ഗോറി സാമ്രാജ്യം

From Wikipedia, the free encyclopedia

ഗോറി സാമ്രാജ്യം
Remove ads

പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഹെറാത്തിന് കിഴക്കായുള്ള ഗോർ മേഖല ആസ്ഥാനമായി ഭരണത്തിലിരുന്ന ഒരു സാമ്രാജ്യ മാണ് ഗോറി സാമ്രാജ്യം (പേർഷ്യൻ: سلسله غوریان) ഷൻസബാനികൾ എന്നും ഈ ഭരണകർത്താക്കൾ അറിയപ്പെട്ടിരുന്നു. സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഇന്നത്തെ മുഴുവൻ അഫ്ഗാനിസ്താനും, ഇറാന്റെ കുറേ ഭാഗങ്ങളും, പാകിസ്താന്റേയും, ഉത്തരേന്ത്യയുടേയും ഭാഗങ്ങളും ഈ സാമ്രാജ്യത്തിന്റെ കീഴിൽ വന്നിരുന്നു. 1148 മുതൽ 1225 വരെയാണ് സ്വതന്ത്രമായ ഗോറി സാമ്രാജ്യത്തിന്റെ ഭരണകാലമെങ്കിലും അതിനു 150 വർഷങ്ങൾ മുൻപു മുതലേ ഗസ്നവി സാമ്രാജ്യത്തിന്റേയും സെൽജ്യൂക്കുകളുടേയും സാമന്തരായി ഗോറികൾ ഭരണത്തിലിരുന്നിരുന്നു.

വസ്തുതകൾ ഗോറി സുൽത്താനത്ത് ഷൻസബാനി, തലസ്ഥാനം ...

ഗോറി സാമ്രാജ്യത്തിലെ മുഹമ്മദ് ഗോറിയുടെ ഒരു സൈന്യാധിപനായിരുന്ന ഖുതബ്ദീൻ ഐബക് ആണ് ദില്ലി സുൽത്താനത്തുകളിലെ ആദ്യ രാജവംശമായിരുന്ന മം‌ലൂക്ക് രാജവംശത്തിന്റെ സ്ഥാപകൻ.

Remove ads

തുടക്കം

Thumb
അഫ്ഗാനിസ്താനിലെ ഇന്നത്തെ ഗോർ പ്രവിശ്യയുടെ ഭൂപടം

അഫ്ഗാനിസ്താനിലെ ഹെറാത്തിന് കിഴക്കുള്ള ഒരു മലമ്പ്രദേശമാണ് ഗോർ. പതിനൊന്നാം നൂറ്റാണ്ടുവരേയും ഗോറിലെ ജനങ്ങളിൽ ഇസ്ലാം മതം വ്യാപിച്ചിരുന്നില്ല. ഇക്കാലത്ത് ഗസ്നിയിലെ മഹ്മൂദിന്റെ പുത്രനും ആ സമയത്തെ ഹെറാത്തിന്റെ ഭരണാധിപനുമായിരുന്ന മസൂദിന്റെ നേതൃത്വത്തിൽ ഗസ്നവികൾ ഗോർ ആക്രമിക്കുകയും അവിടത്തെ ഷൻസബാനി എന്ന തദ്ദേശീയകുടുംബക്കാരെ പക്ഷം ചേർത്ത് സാമന്തരാക്കുകയും ചെയ്തു.

ഗസ്നവികളുടെ അധഃപതനകാലത്ത് ഷൻസബാനി കുടുംബത്തിലെ ഇസ്സ് അൽ-ദിൻ ഹുസൈൻ (ഭരണകാലം 1100-1146), അക്കാലത്ത് പ്രബലശക്തിയായി ഉയർന്നുവന്ന സാൽജൂക്ക് തുർക്കികളുടെ പക്ഷം ചേരുകയും സാൽജൂക്ക് നേതാവ് സുൽത്താൻ സഞ്ജാറിന് കപ്പം കൊടുത്തും പോന്നു. ഇക്കാലത്ത് ഗോറികൾ ബാമിയാനിൽ ആധിപത്യം സ്ഥാപിച്ച്, ഇവിടം തലസ്ഥാനമാക്കി. ആധുനിക അഫ്ഗാനിസ്താന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളും ഇക്കാലത്ത് ഇവരുടെ നിയന്ത്രണത്തിൽ വന്നിരുന്നു[1].

Remove ads

സ്വതന്ത്രഭരണം

വസ്തുതകൾ അഫ്ഗാനിസ്താന്റെ ചരിത്രം, ഏരിയാന · ഖുറാസാൻ ...

1141-ൽ മറ്റൊരു തുർക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാർ സുൽത്താൻ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവർ അമു ദാര്യക്ക് തെക്കോട്ട് തുടർന്ന് ആക്രമണങ്ങൾ നടത്തിയില്ല. ഇങ്ങനെ സുൽത്താൻ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികൾ സ്വതന്ത്രരായി അവരുടെ ആധിപത്യം വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അൽ-ദിൻ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അലാവുദ്ദീൻ ഹുസൈന്റെ നേതൃത്വത്തിൽ ഇന്നത്തെ അഫ്ഗാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവർ ഗസ്നവികളുടെ തലസ്ഥാനമായിരുന്ന ഗസ്നി പിടിച്ചടക്കി.

ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ അലാവുദിൻ ഹുസൈന്, ജഹാം സൂജ് അഥവാ ലോകം കത്തിച്ചവൻ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടർന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാൽ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ൽ സെൽജ്യൂക്ക് സുൽത്താൻ സഞ്ജാർ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാൽ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടർന്ന് ഹുസൈൻ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു[1].

Remove ads

വികസനം

1161-ൽ അലാവുദ്ദീൻ ഹുസൈൻ മരണമടഞ്ഞു. അതേസമയം 1153-ൽ സുൽത്താൻ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാൽജൂകുകൾ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികൾക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അലാവുദ്ദീൻ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാൻ പിടിച്ചത്. ഷംസുദ്ദീൻ മുഹമ്മദ് (ഗിയാസുദ്ദീൻ മുഹമ്മദ്) (ഭരണകാലം 1163-1202/3), ഷിഹാബുദ്ദീൻ മുഹമ്മദ് (മുയിസുദ്ദീൻ മുഹമ്മദ്) (1202/3 - 1206) എന്നിവരായിരുന്നു ഇവർ. ഇവർ ഒരുമിച്ച് ഗോറി സാമ്രാജ്യം വികസിപ്പിച്ചു. ഇതിൽ ഇളയവനായിരുന്ന ഷിഹാബുദ്ദിൻ മുഹമ്മദ്, മുഹമ്മദ് ഗോറി എന്ന പേരിൽ പ്രശസ്തനാണ്.

പന്ത്രണ്ടുവർഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഗോറികൾ ഗസ്നി വീണ്ടും നിയന്ത്രണത്തിലാക്കി. തുടർന്ന് ഇവർ ഹെറാത്തും ബാൾഖും പിടിച്ചടക്കുകയും അവസാനം 1186-ൽ മുഹമ്മദ് ഗോറിയുടെ നേതൃത്വത്തിൽ ലാഹോറിലെ അവസാനത്തെ ഗസ്നവികളേയ്യും പരാജയപ്പെടുത്തി. ഗോറിലെ ഫിറൂസ് കൂഹ് ആയിരുന്നു ഗിയാസുദ്ദീന്റെ തലസ്ഥാനം എന്നാൽ മുഹമ്മദ് ഗോറി (ഷിഹാബുദ്ദീൻ), ഗസ്നി ആസ്ഥാനാമാക്കിയായിരുന്നു ഭരണം നടത്തിയത്. ഈ സഹോദരന്മാരുടെ കാലത്ത് ഗോറി സാമ്രാജ്യം കാസ്പിയൻ കടൽ മുതൽ വടക്കേ ഇന്ത്യ വികസിച്ചു.[1].

അധഃപതനം

പ്രായാധിക്യം മുഹമ്മദ് സഹോദരന്മാരെ ബാധിച്ചതോടെ സാമ്രാജ്യവും അധഃപതനത്തിലേക്ക് നീങ്ങി. ഗോറികളുടെ ഭരണകൂടം വിവിധ ഗോത്രനേതാക്കൾക്കു കീഴിൽ വികേന്ദ്രീകൃതമായി. ഇതിനുപുറമേ വടക്കുനിന്നുള്ള സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്തും ഗോറി സൈന്യത്തിനുണ്ടായിരുന്നില്ല. ഘിയാസ് അൽദീന്റെ മരണത്തിനു ശേഷം ഘൂറിദ് സാമ്രാജ്യം മുയിസ് അൽദീന്റെ (മുഹമ്മദ് ഗോറിയുടെ) കീഴിലായി. ഇക്കാലത്ത് 1204-ൽ ഖോറസ്മിയയിലെ രാജാവായിരുന്ന ഖ്വാറസം ഷായുടേയും ക്വാറകിതായ് തുർക്കികളുടേയും സംയുക്തസേന ഗോറികളെ പരാജയപ്പെടുത്തി. 1215-ൽ ഖ്വാറസം ഷാ, അവസാന ഗോറി സുൽത്താനേയ്യും സ്ഥാനഭ്രഷ്ടനാക്കി ഗോറി സാമ്രാജ്യത്തിന് അന്ത്യം വരുത്തി.

അഫ്ഗാനിസ്താനിൽ ഗോറികളുടെ സ്ഥാനം പുരാതന ഖോറസ്മിയയുടെ ഭരണാധികാരികൾ (മദ്ധ്യകാല ഖ്വാറസം ഭരണാധികാരികൾ) ഏറ്റെടുത്തു. 1200 മുതൽ 1220 വരെ ഭരണത്തിലിരുന്ന അലാ അൽദീൻ മുഹമ്മദ് ആയിരുന്നു ഖ്വാറസം ഭരണാധികാരികളീൽ ഏറ്റവും പ്രധാനി. 1215-16 കാലത്ത് ഇദ്ദേഹം ഗോറും ഗസ്നിയും പൂർണ്ണനിയന്ത്രണത്തിലാക്കി.

അഫ്ഗാനിസ്താനിൽ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയിൽ ഇവരുടെ സ്ഥാനം മം‌ലൂക്ക് വംശം (അടിമവംശം) ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബുദ്ദീൻ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു[1].

Remove ads

ചരിത്രാവശിഷ്ടങ്ങൾ

Thumb
ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Thumb
ജാമിലെ മിനാർ - അലങ്കാരപ്പണികൾ

ആദ്യകാല ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാൽ ഗോറികളുടെ തലസ്ഥാനം, ഫിറൂസ് കൂഹ് ആണ്. ഹെറാത്തിന് 220 കിലോമീറ്റർ കിഴക്ക് മദ്ധ്യ അഫ്ഗാനിസ്താനിൽ ജാമിലെ പ്രശസ്തമായ മിനാറിനടുത്തായിരുന്നു ഈ നഗരം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹാരി റുദ് നദിയുടെ തെക്കൻ തീരത്ത് നദിയുടെ തെക്കൻ കൈവഴിയായ ജാം റൂദുമായി ചേരുന്നിടത്താണ് ഈ പ്രദേശം.

ജാം മിനാറിലെ ഒന്നാമത്തെ നിലയിലെ ഒരു ലിഖിതരേഖ, ഘൂറീദ് ഭരണാധികാരിയായ ഘിയാസ് അൽദിൻ മുഹമ്മദുമായി (ഭ.കാ. 1163-1202/3) ബന്ധപ്പെട്ടതാണ്. 65 മീറ്റർ ഉയരമുള്ള ഈ മിനാറിന്റെ അസ്ഥിവാരം, അഷ്ടഭുജാകൃതിയിലുള്ളതാണ്. 9 മീറ്റർ വീതി ഈ ഭാഗത്തിനുണ്ട്. ഈ നിലക്കുമുകളിൽ ക്രമേണ വ്യാസം കുറഞ്ഞു വരുന്നു. വൃത്താകൃതിയിലുള്ള നാലുനിലകളുണ്ട്. താഴത്തെ രണ്ടു നിലകളിൽ ഇരട്ട കോണീപ്പടികളുണ്ട്. പൂർണ്ണമായും ചുടുകട്ട കൊണ്ട് നിർമ്മിച്ച ഈ മിനാറിന്റെ ബാഹ്യഭാഗം, ഇഷ്ടികയിലുള്ള അലങ്കാരപ്പണികളും ലിഖിതങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഖുറാനിൽ നിന്നുള്ള പത്തൊമ്പതാം സുരയായ sura of mary -യും ഇക്കൂട്ടത്തിലുണ്ട്.

ജാമിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും നിരവധി കോട്ടകളുടേയ്യും ഗോപുരങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. തലസ്ഥാനത്തെ വിദേശാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള പ്രതിരോധസംവിധാനങ്ങളായിരിക്കാം ഇതെന്ന് കരുതുന്നു.

ഗോറി സാമ്രാജ്യകാലത്തെ ഒരു വലിയ വെള്ളിയാഴ്ചനമസ്ക്കാരപ്പള്ളിയുടെ അവശിഷ്ടങ്ങളും ഹെറാത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഘിയാസ് അൽദിൻ മുഹമ്മദിന്റെ ശവകുടീരവും ഇവിടെത്തന്നെയാണ് 1202/3 കാലത്ത് ഹെറാത്തിൽ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.

ഹെറാത്തിന് വടക്കുകിഴക്കായി, മുർഘാബ് നദിയുടെ ഇടത്തേ തീരത്തുള്ള ഗർജിസ്താനിൽ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റൊരു ചരിത്രാവശിഷ്ടമാണ് ശാഹി മശ്‌ഹദ് മദ്രസ. ശഹർ ഇ സോഹക്, ശഹർ ഇ ഗോൽഗോല എന്നീ ഗോറിസാമ്രാജ്യകാലത്തെ കേന്ദ്രങ്ങൾ ബാമിയാനിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹെറാത്തിന് പടിഞ്ഞാറൂള്ള ചിഷ്തിൽ നിന്നും ഇക്കാലത്തെ അവശീഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

ബാൾഖിന് തൊട്ടുവടക്ക് ദൌലതാബാദിലുള്ള പ്രശസ്തമായ മിനാറൂം ഗോറി സാമ്രാജ്യകാലത്തേതാണ്. പന്ത്രണ്ടാ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ ബുസ്തിലെ സുപ്രസിദ്ധമായ കമാനവും ഇക്കാലത്തേതുതന്നെയാണ്ന്ന് കരുതുന്നു. Bust Citadel-ന് താഴെ സ്ഥിതി ചെയ്യുന്ന ഈ കമാനം ഒരു മോസ്കിലേക്കോ citadel-ലേക്ക് തന്നെയോ ഉള്ള കവാടമായിരുന്നിരിക്കണം. ദൌലതാബാദിലെ മിനാറിലെ അലങ്കാരപ്പണീകൾ ബുസ്തിലെ കമാനത്തിലേതുമായി സാമ്യം പുലർത്തുന്നതാണ്[1].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads