വടശ്ശേരിക്കര
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമംപത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ റാന്നി ബ്ലോക്കിൽ ഉൾപ്പെടുന്ന, പമ്പയാറിന്റെ തീരത്തുസ്ഥിതിചെയ്യുന്ന ഗ്രാമമാണ് വടശ്ശേരിക്കര.ഈ സ്ഥലം, പത്തനംതിട്ട -ശബരിമല പാതയിൽ പത്തനംതിട്ടനഗരത്തിൽ നിന്ന് 12 കി.മി. അകലെയാണ്. 59.59 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള ഈ ഗ്രാമപഞ്ചായത്തിന് കിഴക്ക് ചിറ്റാർ പഞ്ചായത്തും വടക്ക് പെരുനാട്, നാരാണംമൂഴി, റാന്നി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് മൈലപ്ര, റാന്നി പഞ്ചായത്തുകളും തെക്ക് മലയാലപ്പുഴ പഞ്ചായത്തുമാണ് അതിരുകൾ തീർക്കുന്നത്. പമ്പയാറും കല്ലാറും സംഗമിക്കുന്ന സ്ഥലം എന്ന ഖ്യാതിയാണ് വടശ്ശേരിക്കരയെ പ്രശസ്തമാക്കുന്നത്. പമ്പയും കക്കാട്ടാറും കല്ലാറും വടശ്ശേരിക്കരയിലൂടെ ഒഴുകുന്നു. ശബരിമലയുടേയും നിലയ്ക്കലിന്റേയും കവാടം എന്ന് വടശ്ശേരിക്കര അറിയപ്പെടുന്നു. വടശ്ശേരി ഇല്ലത്തുകാർ പാർത്ത സ്ഥലം എന്നതിൽ നിന്നാണ് വടശ്ശേരിക്കര എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.