ചിത്രശലഭം

പ്രാണിലോകത്തെ ജീവി From Wikipedia, the free encyclopedia

ചിത്രശലഭം
Remove ads

പൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ.

വസ്തുതകൾ Scientific classification, Subdivisions ...
Thumb
ഒരു മൊണാർക്ക് ചിത്രശലഭം
ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)

ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ (Phylum) ആർത്രോപോഡയിലെ ഇൻസെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു. [1]

ശാന്ത മഹാസമുദ്രത്തിലെ ന്യൂഗിനി ദ്വീപുകളിൽ കാണപ്പെടുന്ന ക്വീൻ അലക്സാൻഡ്രാ ബേഡ് വിങ്ങ് ചിത്രശലഭം കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളിൽ ഏറ്റവും വലുതെന്നു കരുതപ്പെടുന്നു. വിടർത്തിവച്ച ചിറകുകളുടെ ഒരറ്റം മുതൽ അടുത്ത അറ്റം വരെ 28 സെ.മീ. ആയിരിക്കും ഇവയ്ക്കുണ്ടാവുക. ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ഗരുഡശലഭങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ വെച്ച് ഏറ്റവും വലുത്[2]​. ഇവയുടെ ചിറകളവ് 140 മുതൽ 190 വരെ മില്ലി മീറ്ററുകൾ വരും.15 മുതൽ 22 മില്ലിമീറ്റർ മാത്രം ചിറകളവ് വരുന്ന രത്നനീലി ശലഭമാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭം. കിഴക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന ഡ്വാർഫ് ബ്ലൂ ചിത്രശലഭം ഏറ്റവും ചെറുതെന്നും കരുതപ്പെടുന്നു. വെറും പത്തുമില്ലീഗ്രാം ഭാരമുള്ള ഇവയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം14 മില്ലീമീറ്റർ മാത്രമാണ്. 5 ദിവസം മാത്രമാണ് ഇവയുടെ ജീവിതകാലയളവ്. കൃഷ്ണശലഭം,ചുട്ടിക്കറുപ്പൻ എന്നീ ചിത്രശലഭങ്ങളാണ് ഭാരതത്തിലെ പൂമ്പാറ്റകളിൽ വലിപ്പത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്.

ചിത്രശലഭങ്ങൾ കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഒരു ഷഡ്‌പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ പലശലഭങ്ങളുടെയും പ്രധാനഭക്ഷണം.

Remove ads

ശരീരഘടന body features

Thumb
ചിത്രശലഭത്തിന്റെ ശരീരശാസ്ത്രം

ഇവയ്ക്ക് ആറു കാലുകളും, മൂന്നു ഭാഗങ്ങളുള്ള ശരീരവും ( ശിരസ്സ്, തോറാക്സ്(thorax) എന്ന് പറയുന്ന വക്ഷസ്സ്, ഉദരഭാഗം എന്നിവയാണ് ശരീരത്തിന്റെ മൂന്നു ഭാഗങ്ങൾ ‍), ഒരു ജോഡി സ്പർശിനി(ആന്റിന)അഥവാ ശൃംഗികയും, സംയുക്ത നേത്രങ്ങളും (compound or multifaceted eyes), ബാഹ്യാസ്ഥികൂടവും(exoskeleton), രണ്ടു ജോടി ചിറകുകളും ഉണ്ട്. അഗ്രഭാഗം ഉരുണ്ടതോ നിവർന്നുനിൽക്കുന്നതോ ആയ ഒരു ജോടി സ്പർശിനികൾ എതിർലിംഗത്തിൽപ്പെട്ട ശലഭത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.

ചിത്രശലഭങ്ങളുടെ ശരീരം വളരെ ചെറിയ സംവേദനശേഷിയുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇവയുടെ ചിറകുകളും കാലുകളും വക്ഷസ്സ് അഥവാ തോറാക്സിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. തോറാക്സിനുള്ളിലെ പേശികളാണ് ചിറകുകളും കാലുകളും ചലിപ്പിക്കാനുള്ള ശേഷി ചിത്രശലഭങ്ങൾക്ക് നൽകുന്നത്. ചിത്രശലഭങ്ങളുടെ സംയുക്തനേത്രങ്ങളിൽ 17000 കാചങ്ങൾ(Lens) വരെയുണ്ടാകുമെങ്കിലും മങ്ങിയരൂപങ്ങൾ മാത്രമേ അവയ്ക്ക് കാണാനാവൂ.എങ്കിലും വളരെ വ്യക്തമായ നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങൾ പെട്ടെന്നു ദൃഷ്ടിയിൽ പെടുന്നതുകൊണ്ട് അപകടഘട്ടങ്ങളിൽ അതിവേഗം രക്ഷപ്പെടാൻ കഴിയും.ആൺചിത്രശലഭങ്ങൾക്ക് താരതമ്യേന വലിയ കണ്ണുകളാണുള്ളത്.നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവും ഇവയ്ക്ക് കൂടുതലാണ്.കോൺകോശങ്ങൾ കൂടുതൽ ഉള്ളതിനാലാണ് ഇതു സാധ്യമാകുന്നത്.പെൺശലഭത്തെക്കണ്ടെത്താനും മറ്റ് ആൺശലഭങ്ങളെ അകറ്റിനിർത്താനും ഇത് സഹായിക്കുന്നു.ചിത്രശലഭങ്ങളുടെ ചിറകുകൾക്ക് അൾട്രാവയലറ്റ് രശ്മികളോട് സംവേദനക്ഷമതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരേ നിറത്തിൽപ്പെട്ട വിവിധ വർഗ്ഗങ്ങൾക്ക് അവയുടെ വർഗ്ഗത്തിൽപ്പെട്ടവരെ തിരിച്ചറിയാൻ സഹായിക്കുന്നു.മുകൾ ചിറകിന്റെ ഉപരിതലം അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും അത് ആണിനും പെണ്ണിനും പരസ്പരം തിരിച്ചറിയാനുള്ള സൂചകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു.[3]സ്പർശകങ്ങളാണ് ചിത്രശലഭങ്ങൾക്ക് മണം പിടിക്കാനും പറക്കുമ്പോഴും മറ്റും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും സഹായകമാവുന്നത്. തലയുടെ വായഭാഗത്ത് ചുരുട്ടിസൂക്ഷിക്കാറുള്ള തുമ്പിക്കൈ ഉപയോഗിച്ചാണ് ചിത്രശലഭങ്ങൾ തേൻ കുടിക്കുന്നത്. വക്ഷസ്സ് തലയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നേരിയ സ്തരനിർമ്മിതമായ സുക്ഷ്മമായ കഴുത്ത് കൊണ്ടാണ്.ഒന്നായി തോന്നുന്നുവെങ്കിലും കൂടിച്ചേർന്ന മൂന്ന്ഖണ്ഡങ്ങൾകൊണ്ടാണ് വക്ഷസ്സ് നിർമ്മിച്ചിരിക്കുന്നത്.ഈ ഓരോ ഖണ്ഡങ്ങളുടെ അടിവശത്തുമായാണ് ഓരോ ജോടി കാലുകൾ ഉറപ്പിച്ചിരിക്കുന്നത്.ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിലായി മുൻചിറകുകളും പിൻചിറകുകളും സ്ഥിതിചെയ്യുന്നു.ചിത്രശലഭങ്ങളുടെ കാലുകളും അനേകം ഖണ്ഡങ്ങൾ കൂടിച്ചേർന്നതാണ്.ചില ഇനങ്ങൾക്ക് കാലുകളുടെ അടിവശത്ത് ബ്രഷുപോലുള്ള ഭാഗങ്ങൾ കാണുന്നു.ഇവ സ്പർശകങ്ങൾ ശുചിയാക്കാനും മറ്റും ഉപയോഗിക്കുന്നു.കാലുകളുടെ അഗ്രഭാഗം ഉപയോഗിച്ച് ഇവ രുചിയറിയുന്നു. ചിത്രശലഭങ്ങളുടെ ചിറകുകൾ നിർമ്മിച്ചിരിക്കുന്നത് പരസ്പരം ചേർത്തുവെച്ചിരിക്കുന്ന വളരെ നേർത്ത രണ്ടു സ്തരങ്ങൾ ചേർന്നാണ്.ഈ സ്തരങ്ങൾക്കിടയിലുള്ള സിരാജാലം ഇവയ്ക്ക് ഉറപ്പുനൽകുന്നു.ഈ സ്തരങ്ങളെ പൊതിഞ്ഞുകൊണ്ട് വിവിധ ആകൃതിയിലും നിറങ്ങളിലും ഉള്ള ശൽക്കങ്ങളുണ്ട്.ഈ ശൽക്കങ്ങളാണ് ചിറകുകളുടെ മനോഹരമായ വർണ്ണവൈവിധ്യത്തിന് അടിസ്ഥാനം.വളരെ സൂക്ഷമമായ ശൽക്കങ്ങൾ ഒന്നിനോട് ചേർന്ന് മറ്റെന്ന് എന്ന നിലയിൽ അടുക്കിവെച്ചിരിക്കുന്നു.ശൽക്കങ്ങളിലുള്ള വർണ്ണകണങ്ങളും അവയിൽത്തന്നെയുള്ള വിവിധ വരകളും ചെരിവുകളും നിറങ്ങൾ നിശ്ചയിക്കുന്നതിൽ പങ്കുവഹിക്കുന്നു.ശൽക്കങ്ങളിലെ വരമ്പുകളിലും ചെരിവുകളിലും വിവിധ കോണുകളിൽ പ്രകാശം പതിക്കുമ്പോൾ ചിറകുകൾക്ക് പലനിറങ്ങളും ലഭിക്കുന്നു.ചിറകുകൾക്ക് ലഭിക്കുന്ന നീല നിറത്തിന്റെയും പച്ച നിറത്തിന്റെയും കാരണം ശൽക്കങ്ങളുടെ പ്രത്യേക ഘടനയാണ്.ചില ഇനങ്ങളിലെ ആൺശലഭങ്ങൾക്ക് ഗന്ധം പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശൽക്കങ്ങളും കാണപ്പെടുന്നു.ചിത്രശലഭങ്ങളിലെ ആൺ പെൺ വിഭാഗങ്ങളെ തിരിച്ചറിയാൻ ഈ പ്രത്യേകത ഏറെ സഹായകമാണ്.[4]

Remove ads

ജീവിതചക്രം

Thumb
ഇണചേരുന്ന ശലഭങ്ങൾ

ചിത്രശലഭങ്ങളുടെ ജീവിതചക്രം പൂർണ്ണ രൂപാന്തരത്തിലൂടെയാണ് (Complete metamorphosis) നടക്കുന്നത് . നാലു ദശകളാണ് ചിത്രശലഭത്തിന്റെ ജീവിത ചക്രത്തിലുള്ളത്

എന്നിവയാണ് ആ നാലു ദശകൾ.

മുട്ട

Thumb
ഒരിനം ചിത്രശലഭത്തിന്റെ മുട്ട

ഇണചേരലിനു ശേഷം പൂമ്പാറ്റകൾ തളിരിലകളിലോ, മുകുളങ്ങളിലോ മുട്ടകൾ നിക്ഷേപിക്കുന്നു. സാധാരണയായി ഇലയുടെ അടിവശത്താണ് ഇവ മുട്ടയിടാറുള്ളത്.കൂട്ടമായി മുട്ടയിടുന്ന ശലഭങ്ങളും തനിച്ച് മുട്ടയിടുന്ന ശലഭങ്ങളും ഉണ്ട്.ഒന്നിനു മുകളിൽ മറ്റൊന്നായി മാലകൾ പോലെ മുട്ടകളിടുന്നവയും ഉണ്ട്.മുട്ടകൾ പല ആകൃതിയും നിറങ്ങളും ഉള്ളവയാണ്.കൂടുതൽ മുട്ടകളും പച്ചയോ മഞ്ഞയോ നിറങ്ങളോടു കൂടിയവയായിരിക്കും.അവ വിരിയുന്നതിനു മുന്നെ ഇരുണ്ട നിറത്തിലേക്ക് മാറുന്നു.ഗോളാകൃതിയിലും ദീർഘവുത്താകൃതിയിലും മുട്ടകൾ കാണാറുണ്ട്.ചിത്രശലഭത്തിന്റെ മുട്ടകൾ സാധാരണയായി രണ്ടു മുതൽ ആറു ദിവസം കൊണ്ടു വിരിയുന്നു[5]. ലാർവ്വയുടെ ഭക്ഷണസസ്യം(Larval Food Plants) കണ്ടെത്തി മുട്ടയിടാനുള്ള ചിത്രശലഭങ്ങളുടെ കഴിവ് ശ്രദ്ധേയമാണ്.മുട്ട വിരിഞ്ഞുണ്ടാവുന്ന ശലഭപ്പുഴുവിന്ന്ആഹാരമാക്കാനുള്ള സസ്യങ്ങളുടെ ഇലകളിലാണ് അവ മുട്ടകൾ നിക്ഷേപിക്കുന്നത്. ലാർവ്വയുടെ ഭക്ഷണസസ്യങ്ങളിലും ചില സമയങ്ങളിൽ സമീപത്തുള്ള മറ്റു സസ്യങ്ങളിലും പൂമ്പാറ്റകൾ മുട്ടയിടാറുണ്ട്. തന്റെ ശരീരത്തിൽ നിന്നൂറിവരുന്ന പശയുള്ള ദ്രാവകമുപയോഗിച്ചാണ് ചിത്രശലഭം താനിടുന്ന മുട്ടകൾ ഇലകളിൽ ഒട്ടിച്ചുവെയ്ക്കുന്നത്. മുട്ടയുടെ ഉപരിതലത്തിലുണ്ടാവാറുള്ള ഒരു സൂക്ഷ്മദ്വാരത്തിലൂടെയാണ് വളരുന്ന ലാർവക്ക് ആവശ്യത്തിന് വായുവും ഈർപ്പവും ലഭിക്കുന്നത്.

'കോറിയോൺ'(Chorion) എന്ന കഠിനമായ ഒരു പാളി ചിത്രശലഭത്തിന്റെ മുട്ടയെ സംരക്ഷിക്കുന്നു. ഇതിനു പുറമേ ഉള്ള മെഴുകുകൊണ്ടുള്ള ഒരു നേരിയ ആവരണം ലാർവ വളർച്ചയെത്തുംമുൻപ് മുട്ട ഉണങ്ങിപ്പോകില്ല എന്ന് ഉറപ്പുരുത്തുന്നു. ഓരോ മുട്ടയ്ക്കും അതിനെ ഒരു വശത്ത് ചോർപ്പിന്റെ രൂപത്തിലുള്ള 'മൈക്രോപൈൽസ്'(Micropyles) എന്നു വിളിക്കപ്പെടുന്ന ചെറിയ ദ്വാരങ്ങളുണ്ട്. ബീജം മുട്ടയുടെ അകത്തുകടക്കാനാണ് ഈ ദ്വാരങ്ങൾ. മുട്ടകളുടെ വലിപ്പത്തിൽ ചിത്രശലഭങ്ങളുടെ വിവിധ ഇനങ്ങൾക്കനുസരിച്ച് മാറ്റം വരാമെങ്കിലും രൂപത്തിൽ അവ ഉരുണ്ടിട്ടായിരിക്കും.

ഈ ദശ ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കും. പക്ഷേ, ശൈത്യകാലത്ത് ഇടുന്ന മുട്ടകൾ വിരിഞ്ഞ് ലാർവ പുറത്തുവരുന്നത് ഒരു വിശ്രമ ദശക്ക്(diapause) ശേഷം വസന്തകാലത്തിൽ ആയിരിക്കും. ഇതു പ്രധാനമായും മിതശീതോ​ഷ്ണമേ​ഖലയിലെ ചിത്രശലഭങ്ങളിലാണ് കാണപ്പെടുന്നത്. മറ്റ് ചിത്രശലഭങ്ങൾ വസന്തകാലത്ത് മുട്ടയിട്ട് വേനൽക്കാലത്ത് അവ വിരിയിക്കും.

ലാർവ്വ

പ്രധാന ലേഖനം : ശലഭപ്പുഴു

Thumb
മൊണാർക്ക് ചിത്രശലഭത്തിന്റെ ലാർവ

രണ്ട് തൊട്ട് അഞ്ച് ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് പൂമ്പാറ്റപ്പുഴുക്കൾ പുറത്തിറങ്ങും, ഈ പുഴുക്കളെയാണ് ലാർവ എന്നു പറയുന്നത്. ലാർവയുടെ ആദ്യഭക്ഷണം മുട്ടയുടെ പുറന്തോട് തന്നെയാണ്. ഇലകളാണ് പിന്നീടുള്ള ഭക്ഷണം. തങ്ങളുടെ മുഴുവൻ സമയവും ഭക്ഷണത്തിനു വേണ്ടിയാണ് ലാർവകൾ ചെലവഴിക്കുന്നത്. സസ്യഭുക്കുകളാണ് മിക്ക ലാർവകളും, ചുരുക്കം ചിലത് മറ്റ് ചെറുപ്രാണികളുടെ മുട്ടയും മറ്റും ഭക്ഷിക്കും. മുട്ടവിരിഞ്ഞുപുറത്തു വരുന്ന ലാർവയുടെ ഭാരം ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ആയിരം മടങ്ങ് ഭാരം വയ്ക്കും. തലഭാഗമടക്കം പതിനാലുഖണ്ഡങ്ങളായാണ് ലാർവയുടെ ശരീരം. തലയിൽ ഒരുജോടി സ്പർശകങ്ങളും കേവലനേത്രങ്ങളുമുണ്ടാവും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാർവയ്ക്ക് ആംഗലേയഭാഷയിൽ കാറ്റർപില്ലർ(Caterpillar) എന്നും പറയും.

പ്യൂപ്പ

Thumb
പ്യൂപ്പ

ലാർവ്വ പൂർണ്ണവളർച്ചയിലെത്തുമ്പോൾ പ്രോതൊറാസിക്കോട്രോപ്പിക് ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ സമയത്ത് ലാർവ്വയുടെ ഭാരം ഒരു പരിധിയിലധികം വർദ്ധിച്ചുകഴിഞ്ഞിരിക്കും. ഇതോടെ ലാർവ ഭക്ഷണം നിർത്തുന്നു, അതിനുശേഷം പ്യൂപ്പ അവസ്ഥയിൽ സമാധിയിരിക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കും .അഞ്ച് തൊട്ട് പതിനഞ്ച് ദിവസങ്ങൾക്കകം ലാർവ ഇലയുടെ അടിയിലോ, കമ്പുകളിലോ, സ്വയം ഉണ്ടാക്കിയ ഒരു ഉറയിൽ (puparium) സമാധിയിലിരിക്കുന്നു, ഈ അവസ്ഥയ്ക്കാണ് പ്യൂപ്പ എന്നു പറയുന്നത്.

Thumb
ക്രിസലിസ്

ചിത്രശലഭത്തിന്റെ പ്യൂപ്പദശക്ക് ആംഗലേയഭാഷയിൽ ക്രിസലിസ് (chrysalis) എന്നാണ് പറയുക. ഈ അവസ്ഥയിൽ പ്യൂപ്പക്ക് സാധാരണയായി ചലിക്കാൻ സാധിക്കുകയില്ല. എന്നാൽ ചില ഇനം പ്യൂപ്പകൾക്ക് അടിവയറ്റിലെ ചില ഭാഗങ്ങൾ തുടരെ തുടരെ ചലിപ്പിച്ച് ശത്രുക്കളെ അകറ്റാനായി ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കും.

രൂപാന്തരീകരണത്തിലൂടെ പ്യൂപ്പ ചിത്രശലഭമായി മാറുന്നത് മനുഷ്യർ ശ്രദ്ധയോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. പ്യൂപ്പയുടെ പുറത്തുള്ള ചെറിയ ചിറകുകൾ പറക്കാൻ സഹായിക്കുന്ന വലിയ ചിറകുകളായി മാറുന്നതിന് വളരെയധികം പോഷകങ്ങൾ ആവശ്യമാണ്. പ്യൂപ്പയുടെ ചിറകുകളിലെ കോശങ്ങൾ മീറ്റോസിസിലൂടെ അതിവേഗം വിഭജിച്ച് ആണ് ചിത്രശലഭത്തിന്റെ ചിറകുകളുടെ വലിപ്പത്തിൽ എത്തുന്നത്. പ്യൂപ്പയായിരിക്കുന്ന ഏതെങ്കിലും ഒരു ചിറക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താൽ ബാക്കി മൂന്നെണ്ണം കുറച്ചുകൂടി വലുതായി ചിത്രശലഭത്തിന് പറക്കാൻ സാധിക്കും

ചിത്രശലഭം

Thumb
പറക്കാൻ തയ്യാറായ ചിത്രശലഭം

പ്യൂപ്പ അവസ്ഥയിലെത്തിയ ലാർവകൾ ഒന്നു രണ്ടാഴ്ചകൾ കൊണ്ട് പൂർണ്ണവളർച്ചയെത്തുകയും ചിത്രശലഭം കൂടു പൊട്ടിച്ചു പുറത്തുവരികയും ചെയ്യും. സാധാരണയായി പ്രഭാതസമയങ്ങളിലാണ് ചിത്രശലഭങ്ങൾ പുറത്തുവരുന്നത്. പ്യൂപ്പയുടെ ലോലമായ പാർശ്വങ്ങൾ അടർത്തി ആദ്യം തലഭാഗവും, പിന്നെ മദ്ധ്യഭാഗവും ചിറകുകളും, ഒടുവിൽ ഉദരവും എന്ന ക്രമത്തിലാണ് പുറത്തു വരുന്നത്. പുറത്തു വരുന്ന ചിത്രശലഭത്തിന്റെ ചിറകുകൾ ചുരുട്ടിക്കൂട്ടപ്പെട്ട രീതിയിലാണുണ്ടാവുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ അതു നിവർന്ന് വരുന്നതോടെ ശലഭം ആദ്യത്തെ പറക്കലിനു തയ്യാറെടുക്കുകയായി. ഈ ദശക്ക് ആഗ്ലേയഭാഷയിൽ ഇമാഗോ(Imago) എന്നാണ് പറയുന്നത്. ഇമാഗോയ്ക്ക് നാലു ചിറകുകളുണ്ട്. ഈ ദശയിൽ ചിത്രശലഭത്തിന് 6 കാലുകളുണ്ട്.

ചിത്രശലഭങ്ങൾക്ക് ആയുസ്സ് വളരെ കുറവാണ്, വലിയ ഇനം ചിത്രശലഭങ്ങൾ രണ്ട് മാസത്തോളം ജീവിക്കുമ്പോൾ, ചെറിയ ഇനങ്ങൾ രണ്ട് തൊട്ട് മൂന്ന് ആഴ്ചകൾ മാത്രമാണ് ജീവിക്കുന്നത്.

Remove ads

ആയുർദൈർഘ്യം

പൂന്തേൻ നുകരുന്ന പൂമ്പാറ്റ, ഒരു ചലച്ചിത്രം

ചിത്രശലഭങ്ങളുടെ ആയുർദൈർഘ്യത്തെക്കുറിച്ച് സമഗ്രമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. രണ്ടാഴ്ച മുതൽ ആറാഴ്ചവരെയാണ് മിക്ക ശലഭങ്ങളുടേയും ആയുർദൈർഘ്യം. ദേശാടനശലഭങ്ങൾ മാസങ്ങൾ ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്

ശീലങ്ങൾ

Thumb
ചിത്രശലഭങ്ങളിലെ വിവിധ തരം ശൃംഗികകൾ.
Thumb
manjappathi

ചിത്രശലഭങ്ങൾ പ്രധാനമായും പൂന്തേൻ ആണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. ചിലയിനം പൂമ്പാറ്റകൾ പൂമ്പൊടിയും [6] മരത്തിന്റെ നീരും ചീഞ്ഞുപോകാറായ പഴങ്ങളും അഴുകിയ മാംസവും മണലിലും ചെളിയിലും മറ്റും അലിഞ്ഞുചേർന്ന ധാതുക്കളും ആഹാരമാക്കുന്നു. തേനീച്ചകൾക്കൊപ്പം എത്തില്ലെങ്കിലും പരാഗണത്തിൽ ഒരു പ്രധാന പങ്ക് ചിത്രശലഭങ്ങൾ വഹിക്കുന്നു. പക്ഷേ കൂടുതൽ ദൂരങ്ങളിൽ പൂമ്പൊടി എത്തിക്കാൻ ചിത്രശലഭങ്ങൾക്കാവില്ല. .[7]

സോഡിയവും മറ്റ് ചില ധാതുക്കളും ചിത്രശലഭത്തിന് പ്രത്യുദ്പാദനത്തിന് അത്യാവശ്യമാണ്. പലയിനം ചിത്രശലഭങ്ങൾക്കും പൂന്തേനിലെ പഞ്ചസാരയേക്കാൾ കൂടുതൽ സോഡിയം ആവശ്യമാണ്. ഉപ്പിലെ സോഡിയം ഇത്തരം ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. ഇതാണ് വിയർത്തിരിക്കുന്ന മനുഷ്യരുടെ ശരീരത്തിൽ ചിത്രശലഭങ്ങൾ വന്ന് പറ്റിയിരിക്കാൻ കാരണം. ചെളിയിൽ ചിത്രശലഭങ്ങൾ കളിക്കുന്നത് വിവിധ പോഷകങ്ങൾ ശേഖരിക്കാനാണ്. [8]

ശരീരത്തിലെ ആന്റീന ഉപയോഗിച്ചാണ് ചിത്രശലഭം കാറ്റിന്റെ ഗതിയും പൂന്തേനും കണ്ടുപിടിക്കുന്നത്. ആന്റിനയുടെ ആകൃതി പല ഇനങ്ങളിലും വ്യത്യസ്തമാണ്. കാലുകളിലെ 'കീമോറിസപ്റ്റേർസ്'(Chemoreceptors) ഉപയോഗിച്ചാണ് ചിത്രശലഭം രുചി തിരിച്ചറിയുന്നത്. .[9] ശ്രവണോപാധികൾ ചിലയിനം ചിത്രശലഭങ്ങളിൽ മാത്രമാണ് ഉള്ളത്. ചില ഇനങ്ങൾക്ക് ശബ്ദങ്ങളും പുറപ്പെടുവിക്കാൻ സാധിക്കും. [10] ഫെറമോൺ പോലുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ച് ചിത്രശലഭങ്ങൾ ആശയവിനിമയം നടത്തുന്നു.

Remove ads

ആവാസവ്യവസ്ഥകൾ

ചിത്രശലഭങ്ങളെ പല സ്ഥലങ്ങളിലും, പല കാലാവസ്ഥകളിലും കാണാൻ സാധിക്കും. ചതുപ്പ് നിലങ്ങളിലും, പുൽമേടുകളിലും, മഴക്കാടുകൾ എന്നിവിടങ്ങളിലൊക്കെ ഇവയെ കാണാൻ സാധിക്കും. മിക്ക ഇനം ചിത്രശലഭങ്ങളേയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കണ്ട് വരുന്നത്.

Thumb
'കോമൺ ആൽബട്രോസ്' ശലഭങ്ങൾ ദേശാടനത്തിനിടയിൽ വിശ്രമിക്കുന്നു.

ദേശാടനം

പ്രതികൂല കാലാവസ്ഥയെ നേരിടാൻ ചിത്രശലഭങ്ങൾ ദേശാടനം നടത്താറുണ്ടെന്ന് കരുതപ്പെടുന്നു[11]. ചില ഇനം ചിത്രശലഭങ്ങൾ വളരെ ചെറിയ ദൂരം സഞ്ചരിക്കുന്നു മറ്റു ചിലത് കൂടുതൽ ദൂരവും. മെക്സിക്കോയിൽനിന്നും വടക്കേ അമേരിക്കയിലേക്കും ദക്ഷിണ കാനഡയിലേക്കും ദേശാടനം നടത്തുന്ന മൊണാർക്ക് ചിത്രശലഭങ്ങളാണ് ഏറ്റവും ദൂരം സഞ്ചരിക്കാറുള്ളത്, അവ ഏകദേശം 4000 മൈലുകളോളം സഞ്ചരിക്കുന്നു. മൊണാർക്ക് ചിത്രശലഭത്തിന് നിർത്താതെ ആയിരം കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. [12] ഇന്ത്യൻ ഉപദ്വീപിൽ മഴക്കാലത്ത് കാണാൻ ഭംഗിയുള്ളതും വലിയ തോതിലുള്ളതുമായ ദേശാടനങ്ങൾ കാണപ്പെടാറുണ്ട്.[13]കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ന്യൂഅമരമ്പലം സംരക്ഷിതവനമേഖലയിൽ നടന്ന പഠനങ്ങളിൽ വെള്ളപഫിൻ,ആൽബട്രോസ് ശലഭങ്ങൾ,കാട്ടുപാത്ത,നീലക്കുടുക്ക എന്നീ ചിത്രശലഭങ്ങൾ കൂട്ടത്തോടെ ദേശാടനത്തിൽ ഏർപ്പെടുന്നത് നിരീക്ഷിച്ചിട്ടുണ്ട്.[14]ഒരു മിനിട്ടിൽ പരമാവധി നൂറ്റിഅറുപത് ശലഭങ്ങൾ വരെ തുടർച്ചയായി ദേശാടനത്തിൽ ഏർപ്പെടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.ആറളം വന്യജീവിസങ്കേതത്തിൽ 2000 ഡിസംബർ മുതൽ ശലഭദേശാടനത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു വരുന്നു[15].ആൽബട്രോസ് ശലഭങ്ങൾ നവംബർ ,ഡിസംബർ മാസങ്ങളിൽ കൂർഗ് മലനിരകളിൽനിന്നും ദേശാടനം ആരംഭിച്ച് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം വഴി വയനാടൻ കാടുകളിലേക്കും അവിടെ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂർ വനങ്ങളിലൂടെ സൈലന്റ്‌വാലി വഴി നീലഗിരി കുന്നുകളിലേക്കും സഞ്ചരിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ അനുസരിച്ച് ഇവ പക്ഷികളെപ്പോലെ കാലാവസ്ഥ അനുസരിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തിലേക്കു സഞ്ചരിക്കുന്നതല്ല എന്നും ഇവ തിരിച്ച് പോകുന്നില്ല എന്നും കണ്ടെത്തീട്ടുണ്ട്. ചൂടു കൂടിയ മലയുടെ ചില പ്രദേശങ്ങളിൽ നിന്ന് താഴോട്ട് കൂട്ടമായി പറക്കുന്നതായി മാത്രമാണ് മനസ്സിലക്കീട്ടുള്ളത് കൃത്മ്മായും ഇവ ആറളം ചീങ്കണ്ണിപ്പുഴയ്ക്കരികിലേക്ക് എവിടെ നിന്നാൺ` വരുന്നത് എന്ന് മനസ്സിലാക്ക്കൻ കഴിഞ്ഞിട്ടില്ല. 2016 ജനുവരി 15,16 തീയതികളിൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും വനം വകുപ്പും സമ്യുക്തമായി നടത്തിയ പൂമ്പാറ്റ സർവേയിൽ അഞ്ചു മിനുട്ടിൽ പതിനായിരത്തിലേറെ എന്ന തോതിൽ അൽബ്രട്ടോസ് ശലഭങ്ങൾ മൈഗ്രേഷൻ നടത്തുന്നതായി കണ്ടെത്തി. .നീർച്ചാലുകളുടെയും അരുവികളുടെയും ഓരം ചേർന്നാണ് ചിത്രശലഭങ്ങൾ സഞ്ചരിക്കുന്നത്.കാട്ടുപാതകൾക്ക് സമാന്തരമായും ഇവ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.സഞ്ചാര സമയം നിർണ്ണയിക്കുന്നതിൽ സൂര്യന് പ്രാധാന്യമുണ്ട്.വെയിലിനു ചുടുപിടിക്കുന്നതോടെ ദൃശ്യമാകുന്ന ദേശാടനം ഉച്ചസമയത്തോടെ ദ്രുതഗതിയിലാവുകയും വെയിൽ താഴുന്നതോടെ നിലയ്ക്കുകയും ചെയ്യുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.ആകാശം മേഘാവൃതമാകുമ്പോൾ ഇവയുടെ സഞ്ചാരം നിലയ്ക്കുകയും ചെയ്യുന്നു.സമീപകാലങ്ങളിൽ ഹൈഡ്രജന്റെ ഐസോടോപ്പുകളും ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്നു.[16][17] സൂര്യപ്രകാശം ഉപയോഗിച്ചാണ് ചിത്രശലഭങ്ങൾ ദിശ മനസ്സിലാക്കുന്നത്. മേഘങ്ങൾ സൂര്യപ്രകാശം പൂർണ്ണമായി തടയുമ്പോഴും ചിത്രശലഭങ്ങൾക്ക് അവശേഷിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ച് ദിശ മനസ്സിലാക്കാൻ സാധിക്കും.[18]

ശലഭങ്ങളുടെ ദേശാടനത്തിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല[19].ആഹാരദൗർലഭ്യവും കാലാവസ്ഥാ മാറ്റങ്ങളുമാണ് പൊതുവെയുള്ള കാരണങ്ങളായി പറയുന്നത്.അർദ്ധതരിശുനിലങ്ങളിലാണ് ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളെ അധികവും കണ്ടുവരുന്നത്. ഈ സ്ഥലങ്ങളിൽ പെറ്റുപെരുകുന്ന കാലം ഹ്രസ്വമായതിനാലാണ് ഇവിടുത്തെ ചിത്രശലഭങ്ങൾ ദേശാടനം നടത്തുന്നത്.[20] വാസസ്ഥലമായ ചെടികളുടെ ആയുർദൈർഘ്യവും ദേശാടനത്തെ സ്വാധീനിക്കുന്നതായി കണ്ടുവരുന്നു.[21]

Remove ads

സ്വയരക്ഷ

രൂപാന്തരീകരണത്തിന്റെ വിവിധ ദശകളിൽ പല ഭീഷണികളും നേരിടേണ്ടതുണ്ട്. പാരാസൈറ്റുകൾ, രോഗങ്ങൾ, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ ഈ ഭീഷണികളിൽ ചിലതാണ്. ഇവയിൽനിന്നും രക്ഷ നേടാൻ ചിത്രശലഭങ്ങൾ വിവിധ വഴികൾ ഉപയോഗിക്കുന്നു.

Thumb
കണ്ണുപോലെ തോന്നിക്കുന്ന ചിറകിന്റെ ഭാഗം
Thumb
വഴന ശലഭത്തന്റെ നീലകടുവയെ അനുകരിക്കുന്ന രൂപം

വിവിധതരം രാസപദാർഥങ്ങളാണ് സ്വയരക്ഷയ്ക്കായി കൂടുതൽ ചിത്രശലഭങ്ങളും ഉപയോഗിക്കുന്നത്. ഈ രാസപദാർഥങ്ങൾ ചെടികളിൽ നിന്നാണ് ചിത്രശലഭങ്ങൾക്ക് ലഭിക്കുന്നത്. ചില ചെടികൾ സസ്യഭുക്കുകളായ മൃഗങ്ങളിൽനിന്ന് രക്ഷപെടാൻ ചില വിഷപദാർഥങ്ങൾ ഉപയോഗിക്കുന്നു. ഇതിൽനിന്നാവാം ചിത്രശലഭങ്ങൾ തങ്ങളുടെ സുരക്ഷക്കായി സംവിധാനങ്ങൾ രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു.[22] ഇലകളുടെ നിറങ്ങളുള്ള ചിത്രശലഭങ്ങൾ ശത്രുക്കളിൽനിന്ന് രക്ഷപെടാൻ ഇലകളിൽ ചേർന്ന് നിൽക്കുന്നു. ഓക്ക്ലീഫ് ചിത്രശലഭം ഇതിനൊരു ഉദാഹരണമാണ്.[23] ഇതുപോലെ വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ വഴന ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയെയും അരളി ശലഭത്തെയും അനുകരിക്കുന്നതും കാണാം.

കണ്ണുപോലെ തോന്നിക്കുന്ന ചില ചിത്രശലഭങ്ങളുടെ ചിറകിലെ ഭാഗങ്ങളും സ്വയരക്ഷക്ക് വേണ്ടിയുള്ളതാണ്. ഇതു ശത്രുക്കളുടെ ശ്രദ്ധ തിരിച്ചുവിടാൻ സഹായിക്കുന്നു. മറ്റൊരു സിദ്ധാന്തം പറയുന്നത് ചിലന്തിയെപ്പോലുള്ള ജീവികളിൽ നിന്നും രക്ഷ നേടാനാണെന്നാണ്. കണ്ണാണെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് അടുക്കുന്ന ചിലന്തികളെ അടുത്തെത്തുന്നതിന് മുൻപ് കാണാനും അവയിൽ നിന്ന് രക്ഷപെടാനും ഇതുവഴി ചിത്രശലഭങ്ങൾക്ക് സാധിക്കുന്നു..[24] ചിത്രശലഭത്തിന്റെ ചിറകുകൾ ശത്രുക്കളെ ഒഴിവാക്കാനായി പെട്ടെന്ന് പറക്കുന്നതിന്റെ ഗതി മാറ്റാനും ഉപയോഗിക്കുന്നു.[25]

Remove ads

വർഗീകരണം

ചിത്രശലഭങ്ങൾ ലെപിഡോപ്ടെറാ(Lepidoptera) എന്ന ഗോത്രത്തിൽ(order) പെടുന്നു. ഈ ഗോത്രത്തിൽ പെടുന്ന 1800 ഓളം വർഗം(species) ശലഭങ്ങളെ 128 കുടുംബങ്ങളിലായി(families) പെടുത്തിയിരിക്കുന്നു. 128 കുടുംബങ്ങളെ 47 തറവാടുകളിൽ(superfamilies) പെടുത്തിയിരിക്കുന്നു. ചിത്രശലഭങ്ങൾ റൊപലോസീറ(Rhopalocera)എന്ന ഉപഗോത്രത്തിൽ (suborder) പെടുന്നു. പ്രധാനപ്പെട്ട 5 ചിത്രശലഭകുടുംബങ്ങൾ താഴെ പറയുന്നവയാണ്

1.

പാപ്പിലിയോനി

ടെ

2. നിംഫാലിടെ

3.ലൈക്കെനിടെ

4.ഹെസ്പെരിടെ

5.പീയറിടെ

Remove ads

നിശാശലഭങ്ങൾ

ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ(Moth) എന്നിവയെപ്പറ്റി പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.

Remove ads

മറ്റു വിശേഷങ്ങൾ

നിശാശലഭങ്ങളിലും ചിത്രശലഭങ്ങള്ലുിലും കൂടി 1,40,000 ഇനങ്ങളുണ്ട്.അതിൽ 17,200 എണ്ണം ചിത്രശലഭങ്ങളാണ്. ഇന്ത്യയിൽ അഞ്ചു കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറീലേറെ ചിത്രശലഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ കാണുന്നത് ആറളം വന്യജീവി സങ്കേതത്തിലാണു്. ആഗസ്റ്റ് - സെപ്തമ്പർ മാസങ്ങളിലാണു് ഇവ ധാരാളമായി കാണപ്പെടുന്നതു്.[26]

ചിത്രശാല



Remove ads

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads