ചൈനയുടെ ചരിത്രം

ചൈന notes From Wikipedia, the free encyclopedia

ചൈനയുടെ ചരിത്രം
Remove ads

ചൈനീസ് സംസ്കാരം മഞ്ഞനദിയോടും യാങ്സി നദിയോടും ചേർന്ന നദീതടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നവീനശിലായുഗത്തോട് അനുബന്ധിച്ചാണ് വികസിച്ചത്. എങ്കിലും മഞ്ഞനദിയെയാണ് ചൈനീസ് സംസ്കാരത്തിന്റെ തൊട്ടിലായി വിശേഷിപ്പിക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങളുടെ തുടർച്ചയായ ചരിത്രമുള്ള ചൈന ലോകത്തെ ഏറ്റവും പ്രാചീനമായ സംസ്കാരങ്ങ‌ളിലൊന്നാണ്.[1] ഷാങ് രാജവംശത്തിന്റെ കാലം മുതൽക്കുള്ള ലിഖിതചരിത്രം (ഉദ്ദേശം 1700–1046 ബി.സി.) ലഭ്യമാണ്,[2] റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ (ഉദ്ദേശം 100 ബി.സി.) ബാംബൂ ആനൽസ് മുതലായ ഗ്രന്ഥങ്ങൾ ഷാങ് രാജവംശത്തിനു മുൻപേ സിയ രാജവംശം നിലവിലുണ്ടായിരുന്നു എന്ന് പറയുന്നുണ്ട് എന്നിരുന്നാലും[2][3] ചൈനയുടെ സംസ്കാരവും, സാഹിത്യവും തത്ത്വശാസ്ത്രവും കൂടുതൽ വികസിച്ചത് ഷൗ രാജവംശത്തിന്റെ (1045–256 ബി.സി.) കാലത്താണ്.

Thumb
‌ചൈനയിലെ വിവിധ രാജവംശങ്ങളുടെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളുടെ ഏകദേശഭൂപടം.
കൂടുതൽ വിവരങ്ങൾ History of China History of China ...

ഷൗ രാജവംശം ബി.സി. എട്ടാം നൂറ്റാണ്ടിൽ ബാഹ്യവും ആന്തരികവുമായ സമ്മർദ്ദങ്ങൾ നേരിട്ട് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. പിൽക്കാലത്ത് ഇത് ചെറിയ രാജ്യങ്ങളായി വിഘടിച്ചു. ഇതോടെ സ്പ്രിംഗ് ആൻഡ് ഓട്ടം കാലഘട്ടം ആരംഭിച്ചു. യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലത്തിലാണ് ഇത് അവസാനിച്ചത്. ഭര‌ണം പരാജയപ്പെടുന്ന പല സാഹചര്യങ്ങൾ ചൈനീസ് ചരിത്രത്തിലുണ്ട്. ഇത് അത്തരമൊരു കാലഘട്ടമായിരുന്നു. (ചൈനീസ് ആഭ്യന്തരയുദ്ധമാണ് ഭരണപരാജയത്തിന്റെ ഏറ്റവും അടുത്ത ദൃഷ്ടാന്തം).

പല രാജ്യങ്ങ‌ളായും യുദ്ധപ്രഭുക്കന്മാരുടെ ഭരണത്തിൻ കീഴിലായും ശിധിലമായിരുന്ന കാലങ്ങൾക്കിടെ ചില രാജവംശങ്ങൾ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നു. ഇപ്പോഴുള്ളതുപോലെ ചില കാലഘട്ടങ്ങളിൽ സിഞിയാങ് ടിബറ്റ് എന്നീ പ്രദേശങ്ങളും ചൈനീസ് ഭരണത്തിൻ കീഴിലായിരുന്നു. ക്വിൻ രാജവംശത്തോടെയാണ് ഈ സാഹചര്യം ഉടലെടുത്തത്: 221 ബി.സി.യിൽ, ക്വിൻ ഷി ഹുവാങ് യുദ്ധത്തിലായിരുന്ന പല രാജ്യങ്ങളും പിടിച്ചടക്കി ഏകീകരിക്കുകയും ആദ്യ ചൈനീസ് സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പിൽക്കാല ചൈനീസ് രാജവംശങ്ങൾ ചൈനയുടെ ചക്രവർത്തിക്ക് വലിയ പ്രദേശങ്ങൾ നേരിട്ടു ഭരിക്കാൻ സാധിക്കും വിധം ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്തുകയുണ്ടായി.

രാഷ്ട്രീയമായ ഐക്യവും അനൈക്യവും ഇടവിട്ടു വരുന്നതായാണ് പരമ്പരാഗതമായി ചൈനീസ് ചരിത്രത്തെപ്പറ്റിയുള്ള നിരീക്ഷണം. സ്റ്റെപ്പുകളിൽ നിന്നുള്ള ജനത ചൈനയെ ഇടയ്ക്കിടെ കീഴടക്കിവയ്ക്കുകയുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള മിക്ക ജനവിഭാഗങ്ങളും പിൽക്കാലത്ത് ഹാൻ ചൈനീസ് ജനവിഭാഗത്തിന്റെ ഭാഗമായി മാറുകയുണ്ടായി. ഏഷ്യയുടെ മിക്ക ഭാഗങ്ങളിൽ നിന്നുമുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാധീനം കുടിയേറ്റത്തിന്റെയും വികാസത്തിന്റെയും സാംസ്കാരിക സ്വാംശീകരണത്തിന്റെയും ഭാഗമായി ആധുനിക ചൈനീസ് സംസ്കാരത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് വാസ്തവം

Remove ads

ചരിത്രാതീതകാലം

പ്രാചീനശിലായുഗം

പത്തുലക്ഷം വർഷങ്ങൾക്കും മുൻപുതന്നെ ചൈനയിൽ ഹോമോ ഇറക്റ്റസ് എത്തിപ്പെട്ടിരുന്നു.[4] സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് സിയാവോചാങ്‌ലിയാങ്ങിലെ ശിലായുധങ്ങൾ പതിമൂന്ന് ലക്ഷത്തി അറുപതിനായിരം വർഷങ്ങൾക്കു മുൻപുള്ളതാണെന്ന് മാഗ്നറ്റോസ്ട്രാറ്റിഗ്രാഫിക് തെളിവുണ്ടെന്നാണ്.[5] ഷാൻസി പ്രവിശ്യയിലെ സിഹോഡു ഉദ്ഘനനമേഖലയിൽ ഹോമോ ഇറക്റ്റസ് അഗ്നി ഉപയോഗിച്ചതിന്റെ (പന്ത്രണ്ടുലക്ഷത്തി എഴുപതിനായിരം വർഷം മുൻപ്) ഏറ്റവും പഴയ തെളിവ് ലഭിച്ചിട്ടുണ്ട്.[4] യുവാന്മോവു, പിന്നീട് ലാന്റിയൻ എന്നിവിടങ്ങളിലെ ഉദ്ഘനനം ആദ്യകാല ജനജീവിതത്തിന്റെ തെളിവുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഹോമോ ഇറക്റ്റസ് എന്ന ജനുസ്സിന്റെ ഏറ്റവും പ്രശസ്തമായ ഉദാഹരണം ചൈനയിൽ നിന്നു ലഭിച്ച പീക്കിംഗ് മനുഷ്യൻ എന്ന കണ്ടുപിടിത്തമാണ് (1923–27-ലാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്).

നവീനശിലായുഗം

ചൈനയിലെ നവീനശിലായുഗം ബി.സി. 10,000-ലെങ്കിലും ആരംഭിച്ചതിനു തെളിവുകളുണ്ട്.[6]

7000 ബി.സി.യിൽ മില്ലറ്റ് കൃഷി ചെയ്യുന്നതിന്റെ റേഡിയോ കാർബൺ തെളിവ് ലഭ്യമാണ്.[7] 7000 ബി,സി.യ്ക്കും 5800 ബി.സി.യ്ക്കുമിടയിലുണ്ടായിരുന്ന ജിയാഹു സംസ്കാരത്തിന്റെ ഉദ്ഭവം കൃഷിയിൽ നിന്നാണ്. നിങ്സിയയിലെ ഡമൈഡിയിൽ 3,172 നവീനശിലായുഗ ശിലാ ശിൽപ്പങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ബി.സി. 6000–5000 കാലഘട്ടത്തിലെയാണ്. ഈ ശില്പങ്ങളിൽ ചന്ദ്രൻ, സൂര്യൻ, നക്ഷത്രങ്ങൾ, ദൈവങ്ങൾ, വേട്ടയാടുന്നതിന്റെയോ കാലിമേയ്ക്കുന്നതിന്റെയോ ദൃശ്യങ്ങൾ എന്നിങ്ങനെ 8,453 രൂപങ്ങൾ ദൃശ്യമാണ്. ചൈനീസ് ലിപിയുടെ ആദ്യ രൂപങ്ങൾക്ക് ഈ ശിൽപ്പങ്ങളുടെ രൂപങ്ങളോട് സാദൃശ്യങ്ങളുണ്ട്.[8][9] ഹെനാനിലെ സിൻഷെങ് കൗണ്ടിയിലെ പെയ്‌ലിഗാങ് സംസ്കാരത്തിന്റെ പ്രദേശം ഉദ്ഘനനം ചെയ്തതിൽ ബി.സി. 5,500–4,900 കാലഘട്ടത്തിൽ ഉന്നതിയിലെത്തിയിരുന്നതും കൃഷി, ഭവനനിർമ്മാണം, മൺപാത്രനിർമ്മാണം, മൃതദേഹങ്ങൾ മറവുചെയ്യൽ എന്നീ മേഖലകളിൽ ആധുനികത പ്രദർശിപ്പിച്ചിരുന്നതുമായ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.[10] കൃഷിയുടെ ആരംഭത്തോടെ ജനസംഖ്യയിൽ വൻ വർദ്ധനയുണ്ടായി. വിളകൾ സൂക്ഷിക്കുവാനും വിതരണം ചെയ്യുവാനും ഭരണകർത്താക്കളുടെയും ശിൽപ്പികളുടെയും മറ്റും സമൂഹത്തെ തീറ്റിപ്പോറ്റാനുമുള്ള കഴിവ് ഇതോടുകൂടി സമൂഹത്തിന് കൈവന്നു.[11]

നവീനശിലായുഗത്തിന്റെ അവസാനസമയത്ത് മഞ്ഞനദിയുടെ നദീതടം യാങ് ഷാവോ സംസ്കാരത്തിന്റെ (ബി.സി. 5000 മുതൽ ബി.സി. 3000 വരെ) കേന്ദ്രമായി മാറി. ആദ്യ ഗ്രാമങ്ങൾ ഇവിടെ രൂപപ്പെട്ടു. ബാൻപോ എന്ന സ്ഥലത്താണ് ഇതിൽ ആർക്കിയോളജിയുടെ കാഴ്ച്ചപ്പാടിൽ ഏറ്റവും പ്രാധാന്യമുള്ള വിവരങ്ങൾ ഉദ്ഘനനത്തിലൂടെ ലഭിച്ചത്.[12] പിന്നീട്, യാങ്ഷാവോ സംസ്കാരത്തിനുമേൽ ലോങ്ഷാൻ സംസ്കാരം ഉയർന്നുവന്നു, ഈ സംസ്കാരംവും ബി.സി. 3000 മുതൽ ബി.സി. 2000 വരെയുള്ള കാലഘട്ടത്തിൽ മഞ്ഞനദിയുടെ തീരത്ത് നിലനിന്നിരുന്നതാണ്.

ചൈനയുടെ ആദ്യകാല ചരിത്രം ഈ കാലത്തു നിന്നുള്ള എഴുതിയ രേഖകളുടെ അസ്സാനിദ്ധ്യം കാരണം അത്ര വ്യക്തമല്ല. പിൽക്കാലത്ത് പല നൂറ്റാണ്ടുകൾ മുൻപുനടന്ന സംഭവങ്ങൾ വിശദീകരിക്കുവാൻ നടന്ന ശ്രമങ്ങളും ഇക്കാലത്തെ ചരിത്രത്തെ വളച്ചൊടിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. നൂറ്റാണ്ടുകളോളം ചൈനയിൽ ചരിത്രവും കെട്ടുകഥയും ഇഴപിരിഞ്ഞുകിടന്നിരുന്നത് ഇക്കാലത്തെ ചരിത്രരചന ബുദ്ധിമുട്ടുള്ളതാക്കുന്നുണ്ട്.

Remove ads

പുരാതന ചൈന

സിയ രാജവംശം (ഏകദേശം 2100 – ഏകദേശം 1600 ബി.സി.)

പ്രധാന പ്രദേശങ്ങൾ: എർലിറ്റോ സംസ്കാരമാകാൻ സാദ്ധ്യതയുണ്ട് സിമ ക്വിയാന്റെ'sറെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ (ഉദ്ദേശം 100 ബി.സി.) ബാംബൂ ആനൽസ് മുതലായ ഗ്രന്ഥങ്ങൾ വിവരിക്കുന്ന ആദ്യ രാജവംശമാണ് സിയ രാജവംശം.(ഉദ്ദേശം ബി.സി. 2100 മുതൽ 1600 വരെ) .[2][3]

ഈ രാജവംശം യഥാർത്ഥത്തിൽ നിലനിന്നിരുന്നോ എന്നതുസംബന്ധിച്ച് അഭിപ്രായ ഐക്യമില്ലെങ്കിലും ചില ആർക്കിയോളജിക്കൽ തെളിവുകൾ ഇത്തരമൊരു രാജവംശം നിലനിന്നിരുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. സിമ ക്വിയാൻ ബി.സി. രണ്ടാം നൂറ്റാണ്ടിൽ സിയ രാജവംശത്തിന്റെ സ്ഥാപനം ബി.സി. 2200-ൽ ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ തീയതി തെളിയിക്കപ്പെട്ടിട്ടില്ല. മിക്ക ആർക്കിയോളജിസ്റ്റുകളും മദ്ധ്യ ഹെനാൻ പ്രവിശ്യയിലെ എർലിറ്റോ എന്ന സ്ഥലത്തെ ഉദ്ഘനനത്തിൽ നിന്നു ലഭിച്ച തെളിവുകൾ സിയ രാജവംശത്തിന്റേതാണെന്ന് വിശ്വസിക്കുന്നു.,[13] ഇവിടെ ബി.സി. 2000 കാലഘട്ടത്തുള്ള ഒരു ഓട്ടു സ്മെൽറ്റർ കുഴിച്ചെടുക്കപ്പെടുകയുണ്ടായി. ഈ കാലത്തെ മൺപാത്രങ്ങളിലും കക്കകളിലും കണ്ടെത്തിയിട്ടുള്ള ഛിഹ്നങ്ങൾ ചൈനീസ് ലിപിയുടെ പൂർവ്വികസ്ഥാനത്തുള്ളതാണെന്ന് കരുതപ്പെടുന്നുണ്ട്.[14] ഷാങ് കാലഘട്ടത്തിലെ പ്രവാചകർ ഉപയോഗിച്ചിരുന്ന അസ്ഥികളോ ഷൗ കാലഘട്ടത്തിലെ ഓട്ടുപാത്രങ്ങളിലെ എഴുത്തുകളോ പോലെ വ്യക്തമായ രേഖകളൊന്നും ഇല്ലാത്തതിനാൽ സിയ കാലഘട്ടത്തിലെ ചരിത്രം അവ്യക്തമായി തുടരുകയാണ്.

വിശ്വാസമനുസരിച്ച് ബി.സി. 1600-നോടടുത്ത് മിങ്ടിയാവോ യുദ്ധത്തോടെ ഈ സാമ്രാജ്യം അവസാനിച്ചു.

ഷാങ് രാജവംശം (ഏകദേശം 1700–1046 ബി.സി.)

Thumb
പുരോഗതി നേടിയതും പല തട്ടുകളുള്ളതുമായ സമൂഹത്തിന്റെ തെളിവുകൾ മഞ്ഞനദീതടത്തിൽ നിന്ന് ലഭ്യമാണ്

തലസ്ഥാനം: യിൻ (അന്യാങിനടുത്ത്) (ഷാങ് രാജവംശത്തിന്റെ കാലം)

ഉദ്ദേശം 1600–1046 ബി.സി. കാലഘട്ട‌ത്തിൽ ഭരണത്തിലുണ്ടായിരുന്ന ഷാങ് രാജവംശത്തെപ്പെറ്റിയുള്ള ആർക്കിയോളജിക്കൽ തെളിവുകൾ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ വിഭാഗം ആദ്യകാല ഷാങ് കാലഘട്ടത്തിൽ നിന്നുള്ളതാണ്. ഇത് എർലിഗാങ് സംസ്കാരം, ഷെങ്ഷോ, ഷാങ്ചെങ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. രണ്ടാമത്തെ വിഭാഗം – പിൽക്കാല ഷാങ് അല്ലെങ്കിൽ യിൻ (殷) കാലഘട്ടത്തിൽ നിന്നുള്ളതാണ് – ഇത് ആധുനിക ഹെനാനിലെ അന്യാങ് പ്രവിശയ്യിലാണ്, ഇത് ഷാങ് രാജവംശത്തിന്റെ ഒൻപത് തലസ്ഥാനങ്ങളിൽ അവസാനത്തേതാണെന്ന് (ഉദ്ദേശം 1300–1046 ബി.സി.) ഉറപ്പായിട്ടുണ്ട്.[അവലംബം ആവശ്യമാണ്] അന്യാങിൽ ചൈനയുടെ ഭൂതകാലത്തെപ്പറ്റി എഴുതപ്പെട്ടരേഖകളിൽ ഏറ്റവും പഴയതും ലഭിച്ചിട്ടുണ്ട്. അസ്ഥികളിലോ കക്കകളിലോ എഴുതിയ പ്രവചന ലിഖിതങ്ങളായ ഇവ "ഓറക്കിൾ ബോണുകൾ" എന്നാണ് അറിയപ്പെടുന്നത്. ഉദ്ദേശം ബി.സി. 1200-ൽ നിന്നുള്ളതാണ് ഇവ.[15]

ഷാങ് രാജവംശത്തിൽ 31 രാജാക്കന്മാരാണുണ്ടായിരുന്നത് (ഷാങിലെ ടാങ് മുതൽ ഷാങിലെ ഷൗ രാജാവുവരെ). ഈ കാലഘട്ടത്തിൽ ചൈനക്കാർ പല ദൈവങ്ങളെ ആരാധിച്ചിരുന്നു. ഇക്കൂട്ടത്തിൽ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ദൈവങ്ങളും ആകാശദൈവങ്ങ‌ളുമുണ്ടായിരുന്നുവെങ്കിലും പരമോന്നതപദവിയിൽ ഷാങ്ഡി എന്നൊരു ദൈവമുണ്ടായിരുന്നു, ഈ ദൈവം മറ്റെല്ലാദൈവങ്ങളെയും ഭരിച്ചിരുന്നു എന്നായിരുന്നു വിശ്വാസം. ഷാങ് രാജവംശത്തിന്റെ കാലത്ത് ജീവി‌ച്ചിരുന്നവർ അവരുടെ പൂർവ്വികർ മരണാനന്തരം ദൈവങ്ങളെപ്പോലെയായി മാറും എന്ന് വിശ്വസിച്ചിരുന്നു. പൂർവ്വികർക്കും ദൈവങ്ങ‌ളെപ്പോലെ ആരാധിക്കപ്പെടാൻ ആഗ്രഹമുണ്ടെന്നും ഇവർക്ക് വിശ്വാസമുണ്ടായിരുന്നു.

റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ എന്ന ഗ്രന്ഥത്തിൽ ഷാങ് രാജവംശം ഇവരുടെ തലസ്ഥാനം ആറുപ്രാവശ്യം നീക്കിയിരുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. ഇതിൽ അവസാനത്തെ തലസ്ഥാനമായിരുന്ന (ഏറ്റവും പ്രധാനപ്പെട്ടതും ഇതായിരുന്നു) യിനിലേയ്ക്ക് ബി.സി. 1350-ൽ നീങ്ങിയത് ഈ രാജവംശത്തിന്റെ സുവർണ്ണകാലത്തിലേയ്ക്ക് നയിച്ചു. ഷാങ് രാജവംശം എന്നതിനു പകരം യിൻ രാജവംശം എന്നും ഇവരെ വിവക്ഷിക്കാറുണ്ട്. ഷാങ് രാജവംശത്തിന്റെ രണ്ടാം പകുതിയെപ്പറ്റി സൂചിപ്പിക്കാനാണ് അടുത്തകാലത്തായി യിൻ രാജവംശം എന്ന പേര് കൂടുതലായി ഉപയോഗിക്കുന്നത്.

പിൽക്കാല ചൈനയിൽ ജീവിച്ചിരുന്ന ചരിത്രകാരന്മാർക്ക് ഒരു രാജവംശം മറ്റൊന്നിന്റെ പിന്നാലെ ഭരണത്തിലെത്തുന്നതുസംബന്ധിച്ച് ധാരണയുണ്ടായിരുന്നുവെങ്കിലും ആദ്യകാല ചൈനയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കുഴഞ്ഞുമറിഞ്ഞതായിരുന്നു. അതിനാൽ ചില പണ്ഡിതർ സൂചിപ്പിക്കും പോലെ സിയ, ഷാങ് എന്നീ രാജവംശങ്ങൾ ഒരുപക്ഷേ ഒരേ കാലത്തുതന്നെ നിലവിലുണ്ടായിരുന്ന രണ്ടു രാജവംശങ്ങളായിരുന്നിരിക്കാം. ആദ്യകാല ഷൗ രാജവംശം ഷാങ് രാജവംശം നിലവിലുണ്ടായിരുന്ന കാലത്തുതന്നെ ഉണ്ടായിരുന്നു എന്നതിനും തെളിവുകളുണ്ട്.

അന്യാങ് എന്ന സ്ഥലത്തുനിന്നും ലഭിച്ച ലിഖിതങ്ങൾ ഷാങ് രാജവംശം നിലവിലുണ്ടായിരുന്നു എന്നത് സ്ഥാപിക്കുന്നുണ്ടെങ്കിലും [അവലംബം ആവശ്യമാണ്] പാശ്ചാത്യ പണ്ഡിതർ അന്യാങ് പ്രദേശത്തിന്റെ അതേ കാലത്തുതന്നെയുണ്ടായിരുന്ന ആവാസമേഖലകളെ ഷാങ് രാജവംശവുമായി ബന്ധിപ്പിക്കാൻ വിമുഖത കാട്ടുന്നുണ്ട്. ഉദാഹരണത്തിന് സാൻസിംഗ്ഡുയി എന്ന പ്രദേശത്തെ ഉദ്ഘനനത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ ഇവിടെയുണ്ടായിരുന്നത് അന്യാങിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നതും സാങ്കേതികമായി മുന്നേറിയിരുന്നതുമായ ഒരു സംസ്കാരമാണെന്നാണ്. ഷാങ് അധീശപ്രദേശങ്ങൾ അന്യാങിൽ നിന്നും എത്രത്തോളം വിദൂരപ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചിരുന്നു എന്നത് ഉറപ്പിക്കത്തക്ക തെളിവുകൾ ലഭ്യമല്ല. മുന്നിൽ നിൽക്കുന്ന സിദ്ധാന്തം ഔദ്യോഗിക രേഖകളിലുള്ള ഷാങ് രാജവംശം അന്യാങ് ഭരിച്ചിരുന്നുവെന്നും ഇവർ ഇതേസമയത്തുതന്നെ നിലവിലുണ്ടായിരുന്ന സാംസ്കാരികമായി വൈവിദ്ധ്യമുള്ള ആവാസപ്രദേശങ്ങളുമായി വ്യാപാരത്തിലേർപ്പെട്ടിരുന്നു എന്നുമാണ്.

ഷൗ രാജവംശം (1046–256 ബി.സി.)

Thumb
ഷൗ രാജവംശത്തിന്റെ കാലത്തുള്ള മത ചടങ്ങുകൾക്കുപയോഗിക്കുന്ന ഓട്ടുപാത്രം (യൗ), പടിഞ്ഞാറൻ ഷൗ രാജവംശം

തലസ്ഥാനങ്ങൾ: സിയാൻ, ലുവോയാങ്

ചൈനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശമാണ് ഷൗ രാജവംശം. ബി.സി. 1066 മുതൽ ഉദ്ദേശം ബി.സി. 256 വരെ ഇവർ ഭരണം നടത്തിയിരുന്നു. ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്തോടെ ഷൗ രാജവംശം ഷാങ് രാജവംശത്തിന്റെ അധീനപ്രദേശങ്ങൾ പിടിച്ചടക്കിക്കൊണ്ട് മഞ്ഞനദീതടത്തിൽ സ്ഥാനമുറപ്പിക്കാൻ തുടങ്ങി. ഷൗ ഇവരുടെ ഭരണം ഒരു അർത്ഥ ഫ്യൂഡൽ വ്യവസ്ഥിതിയിലാണ് ആരംഭിച്ചത്. ഷാങ് രാജ്യത്തിന്റെ പടിഞ്ഞാറായിരുന്നു ഷൗ രാജ്യത്തിന്റെ സ്ഥാനം. ഷാങ് രാജ്യത്തിന്റെ "പടിഞ്ഞാറൻ സംരക്ഷകൻ" എന്ന സ്ഥാനം ഷൗ രാജ്യത്തിന് ലഭിച്ചിരുന്നു. ഷൗ രാജ്യത്തിന്റെ ഭരണകർത്താവായിരുന്ന വു രാജാവ് തന്റെ സഹോദരനായിരുന്ന ഷൗ രാജ്യത്തിന്റെ ഡ്യൂക്കിന്റെ (ഇദ്ദേഹം റീജന്റായിരുന്നു) സഹായത്തോടെ മുയേ യുദ്ധത്തിൽ ഷാങ് രാജവംശത്തെ പരാജയപ്പെടുത്തുകയായിരുന്നു.

ഷൗ രാജാവ് ഈ അവസരത്തിൽ സ്വർഗ്ഗത്തിന്റെ അനുമതി എന്ന സിദ്ധാന്തമുപയോഗിച്ചാണ് തന്റെ ഭരണത്തിന് പിന്തുണ തേടാൻ ശ്രമിച്ചത്. ഈ സിദ്ധാന്തം പിൽക്കാലത്ത് ഒട്ടുമിക്ക രാജവംശങ്ങളിലും വളരെ സ്വീകാര്യമുള്ളതായി മാറി. ഷാങ്ഡി എന്ന ദേവതയെപ്പോലെ തന്നെ സ്വർഗ്ഗവും (ടിയാൻ) മറ്റെല്ലാ ദൈവങ്ങൾക്കും മേൽ ഭരണാധികാരമുള്ള അസ്തിത്വമായിരുന്നു. ചൈന ആരാണ് ഭരിക്കുന്നതെന്ന് തീരുമാനിച്ചിരുന്നത് ഈ ദേവതയായിരുന്നുവെന്നായിരുന്നു വിശ്വാസം. ഒരു ഭരണാധികാരിക്ക് ഭരിക്കുവാനുള്ള അധികാരം നഷ്ടപ്പെടുന്നത് പ്രകൃതി ദുരന്തങ്ങൾ ധാരാളമായി ഉണ്ടാകുമ്പോഴായിരുന്നു എന്നും ജനങ്ങളോട് ഭരണകൂടത്തിന് താല്പര്യം നഷ്ടപ്പെടുമ്പോഴോ ആയിരുന്നു എന്നായിരുന്നു വിശ്വാസം. ഇതിന്റെ അനന്തരഫലമായി ഭരണകൂടത്തെ മറിച്ചിടപ്പെടുകയും പുതിയ രാജവംശം നിലവിൽ വരുകയും ചെയ്യും.

ഷൗ ആദ്യം ഇവരുടെ തലസ്ഥാനം ആധുനിക സിയാനടുത്തുള്ള വൈയ് നദിക്കരയിലെ പ്രദേശത്തേയ്ക്ക് മാറ്റി. ഇവർ യാങ്സി നദീതടത്തിലേയ്ക്ക് സാമ്രാജ്യം വ്യാപിപ്പിക്കുകയുണ്ടായി. തെക്കോട്ടേയ്ക്ക് ചൈനയുടെ ചരിത്രത്തിൽ പലതവണയുണ്ടായ കുടിയേറ്റങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.

സ്‌പ്രിങ് ആൻഡ് ഓട്ടം കാലഘട്ടം (722–476 ബി.സി.)

Thumb
ചൈനീസ് പു പാത്രത്തിൽ ഡ്രാഗൺ ഡിസൈൻ കാണാം. സ്പ്രിംഗ് ആൻഡ് ഓട്ടം കാലഘട്ടത്തിലേത്

തലസ്ഥാനങ്ങൾ: യാൻ രാജ്യത്തിന്റേത് - ബൈജിംഗ്; ക്വിൻ രാജ്യത്തിന്റേത്, സിയാൻ

ബി.സി എട്ടാം നൂറ്റാണ്ടിൽ രാജ്യാധികാരം വികേന്ദ്രീകൃതമാകുകയുണ്ടായി. ഈ കാലഘട്ടം സ്‌പ്രിങ് ആൻഡ് ഓട്ടം കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. സ്പ്രിംഗ് ആൻഡ് ഓട്ടം അന്ന‌ൽസിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഈ കാലത്ത് പ്രാദേശിക സൈനിക നേതാക്കന്മാർ അവരുടെ അധികാരമുറപ്പിക്കുകയും മേൽക്കോയ്മയ്ക്കായി യുദ്ധം ചെയ്യുകയും ആരംഭിച്ചു. വടക്കുപടിഞ്ഞാറുനിന്നും ആക്രമണങ്ങൾ നടന്നത് ഈ സ്ഥിതി കൂടുതൽ മോശമാക്കി. ക്വിൻ ഇത്തരത്തിൽ ആക്രമണം നടത്തിയ ഒരു രാജ്യമാണ്. ഇതെത്തുടർന്ന് ഷൗ രാജ്യം അവരുടെ തലസ്ഥാനം കിഴക്ക് ലുവോയാങിലേയ്ക്ക് മാറ്റുകയുണ്ടായി. ഇതാണ് ഷൗ രാജവംശത്തിന്റെ ഭരണകാലത്തിന്റെ രണ്ടാമത്തെ പ്രധാന ഘട്ടത്തിന്റെ ആരംഭം. കിഴക്കൻ ഷൗ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഷൗ സാമ്രാജ്യത്തിന്റെ കേന്ദ്രീകൃത അധികാരം സ്പ്രിംഗ് ആൻഡ് ഓട്ടം കാലഘട്ടത്തിൽ നഷ്ടപ്പെട്ടു. ഇതെത്തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്. ഇവിടെയൊക്കെ ഭരണാധികാരികൾ രാഷ്ട്രീയാധികാരം കൈവശം വച്ചുവെങ്കിലും പേരിനുമാത്രം ഷൗ നേതൃത്ത്വത്തെ അംഗീകരിച്ചിരുന്നു. ചില പ്രാദേശികനേതാക്കൾ രാജാധികാരം സൂചിപ്പിക്കുന്ന പേരുകളും ഉപയോഗിക്കാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ ചൈനയിൽ നൂറുകണക്കിനു രാജ്യങ്ങളുണ്ടായിരുന്നു. ഇതിൽ മിക്കതിനും ഒരു ഗ്രാമത്തിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.

ഹൺഡ്രഡ് സ്കൂൾസ് ഓഫ് തോട്ട് എന്ന ചൈനീസ് തത്ത്വചിന്താധാര ഈ കാലഘട്ടത്തിലാണ് ഉയർന്നുവന്നത്. കൺഫ്യൂഷ്യാനിസം, ടാവോയിസം, ലീഗലിസം മോഹിസം എന്നീ തത്ത്വചിന്തകൾ ഈ സമയത്താണ് ആരംഭിച്ചത്. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നിരിക്കണം ഇവയുടെ ഉത്തേജനം.

യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടം (476–221 ബി.സി.)

പല തലസ്ഥാനങ്ങളാണുണ്ടായിരുന്നത് - പല രാജ്യങ്ങളുണ്ടായിരുന്നു എന്നതായിരുന്നു ഇതിനു കാരണം.

ബി.സി. അഞ്ചാം നൂറ്റാണ്ടോടെ രാഷ്ട്രീയമായ ഏകീകരണം ശക്തമാവുകയും ഏഴ് രാജ്യങ്ങൾ ബാക്കിയാവുകയും ചെയ്തു. ഈ ഏഴു രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തിരുന്ന കാലഘട്ടത്തെയാണ് വാറിംഗ് സ്റ്റേറ്റ്സ് കാലഘട്ടം എന്നുവിളിക്കുന്നത്. ബി.സി. 256 വരെ പേരിനു മാത്രം ഒരു ഷൗ രാജാവ് നിലവിലുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് തീരെ അധികാരമുണ്ടായിരുന്നില്ല.

ഈ ഏഴു രാജ്യങ്ങളുടെ സമീപപ്രദേശങ്ങളായ സിച്ചുവാൻ, ലിയാവോണിംഗ് എന്നിവ രാജ്യങ്ങളോട് കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി. കമാൻഡറി, പ്രിഫെക്ചർ (郡縣/郡县) എന്നീ സംവിധാനങ്ങളുപയോഗിച്ചാണ് ഈ പ്രദേശങ്ങൾ ഭരിച്ചിരുന്നത്. ഷെങ്, സിയാൻ (പ്രവിശ്യ, കൗണ്ടി, 省縣/省县) എന്ന തരത്തിലുള്ള വിഭജനം ഇപ്പോഴും ചൈനയിലുണ്ട്. ഇത് സ്‌പ്രിങ് ആൻഡ് ഓട്ടം കാലഘട്ടത്തിൽ നിലവിൽ വന്ന സംവിധാനത്തിന്റെ ബാക്കിപത്രമാണ്.

ക്വിൻ രാജാവായിരുന്ന യിങ് ഷെങ് എന്നയാളുടെ കാലത്താണ് ഈ കാലഘട്ടത്തിലെ അവസാന രാജ്യവികസനം നടപ്പിലായത്. ഇദ്ദേഹം മറ്റ് ആറു രാജ്യങ്ങളെയും കീഴടക്കുകയും ഷെജിയാങ്, ഫ്യൂജിയാൻ, ഗുവാങ്ഡോങ്, ഗുവാങ്ക്സി എന്നീ പ്രദേശങ്ങൾ ബി.സി. 214-ഓടെ കീഴടക്കുകയും ചെയ്തു. ഇദ്ദേഹം സ്വയം ആദ്യ ചക്രവർത്തിയായി (ക്വിൻ ഷി ഹുവാങ്) അവരോധിച്ചു.

Remove ads

ചൈനീസ് സാമ്രാജ്യം

ക്വിൻ രാജവംശം (221–206 ബി.സി.)

Thumb
ക്വിൻ ഷി ഹുവാങ്

തലസ്ഥാനം: സിയാൻയാങ് ക്വിൻ രാജവംശം സ്ഥാപിച്ചതുമുതൽ ക്വിങ് രാജവംശം ഇല്ലാതായതുവരെയുള്ള സമയമാണ് ചരിത്രകാരന്മാർ ചൈനീസ് സാമ്രാജ്യകാലമായി കണക്കാക്കുന്നത്. ആദ്യ ക്വിൻ ചക്രവർത്തിയുടെ കീഴിലുള്ള ഏകീകൃത ഭരണകൂടം 12 വർഷം മാത്രമേ നിലനിന്നൂവെങ്കിലും ഹാൻ ചൈനീസ് സ്വദേശത്തിന്റെ ഭൂരിപക്ഷം പ്രദേശവും ഒരു കേന്ദ്രീകൃത ലീഗലിസ്റ്റ് ഭര‌ണകൂടത്തിന്റെ കീഴിൽ കൊണ്ടുവരാൻ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ തലസ്ഥാനമായ സിയാന്യാങ് (ആധുനിക സിയാന് അടുത്ത്) ആയിരുന്നു ഭരണകേന്ദ്രം. ചക്രവർത്തിയുടെ പരമാധികാരവും നിയമവ്യവസ്ഥയോടുള്ള കീഴ്പ്പെടലുമായിരുന്നു ലീഗലിസത്തിന്റെ കാതൽ. ഈ തത്ത്വശാസ്ത്രം സൈനികനടപടിയിലൂടെ രാജ്യം വികസിപ്പിക്കുന്നതിന് സഹായകമായിരുന്നുവെങ്കിലും സമാധാനകാലത്ത് രാജ്യം ഭരിക്കുവാൻ സഹായകമായിരുന്നില്ല. ക്വിൻ ചക്രവർത്തി [when defined as?] രാഷ്ട്രീയ എതിരാളികളെ ക്രൂരമായി അടിച്ചമർത്തുകയുണ്ടായി. ഗ്രന്ഥങ്ങൾ കത്തിക്കുകയും പണ്ഡിതരെ കുഴുച്ചുമൂടുകയും ചെയ്യുക എന്ന സംഭവവും ഇതിന്റെ ഭാഗമായിരുന്നു. പിൽക്കാലത്ത് ഹാൻ ഭരണാധികൾ ഇത്രമാത്രം തീവ്രനിലപാടുകളില്ലാത്ത രാഷ്ട്രീയ തത്ത്വശാസ്ത്ര‌ങ്ങൾ സ്വീകരിക്കുന്നതിന് ഇത് കാരണമായി.

Thumb
ക്വിൻ ഷി ഹുവാങിന്റെ കളിമൺ സൈന്യം.

ചൈനയിലെ വന്മതിലിന്റെ നിർമ്മാണമാരംഭിച്ചത് ക്വിൻ രാജവംശമാണ്, മിങ് രാജവംശത്തിന്റെ കാലത്ത് ഇത് കൂടുതൽ വിപുലമാക്കപ്പെട്ടിരുന്നു. കേന്ദ്രീകൃത ഭരണകൂടം എന്ന ആശയം, നിയമവ്യവസ്ഥയുടെ ഏകീകരണം, എഴുത്തുഭാഷയുടെ വികാസം, അളവുകൾ ഏകീകരിക്കൽ, നാണയസംവിധാനം എന്നിവയൊക്കെ ക്വിൻ രാജവംശത്തിന്റെ സംഭാവനകളാണ്. കാളവണ്ടികളുടെയും മറ്റും ആക്സിലിന്റെ നീളം പോലും ക്വിൻ രാജവംശക്കാലത്ത് ഏകീകരിക്കപ്പെട്ടു. ഇത് സാമ്രാജ്യമാകെ ഒരു ഏകീകൃത വ്യാപാരസംവിധാനം വരുന്നതിന് സഹായകമായി.

ഹാൻ രാജവംശം (202 ബി.സി.–എ.ഡി. 220)

തലസ്ഥാനങ്ങൾ: ചാങ്'ആൻ, ലുവോയാങ്, ലിയാങ്, ക്സുചാങ്

പടിഞ്ഞാറൻ ഹാൻ

Thumb
നിരക്കി അടയ്ക്കാവുന്ന മൂടിയോടു കൂടിയ ഒരു എണ്ണവിളക്ക് (ഹാൻ രാജവംശത്തിന്റെ കാലത്തുള്ളത്). ബി.സി. രണ്ടാം നൂറ്റാണ്ടിലേത്. മുട്ടുകുത്തിയിരിക്കുന്ന ഒരു ജോലിക്കാരിയുടെ രൂപമാണിതിന്.

ഹാൻ രാജവംശം സ്ഥാപിച്ചത് ലിയു ബാങ് ചക്രവർത്തിയാണ്. ക്വിൻ രാജവംശത്തിന്റെ പതനത്തിനു ശേഷമുണ്ടായ ആഭ്യന്തരയുദ്ധത്തിൽ വിജയിയായത് ഇദ്ദേഹമായിരുന്നു. ഹാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു. ദീർഘകാലം സ്ഥിരതയോടെയും സാമ്പത്തിക അഭിവൃദ്ധിയോടെയും നിലനിന്ന ഹാൻ രാജവംശം കേന്ദ്രീകൃത ഉദ്യോഗസ്ഥവൃന്ദത്തിന്റെ മേൽനോട്ടത്തിലുള്ള സാമ്രാജ്യം എന്ന സംവിധാനം ചൈനയിൽ നിലയുറപ്പിക്കുന്നതിന് കാരണമായി. ചില ചെറിയ ഇടവേളകൾ ഒഴിച്ചാൽ അടുത്ത രണ്ടു സഹസ്രാബ്ദങ്ങൾ ഈ സാമ്രാജ്യം നിലനിൽക്കുകയുണ്ടായി. ഹാൻ രാജവംശത്തിന്റെ കാലത്ത് ചൈനയുടെ കീഴിലുള്ള പ്രദേശം യധാർത്ഥ ചൈന എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂരിഭാഗത്തും വ്യാപിച്ചു. പടിഞ്ഞാറേയ്ക്കും ഈ സാമ്രാജ്യം വ്യാപിക്കുകയുണ്ടായി. കൺഫ്യൂഷ്യാനിസം ഔദ്യോഗിക യാഥാസ്ഥിതിക സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു. ചൈനീസ് സംസ്കാരം, കല, സംസ്കൃതി, ശാസ്ത്രം എന്നിവയെല്ലാം ഇതിനുമുൻപില്ലാതിരുന്ന ഉയരങ്ങളിലേയ്ക്ക് ഉയർന്നു. ഈ രാജവംശത്തിന്റെ സ്വാധീനം കാരണം ചൈനീസ് ജനതയ്ക്ക് "ഹാൻ" എന്ന വിളിപ്പേരുതന്നെ ലഭിക്കുകയുണ്ടായി, ഇപ്പോൾ ചൈനയിലെ സ്വാധീനമുള്ള വംശീയ വിഭാഗമാണ് ഇത്. ചൈനീസ് ഭാഷ, ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട്.

വെൻ, ജിങ് എന്നിവരുടെ ആദ്യകാലത്തെ അയഞ്ഞ നയങ്ങൾക്കുശേഷം വു ചക്രവർത്തി സാമ്രാജ്യത്തെ അതിന്റെ പരമോന്നതിയിൽ എത്തിച്ചു. തന്റെ അധികാരം ഉറപ്പിക്കുവാനായി സ്ഥിരതയും നല്ല ഘടനയുള്ള സമൂഹവും വിഭാവനം ചെയ്യുന്ന കൺഫൂഷ്യാനിസം സാമ്രാജ്യത്തിന്റെ പ്രധാന ചിന്താധാരയായി ഇദ്ദേഹം ഉയർത്തിപ്പിടിച്ചു. ഈ തത്ത്വശാസ്ത്രത്തിന്റെ പഠനം പ്രോത്സാഹിപ്പിക്കാനായി സാമ്രാജ്യ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടു. മറ്റുള്ള ചിന്താധാരകൾ നിരുത്സാഹപ്പെടുത്തപ്പെട്ടു.

നാടോടികളായിരുന്ന സിയോൺഗ്നു സാമ്രാജ്യത്തിനെതിരേ പ്രധാന്യമർഹിക്കുന്ന സൈനികനടപടികൾ എടുക്കുകയുണ്ടാായി. ഇവരുടെ സ്വാധീനം ചൈനീസ് വന്മതിലിന് വടക്കായി ചുരുക്കാൻ ഇതിലൂടെ സാധിച്ചു. ഷാങ് ക്വിയാന്റെ നേതൃത്വത്തിലുള്ള നയതന്ത്രശ്രമങ്ങളിലൂടെ ചൈനീസ് സാമ്രാജ്യത്തിന്റെ സ്വാധീനമേഖല പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു. ചൈനയെയും പാശ്ചാത്യരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സിൽക്ക് റോഡ് ഇക്കാലത്ത് തുറക്കപ്പെട്ടു. ഇതിലൂടെ വ്യാപാരവും സാംസ്കാരിക കൈമാറ്റങ്ങളും ഉത്തേജിക്കപ്പെട്ടു. യാങ്ക്സി നദീതടത്തിനു തെക്കുള്ള ധാരാളം ചെറു രാജ്യങ്ങൾ ഔദ്യോഗികമായി സാമ്രാജ്യത്തിന്റെ ഭാഗമായി.

ബൈയുവേ ഗോത്രവർഗ്ഗക്കാർക്കെതിരേ വു ചക്രവർത്തി ധാരാളം സൈനികനീക്കങ്ങൾ നടത്തി. ബി.സി. 135-ൽ ഹാൻ ചൈനക്കാർ മിനുവേ കീഴടക്കി. ബി.സി. 111-ൽ [Han–Nanyue War|നനുവേ രാജ്യവും]], ബി.സി. 109-ൽ ഡയാൻ രാജ്യവും കീഴ്പ്പെടുത്തപ്പെട്ടു.[16] സൈനിക നടപടികളും കുടിയേറ്റവും കാരണം തെക്കൻ പ്രദേശങ്ങൾ സാംസ്കാരികമായി ചൈനയുടെ ഭാഗമായി മാറി.[17] ഇത് ഹാൻ ചൈനക്കാരെ ദക്ഷിണപൂർവ്വേഷ്യയിലെ രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനു വഴിവയ്ക്കുകയും ഇതുവഴി നയതന്ത്രവും വ്യാപാരവും വർദ്ധിക്കുകയും ചെയ്തു.[18]

വു ചക്രവർത്തിക്കുശേഷം, സാമ്രാജ്യത്തിന്റെ വളർച്ച നിലയ്ക്കുകയും ക്രമേണ അധോഗതിയിലേയ്ക്ക് നീങ്ങുകയുമാണുണ്ടായത്. ധാരാളം സൈനികനീക്കങ്ങളും പദ്ധതികളും കാരണം ഖജനാവ് തകർന്നു. കുലീന കുടുംബങ്ങൾ ഭൂമി കയ്യടക്കിയത് ക്രമേണ നികുതിവരുമാനം കുറയുന്നതിന് കാരണമായി. പല കുടുംബക്കാരും ഗുണമില്ലാത്ത ചക്രവർത്തിമാരുടെ മേൽ നിയന്ത്രണം ചെലുത്താൻ തുടങ്ങി. അവസാനം ഹാൻ രാജവംശത്തിന്റെ ഭരണം വാങ് മാങിന്റെ ഇടപെടലോടെ കുറച്ചുകാലം തുടർച്ചനഷ്ടപ്പെട്ടുപോകുന്നതിലേയ്ക്ക് കാര്യങ്ങളെത്തി.

സിൻ രാജവംശം

എ.ഡി. 9-ൽ വാങ് മാങ് എന്നയാൾ സ്വർഗ്ഗത്തിന്റെ അനുമതി അവകാശപ്പെടുകയും ഹാൻ രാജവംശം അവസാനിപ്പിച്ച് തന്റെ രാജംവശം ആരംഭിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇദ്ദേഹം കുറച്ചുകാലം മാത്രം നീണ്ടുനിന്ന സിൻ ("പുതിയ") രാജവംശം ആരംഭിച്ചു. വാങ് മാങ് ഭൂപരിഷ്കരണത്തിനും സാമ്പത്തികപരിഷ്കരണത്തിനും ഒരു വലിയ പദ്ധതി ആരംഭിച്ചു. ഇദ്ദേഹം അടിമത്തം നിരോധിക്കുകയും ഭൂമി കണ്ടുകെട്ടി ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഈ പദ്ധതികൾ ഭൂവുടമകൾ അംഗീകരിച്ചിരുന്നില്ല. കർഷകത്തൊഴിലാളികൾക്ക് അനുകൂലമായിരുന്നു ഈ നിലപാടുകൾ എന്നതായിരുന്നു ഭൂവുടമകളുടെ എതിർപ്പിനു കാരണം. ഇതുമൂലമുണ്ടായ അസ്ഥിരത കലാപങ്ങൾക്കും പ്രവിശ്യാനഷ്ടങ്ങൾക്കും മറ്റും കാരണമായി. ഇതിനൊപ്പം മഞ്ഞനദിയിൽ ഭീമമായ വെള്ളപ്പൊക്കവുമുണ്ടായി. അടിഞ്ഞുകൂടിയ ചെളി കാരണം നദി രണ്ട് ശാഖകളായി വിഭജിക്കുകയും ഇത് ധാരാളം കൃഷിക്കാർ അഭയാർത്ഥികളാകുന്നതിന് കാരണമാവുകയും ചെയ്തു. വേയ്‌യാങ് കൊട്ടാരത്തിൽ രോക്ഷാകുലരായ ഒരു കർഷകസംഘം വാങ് മാങിനെ കൊല്ലുകയായിരുന്നു.

കിഴക്കൻ ഹാൻ

ഗുവാൻഗു ചക്രവർത്തി ഭൂവുടമകളായ കുടുംബങ്ങളുടെയും വ്യാപാരികളുടെയും സഹായത്തോടെ ലുവോയാങിൽ ഹാൻ രാജവംശം പുനസ്ഥാപിച്ചു. ഇത് പഴയ തലസ്ഥാനമായ സിനാന്റെ കിഴക്കായിരുന്നു. അതിനാൽ ഈ കാലഘട്ടത്തെ കിഴക്കൻ ഹാൻ രാജവംശം എന്നു വിളിക്കുന്നു. മിങ് ചക്രവർത്തി, ഷാങ് ചക്രവർത്തി എന്നിവർ കഴിവുള്ള ഭരണാധികാരികളായിരുന്നു. ക്രമേണ രാജവംശത്തിന് പഴയ പ്രതാപം തിരികെ ലഭിച്ചു. സൈനികവും സാംസ്കാരികവുമായ പല നേട്ടങ്ങളും ഇക്കാലത്തുണ്ടായി. സിയോൻഗ്നു സാമ്രാജ്യത്തെ പൂർണ്ണമായി പരാജയപ്പെടുത്തിയത് ഇക്കാലത്താണ്. നയതന്ത്രജ്ഞനും സേനാധിപനുമായിരുന്ന ബാൻ ചാവോ നേട്ടങ്ങൾ പാമിർ മുതൽ കാസ്പിയൻ കടൽ വരെ വ്യാപിപ്പിച്ചു.[19] ഇതോടെ സിൽക്ക് റോഡ് വീണ്ടും തുറക്കുകയും വ്യാപാരവും വിദേശസംസ്കാരങ്ങളുമായുള്ള ബന്ധങ്ങളും മറ്റും പുനരാരംഭിക്കുകയും ചെയ്തു. ബുദ്ധമതം ചൈനയിലെത്താനും ഇത് വഴിവച്ചു. പാശ്ചാത്യലോകവുമായുള്ള വിപുലമായ ബന്ധങ്ങൾ കാരണം ചൈനയിൽ റോമൻ നയതന്ത്രകാര്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഇക്കാലത്ത് ആരംഭം കുറിക്കുകയുമുണ്ടായി. എ.ഡി. 166-ൽ കടൽ വഴിയും പിന്നീട് എ.ഡി. 284-ലും ഇത്തരം നയതന്ത്ര ബന്ധമുണ്ടായതായി രേഖകളുണ്ട്.

പുരാതന ചൈനയിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഏറ്റവും കൂടുതൽ പുരോഗതിയുണ്ടായത് കിഴക്കൻ ഹാൻ രാജവംശത്തിന്റെ കാലത്താണ്. കായി ലൺ പേപ്പറുണ്ടാക്കുന്നത് കണ്ടെത്തിയത് ഷാങ് ഹെങ് എന്ന ശാസ്ത്രവിശാരദന്റെ കണ്ടെത്തലുകൾ എന്നിവ ഇതിൽ പ്രധാനമാണ്.

രാജ്ഞിമാരുടെ കുടുംബങ്ങളും ശിഖണ്ഡികളും തമ്മിലുള്ള കിടമത്സരങ്ങളും ഭൂമി കയ്യേറ്റങ്ങളും ആക്രമണങ്ങളും കാരണം രണ്ടാം നൂറ്റാണ്ടോടെ ഈ സാമ്രാജ്യം നാശോന്മുഖമാവുകയുണ്ടായി. എ.ഡി. 184-ൽ മഞ്ഞത്തലപ്പാവുകലാപം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ യുദ്ധപ്രഭുക്കളുടെ കാലം ആരംഭിച്ചു. ഇതെത്തുടർന്ന് മൂന്നു രാജ്യങ്ങളുടെ കാലഘട്ടത്തിൽ മൂന്നു രാജ്യങ്ങൾ മുൻപന്തിയിലെത്താനുള്ള ശ്രമങ്ങൾ നടത്താൻ തുടങ്ങി. റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ് മുതലായ കൃതികളിൽ ഈ കാലഘട്ടം കാൽപ്പനികമായി ചിത്രീകരിച്ചിട്ടുണ്ട്.

വൈ, ജിൻ കാലഘട്ടം (എ.ഡി. 265–420)

തലസ്ഥാനങ്ങൾ: കാവോ വേയ്, പടിഞ്ഞാറൻ ജിൻ എന്നിവയുടേത്: ലുവോയാങ്; ഷു ഹാനിന്റേത്, ചെങ്ക്ഡു; കിഴക്കൻ വുവിന്റേതും കിഴക്കൻ ജിനിന്റേതും: ജിയാൻകാങ്; പടിഞ്ഞാറൻ ജിൻ: ചാങ്'ആൻ

വടക്കൻ പ്രദേശം 208-ൽ കാവോ കാവോ ഏകീകരിച്ചശേഷം ഇദ്ദേഹത്തിന്റെ മകൻ 220-ൽ വേയ് രാജവംശം സ്ഥാപിച്ചു. ഇതിനുശേഷം വേയ്-യുടെ ശത്രുക്കളായ ഷൂ, വൂ എന്നിവർ ഇവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതോടെ ചൈനയിൽ മൂന്നു രാജ്യങ്ങളുടെ കാലഘട്ടം ആരംഭിച്ചു. ക്വിൻ, ഹാൻ എന്നീ സാമ്രാജ്യങ്ങളുടെ കാലത്ത് നില നിന്നിരുന്ന കേന്ദ്രീകൃത വ്യവസ്ഥ ക്രമേണ വികേന്ദ്രീകൃത വ്യവസ്ഥയ്ക്ക് വഴിമാറിയതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. വലിയ കുടുംബങ്ങളുടെ ശക്തി ക്രമേണ വർദ്ധിച്ചുവന്നു. 280-ൽ മൂന്നു രാജ്യങ്ങൾ ജിൻ രാജവംശം ഏകീകരിച്ചുവെങ്കിലും ഈ വികേന്ദ്രീകൃത സംവിധാനം വു ഹു കലാപം വരെ തുടർന്നു.

വു ഹു കാലഘട്ടം (AD 304–439)

പരസ്പരം യുദ്ധം ചെയ്തിരുന്ന ഒരുപാട് രാജ്യങ്ങൾ ഉണ്ടായിരുന്നതുകാരണം ധാരാളം തലസ്ഥാനങ്ങൾ ഉണ്ടായിരുന്നു.

ജിൻ സാമ്രാജ്യത്തിലെ ആഭ്യന്തരയുദ്ധം മുതലെടുത്ത് ഇതേസമയത്തു നിലവിലുണ്ടായിരുന്ന ഹാൻ വംശജരല്ലാത്ത ചൈനീസ് വംശജരായ ആൾക്കാർ (വു ഹു) നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ നല്ലൊരു ഭാഗം വരുതിയിലാക്കി. ഇത് യാങ്സി നദിയുടെ തെക്കോട്ട് ഹാൻ ചൈനീസ് വംശജർ വലിയതോതിൽ കുടിയേറുന്നതിന് കാരണമായി. 303-ൽ ഡി ജനത കലാപമുയർത്തുകയും ചെങ്ഡു പിടിച്ചടക്കി ചെങ് ഹാൻ രാജ്യം സ്ഥാപിക്കുകയും ചെയ്തു. ലിയു യുവാൻ എന്നയാളുടെ നേതൃത്വത്തിൽ സിയോൻഗ്നു ഇന്നത്തെ ലിൻഫെൻ കൗണ്ടിയുടെ സമീപം കലാപമുയർത്തി ഹാൻ ഷാവോ എന്ന രാജ്യം സ്ഥാപിച്ചു. ലിയു കോങ് അവസാനത്തെ രണ്ട് പടിഞ്ഞാറൻ ജിൻ ചക്രവർത്തിമാരെ പിടികൂടി വധിച്ചു. നാലും അഞ്ചും നൂറ്റാണ്ടുകളിലെ ഒരു ചെറിയ കാലയളവിൽ വടക്കൻ ചൈനയുടെ മുഴുവൻ പ്രദേശങ്ങളോ ഭാഗികമായ മേഖലകളോ ഭരിച്ചിരുന്ന ചൈനക്കാരല്ലാത്ത രാജവംശങ്ങളാണ് പതിനാറു രാജ്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഇക്കൂട്ടത്തിൽ പല വംശജരും ഉണ്ടായിരുന്നു. തുർക്കികളുടെ പൂർവ്വികർ, മംഗോളുകൾ, ടിബറ്റുകാർ എന്നിവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരം നാടോടികളായ ആൾക്കാർ അധികാരത്തിലെത്തുന്നതിന് വളരെ മുമ്പുതന്നെ ഒരളവുവരെ "ചൈനീസ് സംസ്കാരവുമായി താദാത്മ്യം പ്രാപിച്ചിരുന്നു". ക്വിങ്, സിയോഗ്നു എന്നിവയെപ്പോലുള്ള വംശങ്ങളിൽ പെട്ടവരെ ഹാൻ രാജവംശത്തിന്റെ അവസാന കാലം മുതൽക്കുതന്നെ വന്മതിലിനുള്ളിൽ താമസിക്കാൻ അനുവദിച്ചിരുന്നു.

Thumb
വടക്കൻ ക്വി രാജവംശത്തിന്റെ കാലത്തുള്ള ചുണ്ണാമ്പുകല്ല് കൊണ്ടുള്ള ഒരു ബോധിസത്വന്റെ പ്രതിമ. എ,ഡി. 570-ൽ നിന്ന്. ആധുനിക ഹെനാൻ പ്രവിശ്യയിലാണ് ഇത് നിർമിച്ചത്.

‌തെക്കൻ രാജവശവും വടക്കൻ രാജവംശവും (എ.ഡി. 420–589)

തലസ്ഥാനങ്ങൾ: വടക്കൻ രാജവംശങ്ങളുടേത്: യെ, ചാങ്'ആൻ, തെക്കൻ രാജവംശങ്ങളുടേത്: ജിയാൻകാങ്

കിഴക്കൻ ജിൻ രാജവംശം 420-ൽ തകർന്നതോടെ ചൈന വടക്കും തെക്കും രാജവംശങ്ങളുടെ കാലഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. ഹാൻ വംശജർ വടക്കുനിന്നുള്ള നാടോടി വംശജരുടെ (സിയാൻബേയി പോലെയുള്ളവർ) ആക്രമണങ്ങൾ നേരിട്ട് പിടിച്ചുനിന്നു. ഇവരുടെ സംസ്കാരം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു.

തെക്കൻ ചൈനയിൽ രാജസദസ്സിലും കുലീനർക്കിടയിലും ബുദ്ധമതത്തെ നിലനിൽക്കാനനുവദിക്കണോ എന്നതുസംബന്ധിച്ച ചർച്ചകൾ ഇടയ്ക്കിടെ നടന്നുകൊണ്ടിരുന്നു. തെക്കൻ രാജവംശത്തിന്റെയും വടക്കൻ രാജവംശത്തിന്റെയും അവസാനസമയത്ത് ബുദ്ധമതക്കാരും ടാവോയിസ്റ്റുകളും അന്തിമമായി രമ്യതയിലെത്തുകയും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിക്കുകയും ചെയ്തു.

589-ൽ സുയി രാജവംശം അവസാന തെക്കൻ രാജവംശമായ ചെൻ സാമ്രാജ്യത്തെ സൈനികശക്തിയുപയോഗിച്ച് പിടിച്ചടക്കിയതോടെ ഈ കാലഘട്ടത്തിന് അവസാനമായി.

മദ്ധ്യകാല ചൈന

സൂയി രാജവംശം (എ.ഡി. 589–618)

ഔദ്യോഗിക തലസ്ഥാനം: ഡാക്സിംഗ്; ദ്വിതീയതലസ്ഥാനം: ഡോങ്ഡു

നാലു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രാഷ്ട്രീയ ശൈധില്യത്തിനുശേഷം 589-ൽ സൂയി രാജവംശം രാജ്യത്തെ വീണ്ടും ഏകീകരിച്ചു. ഈ രാജവംശത്തിന്റെ സംഭാവന ഇത് നിലനിന്ന കാലവുമായി തട്ടിച്ചുനോക്കിയാൽ വളരെ വലുതായിരുന്നു. സുയി വീണ്ടും ചൈനയെ ഏകീകരിക്കുകയും പിൻഗാമികളായ ടാങ് രാജവംശം സ്വീകരിച്ച പല ഭരണസ്ഥാപനങ്ങളും കൊണ്ടുവരുകയും ചെയ്തു. മൂന്നു വകുപ്പുകളും ആറു മന്ത്രാലയങ്ങളും എന്ന സംവിധാനം, ഏകീകരിച്ച നാണയസംവിധാനം, പ്രതിരോധസംവിധാനത്തിന്റെ മെച്ചപ്പെടുത്തൽ, വന്മതിലിന്റെ വികസനം, ബുദ്ധമതത്തിനുള്ള ഔദ്യോഗിക പിന്തുണ എന്നിവയായിരുന്നു ഇവയിൽ പ്രധാനപ്പെട്ടത്. ക്വിൻ രാജവംശത്തെപ്പോലെ സുയി രാജവംശവും തങ്ങളുടെ വിഭവങ്ങളെ അമിതമായി ഉപയോഗിക്കുകയും അതുമൂലമുള്ള തകർച്ച നേരിടുകയും ചെയ്തു.

ടാങ് രാജവംശം (എ.ഡി. 618–907)

Thumb
ഉദ്ദേശം എ.ഡി. 700-ൽ നിന്നുള്ള ടാങ് രാജവംശക്കാലത്തെ മൂന്നു നിറമുള്ള ഗ്ലേസ് പോർസലിൻ കുതിര.

തലസ്ഥാനങ്ങൾ: ചാങ്'ആൻ ലുവോയാങ്

ടാങ് രാജവംശം സ്ഥാപിച്ചത് ഗാവോസു ചക്രവർത്തിയായിരുന്നു. 618 ജൂൺ 18-നായിരുന്നു ഇത്. ഇക്കാലം ചൈനീസ് ചരിത്രത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. കല, സാഹിത്യം (പ്രത്യേകിച്ച് കവിത), സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കാര്യമായ പുരോഗതിയാണുണ്ടായത്. ബുദ്ധമതം സാധാരണക്കാരുടെ പ്രധാന മതമായി മാറി. ചാങ്'ആൻ (ആധുനിക സി'ആൻ) എന്ന ദേശീയ തലസ്ഥാനം ആ സമയത്ത് ലോകത്തിലുണ്ടായിരുന്ന ഏറ്റവും വലിയ നഗരമായിരുന്നു.

രണ്ടാമത്തെ ചക്രവർത്തിയായ ടായിസോങ് നാടോടി ഗോത്രങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാനായും അതിർത്തി വികസിപ്പിക്കാനായും അയൽ രാജ്യങ്ങളെ കീഴ്പ്പെടുത്തുവാനായും സൈനിക നീക്കങ്ങൾ നടത്തി. കപ്പം കൊടുക്കുന്ന രാജ്യങ്ങളുൾപ്പെട്ട സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു. ടാരിം ബേസിനിലെ സൈനികവിജയങ്ങൾ സിൽക്ക് റോഡ് തുറന്നിരിക്കുന്നതിന് സഹായകമായി. തെക്ക് ഗുവാങ്ഷു പോലുള്ള തുറമുഖനഗരങ്ങളിൽ നിന്ന് ലാഭകരമായ കടൽ വ്യാപാരം ആരംഭിച്ചു. വിദൂര രാജ്യങ്ങളുമായി കാര്യമായ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. പല വിദേശ വ്യാപാരികളും ചൈനയിൽ താമസമാക്കുകയുണ്ടായി. ഇത് ഒരു സമ്മിശ്ര സംസ്കാരം നിലവിൽ വരുവാൻ സഹായകമായി. ടാങ് സംസ്കാരം, സാമൂഹിക സംവിധാനങ്ങൾ എന്നിവ ജപ്പാൻ പോലെയുള്ള സമീപരാജ്യങ്ങൾ അനുകരിക്കുകയുണ്ടായി. ആന്തരികമായി ഗ്രാന്റ് കനാൽ രാഷ്ട്രീയ ഹൃദയമായ ചഗാനെ കിഴക്കും തെക്കുമുള്ള സാമ്പത്തിക, കാർഷിക കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചു.

ആദ്യകാല ടാങ് രാജവംശത്തിന്റെ അഭിവൃദ്ധിക്കു കാരണമായത് ശക്തമായ കേന്ദ്രീകൃത ഉദ്യോഗസ്ഥസംവിധാനവും കാര്യക്ഷമമായ രാഷ്ട്രീയവുമായിരുന്നു. ഭരണകൂടം "മൂന്നു വകുപ്പുകളൂം ആറു മന്ത്രാലയങ്ങളും" എന്ന നിലയിൽ വിഭജിക്കപ്പെട്ടിരുന്നു. നയങ്ങൾ തയ്യാറാക്കുക പുനഃപരിശോധ്ക്കുക നടപ്പിലാക്കുക എന്ന ജോലികൾ പ്രത്യേകമായായിരുന്നു നടപ്പിൽ വന്നിരുന്നത്. ഈ വകുപ്പുകൾ രാജകുടുംബത്തിലെ അംഗങ്ങളും പണ്ഡിതരായ ഉദ്യോഗസ്ഥരുമായിരുന്നു നോക്കി നടത്തിയിരുന്നത്. ഇവരെ സാമ്രാജ്യതലത്തിലുള്ള പരീക്ഷയിലൂടെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ടാങ് രാജവംശത്തിന്റെ കാലത്ത് വ്യവസ്ഥാപിതമായ് ഈ സംവിധാനങ്ങൾ ചെറിയ മാറ്റങ്ങളോടെ പിൽക്കാല രാജവംശങ്ങളും സ്വീകരിച്ചിരുന്നു.

മുഴുവൻ ഭൂമിയും ചക്രവർത്തിയുടേതാണെന്നായിരുന്നു ടാങ് കാലഘട്ടത്തെ ഭൂനയം. "ഈക്വൽ ഫീൽഡ് സിസ്റ്റം" എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭൂമി ജനങ്ങൾക്ക് ആനുപാതികമായി അനുവദിച്ചുനൽകുകയായിരുന്നു ചെയ്തിരുന്നത്. ഇതോടനുബന്ധമായുള്ള സൈനിക നയം "ഫ്യൂബിംഗ് സിസ്റ്റം" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതനുസരിച്ച് രാജ്യത്തെ എല്ലാ പുരുഷന്മാരെയും എല്ലാവർഷവും നിജമായ സൈനികസേവനകാലത്തേയ്ക്ക് അവരുടെ ഭൂമിക്കുപുറത്തുള്ള അവകാശത്തിനു പകരമായി നിയമിച്ചിരുന്നു. ഈ നയങ്ങൾ കാരണം പെട്ടെന്ന് വളർച്ചയുണ്ടാവുകയും ഉത്പാദനക്ഷമത വർദ്ധിക്കുകയും ചെയ്തു. ഖജനാവിന് വലിയ ചെലവ് കൂടാതെ തന്നെ ഈ നയങ്ങളിലൂടെ സൈന്യത്തിനെയും നിലനിർത്താനായി. പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായി മാറി. സാമ്രാജ്യത്തിന്റെ മദ്ധ്യകാലത്തുതന്നെ ഇത്തരത്തിൽ നിയമിച്ച സൈനികർക്കുപകരം സ്ഥിരമായ സൈന്യങ്ങളും നിലവിൽ വന്നു.

ചക്രവർത്തിനിയായ വു സെറ്റിയാൻ (ചൈനീസ് ചരിത്രത്തിലെ ഒരേയൊരു റീജന്റ് ചക്രവർത്തിനി) ഭരിച്ചിരുന്ന കാലത്തും രാജ്യം അഭിവൃദ്ധിപ്പെട്ടു. സുവാൻസോങ് ചക്രവർത്തിയുടെ കാലത്താണ് രാജ്യത്തിന്റെ അഭിവൃദ്ധി അതിന്റെ മൂർദ്ധന്ന്യത്തിലെത്തിയത്. ഇക്കാലത്ത് പസഫിക് സമുദ്രം മുതൽ ആറാൾ കടൽ വരെ നീണ്ടുകിടന്ന രാജ്യത്തിൽ 5 കോടി ജനങ്ങളെങ്കിലുമുണ്ടായിരുന്നു.

സാമ്രാജ്യം അതിന്റെ സമ്പന്നതയുടെ പരകോടിയിലെത്തിയ അവസരത്തിലുണ്ടായ ആൻ ലുഷാൻ കലാപത്തിൽ (755 മുതൽ 763 വരെ) ‌ജനസംഖ്യ കുത്തനേ ഇടിയുകയും കേന്ദ്രീകൃത ഭരണസംവിധാനം കാര്യമായി ദുർബ്ബലമാവുകയും ചെയ്തു. പ്രാദേശിക സൈനിക ഗവർണർമാർ (ജിയേഡൂഷി എന്നായിരുന്നു ഇവർ അറിയപ്പെട്ടത്) സ്വയംഭരണാധികാരം നേടിയെടുക്കുകയും മുൻപ് കീഴ്പ്പെട്ടു കഴിഞ്ഞിരുന്ന രാജ്യങ്ങൾ ടാങ് ചൈനയെ ആക്രമിച്ച് കൊള്ളയടിക്കാൻ ആരംഭിക്കുകയും ചെയ്തു. ആൻ ലൂഷാൺ കലാപത്തിനുശേഷം ചൈനയിലെ സിവിൽ സമൂഹം ദുർബ്ബലമായ ഉദ്യോഗസ്ഥ സംവിധാനത്തിനു കീഴിൽപ്പോലും വീണ്ടും ഉയർന്നുവരുകയുണ്ടായി.

ഉദ്ദേശം 860 മുതൽ ചൈനയ്ക്കകത്തുതന്നെയുള്ള കലാപങ്ങളും മുൻപ് സാമന്തരാജ്യമായിരുന്ന നാൻഷാവോ രാജ്യത്തിലെ കുഴപ്പങ്ങളും കാരണം ടാങ് രാജവംശം ദുർബ്ബലപ്പെടാൻ തുടങ്ങി. തെക്ക് ഹുവാങ് ചാവോ എന്ന യുദ്ധപ്രഭു 879-ൽ ഗുവാങ്ഷൗ കീഴടക്കി. ഇവിടുത്തെ രണ്ടുലക്ഷം താമസക്കാരിൽ ഭൂരിഭാഗം പേരെയും ഇയാൾ കൊലപ്പെടുത്തി. ഇതിൽ വിദേശവ്യാപാരികളുടെ വലിയ സമൂഹവും ഉൾപ്പെട്ടിരുന്നു.[20][21] 880-ന്റെ അവസാനസമയത്ത് ലുവോയാങ് ഹുവാങ് ചാവോയ്ക്ക് കീഴടങ്ങി. 881 ജനുവരി 5-ന് ഇയാൾ ചാങ്'ആൻ കീഴടക്കി. ചക്രവർത്തിയായിരുന്ന സിസോങ് ചെങ്ഡുവിലേയ്ക്ക് ഒളിച്ചോടിപ്പോവുകയും ഹുവാങ് പുതിയ താൽക്കാലിക ഭരണസംവിധാനം സ്ഥാപിക്കുകയും ചെതു. ഈ സംവിധാനം അവസാനം ടാങ് സേന തകർത്തു. ഇതോടെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പുതിയ ആരംഭമായി.

അഞ്ചു രാജവംശങ്ങളും പത്ത് രാജ്യങ്ങളൂം (എ.ഡി. 907–960)

പല തലസ്ഥാനങ്ങൾ

ടാങ് രാജവംശത്തിനും സോങ് രാജവംശത്തിനും മദ്ധ്യേ രാഷ്ട്രീയ അസ്ഥിരത നിറഞ്ഞ കാലഘട്ടമുണ്ടായിരുന്നു. അഞ്ച് രാജവംശങ്ങളും പത്ത് രാജ്യങ്ങളും എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ഇത് അൻപതിലധികം വർഷം നീണ്ടുനിന്നു. ഈ സമയത്ത് പല രാജ്യങ്ങളുള്ള ഒരു പ്രദേശമായിരുന്നു ചൈന. അ‌ഞ്ച് രാജവംശങ്ങൾ വടക്കൻ ചൈനയിൽ കുറഞ്ഞ കാലം കൊണ്ട് അധികാര‌ത്തിലേറുകയും പുറത്താവുകയും ചെയ്തു. അതേ സമയത്തു തന്നെ തെക്കൻ ചൈനയിലും പടിഞ്ഞാറൻ ചൈനയിലും കൂടുതൽ സ്ഥിരതയുള്ള പത്ത് രാജ്യങ്ങളും നിലവിലുണ്ടായിരുന്നു.

സോങ്, ലിയാവോ, ജിൻ, പടിഞ്ഞാറൻ സിയ എന്നീ രാജവംശങ്ങൾ (AD 960–1234)

Thumb
ഹോംവാഡ് ഓക്സ്‌ഹെർഡ്സ് ഇൻ വിൻഡ് ആൻഡ് റെയിൻ, ഡി ലി പന്ത്രണ്ടാം നൂറ്റാണ്ട്

തലസ്ഥാനങ്ങൾ: സോങ് രാജവംശത്തിന്റേത്: കൈഫെങ്, ലിൻ'ആൻ എന്നിവ; ലിയാവോ രാജവംശത്തിന്റേത്, ഷാങ്ജിങ്, നാൻജിങ്, ടോക്മോക് എന്നിവ; ജിൻ രാജവംശത്തിന്റേത്: ഷാങ്ജിങ്, ഷോഗ്ൻഡു, കൈഫെങ് എന്നിവ; പടിഞ്ഞാറൻ സിയ രാജവംശത്തിന്റേത്: യിഞ്ചുവാൻ

960-ൽ സോങ് രാജവംശം ചൈനയുടെ ഏകദേശം മുഴുവൻ പ്രദേശത്തും അധികാരം പിടിച്ചെടുക്കുകയും കൈഫെങ് (പിൽക്കാലത്ത് ബിയാൻജിങ്) തലസ്ഥാനമായി ഭരണമാരംഭിക്കുകയും ചെയ്തു. ഇത് സാമ്പത്തികമായി അഭിവൃദ്ധിയുള്ള ഒരു ഘട്ടത്തിലേയ്ക്ക് നയിച്ചു. ഈ സമയത്ത് ഖിറ്റൻ വംശജരുടെ ലിയാവോ രാജവംശം മഞ്ചൂറിയ, ഇപ്പോഴത്തെ മംഗോളിയ, വടക്കൻ ചൈനയുടെ ഭാഗങ്ങൾ എന്നിവിടങ്ങൾ ഭരിക്കുന്നുണ്ടായിരുന്നു. 1115-ൽ ജുർച്ചെൻ ജനതയുടെ ജിൻ രാജവംശം ഉയർന്നുവന്നു. ഇവർ പത്തുവർഷം കൊണ്ട് ലിയാവോ രാജവംശത്തെ നശിപ്പിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളായ ഗാൻസു, ഷാൻക്സി, നിങ്സിയ എന്നിവിടങ്ങളിൽ ഒരു പടിഞ്ഞാറൻ സിയ രാജവംശം 1032 മുതൽ 1227 വരെ ഭരണം നടത്തി. ടാൻഗുട് ഗോത്രവംശജരായിരുന്നു ഈ സാമ്രാജ്യം സ്ഥാപിച്ചത്.

ജിൻ രാജവംശം വടക്കൻ ചൈനയും കൈഫെങും സോങ് രാജവംശത്തിൽ നിന്ന് പിടിച്ചെടുത്തു. സോങ് രാജവംശം തങ്ങളുടെ തലസ്ഥാനം ഹാങ്ഷൗ (杭州) എന്ന സ്ഥലത്തേയ്ക്ക് മാറ്റി. തെക്കൻ സോങ് രാജവംശത്തിന് ജിൻ രാജവംശത്തെ തങ്ങളുടെ മേധാവികളായി അംഗീകരിക്കുക എന്ന നാണക്കേടും സഹിക്കേണ്ടിവന്നു. പിന്നീടുള്ള കാലത്ത് ചൈന സോങ് രാജവംശത്തിനും ജിൻ രാജവംശ‌ത്തിനും ടാൻഗുട്ടുകളുടെ പടി‌ഞ്ഞാറൻ സിയയ്ക്കും ഇടയിലായി വിഭജിക്കപ്പെട്ടുകിടന്നു. തെക്കൻ സോങ് രാജ്യം സാങ്കേതികമായ ഒരു വലിയ കുതിച്ചുചാട്ടം ഈ സമയത്ത് നടത്തി. വടക്കൻ പ്രദേശത്തുനിന്നുള്ള സൈനിക സമ്മർദ്ദമായിരുന്നിരിക്കണം ഒരുപക്ഷേ ഇതിനു കാരണം. വെടിമരുന്നുപയോഗിക്കുന്ന ആയുധങ്ങൾ ഈ കുതിച്ചുചാട്ടത്തിന്റെ ഭാഗമായിരുന്നു. ജിൻ രാജ്യത്തിനെതിരേ സോങ് രാജവംശം 1161-ൽ യാങ്സീ നദിയിൽ വച്ചുനടന്ന ടാങ്ക്ഡോ യുദ്ധത്തിലും കായിഷി യുദ്ധത്തിലും നേടിയ നാവിക വിജയങ്ങൾ ഈ സാങ്കേതിക മികവിനാലാണുണ്ടായത്. ഇതുകൂടാതെ ചൈനയുടെ ആദ്യത്തെ സ്ഥിര നാവികസേനയും 1132-ൽ സ്ഥാപിക്കപ്പെടുകയും ഡിങ്ഹായി എന്ന സ്ഥലത്ത് ഇവർക്ക് സ്ഥിരമായ ഒരു അഡ്മിറൽ അസ്ഥാനം ലഭിക്കുകയും ചെയ്തു. റെൻസോങ് എന്ന ചക്രവർത്തിക്കു കീഴിലായിരുന്നു ഇത്.

ക്ലാസിക്കൽ ചൈനയിലെ സാങ്കേതിക ശാസ്ത്ര മേഖലയിലെ ഉന്നതി നേടിയത് സോങ് രാജവംശത്തിന്റെ കീഴിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. സു സോങ് (1020–1101), ഷെൻ കുവോ (1031–1095) എന്നിവരെപ്പോലെയുള്ള ഉൽപ്പതിഷ്ണുക്കളായ പണ്ഡിതരായ ഉദ്യോഗസ്ഥരായിരുന്നു ഇതിനു പിന്നിൽ. പരിഷ്കരണവാദികളായവരും യാധാസ്ഥിതികരും തമ്മിലുള്ള കൊട്ടാര മത്സരങ്ങളും ഇക്കാലത്ത് നടന്നിരുന്നു. വാങ് ആൻഷി, സിമ ഗുവാങ് എന്നിവരായിരുന്നു ഇതിന്റെ ഇരുവശങ്ങൾക്കും നേതൃത്വം കൊടുത്തത്. പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ അവസാനം വരെയു‌ള്ള സമയത്ത് ചൈനക്കാർ ഷു ക്സി തയ്യാറാക്കിയ ആധുനിക കൺഫൂഷ്യൻ തത്ത്വശാസ്ത്രം സ്വീകരിച്ചിരുന്നു. സോങ് രാജവംശ‌ത്തിന്റെ കാലത്ത് ധാരാളം സാഹിത്യകൃതികൾ രചിക്കപ്പെടുകയുണ്ടായി. സിഷി ടോങ്ജിയാൻ ("കോമ്പ്രിഹെൻസീവ് മിറർ റ്റു എയിഡ് ഇൻ ഗവണ്മെന്റ്") ഇതിൽപ്പെടുന്ന ചരിത്രകൃതിയാണ്. സംസ്കാരവും കലകളും അഭിവൃദ്ധിപ്പെട്ടു. ക്വിൻമിങ് ഉത്സവക്കാലത്ത് നദിയിലൂടെ, നാടോടി പുല്ലാങ്കുഴലിന്റെ പതിനെട്ടു പാട്ടുകൾ മുതലായ വിപുലമായ കലാകൃതികൾ ഇതിൽപ്പെടുന്നു, ലിൻ ടിൻഗുയിയെപ്പോലുള്ള ബുദ്ധമതക്കാരായ ചിത്രകാരന്മാരുമുണ്ടായിരുന്നു.

യുവാൻ രാജവംശം (AD 1271–1368)

Thumb
യാങ് ഗുയിഫൈ കുതിരപ്പുറത്ത് കയറുന്നു, ക്വിയാൻ സുവാൻ (എ.ഡി. 1235–1305).

തലസ്ഥാനങ്ങൾ: സാനഡു, ഡാഡു എന്നിവ

ജുർച്ചെൻ ജനത സ്ഥാപിച്ച ജിൻ രാജവംശത്തെ മംഗോളുകൾ പരാജയപ്പെടുത്തി. മംഗോളുകൾ പിന്നീട് തെക്കൻ സോങ് രാജ്യത്തെ വളരെ നീണ്ടുനിന്നതും രക്തരൂഷിതവുമായ യുദ്ധത്തിൽ പരാജയപ്പെടുത്തി. വെടിക്കോപ്പുകൾ നിർണ്ണായക പങ്കുവഹിച്ച ആദ്യ യുദ്ധമായിരുന്നു ഇത്. ഈ യുദ്ധം കഴിഞ്ഞുള്ള കാലഘട്ടം പിൽക്കാലത്ത് പാക്സ് മംഗോളിക്ക എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ സമയത്ത് മാർക്കോ പോളോയെപ്പോലെയുള്ള സാഹസികരായ പാശ്ചാത്യ യാത്രികർ ചൈനയിലേയ്ക്ക് യാത്ര ചെയ്യുകയും ഇവിടുത്തെ അത്ഭുതങ്ങളെപ്പറ്റി യൂറോപ്പിലേയ്ക്ക് ആദ്യ റിപ്പോർട്ടുകൾ കൊണ്ടുചെല്ലുകയും ചെയ്തു. യുവാൻ രാജവംശത്തിന്റെ കാലത്ത് മംഗോളുകൾ ചൈനീസ് രീതികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ, സ്റ്റെപ്പുകളിലേയ്ക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങ‌ളായിരുന്നു.

ചെങ്കിസ് ഖാന്റെ ചെറുമകനായ കുബ്ലായി ഖാനാണ് ചൈനയുടെ രീതികൾ പിന്തുടരാനുള്ള ആഗ്രഹത്തിന്റെ ഫലമായി യുവാൻ രാജവംശം സ്ഥാപിച്ചത്. ബൈജിംഗ് തലസ്ഥാനമാക്കി ചൈന മുഴുവനും ഭരിച്ച ആദ്യ രാജവംശമായിരുന്നു ഇത്. എ.ഡി. 938-ൽ ബൈജിംഗും യാൻ യുണിലെ പതിനാറ് പ്രിഫെക്ചറുകളും ലിയാവോയ്ക്ക് കൊടുത്തിരുന്നു. ഇതിനു മുൻപ് ഇത് ജിൻ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നുവെങ്കിലും ഇവർ ചൈന മുഴ്വനായി ഭരിച്ചിരുന്നില്ല.

മംഗോൾ അധിനിവേശത്തിനു മുൻപ് ചൈനയിലെ രാജ്യങ്ങളിലായി 12 കോടി ജനങ്ങളുണ്ടായിരുന്നു. 1279-ൽ അധിനിവേശം പൂർത്തിയായശേഷം 1300-ൽ നടന്ന സെൻസസ് അനുസരിച്ച് ജനസംഖ്യ 6 കോടിയായി ചുരുങ്ങിയിരുന്നു.[22] മംഗോളുകളുടെ ക്രൂരതയാണ് ഈ ജനസംഖ്യാക്കുറവിനു പിന്നിൽ എന്ന് അവകാശപ്പെടാനുള്ള ഔത്സുക്യമുണ്ടാകാമെങ്കിലും പണ്ഡിതർക്കിടയിൽ ഇതെപ്പറ്റി വ്യത്യസ്താഭിപ്രായമാണുള്ളത്. ഫ്രെഡറിക് ഡബ്ല്യൂ. മോട്ടിനെപ്പോലെയുള്ള പണ്ഡിതർ വാദിക്കുന്നത് സംഖ്യയിലെ ഈ ഇടിവ് സൂചിപ്പിക്കുന്നത് എണ്ണം രേഖപ്പെടുത്തുന്നതിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും യഥാർത്ഥ ജനസംഖ്യാമാറ്റമല്ല എന്നുമാണ്. തിമോത്തി ബ്രൂക്കിനെപ്പോലുള്ള പണ്ഡിതർ വാദിക്കുന്നത് മംഗോളുകൾ ചൈനീസ് ജനതയുടെ വലിയ വിഭാഗത്തെ കുടിയാന്മാരാക്കി മാറ്റിയെന്നും ഇതിനാൽ പലരും സെൻസസിൽ രേഖപ്പെടുത്തപ്പെടാതെ പോയി എന്നുമാണ്. വില്യം മക്‌നൈലിനെയും ഡേവിഡ് മോർഗാനെയും പോലുള്ള മറ്റു ചരിത്രകാരന്മാരുടെ വാദത്തിൽ ബ്യൂബോണിക് പ്ലേഗ് ആയിരുന്നിരിക്കണം ആൾക്കാരുടെ മരണത്തിനു കാരണം.

പതിനാലാം നൂറ്റാണ്ടിൽ ചൈനയിൽ വീണ്ടും പ്ലേഗ് ബാധയുണ്ടായി. ജനസംഖ്യയുടെ 30% (3.5 കോടി ആൾക്കാർ) ഇതുമൂലം മരിച്ചതായി കണക്കാക്കുന്നു.[23]

ആധുനികകാലത്തെ ആദ്യഘട്ടം

See also: Chinese dynasties of the early modern period

മിങ് രാജവംശം (AD 1368–1644)

തലസ്ഥാനങ്ങൾ: നാൻജിങ്, ബൈജിംഗ്, ഫുഷൗ, ഷാവോക്വിങ്

Thumb
കോർട്ട് ലേഡീസ് ഓഫ് ദി ഫോർമർ ഷൂ, മിങ് ചിത്രകാരനായ ടാങ് യിൻ വരച്ചത് (1470–1523).
Thumb
മിങ് രാജവംശത്തിന്റെ സ്ഥാപകനായ ഹോങ്‌വൂ ചക്രവർത്തി

യുവാൻ രാജവംശത്തിന്റെ ഭരണക്കാലം മുഴുവൻ (ഒരു നൂറ്റാണ്ടിൽ താഴെയേ ഇത് നിലനിന്നുള്ളൂ) ജനങ്ങൾക്കിടയിൽ മംഗോൾ ഭരണത്തിനെതിരായ ശക്തമായ വികാരമുണ്ടായിരുന്നു. 1340-നു ശേഷം ഇടയ്ക്കിടെയുണ്ടായ പ്രകൃതിക്ഷോഭങ്ങൾ കർഷകത്തൊഴിലാളികളുടെ കലാപങ്ങൾക്ക് വഴിവച്ചു. 1368-ൽ യുവാൻ രാജവംശത്തെ മിംഗ് രാജവംശം മറിച്ചിട്ടു.

ഇക്കാലത്ത് ജനസംഖ്യാവർദ്ധനവിനൊപ്പം നഗരവൽക്കരണം വർദ്ധിക്കുകയും തൊഴിൽ വിഭജനം കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തു. നാൻജിങ്, ബൈജിംഗ് എന്നിവപോലുള്ള വലിയ നഗരങ്ങൾ സ്വകാര്യ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വളം വച്ചു. ചെറുകിട വ്യവസായങ്ങൾ വളർന്നു. പേപ്പർ, പട്ട്, കോട്ടൻ, പോർസലിൻ എന്നീ മേഖലകളിലായിരുന്നു പല വ്യവസായങ്ങളും പ്രവർത്തിച്ചിരുന്നത്. ചന്തകളുള്ള ചെറിയ പട്ടണങ്ങളും രാജ്യത്താകമാനം മുളച്ചുപൊന്തി. പട്ടണങ്ങളിലെ ചന്തകളിൽ ഭക്ഷണം, എണ്ണ, പിന്നുകൾ എന്നിങ്ങനെയുള്ള സാധനങ്ങളായിരുന്നു കൂടുതലായും കച്ചവടം ചെയ്തിരുന്നത്.

നിയോ കൺഫ്യൂഷ്യനിസം എന്ന തത്ത്വചിന്താശാഖയ്ക്ക് തനതായുണ്ടായിരുന്ന സീനോഫോബിയ, സ്വയം വിശകലനം എന്നിവ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ആദ്യകാല മിംഗ് രാജവംശം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. വിദേശവ്യാപാരവും വിദേശരാജ്യങ്ങളുമായുള്ള മറ്റു ബന്ധങ്ങളും (പ്രത്യേകിച്ച് ജപ്പാനുമായി) കാര്യമായി വർദ്ധിച്ചു. ചൈനീസ് വ്യാപാരികൾ ഇന്ത്യാമഹാസമുദ്രം ആകെ പര്യവേഷണം നടത്തി. ഇവർ ആഫ്രിക്കയുടെ കിഴക്കൻ തീരത്തും ഷെങ് ഹെയുടെ യാത്രകളുടെ ഭാഗമായി എത്തിപ്പെട്ടു.

ഷു യുവാൻഷാങ് അല്ലെങ്കിൽ ഹോങ്-വു ആയിരുന്നു ഈ രാജവംശം സ്ഥാപിച്ചത്. ഇദ്ദേഹം വ്യാപാരത്തിൽ കുറച്ചു താല്പര്യം കാണിക്കുകയും കാർഷികരംഗത്തുനിന്ന് കൂടുതൽ വരുമാനം നേടുകയും ചെയ്യാനുള്ള നയമാണ് രൂപീകരിച്ചത്. കർഷകൻ എന്ന ചക്രവർത്തിയുടെ പശ്ചാത്തലമായിരുന്നിരിക്കണം ഒരുപക്ഷേ ഇതിലേയ്ക്ക് നയിച്ചത്. സോങ് രാജവംശവും യുവാൻ രാജവംശവും വ്യാപാരത്തിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മുൻകാൽത്തെ നിയോഫ്യൂഡൽ ഭൂവുടമാസമ്പ്രദായം മിംഗ് കാലത്ത് ഇല്ലാതെയായി. ഭൂമി സർക്കാർ ഏറ്റെടുത്തു മുറിച്ച് വാടകയ്ക്ക് നൽകി. സ്വകാര്യ അടിമസമ്പ്രദായം നിരോധിക്കപ്പെട്ടു. ഇതുമൂലം യോങ് ലെ ചക്രവർത്തിയുടെ മരണശേഷം സ്വതന്ത്ര കർഷകത്തൊഴിലാളികളായ ഭൂവുടമകൾ ചൈനയിലെ കാർഷികരംഗത്ത് മേധാവിത്വം പുലർ‌ത്തി. ഈ നിയമങ്ങൾ മുൻകാല ഭരണകൂടങ്ങൾക്കു കീഴിലുണ്ടായിരുന്ന ദാരിദ്യ്രം ഒട്ടുമിക്കവാറും ഇല്ലാതെയാക്കുന്നതിലേയ്ക്ക് നയിച്ചിരിക്കണം.

Thumb
യോങ്‌ലി ചക്രവർത്തിയുടെ ഭരണകാലത്തെ മിംഗ് ചൈന

ഈ ഭരണകൂടത്തിന് ശക്തവും സങ്കീർണ്ണവുമായ ഒരു കേന്ദ്രീകൃത ഭരണസംവിധാനമുണ്ടായിരുന്നു. ഈ സംവിധാ‌നമായിരുന്നു സാമ്രാജ്യത്തെ നിയന്ത്രിക്കുകയും ഒരുമിച്ചുനിർത്തുകയും ചെയ്തത്. ചക്രവർത്തിയുടെ വേഷം കൂടുതൽ ഏകാധിപത്യപരമായതായിരുന്നു. ഷൂ യുവാൻഷാങ് "ഗ്രാന്റ് സെക്രട്ടറിമാർ" (内阁) എന്ന വിഭാഗത്തെ മെമോറിയലുകൾ (രാജാവിനുള്ള പെറ്റീഷനുകളും ശുപാർശകളും), ഇതിനുള്ള മറുപടികൾ, റിപ്പോർട്ടുകൾ തയ്യാറാക്കൽ, നികുതി രേഖകൾ എന്നിവ ഉൾപ്പെടെയുള്ള കടലാസ് ജോലികൾ ചെയ്യുന്നതിൽ തന്നെ സഹായിക്കാനുമായി നിയോഗിച്ചിരുന്നുവെങ്കിലും ഈ ഉദ്യോഗസ്ഥവൃന്ദമാണ് പിന്നീട് മിംഗ് രാജവംശത്തെ സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാറുന്നതിൽ നിന്ന് തടഞ്ഞത്. ഇതുതന്നെയാണ് പിന്നീട് രാജവംശത്തിന്റെ പതനത്തിനും കാരണമായത്.

യോങ് ലി ചക്രവർത്തി ചൈനയുടെ സ്വാധീനം അതിർത്തികൾക്കും അപ്പുറത്തേയ്ക്ക് നീട്ടുന്നതിനായി ശ്രമിച്ചിരുന്നു. മറ്റു ഭരണാധികാരികൾ, ചൈനയിലെ നയതന്ത്ര പ്രതിനിധികൾ എന്നിവർ കപ്പം നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഒരു വലിയ നാവിക സേന തയ്യാറാക്കപ്പെട്ടു. 1,500 ടൺ കേവുഭാരവും നാലു പായമരങ്ങളുമുള്ള കപ്പലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പത്തുലക്ഷം സൈനികരുള്ള ഒരു സേനയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചൈനീസ് സേന 20 വർഷത്തോളം വിയറ്റ്നാം കീഴടക്കി കൈവശം വയ്ക്കുകയുണ്ടായി. ചൈനീസ് നാവികസേന ചൈനീസ് കടലുകളിലും ഇന്ത്യാമഹാസമുദ്രത്തിലും സാന്നിദ്ധ്യമറിയിച്ചിരുന്നു. ഇവർ പടിഞ്ഞാറൻ ആഫ്രിക്ക വരെ എത്തുകയുണ്ടായി. കിഴക്കൻ മൊഗുളിസ്ഥാനിൽ ചൈനയ്ക്ക് സ്വാധീനമുണ്ടായി. പല ഏഷ്യൻ നാവികപ്രാധാന്യമൂള്ള രാജ്യങ്ങളും ചൈനയിലേയ്ക്ക് പ്രതിനിധികളെ അയയ്ക്കുകയും ചക്രവർത്തിയ്ക്ക് കപ്പം കൊടുക്കുകയും ചെയ്തു. ആഭ്യന്തരമായി ഗ്രാന്റ് കനാൽ വികസിപ്പിക്കുകയും ഇത് ആഭ്യന്തര വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്തു. വർഷം 100,000 ടണിലധികം ഇരുമ്പ് ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. നീക്കാവുന്ന ടൈപ്പുപയോഗിച്ച് പല ഗ്രന്ഥങ്ങളും അച്ചടിക്കപ്പെടുകയുണ്ടായി. ബൈജിംഗിലെ കൊട്ടാരം (വിലക്കപ്പെട്ട നഗരം) ഇപ്പോഴുള്ള സ്ഥിതിയിലെത്തി. ഈ നൂറ്റാണ്ടുകളിൽ തെക്കൻ ചൈനയുടെ സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു. പുതിയ വിളകൾ വ്യാപകമായി കൃഷി ചെയ്യപ്പെടുകയും പോർസലിൻ, തുണികൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുകയും ചെയ്തു.

1449-ൽ എസെൻ തായിസി വടക്കൻ ചൈനയിൽ ഒറിയാട്ടുകളുടെ മംഗോൾ ആക്രമണം നടത്തുകയും ഇത് ടുമു യുദ്ധത്തിൽ ഷെങ്ടോങ് ചക്രവർത്തിയെ പിടികൂടുന്നതിൽ കലാശിക്കുകയും ചെയ്തു. 1542-ൽ മംഗോൾ നേതാവായ അൾട്ടാൻ ഖാൻ വടക്കൻ അതിർത്തിയിലൂടെ ചൈനയിലേയ്ക്ക് പ്രവേശിച്ചു. 1550-ൽ ഇയാൾ ബൈജിംഗിന്റെ സമീപത്തുപോലും എത്തി. തെക്കു കിഴക്കൻ കടൽത്തീരത്ത് ജപ്പാൻകാരായ കടൽക്കൊള്ളക്കാർ നടത്തിയ ആക്രമണങ്ങളെയും സാമ്രാജ്യത്തിന് നേരിടേണ്ടിവന്നു.[24] ജനറൽ ക്വി ജിഗുവാങ് ഈ കടൽക്കൊള്ളക്കാരെ കീഴ്പ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജിയാജിംഗ് ചക്രവർത്തിയുടെ ഭരണകാലത്തു നടന്ന എക്കാലത്തെയും വലിയ ഭൂമികുലുക്കമായിരുന്ന 1556-ലെ ഷാൻക്സി ഭൂമികുലുക്കത്തിൽ ഉദ്ദേശം എട്ടുലക്ഷത്തി മുപ്പതിനായിരത്തോളം പേർ മരിച്ചു.

മിംഗ് രാജവംശത്തിന്റെ ഭരണകാലത്ത് വിദേശ ആക്രമണങ്ങളിൽ നിന്ന് ചൈനയെ രക്ഷിക്കാനായി വന്മതിലിന്റെ നിർമ്മാണം അവസാനമായി നടന്നു. മുൻകാലങ്ങളിൽ വന്മതിൽ നിർമ്മിക്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ കാണുന്നതിൽ ഭൂരിഭാഗവും മിങ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ ഭാഗങ്ങളാണ്. നിരീക്ഷണഗോപുരങ്ങൾ പുതുതായി രൂപകൽപ്പന ചെയ്യപ്പെടുകയും വന്മതിലിന്റെ മുഴുവൻ നീളത്തിലും പീരങ്കികൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ക്വിങ് രാജവംശം (AD 1644–1911)

Thumb
"ദി റിസെപ്ഷൻ ഓഫ് ദി ഡിപ്ലോമാറ്റിക്വെ (മകാർട്ട്നി) ആൻഡ് ഹിസ് സ്വീറ്റ് അറ്റ് ദി കോർട്ട് ഓഫ് പെകിൻ". ജെയിംസ് ഗിൽറേ വരച്ച് എൻഗ്രേവ് ചെയ്ത് 1792 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ചത്.
Thumb
1892-ലെ ക്വിങ് ചൈന

തലസ്ഥാനങ്ങൾ: ഷെൻയാങ്, ബൈജിംഗ് എന്നിവ

ചൈനയിലെ അവസാന ചക്രവർത്തിമാരുടെ രാജവംശമായിരുന്നു ക്വിങ് രാജവംശം (1644–1911). മഞ്ചു ജനതയാണ് ഇത് സ്ഥാപിച്ചത്. ഹാൻ ചൈനക്കാരുടെ കീഴിലല്ലാത്ത രണ്ടാമത്തെ രാജവംശമായിരുന്നു ഇത്. മഞ്ചു ജനത മുൻകാലത്ത് അറിയപ്പെട്ടിരുന്നത് ജർച്ചെൻ എന്നായിരുന്നു. മിംഗ് ഭൂമിയുടെ വടക്കുകിഴക്കൻ ഭാഗത്ത് വൻമതിലിന് വെ‌ളിയിലാണ് ഇവർ വസിച്ചിരുന്നത്. അവസാനകാല മിംഗ് ഭരണത്തിന് ഏറ്റവും വലിയ ഭീഷണിയായിരുന്നത് ഇവരായിരുന്നു. നുർഹാസി എല്ലാ ഗോത്രങ്ങളെയും ഏകീകരിക്കുകയും ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തശേഷമാണ് ഈ ജനത ശക്തരായത്. എങ്കിലും മിംഗ് രാജവംശത്തെ മറിച്ചിട്ടത് ലി സിചെങിന്റെ കർഷകത്തൊഴിലാളി വിപ്ലവമായിരുന്നു. 1644-ൽ ഇവർ ബൈജിംഗ് പിടിച്ചെടുക്കുകയും അവസാന മിംഗ് ചക്രവർത്തിയായ ചോങ്ഷെൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. മഞ്ചുക്കൾ മിങ് ജനറലായിരുന്ന വൂ സാൻഗൂയിയുമായി കൂട്ടുചേർന്ന് ബൈജിംഗ് പിടിച്ചെടുത്തു. ഇത് ക്വിങ് രാജവംശത്തിന്റെ തലസ്ഥാനമായി മാറി. ഇവർ പിന്നീട് തെക്ക് മിങ് രാജവംശം നടത്തിയ ചെറുത്തുനിൽപ്പ് തോൽപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട മഞ്ചു അധിനിവേശയുദ്ധം വലിയ ജീവനാശത്തിനും ചൈനയുടെ സാമ്പത്തികസ്ഥിതി ചുരുങ്ങുന്നതിനും കാരണമായി. മഞ്ചുക്കൾ കൺഫ്യൂഷ്യൻ തത്ത്വചിന്താപരമായുള്ള ചൈനീസ് ഭരണസംവിധാനം സ്വീകരിച്ചു. ഇവരെയും ഒരു ചൈനീസ് രാജവംശമായാണ് കണക്കാക്കുന്നത്.

മഞ്ചുക്കൾ 'ക്വേ ഉത്തരവ്' വഴി ഹാൻ ചൈനീസ് വംശജരെ മഞ്ചു രീതിയിലുള്ള കേശാലങ്കാരരീതിയും വസ്ത്രധാരണവും സ്വീകരിക്കാൻ നിർബന്ധിതരാക്കി. ഹാൻഫു എന്ന പരമ്പരാഗത ഹാൻ വേഷം മഞ്ചു രീതിയിലുള്ള ക്വിപാവോ (ബാനർമെൻ വസ്ത്രവും ടാങ്ക്ഷുവാങ്കും) എന്ന വസ്ത്രത്തിന് വഴിമാറി. കാങ്ക്സി ചക്രവർത്തി കാങ്ക്സി നിഘണ്ടു നിർമ്മിക്കാൻ ഉത്തരവിട്ടു. ഇതാണ് ആ സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു. ക്വിങ് രാജവംശം "ഐറ്റ് ബാനേഴ്സ്" എന്ന സംവിധാനം നടപ്പിലാക്കി. ഇത് ക്വിങ് സൈനിക ഘടനയുടെ അടിസ്ഥാന സംവിധാനമായി മാറി. ബാനർമെൻ എന്ന സൈനികർ ബാനർ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അപേക്ഷ നൽകാതെ വ്യാപാരമോ അദ്ധ്വാനമുള്ള തൊഴിലുകളോ ചെയ്യുന്നത് ചെയ്യുന്നത് നിരോധിച്ചിരുന്നു. ഇവരെ ഒരുതരം കുലീന വർഗ്ഗമായാണ് കരുതിയിരുന്നത്. വാർഷിക പെൻഷൻ, ഭൂമി, വസ്ത്രം എന്നിവ ഇവർക്ക് നൽകിയിരുന്നു.

Thumb
1890-കളുടെ അവസാനമുള്ള ഫഞ്ച് രാഷ്ട്രീയ കാർട്ടൂൺ. നിരാലംബമായ ചൈനയെ ബ്രിട്ടനും ജർമനിയും റഷ്യയും ഫ്രാൻസും ജപ്പാനും ചേർന്ന് വിഭജിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.

അടുത്ത അര നൂറ്റാണ്ടിനുള്ളിൽ മുൻപ് മിങ് രാജവംശത്തിനുകീഴിലുണ്ടായിരുന്ന രാജ്യത്തെ പ്രദേശങ്ങളെല്ലാം ക്വിങ് രാജവംശത്തിന്റെ അധീനതയിൽ വന്നു. സിഞിയാങ്, ടിബറ്റ്, മംഗോളിയ എന്നീ പ്രദേശങ്ങളും ഔദ്യോഗികമായി ചൈനയുടെ പ്രദേശത്തിന്റെ ഭാഗമായി. 1673-നും 1681-നുമിടയിൽ കാങ്ക്സി ചക്രവർത്തി തെക്കൻ ചൈനയിൽ മൂന്ന് സൈന്യാധിപന്മാർ നടത്തിയ കലാപം അടിച്ചമർത്തി. പഴയ ചക്രവർത്തി വലിയ പ്രദേശങ്ങൾക്കുമേൽ നൽകിയ അധികാരം അനന്തരാവകാശികൾക്ക് നൽകുന്നത് പുതിയ ചക്രവർത്തി തടഞ്ഞതായിരുന്നു കലാപത്തിനു കാരണം. തായ്‌വാനിൽ നിന്ന് മിംഗ് ഭരണം പുനഃസ്ഥാപിക്കാൻ വേണ്ടി നടത്തിയ ആക്രമണവും ഇദ്ദേഹം തോപ്പിച്ചു. മൂന്ന് ഫ്യൂഡേറ്ററികളുടെ കലാപം എന്നായിരുന്നു ഇത് അറിയപ്പെട്ടത്. 1683-ൽ ക്വിങ് തെക്കൻ താ‌യ്‌വാനിൽ കടലിൽ നിന്നും ആക്രമണം നടത്തുകയും എതിർത്തുനിന്ന ടൺഗ്നിങിലെ ഗ്രാന്റ് ഡച്ചിയെ പരാജയപ്പെടുത്തുകയും ചെയ്തു. 1662-ൽ മിംഗ് അനുകൂലിയായ ‌കോക്സിംഗയായിരുന്നു തെക്കൻ മിംഗ് സാമ്രാജ്യത്തിന്റെ വീഴ്ച്ചയ്ക്കുശേഷം ഈ രാജ്യം സ്ഥാപിച്ചത്. ഇവിടെ നിന്ന് മിംഗുകൾ പ്രതിരോധയുദ്ധങ്ങൾ തെക്കൻ ചൈനയിൽ ആസൂത്രണം ചെയ്തിരുന്നു.

ക്വിൻലോങ് ചക്രവർത്തിയുടെ നീണ്ട ഭരണത്തിന്റെ അവസാനത്തോടെ ക്വിങ് രാജവംശം അതിന്റെ ഏറ്റവും ഉന്നതമായ നിലയിലെത്തിയിരുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നിലധികവും ചൈനീസ് സാമ്രാജ്യത്തിലെ പ്രജകളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ചൈനയുടേതായിരുന്നു. ഈ മാനദണ്ഡം വച്ചു നോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യ‌ങ്ങളിലൊന്നായിരുന്നു എന്നുകാണാം.

പത്തൊൻപതാം നൂറ്റാണ്ടിൽ സാമ്രാജ്യം ആന്തരികകാരണങ്ങളാൽ വളർച്ചയടഞ്ഞ സ്ഥിതിയിലായിരുന്നു. സാമ്രാജ്യത്ത്വശക്തികളുടെ ഭീഷണി ഇതിനുപുറമേയുണ്ടായിരുന്നു. 1840-ൽ ഒന്നാം കറുപ്പുയുദ്ധത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും പരാജയമേറ്റുവാങ്ങിയതിനെത്തുടർന്ന് 1842-ൽ നാൻകിംഗ് കരാർ നിലവിൽ വന്നു. ഇതുപ്രകാരം ‌ഹോങ്ക് കോങ്ങ് ബ്രിട്ടനു നൽകപ്പെടുകയും കറുപ്പിന്റെ ഇറക്കുമതി നിയമവിധേയമാവുകയും ചെയ്തു. ഇതിനുശേഷമുണ്ടായ സൈനിക പരാജയങ്ങളും സാമ്രാജ്യത്വശക്തികളുമായി ഏർപ്പെട്ട തുല്യതയില്ലാത്ത കരാറുകളും ക്വിങ് രാജവംശത്തിന്റെ പതനശേഷവും തുടരുകയുണ്ടായി.

"സ്വർഗ്ഗീയരാജാവ്" ഹോങ് സിയുക്വുവാന്റെ ക്രിസ്തീയ പരിവേഷമു‌ള്ള പ്രസ്ഥാന‌ത്തിന്റെ തായ്പിംഗ് കലാപം (1851–1864) ഒരു പതിറ്റാണ്ടിലധികം സമയം ചൈനയുടെ മൂന്നിലൊന്ന് പ്രദേശ‌ത്തെയും ബാധിച്ചിരുന്നു. 1864-ൽ നാൻകിങ്ങിലെ മൂന്നാം യുദ്ധ‌ത്തിൽ ഇവർ പരാജയപ്പെടും വരെ ഇത് തുടർന്നു. സൈനിക വിന്യാസം വച്ചു നോക്കിയാൽ ഒരുപക്ഷേ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായിരുന്നു ഇത്. ഈ യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി.[25] ഇതെത്തുടർന്ന് ധാരാളം കലാപങ്ങളുണ്ടായി. പണ്ടി-ഹക്ക ക്ലാനുകളുടെ യുദ്ധങ്ങൾ, നിയെൻ കലാപം, മുസ്ലീം കലാപം, പാന്തേ കലാപം എന്നിവ ഇതിൽ പെടുന്നു.[26] വലിയ ജീവഹാനിയും ചെലവുമുണ്ടായെങ്കിലും ഈ കലാപങ്ങളെല്ലാം അടിച്ചമർത്തപ്പെട്ടിരുന്നു. പക്ഷേ കേന്ദ്രീകൃത ഭരണകൂടത്തിന്റെ അധികാരം ദുർബ്ബലപ്പെടാൻ ഈ കലാപങ്ങൾ കാരണമായി എന്നതിൽ സംശയമില്ല.


സാമ്രാജ്യത്തിനകത്തെ കുഴപ്പങ്ങൾക്കും ബാഹ്യശക്തികളുടെ ഭീഷ‌ണികൾക്കും പ്രതികരണമെന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സ്വശാക്തീകരണ പ്രസ്ഥാനം എന്ന ഘടനാപരമായ നവീകരണം ആരംഭിക്കുകയുണ്ടായി. സാമ്രാജ്യം നവീകരിക്കുക, സൈന്യത്തെ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. പക്ഷേ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും, ഇതിൽ നിന്ന് ഗുണമൊന്നുമുണ്ടാകില്ല എന്ന പൊതുവായ ധാരണയും, രാജകുടുംബത്തിനുള്ളിലെ കലഹങ്ങളും കാരണം ഈ നവീകരണപ്രസ്ഥാനം പരാജയപ്പെട്ടു. ഇതിന്റെ ഫലമായി ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിൽ (1894–1895) "ബൈയാംഗ് കപ്പൽപ്പട" പൂർണ്ണമായി പരാജയപ്പെട്ടു. ഗുവാങ്സു ചക്രവർത്തിയും പരിഷ്കരണവാദികളും ഇതെത്തുടർന്ന് കൂടുതൽ വ്യാപകമായ പരിഷ്കാരങ്ങൾ ആരംഭിച്ചു. നൂറുദിന പരിഷ്കരണം (1898) എന്നായിരുന്നു ഇത് അറിയപ്പെട്ടത്. ദോവേഗർ സിക്സി ചക്രവർത്തിനിയുടെ നേതൃത്വത്തിൽ യാഥാസ്ഥിതികവാദികൾ ഒരു സൈനിക അട്ടിമറിയിലൂടെ ഈ ശ്രമം പരാജയപ്പെടുത്തി.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ യാഥാസ്ഥിതികവാദികളും സാമ്രാജ്യത്വവിരുദ്ധരുമായ ഒരു പ്രസ്ഥാനം വടക്കൻ ചൈനയിലെ വലിയ മേഖലയിലെ വിദേശ അടിച്ചമർത്തലിനെതിരേ ബോക്സർ കലാപം എന്ന രക്തരൂക്ഷിതമായ കലാപം നയിക്കുകയുണ്ടായി. ബോക്സർമാർ ബീജിങ്ങിലേയ്ക്ക് മുന്നേറിക്കൊണ്ടിരുന്നപ്പോൾ ദോവേഗർ ചക്രവർത്തിനി ഇവരുടെ പക്ഷം പിടിക്കുകയാണ് ചെയ്തത്. ഒരുപക്ഷേ അധികാരത്തിൽ തന്റെ പിടി മുറുക്കാനാകണം ചക്രവർത്തിനി ഇങ്ങനെ ചെയ്തത്. ഇതിനു പ്രതികരണമായി വിദേശ നയതന്ത്ര സ്ഥാപനങ്ങളിലെ ജീവനക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യ‌ത്തോടെ ഒരു എട്ടു രാജ്യസഖ്യം ഒരു സഹാ‌യ സൈനികനടപടി എന്ന നിലയിൽ ചൈനയിൽ പ്രവേശിക്കുകയും ചെയ്തു. ബ്രിട്ടൻ, റഷ്യ, ഇറ്റലി, ജർമനി, ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ. ഓസ്ട്രിയ എന്നിവരായിരുന്നു സൈന്യ‌ത്തെ അയച്ചത്. ഈ സഖ്യം ബോക്സർമാരെ പരാജയപ്പെടുത്തുകയും ക്വിങ് ഭരണകൂടത്തിൽ നിന്ന് കൂടുതൽ ഇളവുകൾ ആവശ്യപ്പെടുകയും ചെയ്തു.

1900-ന്റെ തുടക്കത്തിൽ സിക്സിയും ക്വിങ് ഭരണകൂടവും നവീകരണത്തെപ്പറ്റി സംസാരിക്കുവാൻ തുടങ്ങിയെങ്കിലും ആഭ്യന്തരപ്രശ്നങ്ങൾ വർദ്ധിക്കുകയാണ് ചെയ്തത്. 1910-ൽ ചൈനയിൽ അടിമത്തം നിരോധിക്കപ്പെടുകയുണ്ടായി. [27] 1911-ലെ സിൻഹായി കലാപം ക്വിങ് രാജവംശത്തിന്റെ ഭരണം അവസാനിപ്പിച്ചു.

Remove ads

ആധുനിക ചൈന

ചൈനീസ് ചരി‌ത്രത്തിലെ ആധുനികയുഗം ആരംഭിക്കുന്നത് ക്വിങ് രാജവംശത്തിന്റെ പതനത്തോടെയാണെന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായമാണുള്ളത്. ഈ പതനത്തിനു മുൻപുള്ള 130 വർഷക്കാലത്തെ ചരിത്രത്തിൽ ക്വിങ് രാജവംശത്തിന്റെ പതനകാരണം കണ്ടുപിടിക്കുവാൻ ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്. ദി കൊളംബിയ ഗൈഡ് റ്റു മോഡേൺ ചൈനീസ് ഹിസ്റ്ററി എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററായ കീത്ത് ഷോപ്പ വാദിക്കുന്നത് "ചൈനയുടെ ആധുനിക ചരിത്രത്തിന്റെ തുടക്കം 1780-ന് അടുത്തുള്ള ഒരു സമയത്താണ്"' എന്നാണ്. ഇത് "പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ചൈ‌നയുടെ രാഷ്ട്രീയരംഗത്തുണ്ടായ പതനം മനസ്സിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കും" എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.[28]

റിപ്പബ്ലിക് ഓഫ് ചൈന (1912–1949)

തലസ്ഥാനങ്ങൾ: നാൻജിങ്, ബൈജിംഗ്, ചോങ്‌ക്വിങ് എ‌ന്നിവകൂടാതെ യുദ്ധകാലത്ത് അൽപ്പ‌നാൾ മാത്രം പ്രവർത്തിച്ചിരുന്ന ധാരാളം തലസ്ഥാനങ്ങൾ; 1949-നു ശേഷം തായ്‌പേയ്

ചൈനയുടെ ദൗർബല്യത്തിലും നവീകരണം നടപ്പിലാക്കുന്നതു സംബന്ധിച്ച് ക്വിങ് ഭരണകൂടത്തിന്റെ വൈമനസ്യത്തിലും മനം മടുത്ത് യുവാക്കളായ ഉദ്യോഗസ്ഥരും സൈനിക ഓഫീസർമാരും വിദ്യാർത്ഥികളും ഭരണകൂടത്തെ മറിച്ചിട്ട് ഒരു റിപ്പബ്ലിക് സ്ഥാപിക്കണം എന്ന് അഭിപ്രായപ്പെടാൻ തുടങ്ങി. സൺ യാത്-സെന്നിന്റെ വിപ്ലവാശയങ്ങൾ ഇവരെ സ്വാധീനിച്ചിരുന്നു. സൺ യാത്-സെന്നിനോട് ഒരു വിപ്ലവകാരിയായ ജനറൽ എന്താണ് വിജയത്തിന്റെ കാരണം എന്നാണ് താങ്കളുടെ അഭിപ്രായം എന്ന് ചോദിച്ചപ്പോൾ മറ്റേതൊരു കാരണത്തിലുമുപരി ക്രിസ്തുമതമാണ് ഇതിനു കാരണമെന്നാണ് താൻ കരുതുന്നത് എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. "മതസ്വാതന്ത്ര്യം" സംബന്ധിച്ച ആശയ‌ങ്ങൾ, സാർവത്രിക സ്നേഹ‌ത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം, എന്നിവ ചൈനക്കാർക്ക് പ്രിയപ്പെട്ടതായി തോന്നുന്നവയാണ്. ഇവയാണ് (ക്രിസ്തുമതത്തിനൊപ്പം) വിപ്ലവത്തിനു കാരണമായത്. വിപ്ലവത്തിന്റെ സമാധാനപരമായ സ്വഭാവം നിർണ്ണയിച്ചതും ഈ ആശയങ്ങളാണ്" എന്നായിരുന്നു സൺ യാത്-സെന്നിന്റെ അഭിപ്രായം

Thumb
റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനും അതിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന സൺ യാത് സെൻ.

1911 ഒക്റ്റോബർ 10-നാണ് വുഹാനിൽ വിപ്ലവ സൈനിക മുന്നേറ്റമായ വുചാങ് കലാപം ആരംഭിച്ചത്. 1912 മാർച്ച് 12-ന് നാൻജിങിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ താൽക്കാലിക ഭരണകൂടം സ്ഥാപിക്കപ്പെട്ടു, സൺ യാത്-സെൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണെന്ന് പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഇദ്ദേഹം ക്വിങ് ഭരണകൂടത്തിൽ പ്രധാനമന്ത്രിയായിരുന്നയാളായ യുവാൻ ഷികായിയ്ക്ക് അധികാരം വിട്ടുകൊടുക്കുവാൻ നിർബന്ധിതയായി. ഷികായിയായിരുന്നു പുതിയ സൈന്യത്തിന്റെ സൈന്യാധിപൻ. അവസാന ക്വിങ് ചക്രവർത്തിക്ക് അധികാരമൊഴിയാനുള്ള സാഹചര്യമൊരുക്കാനായിരുന്നു ഇത് (സൺ യാത്-സെൻ പിന്നീട് ഈ തീരുമാനമെടുക്കെണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു). അടുത്ത കുറച്ചു വർഷം കൊണ്ട് യുവാൻ ദേശീയ അസംബ്ലിയും പ്രാദേശിക അസംബ്ലികളും പിരിച്ചുവിടുകയും 1915-ന്റെ അവസാനത്തോടെ താൻ ചക്രവർത്തിയാണെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ യുവാന്റെ ചക്രവർത്തി‌യാകാനുള്ള ആഗ്രഹത്തെ ശക്തമായി എതിർത്തു. കലാപം മുൻകൂട്ടിക്കണ്ട യുവാൻ 1916 മാർച്ചിൽ സ്ഥാനമൊഴിഞ്ഞു. ഇദ്ദേഹം 1916 ജൂണിൽ മരണമടയുകയുണ്ടായി.

1916-ൽ ഇദ്ദേഹത്തിന്റെ മരണത്തെത്തുടർന്നുണ്ടായുള്ള ശൂന്യത യുദ്ധപ്രഭുക്കളുടെ കാലഘട്ടത്തിന് ആരംഭം കുറിച്ചു. റിപ്പബ്ലിക്കൻ ഭരണകൂടം ഈ സമയത്ത് തകർന്നിരുന്നു. പ്രാദേശിക സൈനിക നേതാക്കളുടെ സഖ്യങ്ങളാണ് ഈ സമയത്ത് രാജ്യം ഭരിച്ചിരുന്നത്.

1919-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനമുണ്ടായ വാഴ്സൈൽസ് ഉടമ്പടിയിൽ ചൈനയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട വ്യവസ്ഥകളോടുള്ള പ്രതികരണമെന്നനിലയിൽ ‌മേയ് ഫോർത്ത് പ്രസ്ഥാനം ആരംഭിക്കുകയുണ്ടായി. ചൈനയിലെ ആഭ്യന്തര സാഹചര്യങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി പെട്ടെന്നുതന്നെ ഈ മുന്നേറ്റം രൂപാന്തരം പ്രാപിച്ചു. പാശ്ചാത്യ ലിബറൽ തത്ത്വശാസ്ത്രം ചൈനയിലെ ബുദ്ധിജീവികൾ പുറന്തള്ളുകയും കൂടുതൽ വേറിട്ട ചിന്താഗതികൾ സ്വീകരിക്കുകയും ചെയ്‌തു. ഇത് ചൈനയിൽ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള സംഘടനത്തിന് കാരണമാവുകയും അടുത്ത നൂറ്റാണ്ടു മുഴുവൻ ചൈനയുടെ ചരിത്രത്തെ സ്വാധീ‌നിക്കുകയും ചെയ്തു.

1920-കളിൽ സൺ യാത്-സെൻ തെക്കൻ ചൈനയിൽ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ താവളം സ്ഥാപിച്ചു. ശിധിലമായ രാജ്യത്തെ ഏകീകരിക്കുവാനുള്ള ശ്രമം അദ്ദേഹം ഇവിടെ നിന്നും ആരം‌ഭിച്ചു. സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടായിരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ഇദ്ദേഹം സഖ്യം സ്ഥാപിച്ചു. 1925-ൽ സൺ യാത്-സെൻ കാൻസർ ബാധിച്ച് മരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളായ ചിയാങ് കൈഷക് കുമിംഗ്താങ് (നാഷണലിസ്റ്റ് കക്ഷി) പാർട്ടിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും മദ്ധ്യചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും വടക്കൻ സൈനികനീക്കം (1926–1927) എ‌ന്ന സൈനികനടപടിയിലൂടെ തന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരുകയും ചെയ്തു. മദ്ധ്യ ചൈനയിലെ യുദ്ധപ്രഭുക്കളെ കീഴടക്കിയതോടെ വടക്കുള്ള യുദ്ധപ്രഭുക്കളുടെ പേരിനെങ്കിലുമുള്ള പിന്തുണ നേടിയെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. 1927-ൽ ചിയാങ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ തിരിയുകയും കിഴക്കൻ ചൈനയിലെയും തെക്കൻ ചൈനയിലെയും താവളങ്ങളിൽ നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ തുരത്തുകയും ചെയ്തു. 1934-ൽ ചൈനീസ് സോവിയറ്റ് റിപ്പബ്ലിക് പോലുള്ള തങ്ങളുടെ പർവ്വത കേന്ദ്രങ്ങളിൽ നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചൈനയുടെ വടക്കുപടിഞ്ഞാറേയ്ക്ക് ലോങ് മാർച്ഛ് നടത്തി. ചൈനയിലെ ഏറ്റവും ദുർഘടം പിടിച്ച ഭൂവിഭാഗങ്ങളിലൂടെയായിരുന്നു ഈ യാത്ര. ഷാൻക്സി പ്രവിശ്യയിലെ യനാനിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഒരു ശക്തികേന്ദ്രം സ്ഥാപിച്ചു. ലോങ് മാർച്ച് സമയത്ത് കമ്യൂണിസ്റ്റുകൾ മാവോ സെഡോങ് (മോവോ സെ-തുങ്) എന്ന പുതിയ നേതാവിനു കീഴിൽ പുനഃസംഘടിച്ചു.

14-വർഷം നീണ്ട ജപ്പാനീസ് അധിനിവേശക്കാലത്തും (1931–1945) കുമിംഗ്‌താങ് കക്ഷിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള സംഘർഷം ഒളിഞ്ഞും തെളിഞ്ഞും തുടർന്നുകൊണ്ടിരുന്നു. 1937-ൽ ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിൽ (1937–1945) ജപ്പാനെ എതിർക്കാനായി രണ്ടു കക്ഷികളും താൽക്കാലിക സഖ്യം രൂപീകരിച്ചിരുന്നു, ഈ യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു കക്ഷിയായി മാറി.

1945-ൽ ജപ്പാൻ പരാജയപ്പെട്ടതിനെത്തുടർന്ന് കുമിംഗ്താങ് കക്ഷിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള യുദ്ധം പുനരാരംഭിച്ചു. യുദ്ധം അവസാനിപ്പിക്കാനും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 1949-ഓടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തങ്ങളുടെ അധികാരം സ്ഥാപിച്ചുകഴിഞ്ഞിരുന്നു (ചൈനീസ് ആഭ്യന്തരയുദ്ധം കാണുക). ചിയാങ് കൈഷക്കിനെ അപേക്ഷി‌ച്ച് കുറച്ചു മാത്രം പിശകുകൾ വരുത്തിയതിനാലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ആഭ്യന്തരയുദ്ധം ജയിച്ചതെന്നാണ് വെസ്റ്റ്‌വാർഡ് അഭിപ്രായപ്പെടുന്നത്. ചൈനയിൽ ശക്തമായ ഒരു കേന്ദ്രീകൃത ഭരണം കൊണ്ടുവരാനുള്ള തന്റെ ശ്രമത്തിന്റെ ഭാഗമായി ചിയാങ് ധാരാളം വിഭാഗങ്ങളുടെ വിദ്വേഷത്തിന് പാത്രമായി എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതു കൂടാതെ ജപ്പാനുമായുള്ള യുദ്ധം ചിയാങിന്റെ പാർട്ടിയെ തളർത്തിയിരുന്നു. കമ്യൂണിസ്റ്റുകൾ കർഷകരെപ്പോലെയുള്ള ജനവിഭാഗങ്ങളോട് അവർ കേ‌ൾക്കാനാഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞത്. ചൈനീസ് ദേശീയത എന്ന മൂടുപടവും കമ്യൂണിസ്റ്റുകൾ ധരിച്ചിരുന്നുവത്രേ.[29] 1949 ചൈനീസ് വൻകരയിൽ കമ്യൂണിസ്റ്റ് സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്ന് ചിയാങ് തായ്‌വാനിലേയ്ക്ക് തന്റെ ഭരണകൂടവും കൂറുള്ള സൈനികരുമായി പിൻവാങ്ങി. കുമിംഗ്തങ് കക്ഷിയുടെ നേതൃത്വവും ഇവരെ പിന്തുണച്ചിരുന്ന വലിയൊരു കൂട്ടം ആൾക്കാരും ഇക്കൂട്ടത്തിൽ തായ്‌വാനിലേയ്ക്ക് പോവുകയുണ്ടായി. രണ്ടാം ലോകമ‌ഹായുദ്ധത്തിന്റെ അവസാനത്തോടെ ജപ്പാൻ കീഴടങ്ങിയപ്പോൾ ചിയാങ് തായ്‌വാന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. തായ്‌വാനിലെ ജപ്പാൻ സൈന്യം റിപ്പബ്ലിക് ഓഫ് ചൈനയിലെ സൈന്യത്തിനു മുന്നിലാണ് കീഴടങ്ങിയത്.[30]

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (1949–മുതൽ ഇപ്പോൾ വരെ)

1949-ൽ കുമിംഗ്താങ് കക്ഷി വൻകരയിൽ നിന്ന് തായ്‌പേയിലേയ്ക്ക് സൈന്യത്തെ പറിച്ചുനട്ടതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിലെ പ്രധാന പോരാട്ടങ്ങൾ അവസാനിച്ചു. വൻകരയിലെ ചൈനീസ് ഭൂവിഭാഗങ്ങളുടെ നിയന്ത്രണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ലഭിച്ചു. 1949 ഒക്റ്റോബർ 1-ന്, മാവോ സെതുങ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതായി പ്രഖ്യാപിച്ചു.[31] പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന "കമ്യൂണിസ്റ്റ് ചൈന" എന്നും "ചുവന്ന ചൈന" എന്നും അറിയപ്പെട്ടിരുന്നു.[32]


പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ രൂപം നിർണ്ണയിച്ചത് ചില പരിപാടികളും പഞ്ചവത്സര പദ്ധതികളുമായിരുന്നു. ഈ പരിപാടികളെല്ലാം വിജയമായിരുന്നില്ല. മുന്നിലേയ്ക്കുള്ള കുതിച്ചുചാട്ടം എന്ന സാമ്പത്തിക സാമൂഹിക പദ്ധതി നാലരക്കോടി മരണങ്ങൾക്ക് കാരണമായി എന്ന് കണക്കാക്കപ്പെടുന്നു.[33] 1966 മാവോയും കൂട്ടാളികളും സാംസ്കാരികവിപ്ലവം ആരംഭിച്ചു, ഇത് ഒരു പതിറ്റാണ്ടിനുശേഷം മാവോയുടെ മരണം വരെ നീണ്ടുനിന്നു. പാർട്ടിക്കുള്ളിലെ അധികാരവടം വലികളും സോവിയറ്റ് യൂണിയനോടുള്ള ഭയവും മൂലം ആരംഭിച്ച സാംസ്കാരിക വിപ്ലവം ചൈനയുടെ സമൂഹത്തെ വലിയതോതിൽ മാറ്റിമറിക്കുകയുണ്ടായി.

1972-ൽ ചൈനയും സോവിയറ്റ് യൂണിയനുമായുള്ള അകൽച്ച അതിന്റെ മൂർദ്ധന്യത്തിലായിരുന്നപ്പോൾ മാവോയും ഷൗ എൻലായിയും ബീജിങ്ങിൽ റിച്ചാർഡ് നിക്സണുമായി പരസ്പരബന്ധം സ്ഥാപിക്കുന്നതിനായി കൂടിക്കാഴ്ച്ച നടത്തുകയുണ്ടായി. ഈ വർഷം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ ഐക്യരാഷ്ട്രസഭയിൽ പ്രവേശിപ്പിക്കുകയുണ്ടായി. റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാനമായിരുന്നു പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് നൽകപ്പെട്ടത്. ഇതോടൊപ്പം സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വവും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കു ലഭിച്ചു.

1976-ൽ മാവോയുടെ മരണത്തെത്തുടർന്ന് ഒരു അധികാരവടം വലി നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി നാൽവർ സംഘത്തെ അറസ്റ്റ് ചെയ്യുകയും സാംസ്കാരികവിപ്ലവക്കാലത്തെ അതിക്രമങ്ങൾക്ക് ഉത്തരവാദികൾ ഇവരാണെന്ന് ആരോപിക്കപ്പെടുകയും ചെയ്തു. ഇതോടെ ചൈനയിലെ അസ്വസ്ഥമായ ഒരു രാഷ്ട്രീയ കാലഘട്ടത്തിന് അവസാനമായി. ഡെങ് സിയാവോപിങ് മാവോയുടെ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്ന ചെയർമാൻ ഹുവ ഗുവോഫെങ്ങിനെ മറികടന്ന് ഭരണം പിടിച്ചെടുത്തു. അടുത്ത കുറച്ചുവർഷം കൊണ്ട് ഇദ്ദേഹം പ്രായോഗികതലത്തിൽ നേതാവായി മാറി.

1978 മുതൽ 1992 വരെ ചൈനയുടെ പരമോന്നത നേതാവായിരുന്നുവെങ്കിലും ഡെങ് സിയാവോപിങ് ഒരിക്കലും പാർട്ടിയുടെയോ രാജ്യത്തിന്റെയോ തലവനാവുകയുണ്ടായില്ല. ഇദ്ദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ് ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്. കമ്യൂണിസ്റ്റ് പാർട്ടി പിന്നീട് പൗരന്മാരുടെ വ്യതിജീവിതത്തിന്മേലുണ്ടായിരുന്ന നിയന്ത്രണത്തിൽ അയവു വരുത്തുകയും കമ്യൂണുകൾ നിറുത്തലാക്കുകയും ചെയ്തു. പല കർഷകത്തൊഴിലാളികൾക്കും ഭൂമി ലീസിൽ നൽകപ്പെട്ടു. ഇത് കാർഷിക രംഗത്ത് വലിയ വളർച്ചയ്ക്ക് കാരണമായി. ഈ സംഭവങ്ങൾ ഒരു ആസൂത്രണ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ നിന്ന് സ്വതന്ത്ര വിപണി എന്ന അന്തരീക്ഷത്തിന് വലിയ വളർച്ച ലഭിച്ചുകൊണ്ടിരിക്കുന്ന മിശ്രിത സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ചൈന മാറുന്നതിന് കാരണമായി. ചിലർ[34] ഈ സാമ്പത്തികവ്യവസ്ഥയെ "മാർക്കറ്റ് സോഷ്യലിസം" എന്നാണ് വിളിക്കുന്നത്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഈ സമ്പ്രദായത്തിനു നൽകിയിരിക്കുന്ന ഔദ്യോഗിക നാമം "ചൈനീസ് സ്വഭാവത്തോടു കൂടിയ സോഷ്യലിസം" എന്നാണ്. 1982 നവംബർ 4-നാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന തങ്ങളുടെ നിലവിലുള്ള ഭരണഘടന സ്വീകരിച്ചത്.

1989-ൽ ജനറൽ സെക്രട്ടറിയായിരുന്ന ഹു യാവോബാങിന്റെ മരണം [Tiananmen Square protests of 1989|1989-ലെ ടിയാനന്മെൻ ചത്വരത്തിലെ പ്രതിഷേധങ്ങൾ]] ആരംഭിക്കുന്നതിന് കാരണമായി. ഈ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും മറ്റുള്ളവരും മാസങ്ങളോളം ചത്വരത്തിൽ ക്യാമ്പ് ചെയ്യുകയും അഴിമതിക്കെതിരായും രാഷ്ട്രീയനവീകരണത്തിനനുകൂലമായും അഭിപ്രായപ്രകടനങ്ങൾ നട‌ത്തുകയും ചെയ്തു. ജനാധിപത്യാവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം എന്നിവപോലുള്ള അവകാശങ്ങൾ ഇവരുടെ ആവശ്യ‌ങ്ങളിൽ പെട്ടിരുന്നു. ജൂൺ 4-ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികവാഹനങ്ങൾ ചത്വരത്തിൽ പ്രവേശിക്കുകയും ബലം പ്രയോഗിച്ച് ഇവിടം ഒഴിപ്പിക്കുകയും ചെയ്തതോടെ പ്രതിഷേധങ്ങൾക്ക് അവസാനമായി. ഈ നടപടികൾ ധാരാളം പേരുടെ മരണത്തിന് കാരണമാവുകയുണ്ടായി. ഈ സംഭവത്തിന് വലിയ മാദ്ധ്യമശ്രദ്ധ ലഭിക്കുകയുണ്ടായി. ഈ സംഭവത്തെ ലോകത്തെമ്പാടുമുള്ളവർ അപലപിച്ചിരുന്നു. ഇത് ചൈനീസ് സർക്കാരിനെതിരായി ഉപരോധങ്ങൾ വരാനും കാരണമായി.[35][36] "ടാങ്ക് മാൻ" എന്നറിയപ്പെടുന്ന സംഭവത്തിന് വലിയ പ്രശസ്തിയാണ് ലഭിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റുമായ ജിയാങ് സെമിൻ, പ്രധാനമന്ത്രി ഷൂ റോൺജി എന്നിവരാണ് (ഇവർ രണ്ടുപേരും ഷാങ്ഹായ് മേയർമാരായിരുന്നു) ടിയാനന്മെൻ ചത്വരത്തിലെ പ്രതിഷേധത്തിനുശേഷം 1990-കളിൽ ചൈന ഭരിച്ചത്. ഇവർ ഭരിച്ച പത്തു വർഷക്കാലം കൊണ്ട് ചൈനയുടെ സാമ്പത്തിക വളർച്ച ഏകദേശം 15 കോടി കർഷകത്തൊഴിലാളികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായും ശരാശരി 11.2% വച്ച് ജി.ഡി.പി.യുടെ വാർഷിക വളർച്ചയ്ക്ക് കാരണമായതായും കണക്കാക്കപ്പെടുന്നു.[37][38] 2001-ൽ ചൈന ഔപചാരികമായി ലോകവ്യാപാരസംഘടനയിൽ ചേരുകയുണ്ടായി.

വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണെങ്കിലും വേഗത്തിലുള്ള സാമ്പത്തികവളർച്ച രാജ്യത്തിന്റെ വിഭവങ്ങളെയും പരിതഃസ്ഥിതിയെയും ദോഷകരമായി ബാധിച്ചേയ്ക്കാം എന്നാണ് കരുതപ്പെടുന്നത്. സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് സാമ്പത്തിക വികാസത്തിൽ നിന്ന് ആവശ്യത്തിനുള്ള പ്രയോജനം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന അന്തരം ഇതിനൊരുദാഹരണമാണ്. ഹു ജിന്താവോയുടെയും വെൻ ജിയബാവോയുടെയും കീഴിൽ ഈ പ്രശ്നങ്ങൾ നേരിടാനുള്ള പദ്ധതികൾ രാജ്യം ആസൂത്രണം ചെയ്യുകയുണ്ടായി. വിഭവങ്ങൾ തുല്യമായ രീതിയിൽ വീതിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതുമൂലം പ്രയോജനമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.[39] ചൈനയിൽ 4 കോടിയിലധികം കർഷകർ തങ്ങളുടെ ഭൂമിയിൽ നിന്ന് പുറത്തായിട്ടുണ്ട്.[40] സാധാരണഗതിയിൽ സാമ്പത്തിക വികാസം കൊണ്ടുവരുന്ന നടപടികൾക്കായാണ് ഇത്തരം ഒഴിപ്പിക്കലുകൾ നടക്കുന്നത്. ചൈനയിൽ 2005-ൽ നടന്ന 87,000 പ്രതിഷേധപ്രകടനങ്ങളിൽ ചിലത് ഇത്തരം പുറത്താക്കലുകൾക്കെതിരായായിരുന്നു.[41] ചൈനയിലെ ജനങ്ങളിൽ ഭൂരിഭാഗം പേരുടെയും ജീവിതസാഹചര്യങ്ങളിൽ വലിയ മെച്ചമാണുണ്ടായിട്ടുള്ളത്. എങ്കിലും ഇപ്പോഴും കർശനമായ രാഷ്ട്രീയനിയന്ത്രണങ്ങൾ നിലവിലുണ്ട്. ഗ്രാമപ്രദേശങ്ങളിൽനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.[42]

Remove ads

ഇതും കാണുക

  • ചൈനീസ് പടച്ചട്ട
  • ചൈനീസ് പര്യവേഷണം
  • ചൈനീസ് ചരിത്രരചന
  • ചൈനീസ് സോവറിൻ
  • ചൈനയുടെ സാമ്പത്തികചരിത്രം
  • ചൈനയുടെ ചരിത്രത്തിലെ വംശവിഭാഗങ്ങൾ
  • ചൈനീസ് സാമ്രാജ്യത്തിന്റെ വിദേശബന്ധങ്ങൾ
  • നാല് അധിനിവേശങ്ങൾ
  • ഹോങ്ക് കോങ്ങിന്റെ ചരിത്രം
  • ചൈനയിൽ ഇസ്ലാം മതത്തിന്റെ ചരിത്രം
  • മകാവുവിന്റെ ചരിത്രം
  • ചൈനയിലെ ശാസ്ത്രസാങ്കേതികമേഖലയുടെ ചരിത്രം
  • ചൈനയിലെ ഭരണാധികാരികളുടെ പട്ടിക
  • ചൈനയില നവീനശിലായുഗ സംസ്കാരങ്ങളുടെ പട്ടിക
  • ചൈനയിലെ കലാപങ്ങളുടെ പട്ടിക
  • ചൈനീസ് സാമ്രാജ്യത്തിന്റെ സാമന്തരാജ്യങ്ങളുടെ പട്ടിക
  • ചൈനയുടെ സൈനിക ചരിത്രം (1911-നും മുൻപുള്ളത്)
  • ചൈനയുടെ നാവികചരിത്രം
  • ചൈനയിലെ മതങ്ങൾ
  • ചൈനയുടെ ചരിത്രത്തിന്റെ നാൾവഴി
Remove ads

കുറിപ്പുകൾ

ഗ്രന്ഥസൂചി

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads