അസോസിയേറ്റഡ് രാജ്യം

From Wikipedia, the free encyclopedia

Remove ads

ഒരു പരിധിവരെ രാഷ്ട്രസ്വഭാവമുള്ള ഒരു പ്രദേശവും (സാധാരണഗതിയിൽ) കൂടുതൽ വലിപ്പമുള്ളതും ശക്തവുമായ മറ്റൊരു രാജ്യവും തമ്മിലുള്ള സ്വതന്ത്ര ബന്ധത്തിലെ ചെറു കക്ഷിയെയാണ് അസോസിയേറ്റഡ് രാജ്യം എന്നു വിളിക്കുന്നത്. സംരക്ഷിതരാജ്യം എന്ന പേരുപയോഗിക്കുന്ന തരം ബന്ധങ്ങളിൽ ഈ പേര് ബാധകമല്ല. ഇത്തരം സ്വതന്ത്ര സഹകരണത്തിന്റെ വിശദാംസങ്ങൾ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ 1541 (XV) പ്രമേയത്തിലെ ആറാം തത്ത്വത്തിൽ[1] ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര സഹകരണക്കരാറോ അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റോ ഇതിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ബാധകമായിരിക്കും. കുക്ക് ദ്വീപുകൾ, നിയുവേ എന്നീ രാജ്യങ്ങ‌ളുടെ കാര്യത്തിൽ ഇവരുടെ സ്വതന്ത്ര സഹകരണം സംബന്ധിച്ച വിശദാംശങ്ങൾ പല രേഖകളിലായാണുള്ളത്. ഈ രാജ്യങ്ങളുടെ ഭരണഘടനയും, 1983-ൽ ന്യൂസിലാന്റും കുക്ക് ദ്വീപുകളൂം തമ്മിൽ കൈമാറിയ കത്തുകളൂം 2001-ലെ ജോയിന്റ് സെന്റിനറി പ്രഖ്യാപനവും ഇത്തരം രേഖകളിൽ പെടുന്നു. സ്വതന്ത്ര സഹകരണത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നും ഇല്ലെന്നും വിവരിക്കപ്പെടാറുണ്ട്. പക്ഷേ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സ്വതന്ത്ര സഹകരണത്തിൽ ഏർപ്പെട്ടുവോ ഇല്ലയോ എന്നത് ഒരു രാജ്യത്തിന്റെ നിയമപരമായ നിലനിൽപ്പിനെ ബാധിക്കുന്നില്ല.

അനൗപചാരികമായി ഈ പ്രയോഗം കൂടുതൽ വ്യാപ്തിയിൽ കാണാവുന്നതാണ്. കൊളോണിയൽ കാലത്തിനുശേഷമുള്ള ഒരു തരം പരസ്പരധാരണയോടെയുള്ള സംരക്ഷണമോ, സംരക്ഷിത രാജ്യമോ, തുല്യരല്ലാത്ത രാജ്യങ്ങൾ ചേർന്നുള്ള കോൺഫെഡറേഷനോ (പ്രത്യേകിച്ച് ദുർബലരായ രാജ്യം ശക്തമായ രാജ്യത്തിന് സാധാരണഗതിയിൽ സ്വതന്ത്രരാജ്യങ്ങൾ കൈവശം വയ്ക്കുന്ന അധികാരങ്ങളിൽ ചിലത് വിട്ടുനൽകുന്ന സ്ഥിതിയുള്ളപ്പോൾ - സാധാരണഗതിയിൽ ഇത് പഴയ കൊളോണിയൽ ശക്തിക്കായിരിക്കും) ഇത്തരം പ്രയോഗത്തിന്റെ പരിധിയിൽ വന്നേയ്ക്കാം. ഇത്തരം ബന്ധത്തിൽ ശക്തരായ രാജ്യത്തിന് പ്രതിരോധം, വിദേശബന്ധങ്ങൾ, വിപണിയിലെ പ്രവേശനാനുമതി പോലുള്ള സാമ്പത്തികനേട്ടങ്ങൾ എന്നിവ ലഭ്യമായിരിക്കും.

ഫെഡറസിയിൽ വിദേശകാര്യത്തിലും പ്രതിരോധത്തിലുമൊഴികെ മറ്റു വിഷയങ്ങളിൽ സ്വയംഭരണം നടത്തുന്ന ഒരു യൂണിറ്റിന് അസോസിയേറ്റ് രാജ്യത്തോട് സാമ്യമുണ്ട് എന്ന് പറയാം. പക്ഷേ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇത് പൂർണ്ണമായും വ്യത്യസ്ത സാഹചര്യമാണ്. ഫെഡറസിയിലെ യൂണിറ്റുകൾ സ്വതന്ത്ര രാജ്യങ്ങളല്ല എന്നതുതന്നെയാണ് പ്രധാന വ്യത്യാസം. സ്വാതന്ത്ര്യം നേടാനുള്ള സാഹചര്യവും ഇത്തരം യൂണിറ്റുകൾക്കില്ല.

Remove ads

ഔപചാരിക ബന്ധത്തിലുള്ള രാജ്യങ്ങൾ

കൂടുതൽ വിവരങ്ങൾ ദുർബ്ബല കക്ഷി, ബന്ധമുള്ള രാജ്യം ...
വസ്തുതകൾ

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ അസോസിയേറ്റഡ് രാജ്യമായിരുന്നത് കോമൺവെൽത്ത് ഓഫ് ഫിലിപ്പീൻസ് ആയിരുന്നു. 1935-1946 കാലഘട്ടത്തിൽ ഈ രാജ്യത്തിന്റെ വിദേശബന്ധങ്ങളും സൈനിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് അമേരിക്കൻ ഐക്യനാടുകളായിരുന്നു. പക്ഷേ ഭരണഘടനയനുസരിച്ച് ഈ രാജ്യം പ്രത്യേക നിലനിൽപ്പുള്ളതും ആഭ്യന്തരകാര്യങ്ങളുടെ നടത്തിപ്പിൽ സ്വാതന്ത്ര്യമുള്ളതുമായിരുന്നു.

ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ (1986 മുതൽ), മാർഷൽ ദ്വീപുകൾ (1986 മുതൽ), പലാവു (1994 മുതൽ) എന്നിവ സ്വതന്ത്ര സഹകരണക്കരാറിലൂടെ അമേരിക്കയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പരമാധികാരവും അവരുടെ ഭൂപ്രദേശങ്ങൾക്കുമേൽ നിയന്ത്രണവുമുണ്ടെങ്കിലും ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അമേരിക്കയ്ക്ക് പ്രതിരോധമേഖലയുടെ നിയന്ത്രണം നൽകിയിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ ഭരണകൂടം ഈ രാജ്യങ്ങൾക്ക് ധനസഹായം നൽകുകയും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാമൂഹിക പദ്ധതികളുടെ പ്രയോജനം നൽകുകയും ചെയ്യുന്നു. ഇവിടങ്ങളിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനികത്താവളങ്ങൾ നിലനിർത്താൻ സാധിക്കുന്നു എന്നതാണ് അമേരിക്കയ്ക്ക് ഈ ഇടപാടിൽ നിന്നുള്ള ഗുണം.

കുക്ക് ദ്വീപുകൾ, നിയുവേ എന്നീ രാജ്യങ്ങൾക്ക് "സ്വതന്ത്ര സഹകരണത്തിനുള്ളിൽ സ്വന്തം ഭരണം" എന്ന സ്ഥാനമുണ്ട്.[7] ന്യൂസിലാന്റിന് ഈ രാജ്യങ്ങളെ ബാധിക്കുന്ന നിയമങ്ങൾ നടപ്പാക്കുവാൻ സാധിക്കുകയില്ല.[8][9] ചില സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളെ പരമാധികാര രാജ്യങ്ങൾ എന്നുതന്നെ കണക്കാക്കാവുന്നതാണ്.[10] വിദേശബന്ധങ്ങളുടെ കാര്യത്തിൽ രണ്ടു രാജ്യങ്ങളും പരമാധികാര രാജ്യങ്ങളെപ്പോലെയാണ് ഇടപെടലുകൾ നടത്തുന്നത്.[11][12] ഐക്യരാഷ്ട്രസംഘടനയുടെ ഉടമ്പടികളിലും സംഘടനകളിലും ഒരു രാജ്യം എന്ന നിലയ്ക്ക് പ്രവേശിക്കുവാൻ ഈ രാജ്യങ്ങൾക്ക് സാധിക്കും.[11][13] ഈ രാജ്യങ്ങളെ ഭരണഘടനാപരമായി പരമാധികാരമുള്ള രാജ്യങ്ങളായി ന്യൂസിലാന്റ് കണക്കാക്കുന്നില്ല. ഇവർ ന്യൂസിലാന്റ് പൗരത്വം തുടർന്നും ഉപയോഗിക്കുന്നതാണ് ഇതിനു കാരണം.[7][14] ഈ രണ്ടു രാജ്യങ്ങളും സ്വന്തം പൗരത്വവും കുടിയേറ്റസംവിധാനങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.[15]

ടോക്‌ലവ് (ന്യൂസിലന്റിനെ ആശ്രയിക്കുന്ന ഒരു രാജ്യം) ന്യൂസിലാന്റുമായി സ്വതന്ത്ര സഹകരണത്തിലുള്ള മൂന്നാമത്തെ രാജ്യമാകണോ അതോ ന്യൂസിലന്റിന്റെ ഭാഗമായി തുടരണോ എന്ന് നിർണ്ണയിക്കാൻ 2006 ഫെബ്രുവരിയിൽ ഒരു റെഫറണ്ടം നടത്തുകയുണ്ടായി. ഭൂരിപക്ഷം പേരും സ്വതന്ത്ര സഹകരണം വേണം എന്ന് വോട്ടു ചെയ്തുവെങ്കിലും ആവശ്യമുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിലവിലുള്ള സ്ഥിതി തുടരുകയാണ്. ഐക്യരാഷ്ട്രസംഘടനയുടെ മേൽനോട്ടത്തിൽ 2007-ൽ തിരഞ്ഞെടുപ്പു നടന്നുവെങ്കിലും സമാനമായ ഫലമാണ് ലഭിച്ചത്. 16 വോട്ടുകൂടി ലഭിച്ചിരുന്നുവെങ്കിൽ ഈ രാജ്യവും സ്വതന്ത്ര സഹകരണത്തിലേയ്ക്കു നീങ്ങിയേനെ.[16]

Remove ads

സമാനമായ മറ്റു ബന്ധങ്ങൾ

ഒരു രാഷ്ട്രീയ അസ്തിത്വത്തിനുമേൽ മറ്റൊരു രാജ്യത്തിന് അധികാരമുള്ള മറ്റു സാഹചര്യങ്ങളുണ്ട്. പ്രത്യേക രാഷ്ട്രീയ സംവിധാനവും സ്വയംഭരണവുമുള്ള പരാശ്രയ ഭൂവിഭാഗങ്ങൾ ഇതിനുദാഹരണമാണ്. ഇത്തരം പ്രദേശങ്ങൾക്ക് പരമാധികാരമുണ്ടാകില്ല. ചില സഹകരണ ഉടമ്പടികളിലൂടെ ചില പരമാധികാര രാജ്യങ്ങൾ കുറച്ച് അധികാരം മറ്റു രാജ്യങ്ങൾക്ക് നൽകാറുണ്ട്. സാധാരണഗതിയിൽ വിദേശകാര്യവും പ്രതിരോധവുമാണ് ഇത്തരത്തിൽ നൽകുന്നത്.

മറ്റു രാജ്യങ്ങൾക്ക് അധീശാധികാരം നൽകിയിട്ടുള്ള രാജ്യങ്ങൾ

കൂടുതൽ വിവരങ്ങൾ ദുർബല കക്ഷി, അസോസിയേറ്റ് ചെയ്ത രാജ്യങ്ങൾ ...

ഹിമാലയത്തിലെ ബുദ്ധമതവിശ്വാസമുള്ളതും രാജഭരണം നിലനി‌ൽക്കുന്നതുമായ ഭൂട്ടാൻ എന്ന രാജ്യത്തിന്റെ വിദേശനയം ഭാഗികമായി നടപ്പിലാക്കുന്നത് ഇന്ത്യയാണ് (1949 മുതൽ 2007 വരെ.[25]) ഒരർത്ഥത്തിൽ ഇന്ത്യ ബ്രിട്ടീഷ് കോളനി ഭരണാധികാരികളുടെ സംരക്ഷണജോലി ഏറ്റെടുക്കുകയായിരുന്നു. ഇത് ഒരു അയഞ്ഞ സഹകരണമായി കണക്കാക്കാവുന്നതാണ്. ഭൂട്ടാൻ ഭരണഘടനാപരമായി സ്വതന്ത്രമായ രാജ്യമാണ്. ഇന്ത്യയുമായി ലയിക്കുന്നതിനു മുൻപ് (1947–1975) ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ സിക്കിം ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനമാണ്.

റിപ്പബ്ലിക് ഓഫ് ടാടാർസ്ഥാനിലെ (1990–2000) ഒരു നിയമം, റഷ്യൻ ഫെഡറേഷനും ഈ രാജ്യവും തമ്മിലുള്ള ഒരു ഉടമ്പടി (ട്രീറ്റി ഓഫ് മ്യൂച്വ്ല് ഡെലിഗേഷൻ ഓഫ് പ്ലെനിപൊട്ടൻഷ്യറീസ്1994), എന്നിവ പ്രകാരം 1994 മുതൽ 2000 വരെ ടാടാർസ്ഥാൻ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു പരമാധികാര രാഷ്ട്രമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും റഷ്യയുമായി അസോസിയേഷനിലായിരുന്നു.

അബ്ഘാസിയ, ട്രാൻസ്നിസ്ട്രിയ (യു.എസ്.എസ്.ആറിന്റെ ഭാഗമായ ജോർജ്ജിയ, മോൾഡോവ എന്നിവയിൽ നിന്ന് വിഘടിച്ച ഭാഗികമായ അംഗീകാരം മാത്രം ലഭിച്ച സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകൾ) എന്നീ രാജ്യങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിനുശേഷം റഷ്യൻ ഫെഡറേഷനുമായി ലയിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ട്രാൻസ്നിസ്ട്രിയയിൽ 2006 സെപ്റ്റംബറിൽ ഇതിനായി ഒരു അഭിപ്രായവോട്ടെടുപ്പ് നടക്കുകയുണ്ടായി. ഇതിൽ 97% ജനങ്ങൾ മോൾഡോവയിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്നും "ഭാവിയിൽ റഷ്യയുമായി സ്വതന്ത്ര സഹകരണത്തിലേർപ്പെടണമെന്നും" അഭിപ്രായപ്പെട്ടു. ഈ റെഫറണ്ടത്തിന്റെ ഫലം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

Remove ads

പഴയ കോമൺ‌വെൽത്ത് അസോസിയേറ്റഡ് രാജ്യങ്ങൾ

ബ്രിട്ടൺ, ആറ് വെസ്റ്റ് ഇൻഡീസ് അസോസിയേറ്റഡ് രാജ്യങ്ങൾ എന്നിവർ തമ്മിൽ 1967-ലെ അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റ് പ്രകാരം ഒരു ഔപചാരിക സഹകരണം നിലനിന്നിരുന്നു. കരീബിയനിലെ പഴയ ബ്രിട്ടീഷ് കോളനികളായ ആന്റിഗ്വ (1967–1981), ഡൊമിനിക്ക (1967–1978), ഗ്രെനഡ (1967–1974), സെയിന്റ് ക്രിസ്റ്റഫർ-നെവിസ്-ആൻ‌)ഗ്വില്ല (1967–1983), സെയിന്റ് ലൂസിയ (1967–1979), സെയിന്റ് വിൻസെന്റ് (1969–1979) എന്നിവയായിരുന്നു ഈ രാജ്യങ്ങൾ. ഈ സംവിധാനമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ ഭരണഘടനയ്ക്കുമേൽ പൂർണ്ണാധികാരമുണ്ടായിരുന്നു. അക്യരാഷ്ട്രസംഘടനാ ചാർട്ടർ, പൊതുസഭാപ്രമേയങ്ങൾ എന്നിവയനുസരിച്ച് ഈ രാജ്യങ്ങൾക്ക് പൂർണ്ണ പരമാധികാരമുണ്ടോ എന്ന് ഐക്യരാഷ്ട്രസംഘടന നിർണ്ണയിച്ചിരുന്നില്ല. അസോസിയേറ്റ് രാജ്യമായി കുറച്ചു വർഷങ്ങൾക്കുശേഷം ഈ രാജ്യങ്ങൾ പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുകയും അത് നൽകപ്പെടുകയുമായിരുന്നു. ആൻഗ്വില്ല സെയിന്റ് കിറ്റ്സ്-നീവസ്-ആൻഗ്വില്ല യൂണിയനിൽ നിലനിന്നുകൊണ്ട് ബ്രിട്ടന്റെ അധീനപ്രദേശമായി തുടരുന്നുണ്ട്.

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads