂടത്തിനുവേണ്ടി ആദിവാസികൾക്കെതിരെ പോരാടുകയും ചെങ്ഡെയിൻ താമസമുറപ്പിക്കുകയും ചെയ്തു.[16]
1381-ൽ നേരത്തെ ദാലി ഭരണത്തിൻകീഴിലായിരുന്ന പ്രദേശങ്ങൾ മിങ് സാമ്രാജ്യം അവരുടെ അധീനത്തിലാക്കി, യുന്നാൻ വംശത്തോട് കൂറുപുലർത്തിയിരുന്ന മംഗോൾ - ഹൂയി മുസ്ലീം സേനകളെ മിങ് വംശത്തോട് കൂറുപുലർത്തിയിരുന്ന ഹൂയി മുസ്ലീം സൈന്യം തോൽപ്പിക്കുകയും ജനറൽ മു യിങ് യുന്നാൻ ഗവർണറായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.[17]
14ആം ശതകത്തിന്റെ അവസാനമായപ്പോഴേക്കും ഇരുപത് ലക്ഷത്തോളം വരുന്ന സൈന്യകോളനിക്കാർ, ഇന്ന് യുന്നാൻ ഗുയിഷൊ പ്രദേശങ്ങളിൽപ്പെടുന്ന മൂന്നരലക്ഷം ഏക്കർ സ്ഥലത്ത് കുടിയേറി. അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർ പിന്നീട് ഈ പ്രദേശത്ത് എത്തിച്ചേർന്നു ഈ പ്രദേശങ്ങളിൽ തദ്ദേശ നിവാസികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ തനത് ഗോത്രങ്ങളുടെ നിയമവും മറ്റു സ്ഥലങ്ങളിൽ മിങ് നിയമവും നടപ്പിലാക്കി.[18]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads